രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദനയിൽനിന്നും മുക്തി നേടാൻ കേരളത്തിനിപ്പോഴും ആയിട്ടില്ല. ആ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് ശിൽപം ഒരുക്കിയിരിക്കുകയാണ് ഏറ്റുമാനൂർ സ്വദേശി റ്റിറ്റോ. ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ മനസ്സില്‍ വേദന സൃഷ്ടിച്ചപ്പോൾ വീടിന്റെ മുറ്റത്ത് ഒരു രൂപം നിർമിക്കുകയായിരുന്നു.
മണ്ണില്‍ പുതഞ്ഞു കിടക്കുന്ന മനുഷ്യന്റെ രൂപമാണ് ടിറ്റോ നിർമിച്ചത്. ‘‘വീടിന് മുൻപിൽ മഴയിൽ നനഞ്ഞു കുതിർന്ന മണ്ണിലാണ് ചെയ്തത്. മനസ്സു നിറയെ ആ ദുരന്തത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു. മണ്ണിൽപെട്ടു പോയ മനുഷ്യർ അങ്ങനെയാണ് ശിൽപമാകുന്നത്’’– റ്റിറ്റോ പറഞ്ഞു.

മരിച്ചവരോടുള്ള ആദരസൂചകമായി ഒരു ചിത്രം വരയ്ക്കണമെന്നാണ് കരുതിയതെങ്കിലും ആകസ്മികമായി അത് ശിൽപത്തിലേക്ക് വഴി മാറുകയായിരുന്നു. ഫൊട്ടോഗ്രഫറും ഗ്രാഫിക് ഡിസൈനറും കലാകാരനും ആണ് ഇദ്ദേഹം. ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. റ്റിറ്റോ വരച്ച പല ചിത്രങ്ങളും മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
English Summary : A tribute to Rajamala lanslide