ആദർശന; വർണങ്ങൾ ചാലിക്കുന്ന ജീവിതം

HIGHLIGHTS
  • ആദർശന വരച്ചതിലേറെ ദൈവങ്ങളുടെ ചിത്രങ്ങളാണ്
  • കൈത്തറി തൊഴിലാളിയായിരുന്നു അമ്മ ലതിക
beautiful-paintings-of-adarsana
ആദർശന
SHARE

പേപ്പറും പെൻസിലും കയ്യിൽ കിട്ടിയാൽ ആദർശന ആളാകെ മാറും. മുൻപിൽ കാണുന്നതും മനസ്സിൽ വരുന്നതും സ്കെച്ച് ചെയ്തെടുക്കും. അവയ്ക്കു നിറങ്ങൾ നൽകും. അങ്ങനെവരച്ച ഒട്ടേറെ ചിത്രങ്ങളുണ്ട് ആദർശനയുടെ വീട്ടിൽ. ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയുടെ ചിത്രങ്ങളാണിവയെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ല. പക്ഷേ, സത്യം അതാണ്.

വലിയ പഴമ്പിള്ളിത്തുരുത്തിലെ വടശേരി വീട്ടിലെത്തിയാൽ തന്റെ ചിത്രങ്ങളെല്ലാം ആദർശന കാട്ടിത്തരും. ഇരുപത്തിയൊന്നുകാരിയായ ആദർശന അമ്മ ലതികയ്ക്കൊപ്പമാണു താമസം. അച്ഛൻ വർഷങ്ങൾക്കു മുൻപു കുടുംബത്തെ ഉപേക്ഷിച്ചുപോയി. 15–ാം വയസ്സുവരെ ലതികയുടെ ചെറിയപല്ലതുരുത്തിലെ വീട്ടിലാണ് ആദർശന താമസിച്ചത്. അപ്പോഴൊന്നും ചിത്രകലയോടു വലിയ താൽപര്യം കാട്ടിയിരുന്നില്ല. ആദർശനയ്ക്കു വരയ്ക്കാൻ കഴിവുണ്ടെന്നു വീട്ടുകാർ തിരിച്ചറിഞ്ഞതു 17–ാം വയസ്സിലാണ്.

ഒരു ദിവസം ലതികയ്ക്കൊപ്പം ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പോയ ആദർശനയ്ക്കു ക്ഷേത്രത്തിൽ നിന്നൊരു നോട്ടിസ് കിട്ടി. അതുമായി വീട്ടിലെത്തിയ ആദർശന നോട്ടിസിൽ അച്ചടിച്ചിരുന്ന സരസ്വതി ദേവിയുടെ ചിത്രം വരച്ചെടുത്തു. പിന്നീടു 3 വർഷം ചിത്രസദനം എന്ന സ്ഥാപനത്തിൽ ചിത്രരചന പഠിച്ചു. ഫീസ് കൊടുക്കാനുള്ള ബുദ്ധിമുട്ടുകാരണം തുടരാനായില്ല.

പുത്തൻവേലിക്കര പൊലീസിന്റെ ജനമൈത്രി ബീറ്റ് പദ്ധതിയുടെ ഭാഗമായി നടന്ന ഭവന സന്ദർശന വേളയിൽ പൊലീസ് ഉദ്യോഗസ്ഥരാണ് ആദർശനയുടെ കഴിവുകൾ തിരിച്ചറിഞ്ഞു പുറംലോകത്തെത്തിക്കുന്നത്.

adarsana-2

ആദർശന വരച്ചതിലേറെ ദൈവങ്ങളുടെ ചിത്രങ്ങളാണ്. സരസ്വതി ദേവിയും ശ്രീകൃഷ്ണനുമൊക്കെ അക്കൂട്ടത്തിലുണ്ട്. ചില ചിത്രങ്ങൾ വീട്ടിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. പിന്നീടാണു പ്രകൃതിദൃശ്യങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ കുറെ ചിത്രങ്ങൾ നശിച്ചുപോയി. പ്രളയം സംബന്ധിച്ച ചില ചിത്രങ്ങളും  വരച്ചിട്ടുണ്ട്. പെൻസിൽ, വാട്ടർകളർ, ഫാബ്രിക് പെയിന്റ്, ഗ്ലാസ് പെയിന്റ് എന്നിവകൊണ്ടെല്ലാം തനിക്കറിയാവുന്നപോലെ ആദർശന ചിത്രങ്ങൾ വരയ്ക്കും. 

കൈത്തറി തൊഴിലാളിയായിരുന്നു അമ്മ ലതിക അസുഖം മൂലം ഇപ്പോൾ ജോലിക്കു പോകാനാകുന്നില്ല. ലതികയ്ക്കും ആദർശനയ്ക്കും ലഭിക്കുന്ന പെൻഷൻ കൊണ്ടാണു കുടുംബം കഴിയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA