നൂറു കാര്യത്തിന് ഒരു ആപ്പ്; ഇത് റജിഷയുടെ മധുരപ്രതികാരം

HIGHLIGHTS
  • വിവിധോദ്ദേശ്യ മൊബൈൽ ആപ്പുമായി കക്കോടി സ്വദേശിനി എൻ.പി.റജിഷ
mobile-application-for-everything-by-rajisha
എൻ.പി റജിഷ
SHARE

‘പെട്ടുപോയ’ ചില കുഞ്ഞു സാഹചര്യങ്ങൾ ജീവിതത്തിൽ ആർക്കാണുണ്ടാകാത്തത്? വിധിയെ പഴിച്ചും എങ്ങനെ തലയൂരാമെന്നും ആലോചിച്ചുമാകും ആ സമയത്തു സാധാരണക്കാർ തലപുകയ്ക്കുക. ഈ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുതെന്നു ചിന്തിക്കുന്ന ചുരുക്കം ചിലരും കാണും. വെബ് ഡിസൈനറായ എൻ.പി.റജിഷയ്ക്കും ഇത്തരം ചില സാഹചര്യങ്ങൾ നേരിടേണ്ടിവന്നു. ഒരു രാത്രി പരിചയമില്ലാത്ത സ്ഥലത്ത് കാർ ബ്രേക്ക്ഡൗണായി. സമീപത്തു വർക്‌ഷോപ് ഉണ്ടോ, മെക്കാനിക് ഉണ്ടോ..ഒന്നുമറിയാതെ നടുറോഡിൽ. മറ്റൊരിക്കൽ ഓഫിസി‍ൽ അടിയന്തരമായി ചില ഇലക്ട്രിക്കൽ ജോലികൾ തീർക്കേണ്ടിവന്നു. 10 മിനിറ്റിൽ തീരാവുന്ന ജോലിക്ക് തൊഴിലാളിയെ കിട്ടാൻ മണിക്കൂറുകൾ അന്വേഷിക്കേണ്ടി വന്നു. അങ്ങനങ്ങനെ... എന്താവശ്യത്തിനും സഹായിക്കാൻ കഴിയുന്ന ഒരു ആപ് എന്ന ആശയത്തിലേക്കു റജിഷയിലെ ടെക്കിയെ നയിച്ചത് പലപ്പോഴായി നേരിട്ട ഇത്തരം ചില ‘ഗതികേടു’കളാണ്.

ഓരോ ആവശ്യത്തിനും ഓരോ ആപ് ഇൻസ്റ്റാൾ ചെയ്തു ഫോൺ നിറയ്ക്കുന്നതിനു പകരം, ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ടാക്സി വിളിക്കുന്നതിനും സർക്കാർ സേവനങ്ങൾക്കും രക്തദാനത്തിനും ഷോപ്പിങ്ങിനും തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും റജിഷ നിർമിച്ച ഇൻഫോഎൻലൈവ് ആപ്ലിക്കേഷൻ ഉപയോഗിക്കാം. ലൈവ് ന്യൂസ് ചാനലുകൾ, തൊഴിലന്വേഷണം, ഹെൽപ്‌ലൈനുകൾ, പെട്രോൾ പമ്പുകൾ, സൗജന്യ മാട്രിമോണി, ഡോക്ടർ ബുക്കിങ് എന്നിങ്ങനെ നീളും ഓപ്ഷനുകൾ. ലൊക്കേഷൻ തിരഞ്ഞെടുത്താൽ മേഖലയിലെ ടാക്സി, ഗുഡ്സ്, ഓട്ടോ ഡ്രൈവർമാരുടെ ഫോൺനമ്പർ സഹിതം കിട്ടും. രക്തദാതാക്കളെയും ഇലക്ട്രീഷ്യൻ, പ്ലമർ തുടങ്ങി ഏതു തൊഴിലാളിയെയും കണ്ടെത്താനും പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമായ ലൈവ് ഓഫറുകളറിയാനുമെല്ലാം ഇൻഫോഎൻലൈവിനെ ആശ്രയിക്കാം.

