ADVERTISEMENT

കേരളത്തിലെ ആദ്യത്തെ ബൈക്ക് സ്റ്റണ്ട് ടീമിൽനിന്ന് ദേശീയ ചാംപ്യന്റെ താരത്തിളക്കത്തിലേക്ക് വളരുകയാണ് പി.സി.സോജിൻ എന്ന ഇരുപത്തിരണ്ടുകാരൻ. കോഴിക്കോട് പൊറ്റമ്മൽ പട്ടേരി സ്വദേശി. ഗോവയിൽ അടുത്തിടെ നടന്ന ടിവിഎസ് മോട്ടോസോൾ നാഷനൽ ബൈക്ക് സ്റ്റണ്ട് റൈഡിലെ ചാംപ്യൻ. കോഴിക്കോട്ടുകാരുടെ സ്വന്തം ‘ബാൻഡിറ്റ് ബൈക്കേഴ്സി’ന്റെ അഭിമാന താരം.

‘പെർഫെക്‌ഷൻ’ ആണ് ബൈക്ക് സ്റ്റണ്ട് റൈഡിന്റെ ആപ്തവാക്യം. നിശ്ചിത അതിർത്തിക്കുള്ളിൽ 5 മിനിറ്റ് സമയത്തിനകം പരമാവധി കൃത്യതയോടെ ഏറ്റവുമധികം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നയാളാണ് വിജയി. 5 വിധികർത്താക്കളുണ്ടാകും. ടിവിഎസ് അപ്പാച്ചെ–200 ബൈക്ക് ഉപയോഗിച്ചാണ് പ്രകടനം.

ആദ്യമായി പങ്കെടുത്ത ഓൾ ഇന്ത്യ ചാംപ്യൻഷിപ്പിൽത്തന്നെയാണ് സോജിന്റെ നേട്ടം. പിന്തള്ളിയത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള 14 അഭ്യാസികളെ. കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന ടീം ഇനത്തിൽ പങ്കെടുത്തതാണ് ഇതിനു മുൻപുള്ള പരിചയം. പരിശീലനം തുടങ്ങിയിട്ട് ഇത് അഞ്ചാംവർഷം. കോയമ്പത്തൂരിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതേയുള്ളൂ. 

ഒബ്സ്റ്റക്കിൾ റേസിലും മലയാളി മികവ് 

ദേശീയ ചാംപ്യൻഷിപ്പിനോടനുബന്ധിച്ച് നടന്ന ഒബ്സ്റ്റക്കിൾ റേസിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിയ എസ്.കെ.അഭിനവും സി.വൈഷ്ണവും ‘ബെൻഡിറ്റ് ബൈക്കേഴ്സി’ന്റെ വിജയമധുരം ഇരട്ടിയാക്കി. കല്ല്, മരക്കഷ്ണങ്ങൾ, ടയർ തുടങ്ങിയ തടസ്സങ്ങൾ മറികടന്നുള്ള റേസിങ് ചാംപ്യൻഷിപ്പാണിത്. 

പൊറ്റമ്മൽ സ്വദേശിതന്നെയാണ് അഭിനവ് (23). ഹൈദരാബാദിൽ പെട്രോളിയം എൻജിനീയറിങ് വിദ്യാർഥി. തൃശൂർ സ്വദേശിയായ വൈഷ്ണവ് (21) ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ്. 

കോഴിക്കോട്ടുകാരുടെ വേഗതാരങ്ങൾ 

2005ൽ കോഴിക്കോട് കേന്ദ്രീകരിച്ച് 3 യുവാക്കൾ തുടങ്ങിയ ‘ബാൻഡിറ്റ് ബൈക്കേഴ്സ്’ ആണ് കേരളത്തിലെ ആദ്യത്തെ ബൈക്ക് സ്റ്റണ്ട് ടീം. കോയൻ അൽത്താനി, മുർഷിദ്, പി.പി.ബുഷേർ എന്നിവർ ചേർന്നു സ്ഥാപിച്ച ടീമിൽ ഇപ്പോൾ ജോബിൻ ശ്രീനിവാസ്, സി.പ്രജോഷ്, സനൽ സത്യൻ, ബി.മിഥുൻ, മുഹമ്മദ് മാസിൻ, എം.വി.ഹെബിൻ, എ.ദീപക് തുടങ്ങി പതിനഞ്ചോളം പേരുണ്ട്.

കോഴിക്കോട്ടും തൃശൂരുമായി മഡ് റൈഡിങ്ങിന് ‘ബാൻഡിഡോസ്’ സ്റ്റണ്ട് റൈഡിങ്ങിനായി ‘ബാൻഡി ബൈക്കേഴ്സ്’ എന്നീ ടീമുകളും ‘ബാൻഡിറ്റ് ബൈക്കേഴ്സി’നു കീഴിലുണ്ട്. ബജാജ്, ഹോണ്ട, ഹീറോ തുടങ്ങിയ കമ്പനികൾക്കായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ബൈക്ക് സ്റ്റണ്ട് ഷോകൾ നടത്തുന്നു. ദക്ഷിണേന്ത്യയിലെ കോളജുകളിൽ ഫെസ്റ്റുകളുടെ ഭാഗമായി ഷോകൾ നടത്താറുണ്ട്. കോഴിക്കോട്ട് എൻഐടി തത്വ, കെഎംസിടി ആത്മ ഫെസ്റ്റുകളിലും സ്ഥിരം സാന്നിധ്യം. സന്നദ്ധ പ്രവർത്തനങ്ങൾക്കായി ബീച്ചിലും മറ്റും റോട്ടറി ക്ലബുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 

സുരക്ഷ ഉറപ്പാക്കി മാത്രം റൈഡ് 

ഗതാഗതമുള്ളപ്പോൾ റോഡിൽ ഇറങ്ങിയുള്ള ഒരു അഭ്യാസവുമില്ല ബെൻഡിറ്റ് ബൈക്കേഴ്സിന്. സുരക്ഷയ്ക്കാണ് എപ്പോഴും ആദ്യ ശ്രദ്ധയെന്ന് ടീം. പരിശീലനവും മൽസരങ്ങളുമെല്ലാം അംഗീകൃത ട്രാക്കുകളിൽ മാത്രം. ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മൽസരങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്നും നിർബന്ധം. ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകൾ ഉറപ്പാക്കുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ബൈക്ക് സ്റ്റണ്ട് ഷോ ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ ഒരപകടത്തിലും പെട്ടിട്ടില്ല എന്നതുതെന്നെ ഇതിന്റെയെല്ലാം ഗുണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com