ADVERTISEMENT

‘പരിശ്രമം ചെയ്യുകിലെന്തിനേയും

വശത്തിലാക്കാൻ കഴിവവുള്ളവണ്ണം

ദീർഘങ്ങളാം കൈകളെ നൽകിയത്രേ

മനുഷ്യരെപ്പാരിലയച്ചതീശൻ’ 

മുട്ടത്തോടുകളിൽ ജിജിൻ എസ്.കുമാർ എന്ന തിരുവനന്തപുരം സ്വദേശി വിസ്മയം തീർക്കുമ്പോൾ അത്രയേറെ അനുയോജ്യമാണ് ഈ വരികൾ. കടയിൽ നിന്നു വാങ്ങിയ മുട്ട വീട്ടിലെത്തും മുമ്പ് പൊട്ടുന്നതിന് അമ്മയുടെ ചീത്ത കേൾക്കേണ്ടി വന്നിട്ടുള്ളവർ ജിജിന് ഒരു സല്യൂട്ട് അടിക്കണം. കാരണം അത്രയേറെ സൂക്ഷ്മതയും കഠിനാധ്വാനവും ചേരുമ്പോഴാണു മുട്ടത്തോടിൽ മനോഹര രൂപങ്ങൾ വിരിയുന്നത്. ഒപ്പം ഒരിക്കലും സാധിക്കില്ലെന്നു പറഞ്ഞ് കളിയാക്കവർക്കു മുമ്പിൽ ജയിച്ചു കാണിക്കണമെന്ന വാശിയും. 12,500 സുഷിരങ്ങൾ മുട്ടിയിലിട്ട് യൂണിവേഴ്സൽ ലോക റെക്കോർഡിലും ഈ മലയാളി തന്റെ പേര് എഴുതിച്ചേർത്തു. മുട്ടത്തോടിന് ഇത്ര കട്ടിയുണ്ടോ എന്നല്ല, ജിജിന്റെ നിശ്ചയദാർഢ്യത്തിന് ഇത്ര കരുത്തുണ്ടോ എന്ന ചോദ്യമായിരിക്കും ഇവിടെ ഉചിതം. ലോകത്തെ എണ്ണം പറഞ്ഞ എഗ്ഗ് ആർടിസ്റ്റുകളിൽ ഒരാളായി മാറിയ കഥ ജിജിൻ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

ന്യൂമിസ്മാറ്റിക്സ് 

നാണയങ്ങളുടെയും നോട്ടുകളുടെയും കലക്‌ഷനായിരുന്നു (ന്യുമിസ്മാറ്റിക്സ്) പ്രധാന ഹോബി. ന്യുമിസ്മാറ്റിക്സ് സൊസൈറ്റികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സൗഹൃദത്തിലെത്തി നാണയങ്ങളും നോട്ടുകളും കൈമാറി ശേഖരം വിപുലീകരിക്കുന്നതാണു രീതി. അങ്ങനെ അമേരിക്കൻ നാണയങ്ങൾ നൽകിയിരുന്നു ഒരു സ്ത്രീ തെറ്റി അയയ്ച്ച ചിത്രത്തിലൂടെയാണ് എഗ് ആർട്ടിന്റെ ലോകം എനിക്കു മുമ്പില്‍ തുറക്കുന്നത്. മുട്ടത്തോടിൽ വിലയേറിയ കല്ലുകള്‍ പതിപ്പിച്ച അതിസുസന്ദരമായ ഒരു രൂപമായിരുന്നു അത്. കണ്ടപ്പോൾ കൗതുകം തോന്നി. എഗ് ആർട് ആണെന്നും മുട്ടത്തോടിലാണു ചെയ്തതെന്നും അവർ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഏഴു വർഷം മുമ്പായിരുന്നു അത്. അങ്ങനെ ഒരു ആർട് വർക്ക് അതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു. എനിക്കു വിശ്വാസം വരാനായി അവർ കൂടുതൽ ചിത്രങ്ങൾ അയയ്ച്ചു തന്നു. എന്നാൽ വിശ്വാസമല്ല, കൂടുതൽ അദ്ഭുതമാണ് എനിക്കവ കണ്ടപ്പോൾ തോന്നിയത്.

