പഠനത്തിലും പോരാട്ടത്തിലും തീപ്പൊരിപ്പിള്ളേർ

Students-845
SHARE

പൗരത്വ  നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ആളിക്കത്തിയ ദിവസങ്ങളിലെല്ലാം പ്രതിഷേധക്കാർക്ക് ഊർജം പകർന്നതാണ് ആ ‌ചൂണ്ടുവിരൽചിത്രം. പൊലീസ് ഉദ്യോഗസ്ഥരെ സധൈര്യം ചോദ്യംചെയ്ത ആയിഷ റെന്ന എന്ന മലയാളി പെൺകുട്ടി നിമിഷനേരംകൊണ്ടാണു രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ന്യൂ‍ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ പ്രതിഷേധത്തിന്റെ മുൻനിരയിൽ അന്നു മലയാളികളായിരുന്നു. ഡൽഹി സർവകലാശാലയും ജെഎൻയുവും അലിഗഡ് മുസ്‌ലിം സർവകലാശാലയുമെല്ലാം കടന്നു പ്രതിഷേധം രാജ്യത്തുടനീളം വ്യാപിക്കുമ്പോൾ, എല്ലായിടത്തും മുൻപിലുണ്ടായിരുന്നു മലയാളി വിദ്യാർഥികൾ. 

കേന്ദ്ര സർവകലാശാലകളിലെ മലയാളിക്കരുത്ത് ഇതാദ്യമല്ല രാജ്യം തിരിച്ചറിയുന്നത്. കേരളം നേരിട്ട രണ്ടു പ്രളയകാലത്തും ദേശീയ ശ്രദ്ധനേടിയ സമരപോരാട്ടങ്ങളിലുമെല്ലാം വീര്യംചോരാതെ നമ്മുടെ നാട്ടിൽനിന്നുള്ള വിദ്യാർഥികൾ മുന്നിലുണ്ടായിരുന്നു. ആ അനുഭവങ്ങളിൽ ചിലത് ‘യുവ’യ്ക്കു വേണ്ടി ഓർത്തെടുക്കുകയാണ് ഡൽഹി സർവകലാശാല വിദ്യാർഥികളായ വി.ആർ.ഇമ(കോഴിക്കോട്), സി.പി.അഫ്‌ല(എടവണ്ണ), അഭിരാം എസ്.വിനോദ്(കാസർകോട്), യു.പി.ഷിഫ(മലപ്പുറം), അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ മിൻഹാജ്(കോഴിക്കോട്), ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ മുഹമ്മദ് അദ്നാൻ(തൃത്താല) എന്നിവർ.

 നെഞ്ചിടിപ്പിന്റെ പ്രളയകാലം 

2018ലെ ആദ്യ പ്രളയം. അന്നുവരെ നേരിട്ടിട്ടില്ലാത്ത ദുരിതത്തോടു പൊരുതിക്കൊണ്ടിരിക്കുമ്പോൾ നാട്ടുകാരനുഭവിച്ചതിലേറെ ബുദ്ധിമുട്ട് ഒരുപക്ഷേ ഞങ്ങൾ അനുഭവിച്ചു. വാർത്തകളിൽ കാണുന്നതിനപ്പുറം വിവരങ്ങളറിയാൻ നിവൃത്തിയില്ലാത്ത അവസ്ഥ. പലർക്കും കുടുംബാംഗങ്ങളെ വിളിക്കാൻ കഴിയുന്നില്ല. നാട്ടിലേക്കു മടങ്ങിയാൽ വിമാനത്താവളത്തിൽ കുടുങ്ങുമോ വീട്ടിലെത്തുമോ എന്നുറപ്പില്ല. ടെൻഷനും കരച്ചിലുമായി സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന തിരിച്ചറിവിൽ നാട്ടിലേക്കു പരമാവധി സഹായം എങ്ങനെ എത്തിക്കാമെന്നായി ചിന്ത. ഇവിടെ പ്രധാന കോളജുകളിലും സർവകലാശാലകളിലുമെല്ലാം മലയാളി കൂട്ടായ്മകളുണ്ട്. ജാമിയയിൽ ‘സ്മൃതി’, ഡൽഹി സർവകലാശാലയിൽ ‘ഡിയു മൈത്രി’ അങ്ങനെ. ഞങ്ങളെല്ലാം സഹകരിച്ചായിരുന്നു അന്നു പ്രവർത്തനങ്ങൾ. 

ഒരാഴ്ചയിലേറെക്കാലം എല്ലാവരും ഒന്നിച്ച് ഉറക്കമൊഴിഞ്ഞു പരിശ്രമിച്ചു. ഒരു ‘മാസ് കലക്‌ഷൻ ഡ്രൈവ്’ തന്നെ നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഡൽഹി സർകവലാശാലകളിലെ മലയാളി വിദ്യാർഥികൾ സമാഹരിച്ചു നൽകിയതു 10 ലക്ഷത്തിലേറെ രൂപയാണ്. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവാദിത്തങ്ങൾ വീതിച്ചു നൽകിയായിരുന്നു പ്രവർത്തനം. ആളുകളെയും സ്ഥാപനങ്ങളെയും നേരിട്ടുകണ്ട് ശേഖരിക്കുന്നതു മുതൽ സാധനങ്ങൾ കേരള ഹൗസിലെത്തിച്ചു തരംതിരിച്ചു പായ്ക് ചെയ്തു കേരളത്തിലേക്കയയ്ക്കുന്നതു വരെ ഓരോരുത്തരും വിശ്രമമില്ലാതെ പ്രവർത്തിച്ചു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനു സർക്കാർ തലത്തിൽ ഒരുക്കിയ ഓൺലൈൻ വെരിഫിക്കേഷൻ സംവിധാനത്തോടു മുഴുവൻ സമയവും സഹകരിക്കാൻ 3 ടീമുകളാണു രൂപീകരിച്ചത്. സമൂഹമാധ്യമങ്ങളിലെ സഹായാഭ്യർഥനകളിൽ അർഹമായത് കണ്ടെത്താൻ ഒരു ടീം, അവയുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഒരു ടീം, ആവശ്യമുള്ള സാധനങ്ങൾ അവർക്ക് എത്തിയോ എന്നുറപ്പിക്കാൻ മറ്റൊരു കൂട്ടരും. 

