ADVERTISEMENT

ഇന്ത്യൻ വനിതാ വോളിയെന്നാൽ ‘കോഴിക്കോട്ടുകാര്യം’ ആക്കുകയാണു ക്യാപ്റ്റൻ ആർ.രേഖയും കൂട്ടുകാരും. രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ് ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലേക്കെത്തിച്ച 12 പെൺപോരാളികളിൽ ആറു പേരാണു കോഴിക്കോട്ടുകാർ. കളിക്കളത്തിൽ മാത്രമല്ല, ജോലിയിലും പരിശീലനത്തിലുമെല്ലാം ഒന്നിച്ച്.

നടുവണ്ണൂർ മൂലാട് വോളിബോള്‍ ഗ്രാമത്തിന്റെ അഭിമാനമാണു വനിതാ ടീം ക്യാപ്റ്റൻ എസ്.രേഖ. നരിക്കുനി സ്വദേശി ഇ.കെ.ഫാത്തിമ റുക്സാന, വടകര മേമുണ്ട സ്വദേശി ശ്രുതി മുരളി, താമരശ്ശേരി എളേറ്റിൽ വട്ടോളി സ്വദേശി അശ്വതി ഇടവലത്ത്, പറമ്പിൽ ബസാറിൽ നിന്നുള്ള കെ.ടി.അനുശ്രീ, നടുവണ്ണൂർ വാകയാട് സ്വദേശി എസ്.എഫ്.അഞ്ജന എന്നിവരാണു ദേശീയ ചാംപ്യൻ ടീമിലെ മറ്റു കോഴിക്കോട്ടുകാർ. അഞ്ജന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഡിഗ്രി വിദ്യാർഥിയാണ്. മറ്റുള്ളവരെല്ലാം കഴക്കൂട്ടം കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ സഹപ്രവർത്തകരാണ്. പരിശീലനം കാര്യവട്ടം സായി എൽഎൻസിപിയിൽ. താമസവും അവിടെത്തന്നെ.

രേഖയും റുക്സാനയും ശ്രുതിയും അറ്റാക്കർമാരാണ്. അശ്വതി സെറ്റർ, അനുശ്രീ യൂണിവേഴ്സൽ പൊസിഷനുകളിലും ഇറങ്ങുന്നു. രാവിലെ എഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങാൻ പോകുന്നതു വരെ ഒരുമിച്ചുള്ളത് ഓരോരുത്തരുടെയും പ്രകടനത്തിലും പ്രതിഫലിക്കുന്നുവെന്ന് അഞ്ചുപേരും പറയുന്നു.

11 വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ സീനിയർ‌ ചാംപ്യൻഷിപ് കിരീടം തിരിച്ചു പിടിച്ചതിലും മധുരമേറിയ വിജയമായിരുന്നു ഫെഡറേഷൻ കപ്പിലേതെന്ന് ആറു പേരും ഒരേ സ്വരത്തിൽ പറയും. കാരണമുണ്ട്; കഴിഞ്ഞ  വർഷവും ഫൈനലിൽ തോൽപിച്ച റെയിൽവേയുടെ കിരീടക്കുതിപ്പിനാണ് ഇവർ ഇത്തവണ തടയിട്ടത്. 2013ൽ പത്തനംതിട്ടയിലെ പ്രമാടത്തു നടന്ന ചാംപ്യൻഷിപ്പിൽ ജേതാക്കളായ ശേഷം തുടർന്നുള്ള അഞ്ചു വർഷവും ഫൈനലിൽ കേരള വനിതകൾ റെയിൽവേയോടു തോറ്റിരുന്നു. പ്രതികാരത്തിന്റെ മധുരം കുറഞ്ഞു പോകുമോ? 25–11, 25–11, 25–19 എന്ന സ്കോറിനാണ് ഇത്തവണ റെയിൽവേസിനെ തോൽപ്പിച്ചത്. കിരീടത്തിലേക്കുള്ള വഴിയിലെ തടസ്സങ്ങളെല്ലാം അനായാസമാണ് ഇവർ ചാടിക്കടന്നത്. ഫൈനലിനു മുൻപു നേരിട്ട പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര ടീമുകൾക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു ഇവർ.

മധുവിധു ആഘോഷിക്കേണ്ട സമയത്ത് കോർട്ടിൽ വിയർപ്പൊഴുക്കി നടത്തിയ പരിശീലനത്തിന്റെ ഫലമാണു ക്യാപ്റ്റൻ രേഖ കേരളത്തിനു സമ്മാനിച്ചത്. സെപ്റ്റംബർ 15 നായിരുന്നു രേഖയുടെ വിവാഹം. വരൻ സർവീസസ് ഫുട്ബോൾ താരമായിരുന്ന ബിനു. 20ന് തിരുവനന്തപുരത്തു കേരള ടീമിന്റെ ക്യാംപിലെത്തിയ രേഖ പിന്നെ നാട്ടിലെത്തിയത് ദേശീയ കിരീടവുമായാണ്.

2018ൽ ചെന്നൈയിൽ നടന്ന സീനിയർ നാഷനൽസിൽ കേരളം ചാംപ്യൻമാരായപ്പോൾ റുക്സാനയായിരുന്നു ക്യാപ്റ്റൻ. മുൻപ് ഇന്ത്യൻ ടീമിലും ഇന്ത്യൻ ജൂനിയർ ടീമിലും കളിച്ചിട്ടുണ്ട്. രേഖ 2013 മുതൽ ഇന്ത്യൻ ടീമിലുണ്ട്. 2016ൽ സാഫ് ഗെയിംസ് നേടിയ ടീമിലും അംഗമായിരുന്നു. അന്ന് ശ്രുതിയും ഒപ്പമുണ്ടായിരുന്നു.

ഫെ‍ഡറേഷൻ കപ്പിൽ കേരള ടീമിന്റെ അമരത്തും അണിയത്തുമായി വിജയത്തിനു ചുക്കാൻ പിടിച്ചവരിൽ കോഴിക്കോടൻ പെരുമ തീരുന്നില്ല. വനിതാ ടീം പരിശീലക എം.സുജാത,  കേരള പുരുഷ ടീം ക്യാപ്റ്റൻ എൻ.ജിതിൻ, ടീമംഗം സി.കെ.രതീഷ് എന്നിവരും വനിതാ ഫൈനലിൽ കേരളം തറപറ്റിച്ച റെയിൽവേസിലെ പൂർണിമയും കോഴിക്കോടൻ വോളിബോൾ ഗ്രാമങ്ങളിൽ പന്തുതട്ടി വളർന്നവരാണ്. മൂലാടിനു പുറമേ നരിക്കുനി, മേമുണ്ട, പയിമ്പ്ര തുടങ്ങിയ ഗ്രാമങ്ങളിൽ വോളിബോളിനു നൽകുന്ന പ്രാധാന്യവും ചിട്ടയായ പരിശീലനവും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാന താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വഹിക്കുന്ന പങ്ക് വലുതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com