egg-artist-jijin-s-kumar-1

ആദ്യ പരീക്ഷണം

ഒന്നും നോക്കിയില്ല, നേരെ അടുക്കളയിലേക്ക് ഓടി. ഫ്രിഡ്ജിൽ നിന്ന് ഒരു മുട്ടയെടുത്ത് സൂചി കൊണ്ടു കുത്തി സുഷിരമുണ്ടാക്കാൻ നോക്കി. എന്നാൽ മുട്ട പൊട്ടി നിലത്തു വീണതല്ലാതെ ഒന്നും സംഭവിച്ചില്ല. അമ്മ എന്നോട് ദേഷ്യപ്പെട്ടു. ഞാൻ എഗ് ആർട്ടിനെക്കുറിച്ച് പറഞ്ഞു. ഇതു കേട്ടപ്പോൾ അമ്മ എന്നെ കളിയാക്കാൻ തുടങ്ങി. ‘അതൊന്നും ചെയ്യാൻ പറ്റില്ല, അവർ പറ്റിച്ചതാകും’ എന്നു പറഞ്ഞു. അതുമാത്രമല്ല, എന്റെ കൂട്ടുകാര്‍ വീട്ടിൽ വന്നപ്പോൾ അമ്മ അവരോടും ഇക്കാര്യം പറഞ്ഞു. അതോടെ അവരും കളിയാക്കാൻ തുടങ്ങി. അവർ വഴി മറ്റു കൂട്ടുകാരും അറിഞ്ഞു. അങ്ങനെ എനിക്ക് ‘മുട്ട’ എന്ന പേരു വീണു. അതോടെ ഒരെണ്ണമെങ്കിലും ചെയ്തു കൂട്ടുകാരെ കാണിക്കണമെന്ന വാശിയായി.

46 മുട്ടകൾ

ഒരു ദിവസം 35 മുട്ട വാങ്ങി ഞാൻ വീട്ടിലെത്തി. മൊട്ടു സൂചി കൊണ്ട് സുഷിരമിടാനുള്ള ശ്രമം നടത്തി. പക്ഷേ, എല്ലാം പൊട്ടിപ്പോയി. വീട്ടിലുണ്ടായിരുന്ന മുട്ടകളുമെടുത്ത് എന്റെ പരീക്ഷണം തുടർന്നു. അങ്ങനെ ഒരു 46 മുട്ടയോളം പൊട്ടിപ്പോയി. ഇതു കണ്ട് അമ്മയ്ക്ക് ദേഷ്യവും വന്നു, ഒപ്പം കളിയാക്കലും. ഞാൻ അമേരിക്കൻ സ്ത്രീക്ക് മെസേജ് അയയ്ച്ചു. ‘എഗ് ആർട് എനിക്ക് പഠിക്കണമെന്നുണ്ട്. എന്തു ചെയ്യും ? ’ 

egg-artist-jijin-s-kumar-6

എഗ് ആർട്

അവർ വഴി എഗ് ആർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. നിരവധി ഉപവിഭാഗങ്ങൾ ഒരു കലാരൂപമാണ് എഗ് ആർട്. മുട്ടയിൽ പെയിന്റ് അടിക്കുന്നതാണ് ഇതില്‍ ഏറ്റവും എളുപ്പമുള്ളത്. കാർവ്ഡ് എഗ്സ്, ഡെക്രേറ്റീവ് എഗ്സ് എന്നിവ കടുപ്പമേറിയതാണ്. മുട്ടയിൽ കൊത്തു പണി ചെയ്യുന്ന കാർവ്ഡ് എഗ്സ് ആണ് ഏറ്റവും കടുപ്പമേറിയത്. അതാണ് ഞാന്‍ പഠിക്കാൻ ആഗ്രഹിക്കുന്നതും. അതു മെഷീൻ ഉപയോഗിച്ചാണു ചെയ്യുന്നതെന്നും കൈകൊണ്ട് ചെയ്യുക പ്രയാസമാണെന്നും അവർ പറഞ്ഞു. അതിനുശേഷം എനിക്ക് ഇറ്റലിയിലുള്ള ഒരു എഗ് ആർടിസ്റ്റിനെ പരിചയപ്പെടുത്തി. വേൾഡ് എഗ് ആർടിസ്റ്റ് അസോസിയേഷന്റെ പ്രസി‍ഡന്റ് ആയിരുന്നു അവർ. കൂടുതൽ അന്വേഷിച്ചപ്പോൾ മെഷീന് 1.25 ലക്ഷം രൂപ വില വരുമെന്നറിഞ്ഞു. കൈകൊണ്ടു ചെയ്യുന്നവർ ഇപ്പോഴില്ലെന്നും അവർ പറഞ്ഞു. അത്തരമൊരു മെഷീൻ വാങ്ങാൻ സാഹചര്യമില്ലാത്തതുകൊണ്ട് തൽകാലം ഞാൻ അവിടെ നിർത്തി.