വാശിത്തുടക്കം

പുറത്തിറക്കി ഒരാഴ്ച പിന്നിടും മുൻപേ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യത കിട്ടുമ്പോൾ, ചിലർക്കൊക്കെയുള്ള റജിഷയുടെ മധുരം കലർത്തിയ മറുപടി കൂടിയാണത്. പഠനം പൂർത്തിയാക്കി ഒട്ടും വൈകാതെ ക്യാംപസ് പ്ലേസ്മെന്റിൽ മികച്ച ജോലി. മുഴുവൻ ആവേശത്തോടെയും ആദ്യ ജോലിയിൽ പ്രവേശിക്കുമ്പോൾ കാത്തിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഒരു വലിയ പ്രോജക്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഒറ്റയ്ക്ക് പൂർത്തിയാക്കണം. വിജയിച്ചാ‍ൽ ജോലി സ്ഥിരപ്പെടുത്തും. ഇല്ലെങ്കിൽ പിരിച്ചുവിടും. സംഗതി നടക്കാൻ പോകുന്നില്ലെന്ന വിശ്വാസത്തിലിരുന്ന മേലുദ്യോഗസ്ഥനെ ‍ഞെട്ടിച്ച്, പറഞ്ഞ ദിവസം പൂർത്തിയാക്കിയ പ്രോജക്ടുമായി റജിഷ നിന്നു.

‘ഒരാഴ്ചയ്ക്കകം വിളിക്കാം, ഇപ്പോൾ പൊയ്ക്കോളൂ’ എന്ന വാക്കിൽ പ്രതീക്ഷയർപ്പിച്ചുള്ള കാത്തിരിപ്പ് മാസങ്ങൾ നീണ്ടതോടെയാണു റജിഷ മനസ്സിലാക്കിയത്; രാപകൽ കഷ്ടപ്പെട്ടു താൻ ചെയ്തു തീർത്ത പ്രോജക്ട് മാത്രമായിരുന്നു കമ്പനിക്ക് ആവശ്യം, തന്നെയല്ല! ആ ജോലിയിലേക്ക് ഇന്റർവ്യൂ നടത്തിയ കമ്പനി പ്രതിനിധിയാണു റജിഷയുടെ മനസ്സിലേക്കു വന്നത്. തന്റെ പ്രായം മാത്രമുള്ള ചെറുപ്പക്കാരൻ. അയാൾക്കു കഴിയുമെങ്കിൽ എന്തുകൊണ്ട് തനിക്കൊരു കമ്പനി തുടങ്ങിക്കൂടാ? സ്വന്തം കഴിവ് മറ്റുള്ളവർക്കു ലാഭമുണ്ടാക്കിക്കൊടുക്കാൻ ബലികഴിക്കുന്നതെന്തിനാ? അങ്ങനെ സോഫ്റ്റ്ടെക് വെബ് സൊലൂഷൻസ് പിറന്നു.

3 സുഹൃത്തുക്കളെയും കൂട്ടി 2012ലാണ് റജിഷ സ്വന്തം കമ്പനി തുടങ്ങിയത്. ഉള്ളിലെ വെബ് ഡിസൈനറെക്കുറിച്ചുള്ള ആത്മവിശ്വാസം കുന്നോളം വളർന്നെങ്കിലും കമ്പനി അതനുസരിച്ചു വളർന്നില്ല. കൂടെയുണ്ടായിരുന്ന മൂവർ സംഘത്തിൽ രണ്ടുപേരും ഇടയ്ക്കു വിട്ടുപോയിട്ടും പിടിച്ചുനിൽക്കുമെന്നും ആർക്കും കീഴിൽ ജോലി ചെയ്യില്ലെന്നും തീരുമാനിച്ചു. ആ മനക്കരുത്തിൽനിന്നാണ് സോഫ്റ്റ്ടെക് വെബ് സൊലൂഷൻസ് ഇന്നത്തെ എആർജെ ഇൻഫോടെക് ആയി വളർന്നത്. നടക്കാവിൽ സ്വന്തം ഓഫിസും ജീവനക്കാരുമുണ്ട് ഇന്ന്.

കോഴിക്കോട് കക്കോടി സ്വദേശിനിയാണ് റജിഷ. ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥനായ അനൂപ് എആർജെ ഇൻഫോടെക് ഡയറക്ടർ കൂടിയാണ്. സഹോദരൻ എൻ.പി.റജീഷ്, സോഫ്റ്റ്ടെക് കമ്പനിക്കാലം മുതൽ കൂടെയുള്ള പി.ഹരീഷ്, പി.എം.പ്രമോദ് എന്നിവരാണു കമ്പനിയുടെ മറ്റു ഡയറക്ടർമാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