ADVERTISEMENT

എംജി സർവകലാശാലാ കലോത്സവത്തിൽ‍ പാശ്ചാത്യ സംഘഗാന മത്സരം ആസ്വദിക്കാനെത്തിയവരിൽ കൂടുതൽ ആളുകളും കയ്യടിച്ചത് തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളജിന്റെ പ്രകടനത്തിനാണ്. ആ ഹർഷാരവങ്ങളെല്ലാം ദേവികയെന്ന മിടുക്കിക്കുള്ളതായിരുന്നു. കാരണം വീൽചെയറിൽ തളർത്തിയിടാൻ ശ്രമിച്ച കാലത്തെ സംഗീതംകൊണ്ടു തോൽപിച്ച കാഴ്ചയായിരുന്നു അന്നവിടെ കണ്ടത്. തൃപ്പൂണിത്തുറ ഗവ. ആർട്സ് കോളജ് സംഘത്തിനായി കീബോർഡ് വായിച്ചായിരുന്നു ദേവിക സുനിൽ എന്ന ബിരുദ വിദ്യാർഥി ആസ്വാദകരുടെ മനം കവർന്നത്. 

അമ്പലമേട് ഫാക്ട് സിഡി ടൗൺഷിപ് ക്വാർട്ടേഴ്‌സിൽ മായ നിവാസിൽ സുനിൽകുമാറിന്റെയും മായയുടെയും മകളാണു ദേവിക. ജനന സമയം സുഷുമ്ന നാഡിക്കു സംഭവിച്ച തകരാറാണു ദേവികയുടെ ജീവിതം വീൽചെയറിലാക്കിയത്. എട്ടാം മാസത്തിൽ ശസ്ത്രക്രിയ ചെയ്തു. തുടർന്നു ഫിസിയോതെറപ്പി ഉൾപ്പെടെ ചികിത്സകളുമായി കുറേനാൾ കൂടി മുൻപോട്ടു പോയി. മൂന്നര വയസ്സുമുതൽ നടന്നു തുടങ്ങി. എന്നാൽ ഏഴാം വയസ്സിൽ വീണ്ടും നടക്കാൻ പറ്റാതായി. ഓപ്പൺ സ്‌പൈൻ സർജറി ചെയ്താൽ രോഗം മാറിക്കിട്ടുമെന്നു ഡോക്ടർമാർ പറഞ്ഞു. എന്നാൽ ചിലപ്പോൾ അവസ്ഥ നിലവിലുള്ളതിനെക്കാൾ മോശമാകുമെന്നു കേട്ടപ്പോൾ വേണ്ടെന്നു വച്ചു. വീൽചെയറിലായി ജീവിതം എന്നു ചിന്തിച്ച് തന്റെ സ്വപ്നങ്ങളെ വഴിയിലുപേക്ഷിക്കാൻ തയാറായില്ല, ഈ മിടുക്കി. ചിത്രംവര ആയിരുന്നു ആദ്യം. തുടർന്നാണു കീബോർഡ് വായിക്കാൻ പഠിച്ചത്.

പഠനമെല്ലാം ഓൺലൈനിലൂടെ

വരയോടു പ്രിയമേറി പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കൃത്യമായി ക്ലാസുകളിൽ പോകാൻ സാധിക്കാതെ വന്നതോടെ അത് ഉപേക്ഷിച്ചു. പക്ഷേ, ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിക്കാൻ സാധിക്കില്ലല്ലോ. അങ്ങനെയാണ് യൂട്യൂബ് നോക്കി വര പഠിക്കുന്നത്. എണ്ണച്ചായം, ജലച്ചായം, അക്രിലിക്, ചാർക്കോൾ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം ദേവിക വരയ്ക്കും. വരച്ച ചിത്രങ്ങളെല്ലാം പ്രദർശിപ്പിക്കണമെന്നാണു ദേവികയുടെ ആഗ്രഹം. ഗ്രാഫിക് ഡിസൈനിങ്ങും ദേവിക പഠിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ യൂട്യൂബ് വിഡിയോകൾ കണ്ടപ്പോൾ തോന്നിയ ആഗ്രഹമാണു കീബോർഡ് പഠനം. ആദ്യം സ്‌കൈപ്പിലൂടെ ഹൈദ്രാബാദ് സ്വദേശി വിജയ് കുമാറിന്റെ കീഴിൽ പരിശീലനം തുടങ്ങി. 5 വർഷം നീണ്ട പരിശീലനം ഇടയ്ക്കു നിന്നു. എന്നാൽ വീണ്ടും കീബോർഡ് പഠിക്കണമെന്ന ആഗ്രഹം ഡൽഹി മലയാളി എ. ജയരാജ് എന്നയാളുടെ അടുത്തെത്തിച്ചു. ഇപ്പോൾ ടെലിഗ്രാമിലൂടെയാണു പഠനം.  എല്ലാ ആഗ്രഹങ്ങൾക്കും അച്ഛനും അമ്മയും ചേട്ടൻ രോഹിതും കൂടെയുണ്ട്.

English Summary : Devika sunils' inspirational life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com