കോഴി വഴി മുട്ടയിലേക്ക്

അവധിക്കാലം വന്നപ്പോൾ ഞാൻ കുറച്ചു പദ്ധതികൾ തയാറാക്കി. കോഴിയെക്കുറിച്ച് പഠിക്കുക, അതു വഴി മുട്ടയുടെ പ്രത്യേകതകൾ മനസ്സിലാക്കുക. അത് എഗ് ആർട് ചെയ്യാൻ സഹായകമായാലോ എന്നായിരുന്നു ചിന്ത. അങ്ങനെ കുടപ്പനക്കുന്നിൽ പോയി കോഴി വളർത്തൽ കോഴ്സ് ചെയ്തു. എത്ര തരം കോഴികളുണ്ട്, കോഴിയുടെ പ്രായം എങ്ങനെ കണക്കാക്കാം, എപ്പോൾ മുട്ടയിടും, മുട്ടയുടെ പ്രത്യേകതകള്‍ എന്നിവ മനസ്സിലാക്കി. കോഴിയുടെ പ്രായത്തിനനുസരിച്ച് മുട്ടത്തോടിലെ കാൽസ്യത്തിന്റെ അളവും കാഠിന്യവുമൊക്കെ വ്യത്യാസപ്പെടും. പിന്നെ ഗൂഗിളിൽ നോക്കി വേറയും കുറേ കാര്യങ്ങൾ മനസ്സിലാക്കി. കോഴി മുട്ടയുടെ അനാട്ടമി വരച്ചു പഠിച്ചു.

egg-artist-jijin-s-kumar-2

മുട്ടത്തോടില്‍ ലൗവ്

പുതിയതായി കിട്ടിയ അറിവുകളുമായി രാത്രി സമയങ്ങളിൽ എന്റെ പരീക്ഷണങ്ങൾ തുടർന്നു. മുട്ടത്തോടിൽ സുഷിരങ്ങളിടുന്നതില്‍ പതിയെ വിജയിച്ചു. തുടര്‍ന്നുള്ള ശ്രമം മുട്ടത്തോടിൽ ഒരു ലൗവ് ചിഹ്നം രൂപപ്പെടുത്തുന്നതിൽ വരെയെത്തി. അത്ര ഭംഗിയൊന്നുമില്ലായിരുന്നെങ്കിലും ഞാന‍ത് കൂട്ടുകാരി ജൂലിയെ കാണിച്ചു. അവൾ എനിക്ക് പ്രോത്സാഹനം നൽകി. സത്യത്തിൽ ഒരെണ്ണം ചെയ്യാൻ മാത്രമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. അതും എന്നെ കളിയാക്കിയവർക്കു കാണിച്ചു കൊടുക്കാൻ വേണ്ടി. എന്തായാലും കൂട്ടുകാരുടെ പ്രോത്സാഹനം ലഭിച്ചതോടെ എഗ് ആര്‍ട്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് കൂടുതൽ സമയം ഇതിനുവേണ്ടി മാറ്റിവെച്ചത്. 

