ADVERTISEMENT

‘Do what You Love, Love What You Do’ - ജീവിതത്തെ സന്തോഷപൂർണമാക്കുന്ന നിയമങ്ങളിലൊന്നാണിത്. ഇഷ്ടപ്പെട്ട കാര്യം ചെയ്യുമ്പോൾ സമയം പോകുന്നതറിയില്ല. അതിൽ ലയിച്ച് ചേരും. മികച്ച സൃഷ്ടികൾ അവിടെ ജനിക്കും. ചിത്രരചനയും ബോട്ടില്‍ ആർട്ടും ക്രാഫ്റ്റ് വർക്കുകളുമൊക്കെ ചെയ്ത് കല ഹൃദയത്തിൽ ചേർക്കുന്നതാണ് തന്റെ സന്തോഷമെന്ന് ലൗമി മജീദ് അൻവർ ഷെരീഫ് തിരിച്ചറിഞ്ഞിട്ട് അധികമായിട്ടില്ല. ആ തിരിച്ചറിവിൽ നിന്ന് പിറന്നത് ഹൃദ്യമായ സൃഷ്ടികളാണ്.

കുപ്പികള്‍, പിസ്തയുടെയുടെയും ബാർളിയുടെയും പുറംതൊലി, കളിമണ്ണ്.... എന്നിങ്ങനെ ഓരോ വസ്തുക്കളിൽ നിന്നും മനോഹര രൂപങ്ങൾ കണ്ടെത്തുകയാണ് ലൗമി. ഒപ്പം കാൻവാസിൽ നിറങ്ങള്‍ ചേർത്തപ്പോൾ കിട്ടിയ സുന്ദര ചിത്രങ്ങളുമുണ്ട്. ‘ഇഷ്ടം തോന്നുന്നതും എനിക്ക് സന്തോഷം നൽകുന്നതുമാണ് ചെയ്യാറുള്ളത്. എന്തെങ്കിലും വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രമിക്കാറുണ്ട്’– ഇതാണ് ലൗമിയിലെ കലാകാരിയുടെ നയം. ആഗ്രഹിച്ചും ഇഷ്ടപ്പെട്ടും ചെയ്യുന്നതു കൊണ്ടു തന്നെ ആ കലാസൃഷ്ടികൾ ആരുമൊന്നു നോക്കി നിന്നുപോകും. 

img-03

ഇതുവരെ ചെയ്ത വർക്കുകൾ ചേർത്ത് ഒരു എക്സിബിഷൻ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ, കൊറോണ കാരണം അതു മാറ്റിവെയ്ക്കേണ്ടി വന്നു. അതിൽ ചെറിയ ദുഃഖമുണ്ടെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനും കൂടുതൽ സൃഷ്ടികൾ ഒരുക്കാനും ഈ സമയം ഉപയോഗിക്കുകയാണ് ലൗമി. കലയുടെ ലോകത്തെക്കുറിച്ച് ലൗമി മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

img-02

നിറങ്ങൾ എന്നും ഒപ്പമുണ്ടായിരുന്നു

ചാവക്കാട് ആണ് സ്വദേശം. പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. പഠിക്കുന്ന സമയത്ത് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അന്നൊന്നും ചിത്രരചനയെ ഗൗരവമായി സമീപിച്ചിരുന്നില്ല. സംഗീതത്തിനായിരുന്നു അന്ന് പ്രാധാന്യം കൊടുത്തിരുന്നത്. സ്റ്റാർസിംഗർ ഷോയുടെ നാലാം സീസണിൽ മത്സരാർഥിയായിരുന്നു. വിവാഹം കഴിഞ്ഞ് ജീവിതം എറണാകുളത്തേയ്ക്ക് പറിച്ചു നട്ടു. പിന്നീട് ഭർത്താവും മക്കളുമായി ലോകം. ഒരിക്കൽ മകന്റെ സ്കൂളിലെ എക്സിബിഷനു വേണ്ടി ഒരു പെയ്ന്റിങ് ചെയ്തു. അത് എനിക്ക് നിരവധി അഭിനന്ദനങ്ങൾ നേടിത്തന്നു. ചിത്രം കണ്ട് ഭർത്താവിന്റെ സുഹൃത്തായ ഹസൻ റാഷിദ് ഒരു റിസോര്‍ട്ടിലേക്ക് വേണ്ടി കുറച്ച് ചിത്രങ്ങൾ വരയ്ക്കാൻ ഏൽപ്പിച്ചു. അങ്ങനെ ചെയ്തു കൊടുത്തത് ഇഷ്ടപ്പെട്ടതോടെ കൂടുതൽ വർക്കുകൾ തേടിയെത്തി.

