ADVERTISEMENT

മലപ്പുറം തിരൂർ സ്വദേശിയായ കൃഷ്ണജിത്ത് ചാർക്കോൾ പെന്‍സിൽ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് നോക്കിനിന്നു പോകും. ആ പെർഫക്ഷന് കയ്യടിക്കും. കയ്യടിയുമായി എത്തിയവരിൽ താരങ്ങൾ വരെയുണ്ടെന്നതാണ് സത്യം. അങ്ങനെ കോവിഡ് കാലത്ത് ചിത്രരചനയിലൂടെ അദ്ഭുതം തീർക്കുകയാണ് 20കാരനായ കൃഷ്ണജിത്ത്.

ബെംഗളൂരുവിൽ ബിവിഎ വിഷ്വൽ ആർട്സിന് പഠിക്കുന്ന കൃഷ്ണജിത്ത് ലോക്ഡൗണിനു മുമ്പ് നാട്ടിലേക്ക് തിരിച്ചെത്തി. എന്തായാലും എവിടേയ്ക്കും പോകാൻ പറ്റില്ല. എങ്കിൽ പിന്നെ ചിത്രങ്ങൾ വരയ്ക്കാം എന്നായിരുന്നു തീരുമാനം. പെൻസിൽ ഡ്രോയിങ് ആണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അത് ചാർക്കോളിലേക്ക് അപ്ഡേറ്റ് ചെയ്തു. അതിന്റെ ഫലമായി ലഭിച്ചത് ഒർജിനലിനെ വെല്ലുന്ന ഛായാചിത്രങ്ങളാണ്.

krishna-jith-1

താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാൽ, പൃഥ്വിരാജ്, ജയസൂര്യ, ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്‍, ജോക്കർ, മണി ഹൈസ്റ്റിലെ പ്രഫസറും ബെർലിനും ചേർന്നുള്ള ഒരു രംഗം തുടങ്ങി 20ലധികം ചിത്രങ്ങള്‍ക്കാണ് കൃഷ്ണജിത്ത് ജന്മം നൽകിയത്. 

krishnajith-3

ചെറുപ്പം മുതലേ കൃഷ്ണജിത്ത് വരയ്ക്കുമായിരുന്നു. അച്ഛന് ചിത്രരചനയോടുള്ള താൽപര്യമാണ് കൃഷ്ണജിത്തിന് പ്രചോദനമായത്. മൂന്നാം ക്ലാസുമുതൽ ഛായാചിത്രങ്ങളും ചെയ്തു തുടങ്ങി. ‘‘പെൻസിലിനേക്കാൾ റിയാലിറ്റി തോന്നിപ്പിക്കാൻ ചാർക്കോളിന് കഴിയും. എന്നാൽ സമയും അധ്വാനവും കൂടുതൽ വേണ്ടിവരും. ചാർക്കോൾ കൊണ്ടുള്ള വര കുറച്ച് ബുദ്ധിമുട്ടായതിനാലാണ് പലരും ശ്രമിച്ചു നോക്കാത്തത്. ലോക്ഡൗൺ ആയതോടെ കൂടുതൽ സമയം ലഭിച്ചതിനാൽ ചാർക്കോൾ കൊണ്ട് വരയ്ക്കാമെന്നു കരുതി. കട്ടിയും മിനുസവും കൂടുതലുള്ള ഐവറി പേപ്പറിലാണ് ചിത്രങ്ങൾ വരച്ചത്. ആദ്യമൊക്കെ വളരെയധികം തെറ്റുകൾ സംഭവിച്ചു. എന്നാൽ പതിയെ മെച്ചപ്പെട്ടു വന്നു’’– കൃഷ്ണജിത്ത് പറഞ്ഞു.

krishnajith-4

ചിത്രങ്ങൾക്ക് താരങ്ങളുടെ അഭിനന്ദനം തേടിയെത്തിയതിന്റെ സന്തോഷവും കൃഷ്ണജിത്തിനുണ്ട്. ജയസൂര്യയുടെ ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മണി ഹൈസ്റ്റിലെ ബെർലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പെട്രോ അലെൻസോ ‘ദ് പവർ’ എന്ന് കമന്റ് ചെയ്താണ് കൃഷ്ണജിത്തിനെ ഞെട്ടിച്ചത്. ക്രിസ്റ്റഫർ നോളന്റെ ഒപ്റ്റിക്കൽ ഇല്ലൂഷ്യൻ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതൊക്കെയാണെങ്കിലും ചിത്രങ്ങൾ ഇനിയും മികച്ചതാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കൃഷ്ണജിത്ത്. അച്ഛന്‍ സുരേഷ്, അമ്മ ഹേമലത, സഹോദരന്മാരായ ശിവജിത്ത്, സൂര്യജിത്ത് എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.

English Summary : Krishnajith' Charcoal pencil drawing gain attention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com