നീന്തൽ കുളത്തിലെ സുവർണ താരങ്ങളാണു ജൂലി, ലിയ, മരിയ സഹോദരിമാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മെഡലുകൾ മുങ്ങിയെടുത്തവർ. ആദ്യം നീന്താനിറങ്ങിയതു ജൂലിയാണ്. ചേച്ചിയുടെ പാത പിൻതുടർന്ന് അനിയത്തിമാരും വെള്ളത്തിലേക്കിറങ്ങി. പല്ലംതുരുത്ത് തൂയിത്തറ പടയാട്ടി ജോസഫിന്റെയും ലാലിയുടെയും മക്കളാണിവർ.
കൊല്ലത്തുള്ള ഡൽഹി ഇന്റർനാഷനൽ പബ്ലിക് സ്കൂളിലെ നീന്തൽ അധ്യാപികയാണു ജൂലി. ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണു ലിയ. കളമശേരി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണു മരിയ. ഇളയവൾ മരിയയാണു നിലവിൽ നീന്തൽ മത്സരങ്ങളിൽ സജീവമായുള്ളത്.
ഈയിടെ സമാപിച്ച സംസ്ഥാന സീനിയർ സ്കൂൾ നീന്തൽ മത്സരത്തിൽ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ റെക്കോർഡോടെ ഒന്നാം സ്ഥാനവും 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഫ്രീസ്റ്റൈലിൽ മൂന്നാംസ്ഥാനവും മരിയ നേടി. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി. മുൻപു ജൂനിയർ സ്കൂൾ മീറ്റിൽ 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ റെക്കോർഡോടെ ജയിച്ചിരുന്നു. രാജഗിരി സ്വിമ്മിങ് പൂളിലാണു പരിശീലനം. ജൂലിയും ലിയയും സംസ്ഥാന, സർവകലാശാല തലങ്ങളിൽ ഒട്ടേറെ മെഡലുകൾ നേടിയവരാണ്.
ചേന്ദമംഗലത്തെ ആറങ്കാവ് കുളത്തിൽ നിന്നാണു 3 പേരും നീന്തൽ പരിശീലനം തുടങ്ങിയത്. പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയായിരുന്ന എൻ.വി. ലിസിയുടെ നിർദേശപ്രകാരം ജൂലിയാണു നീന്തലിന്റെ വഴിയിലേക്ക് ആദ്യമെത്തുന്നത്. തുടർന്നു മത്സരങ്ങളിൽ വിജയങ്ങൾ കൊയ്തെടുത്തു. ചേച്ചിയെ മാതൃകയാക്കിയാണു ലിയയും മരിയയും നീന്തലിന്റെ വഴിയെ എത്തുന്നത്. മക്കളുടെ സ്വപ്നത്തിലേക്കു കൈപിടിക്കാൻ മാതാപിതാക്കൾ കൂടി തയാറായതോടെ നീന്തൽ മത്സര വേദികളിലെ സ്ഥിരം സാന്നിധ്യമായി ഇവർ മാറി.