img-12

കണ്ടും കേട്ടും പഠിക്കും

ഇതോടെ പെയ്ന്റിങ്ങിനോടും ക്രാഫ്റ്റ് വർക്കുകളോടുമൊക്കെ ഒരു പ്രത്യേക ഇഷ്ടം തോന്നി. ഗൗരവമായി എടുത്തിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ എന്നു പറയാം. ഇതുവരെ ചിത്ര രചന പഠിച്ചിട്ടില്ല. എന്നാൽ ഗൗരവമായി എടുത്തതോടെ വിഡിയോകൾ കണ്ടും കടകളിലെ വർക്കുകൾ നോക്കിയും എന്തൊക്കെ ചെയ്യാനാവുമെന്ന് മനസ്സിലാക്കി. നിരവധി തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാലും ചെയ്തു പരിശീലിച്ചു. ഇപ്പോൾ പല വർക്കുകളും കടകളിൽ കൊടുക്കുന്നുണ്ട്. ചിലർ ഗിഫ്റ്റ് കൊടുക്കാന്‍ വേണ്ടി വാങ്ങാറുണ്ട്. എല്ലാത്തിലുമുപരി ഇതിനുവേണ്ടി സമയം കണ്ടെത്തുമ്പോൾ എനിക്ക് വളരെയധികം സന്തോഷം ലഭിക്കുന്നു.

img-07

കണിക്കൊന്ന പ്രിയം

പല മീഡിയം ഉപയോഗിച്ചുള്ള ചിത്രങ്ങളുണ്ട്. വിവിധ തരം ക്രാഫ്റ്റ് വർക്കുകളുമുണ്ട്. എങ്കിലും വിഷുവുമായി ബന്ധപ്പെട്ട് കണിക്കൊന്നയുടെ ചിത്രം ചെയ്തിരുന്നു. അത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വർക്കുകളിൽ ഒന്നാണ്. കണിക്കൊന്ന പ്രിയപ്പെട്ട പൂവാണ്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷത്തോടെയാണ് ആ വർക് ചെയ്തത്. കുറച്ച് റിയലസ്റ്റിക് ആയി ചെയ്യാനായിരുന്നു ശ്രമം. അതു നിരവധി അഭിനന്ദനങ്ങൾ നേടിത്തന്നു. പിസ്തയുടെ തൊണ്ട്, കളിമണ്ണ്, അക്രിലിക് പെയ്ന്റ് എന്നിവ ഉപയോഗിച്ച് പല മീഡിയങ്ങളിലും കണിക്കൊന്ന ചെയ്തു.

painting

യുട്യൂബ് ചാനലുണ്ട്

‘Loveme Art World’ എന്ന േപരിൽ എനിക്കൊരു യുട്യൂബ് ചാനലുണ്ട്. ചെയ്യുന്ന വർക്കുകളുടെ വിഡിയോ അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ചോളത്തിന്റെ തൊലി കൊണ്ട് പൂവ് ഉണ്ടാക്കുന്ന വിഡിയോ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതു ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴേ ചെയ്യുമായിരുന്നു. വർഷങ്ങൾക്കുശേഷം ചെയ്തപ്പോൾ അതിന്റെ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. പാഴാക്കി കളയുന്ന വസ്തുക്കളിൽ നിന്ന് മനോഹര രൂപങ്ങൾ ഉണ്ടാക്കുന്നത് ആളുകൾക്ക് വളരെ ഇഷ്ടമാണ്. 

കുടുംബം

ഭർത്താവ് അൻവർ ഷെരീഫ് അഭിനേതാവാണ്. അദ്ദേഹത്തിന്റെ പൂർണ പിന്തുണയാണ് ഇതിൽ വളരെ പ്രധാനം. എനിക്ക് കാൻവാസുകളും പെയ്ന്റുകളും മറ്റ് അവശ്യവസ്തുക്കളുമൊക്കെ വാങ്ങി തരുന്നത് അദ്ദേഹമാണ്. വീട്ടിലിരുന്ന് എനിക്ക് ബോറടിക്കുന്നുണ്ട് എന്ന ടെന്‍ഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതോടു കൂടി ആ ടെൻഷൻ മാറി. രണ്ട് ആൺമക്കളാണ്. ആദവും ഏദനും. 

img-05
img-060
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com