ADVERTISEMENT

സിവിൽ എൻജിനീയറാണെങ്കിലും ആളുകളെ ‘സുന്ദരികളും സുന്ദരന്മാരും’ ആക്കുന്നതാണ് മുഹമ്മദ് അസ്‌ലമിന്റെ ഹോബി. എന്നും ജോലി കഴിഞ്ഞ് 6 മണിക്കുശേഷം വീടിനടുത്തുള്ള ബ്യൂട്ടി പാർലറിൽ പാർട് ടൈം ജോലി ചെയ്യുന്നത് പണത്തിനുവേണ്ടിയല്ല, സ്വന്തം സന്തോഷത്തിനാണ്. പാർലറിലെത്തുന്നവരെല്ലാം താൻ ജോലി ചെയ്യുന്ന സമയമത്രയും ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നതു കണ്ടപ്പോഴാണ് അസ്‌ലമിന് തോന്നിയത്; എന്തിനുമേതിനും മൊബൈൽ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്ന യുവാക്കളെ ബ്യൂട്ടി പാർലറിലെത്തിക്കാനും എന്തുകൊണ്ട് ഒരു ആപ് ആയിക്കൂടാ?

വൈകിയില്ല, ആശയവുമായി അടുത്ത സുഹൃത്തും ഒളവണ്ണ കമ്പിളിപ്പറമ്പിൽ അയൽവാസിയുമായ സോഫ്റ്റ്‌വെയർ ഡവലപ്പർ മുഹമ്മദ് ഷറാഫത്തിനെ സമീപിച്ചു. 

ഹോബി തന്നെ തൊഴിലാക്കിയ ഷറാഫത്തിനും ആവേശമായി. അങ്ങനെ, അസ്‌ലമിന്റെ ആശയവും ഷറാഫത്തിന്റെ സാങ്കേതിക അറിവും ചേർന്നപ്പോൾ ഇ–ഹെയർ ആപ്പ് പിറന്നു.

പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്താൽ സമീപത്തെ ബ്യൂട്ടി പാർലറുകളുടെ വിവരങ്ങളെല്ലാം കിട്ടും.

പാർലറിന്റെ ലൊക്കേഷൻ, ദൂരം, ലഭിക്കുന്ന സേവനങ്ങൾ, ഓരോന്നിലും സ്പെഷലൈസ് ചെയ്തിരിക്കുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ എല്ലാം ആപ്പ് പറഞ്ഞു തരും. ആവശ്യമുള്ള സേവനം ലഭിക്കുന്ന മികച്ച പാർലർ തിരഞ്ഞെടുത്ത് തീയതിയും സമയവും നൽകി സേവനം ബുക്ക് ചെയ്യാം. പാർലറിലെത്തിയുള്ള കാത്തിരിപ്പ് ഒഴിവാക്കാം. ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ള പാർലറുകളാണ് ഉപഭോക്താവിന് കാണാനാവുക.

രൂപംകൊടുത്തിട്ട് ഒരു മാസം ആകുന്നതേയുള്ളൂ; ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാർലറുകൾ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവസങ്ങൾ കൊണ്ടുതന്നെ കാര്യക്ഷമത ബോധ്യപ്പെട്ട് പ്രവർത്തനം പൂർണമായി ആപ്പ് വഴിയാക്കിയ സ്ഥാപനവുമുണ്ടെന്ന് അസ്‌ലമും ഷറാഫത്തും സാക്ഷ്യപ്പെടുത്തുന്നു.

വീടുവയ്ക്കാനും ആപ്പ്

കോഴിക്കോട് എൻഐടിയിൽ ഒരേ ബാച്ചിൽ പഠിച്ചിറങ്ങിയ സുഹൃത്തുക്കൾ. പഠിച്ചത് പല വിഷയങ്ങൾ. ഒന്നിച്ചൊരു സ്റ്റാർട്ടപ് തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ മനസ്സിൽ വന്ന 2 മേഖലകൾ കൃഷിയും ചെറുകിട നിർമാണ മേഖലയും. ചർച്ചകൾക്കൊടുവിൽ തിരഞ്ഞെടുത്തത് നിർമാണ മേഖല. വീട് നിർമാണത്തിൽ കരാറുകാരെയും അവരുടെ തട്ടിപ്പുകളും കണക്കിലെ പിഴവുകളുമൊക്കെ ഒഴിവാക്കി പറഞ്ഞ സമയത്ത് ഉദ്ദേശിച്ച വീട് നിർമിച്ചു കയ്യിൽ കിട്ടണമെന്നുള്ളവർക്ക് ഈ ആറംഗ സംഘത്തെ സമീപിക്കാം.

സോഫ്റ്റ്‌വെയർ ഡവലപ്പർ അജ്നാസ്, അഹമ്മദാബാദ് എൻഐടിയിൽ എംആർക് വിദ്യാർഥി അർജുൻ, സ്ട്രക്ചറൽ എൻജിനീയർ ഷിഹാർ, മുംബൈയിൽ കൺസൽറ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്ന നിഷാദ്, ആമസോണിൽ ജോലി ചെയ്യുന്ന ഷിബിൻ എന്നിവരും മുഴുവൻ സമയവും ഈ പ്രോജക്ടിനു വേണ്ടി പ്രവർത്തിക്കുന്ന ഫൈസലുമാണ് ടീം അംഗങ്ങൾ. നിർമിക്കാനാഗ്രഹിക്കുന്ന വീടിനെക്കുറിച്ചു മനസ്സിലുള്ള ആശയങ്ങൾ പറഞ്ഞുകൊടുക്കാം; അല്ലെങ്കിൽ അജ്നാസിന്റെ നേതൃത്വത്തിൽ ഇവർ തന്നെ രൂപീകരിച്ച മാറ്റ്ഫൈ എന്ന ആപ്പിലൂടെ നൂറുകണക്കിന് സാംപിളുകളിൽനിന്ന് ഓരോ മുറിയുടെയും ഇന്റീരിയറിന്റെയും എക്സ്റ്റീറിന്റെയുമെല്ലാം ഡിസൈൻ തിരഞ്ഞെടുക്കാം. 

ഇതെല്ലാം ചേർത്തുവച്ച് ഉടമ ആവശ്യപ്പെടുന്ന വീട് അർജുന്റെ നേതൃത്വത്തിൽ ഡിസൈൻ ചെയ്യും. നിർമാണവും ഇന്റീരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മൈക്രോ ഡീറ്റെയ്‌ലിങ് ഉടമയ്ക്കു യഥാസമയം ലഭിക്കും. വാങ്ങിയ സാധനങ്ങളും ചെലവായ തുകയുമെല്ലാം കൃത്യമായി എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. നേരിട്ടുള്ള മേൽനോട്ടവും പല നാടുകളിലിരിക്കുന്ന മറ്റു ടീമംഗങ്ങളുമായുള്ള ആശയവിനിമയവും ഫൈസലിന്റെ ഉത്തരവാദിത്തമാണ്. കോഴിക്കോട് ജവഹർ നഗറിൽ താമസിക്കുന്ന ഡോ.മുനീറിന്റെ വീടാണ് സംഘം ആദ്യം പൂർത്തിയാക്കി നൽകിയത്. തൊട്ടുപിന്നാലെ 3 വീടുകളുടെ കരാർ കൂടി ലഭിച്ചിട്ടുണ്ട് ഇവർക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com