ADVERTISEMENT

ക്ലിഫിൻ ഫ്രാൻസിസ്, ഡോണ ജേക്കബ് ഹസീബ് അഹസൻ എന്നീ 3 കൂട്ടുകാർ കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്നാരംഭിച്ച യാത്ര ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ 8 മാസം കഴിയണം. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലേക്കാണു മൂവരുടെയും യാത്ര. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒളിംപിക്സ് താരങ്ങൾക്ക് ആശംസകളുമായി ഇവർ സൈക്കിൾ ചവിട്ടിയാണ് ഒളിംപിക്സ് വേദിയിലെത്തുക. സൈക്ലിങ് പ്രോത്സാഹിപ്പിക്കുകയെന്നതാണു യാത്രയുടെ പ്രധാന ഉദ്ദേശ്യം.

സൈക്കിൾ സൗഹൃദം

തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ചവരാണു മൂവരും. ക്ലിഫിൻ ഫ്രാൻസിസ് ആലപ്പുഴ തുറവൂർ സ്വദേശി. ഡോണ കോട്ടയം ചങ്ങനാശേരി. ഹസീബ് പൊന്നാനി സ്വദേശിയും. കോളജിൽ തുടങ്ങിയ സൗഹൃദം ജോലി ലഭിച്ചിട്ടും അതേപടി തുടർന്നു. സൈക്കിൾ പ്രേമം ഇവരുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കി. ഫ്രീലാൻസ് ടീച്ചറാണു ക്ലിഫിൻ. മെക്സിക്കോയിൽ എൻജിനീയറാണു ഡോണ. ആമസോണിൽ ജോലി ചെയ്യുകയാണു ഹസീബ്. ജോലിക്കു തൽക്കാലം അവധി നൽകിയാണ് ഇവരുടെ യാത്ര. ഫുട്ബോൾ ലോകകപ്പിൽ ദുബായിയിൽ നിന്നു റഷ്യയിലേക്കു സൈക്കിൾ ചവിട്ടിയ അനുഭവമുണ്ട് ക്ലിഫിന്. അന്ന് 5,000 കിലോമീറ്ററായിരുന്നു യാത്ര.

8 മാസം സൈക്കിളിൽ

ടോക്കിയോ യാത്ര 10,400 കിലോമീറ്ററാണ്. 8 മാസമെടുക്കും കൊച്ചിയിൽനിന്നു ടോക്കിയോയിലെത്താൻ. ഡോണയും ക്ലിഫിനും 15 നു കൊച്ചിയിൽനിന്നു യാത്ര തിരിച്ചു. ജനുവരി 15 ന് ഹസീബ് ഹൈദരാബാദിൽനിന്ന് സംഘത്തോടൊപ്പം ചേരും. ദിവസവും 6 മണിക്കൂർ യാത്രയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. 100 കിലോമീറ്റർ എന്നാണു ലക്ഷ്യം. ഇതിനായി ദിവസം 30 കിലോമീറ്റർ സൈക്കിൾ ചവിട്ടി മാസങ്ങളായി പരിശീലനം നടത്തിയിരുന്നു. രാവിലെയും ഉച്ചയ്ക്കുശേഷവും മൂന്നു മണിക്കൂർ വീതമാണ് യാത്ര. വഴിയിൽ വിവിധ സൈക്ലിങ് കമ്യൂണിറ്റികൾ വിശ്രമത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കും. ബെർഗാമോണ്ട് കമ്പനി നേരിട്ടു സൈക്കിളുകൾ സ്പോൺസർ ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഗീയർ ജംക്‌ഷൻ എന്ന സൈക്കിൾ ഷോപ്പാണ് ബെർഗാമൗണ്ടുമായി ഇവരെ ബന്ധിപ്പിച്ചത്. ഒരു ലക്ഷം രൂപ വില വരുന്ന ഗ്രാൻഡുറൻസ് 6 സൈക്കിളിലാണ് ഇവരുടെ യാത്ര. യാത്രയ്ക്ക് സ്പോൺസർമാരുടെ സഹായവുമുണ്ട്.

ആശംസകൾ,  ഇന്ത്യൻ ടീമിന്

ഇന്ത്യൻ ടീമിന് ആശംസകളുമായാണ് ഇവരുടെ സൈക്കിൾ യാത്ര. യാത്രയിലുടനീളം പരിചയപ്പെടുന്നവർക്ക് ആശംസകളെഴുതാൻ ഫോട്ടോബുക് കയ്യിൽ കരുതിയിട്ടുണ്ട്. ഇവ ടോക്കിയോയിൽവച്ച് താരങ്ങൾക്കു കൈമാറും.

8 രാജ്യങ്ങൾ

ബംഗ്ലദേശ്, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, വിയറ്റ്നാം ചൈന എന്നീ രാജ്യങ്ങൾ പിന്നിട്ടാണു ജപ്പാനിലെത്തുന്നത്. ചൈനയിൽനിന്നു ജപ്പാനിലേക്കു ഫെറി സർവീസ് വഴിയാണ് എത്തുക. ടോക്കിയോയിലേക്കു വീണ്ടും സൈക്കിളിൽ. സ്നെയിൽസ് ഓൺ വീൽസ് എന്ന ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് പേജുകളിലൂടെ ഇവരുടെ യാത്രാവിശേഷങ്ങൾ അറിയാം.

മൂന്നു ലക്ഷ്യങ്ങൾ

3 പേർക്കും സൈക്കിൾ യാത്രയ്ക്ക് 3 ലക്ഷ്യങ്ങളുണ്ട്. സൈക്ലിങ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ക്ലിഫിന്റെ ലക്ഷ്യം. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവുമാണു യാത്രകൊണ്ട് ഡോണ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. യൂണിവേഴ്സിറ്റി തലത്തിൽ മികച്ച അത്‌ലിറ്റായിരുന്ന ഹസീബിനു സൈക്ലിങ്ങിലൂടെ ലഭിക്കുന്ന ആരോഗ്യത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചുമാണു ലോകത്തോടു പറയാനുള്ളത്.

English Summary : Kochi to Tokyo on cycle, a trip by three friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com