സൂക്ഷ്മത, ക്ഷമ

വളരെ സൂക്ഷ്മതയോടെ ചെയ്യണം എന്നതാണു പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ വളരെയധികം ക്ഷമയും വേണം. പഠനവും ജോലിയുമെക്കെ കഴിഞ്ഞ് രാത്രികളിൽ ഞാൻ മുട്ടത്തോടും സൂചിയുമായി ഇരിക്കും. മൂന്നും നാലും മണിക്കൂറുകൾ വീതം 25 ദിവസങ്ങൾ വരെ ഒരു വർക്കിനു വേണ്ടിവരാം. ആദ്യമൊക്കെ വെറുതെ ഷെയ്പ്പുകൾ ചെയ്യുകയായിരുന്നു. അതിൽ നിന്നു ലഭിച്ച ആത്മവിശ്വാസം കൂടുതൽ‌ സങ്കീർണമായ രൂപങ്ങൾ ചെയ്യാൻ പ്രചോദനമായി. ഇതുവരെ 500ന് മുകളിൽ രൂപങ്ങൾ ചെയ്തിട്ടുണ്ട്. സൂചി, അരം, ഏക്സോ ബ്ലൈഡ്, സ്വർണ പണിക്കുള്ള ചില ഉപകരണങ്ങൾ, കണ്ണിന്റെ സർജറിക്ക് ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ എന്നിവയാണ് എഗ് ആർട്ടിനു വേണ്ടി ‍ഞാൻ ഉപയോഗിക്കുന്നത്. 

jijin-s-egg-art

ലോക റെക്കോർഡ് 

ഇതിനിടെ എഗ് ആർടിസ്റ്റ് ആയി റജിസ്റ്റർ ചെയ്യാനായി. എന്നെക്കുറിച്ച് വാർത്തകൾ വന്നു തുടങ്ങി. അതോടെ കളിയാക്കലുകൾക്ക് വിരാമമായി. ഒരു കോഴിമുട്ടയിൽ 10,500 ദ്വാരങ്ങൾ ഇട്ടതിന് യൂണിവേഴ്സൽ ലോക റെക്കോർഡ് എനിക്ക് ലഭിച്ചു. കൈകൾ കൊണ്ടു ചെയ്യുന്നതിനാൽ കൂടുതൽ അടുത്ത് സുഷിരങ്ങളിടാൻ എനിക്കു സാധിക്കും. പിന്നീട് ഇത് 12,500 സുഷിരങ്ങളാക്കി ഉയർത്തി റെക്കോർഡ് പുതുക്കി. ഇതിനൊപ്പം ഏറ്റവും കൂടുതൽ എഗ് ആർട് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ എഗ് ആർടിസ്റ്റ് എന്ന റെക്കോർഡും ലഭിച്ചു. 

അപകട സാധ്യത 

എഗ് ആർട് ചെയ്യുമ്പോൾ കാല്‍സ്യമാണു പൊടിയായി വീഴുന്നത്. ഇതു ശ്വസിക്കുന്നത് അപകട സാധ്യത ഉണ്ടാക്കുന്നു. കാൻസറിനു വരെ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് വളരെയേറ ശ്രദ്ധിക്കണം. പൊടി വലിച്ചെടുക്കാനുള്ള സംവിധാനം മെഷീനിലുണ്ട്. ഒരിക്കൽ മെഷീൻ വാങ്ങാനാവുമെന്നാണു വിശ്വസിക്കുന്നത്.

egg-artist-jijin-s-kumar-4

സമ്മാനം

പ്രിയപ്പെട്ടവർക്കു സമ്മാനം നൽകാനായി  എഗ് ആർട് തേടിയെത്തുന്നവർ നിരവധിയാണ്. ആവശ്യപ്പെടുന്ന പ്രകാരം തീം അനുസരിച്ചും ചെയ്തു കൊടുക്കും. കഴിവുള്ള കലാകാരന്മാരെ മുൻനിരയിലെത്തിക്കാൻ Kappo എന്ന പേരിലുള്ള ഒരു സംഘത്തിന് നേതൃത്വം നൽകുന്നുണ്ട്. സുഹൃത്തുക്കളായ അരുൺ, അനീഷ്, ജിഷ്ണു എന്നിവരാണ് ഇതിനായി ഒപ്പമുള്ളത്. പ്രദർശനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. 

English Summary : Egg Artist Jijin S Kumar Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com