 ചങ്കുറപ്പിന്റെ സമരകാലം 

ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഇസ്രയേൽ സർക്കാരുമായി സഹകരിച്ചു ജാമിയ മിലിയ സർവകലാശാലയിൽ ഒരു രാജ്യാന്തര സെമിനാർ. പലസ്തീൻ പ്രശ്നമൊക്കെ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇസ്രയേലി പ്രതിനിധികൾ സർവകലാശാലയിലെത്തുന്നതിൽ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു. വിദ്യാർഥി യൂണിയനൊന്നുമില്ലാത്ത സർകവലാശാലയിൽ സമരങ്ങൾ അപൂർവമാണ്. ഈ സമരത്തിൽ പങ്കെടുത്ത ചില വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തു. പിന്നാലെ, ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു നടത്തിയ വൻ പ്രതിഷേധം അതുവരെ ജാമിയ കണ്ടതിൽവച്ചു വലുതെന്നു പറയാം. സർവകലാശാലയിലെ മലയാളിക്കരുത്ത് അധികൃതരും മറ്റുവിദ്യാർഥികളും തിരിച്ചറിഞ്ഞതും അന്നാണ്. 

സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരു മലയാളി മാത്രമാണുണ്ടായിരുന്നത്. അവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തിൽ പക്ഷേ മലയാളികളായിരുന്നു മുന്നിൽ. അഡ്മിനിസ്ട്രേഷൻ അനുകൂലികളായ വിദ്യാർഥികളിൽ ചിലർ അന്നു പെൺകുട്ടികളുൾപ്പെടെയുള്ള മലയാളി വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് അടിച്ചു. വലിയ വാർത്തയായിരുന്നു അന്ന്. 

ആ പ്രശ്നമാണു ജാമിയയിലെ വിദ്യാർഥികളുടെ സമരവീര്യം ഉണർത്തിയത്. അതിനു ശേഷം കോളജിലെ അന്തരീക്ഷം ആകെ മാറി. അതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങൾ ക്യാംപസിലുണ്ടായി. ഹോസ്റ്റൽ ഫീസ് ഉയർത്തിയതിനെതിരെ ഉണ്ടായത് അവയിലൊന്നുമാത്രം. 22,000 വിദ്യാർഥികളിൽ 250 ഓളം മാത്രമാണ് മലയാളികൾ. പൗരത്വ നിയമ സമരംവരെ ഓരോ സമയത്തും പ്രതിഷേധങ്ങളുടെ നേതൃനിരയിൽ അവരായിരുന്നു. 

  ഒരുമയുടെ ആഘോഷകാലം

രാജ്യതലസ്ഥാനത്ത് ആകെ മലയാളിയുടെ എണ്ണത്തിന്റെ പാതിയെങ്കിലും വരും മലയാളിക്കൂട്ടായ്മകളുടെ എണ്ണം! ആഘോഷങ്ങളിലൊക്കെ പല കൂട്ടായ്മകളുടെയും പരസ്പര സഹകരണമുള്ളതുകൊണ്ടു പൊലിമയേറും. ജാമിയ മിലിയ സർവകലാശാലയിലെ മലയാളിക്കൂട്ടായ്മ ‘സ്മൃതി’ രൂപീകരിച്ചിട്ട് 12 വർഷമായി. ‘ഡൽഹീസ് ബിഗസ്റ്റ് മലയാളി ഫെസ്റ്റിവൽ’ എന്ന ടാഗ്‌ലൈനുമായി വർഷംതോറും സ്മൃതിയുടെ നേതൃത്വത്തിൽ നടക്കുന്ന മുസിരിസ് ഫെസ്റ്റിവൽ ഡൽഹി മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ്. മറ്റു സർവകലാശാലകളിലെയും മലയാളി കൂട്ടായ്മകളിലെയും സാംസ്കാരിക സംഘടനകളിലെയുമെല്ലാം അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദിവസങ്ങൾ നീളുന്ന ആഘോഷം. തലസ്ഥാന നഗരിയിലെ മലയാളി വിദ്യാർഥികളുടെ ഒത്തുകൂടൽ വേളകൂടിയാണു മുസിരിസ് ഫെസ്റ്റിവൽ. സാംസ്കാരിക പരിപാടികളും ഫുട് ഫിയെസ്റ്റയും സെമിനാറുകളും ഫിലിം ഫെസ്റ്റിവലുമെല്ലാമായി വമ്പൻ ആഘോഷമാണ്. മറ്റു ക്യാംപസുകളിലുമുണ്ട് സമാന വാർഷികാഘോഷ പരിപാടികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