ADVERTISEMENT

നിശബ്ദമായിരുന്നു കഴിഞ്ഞ വർഷം ക്യാംപസുകൾ. ഒഴിഞ്ഞ ക്യാംപസ് ഭയപ്പെടുത്തുന്ന കാഴ്ച കൂടിയായിരുന്നു. ഒഴിഞ്ഞ ക്ലാസ്മുറികളും കലപില കൂട്ടുന്ന വിദ്യാഥികളുടെ അസാന്നിധ്യവും ശ്മശാനമൂകമാക്കി നമ്മുടെ ക്യാംപസുകളെ. എന്നാല്‍ സർഗാത്മകതയെ തടവിലിടാൻ ഒരു ലോക്ഡൗണിനും സാധിക്കില്ലെന്നു തെളിയിച്ചിരിക്കുകയാണ് കോഴിക്കോട്ട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, ഒരു ഡിജിറ്റൽ മാഗസിനിലൂടെ. കോളജിലെ ചരിത്രവിഭാഗത്തിന്റേതാണ് ഈ മാഗസിൻ. പേരിൽത്തന്നെയുണ്ട് കൗതുകം– സൈഗാ‌യ്‌സ്റ്റ് (ZEITGEIST). 

ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ അതിന്റെ ആശയങ്ങളും വിശ്വാസങ്ങളും ഉൾപ്പെടെ ചേർന്ന് അടയാളപ്പെടുത്തുന്നതാണ് ZEITGEIST. യുഗചേതനയെന്നു വിളിക്കാം. ആ കാലഘട്ടത്തിന്റെ ചൈതന്യവും ഭാവവും ഉൾക്കൊണ്ടതാണത്. ഭീതിയുണർത്തിയ വൈറസിന് പ്രതിഭകളുടെ ചിറകടി തളർത്താനാകില്ലെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാവുകയാണ് ഈ മാഗസിൻ. കാരണം ലോക്ഡൗൺ കാലഘട്ടത്തിലാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്തരമാരു സൃഷ്ടി പുറത്തിറക്കിയത്. ചരിത്രവിഭാഗം മേധാവി കെ.ശ്രീലതയുടെ നേതൃത്വത്തിലായിരുന്നു മാഗസിൻ പ്രവർത്തനങ്ങളെല്ലാം. എം.ആകാശാണ് മാഗസിൻ എഡിറ്റർ. 

Magazine-Cover-Main

എല്ലാ വർഷത്തെയും പോലെ 2020 ജൂണ്‍ ഒന്നിന് കോളജ് തുറന്നപ്പോൾ മനസ്സിന്റെ കോണിൽ ഒരു നേർത്ത നൊമ്പരമായറിഞ്ഞ അനുഭവത്തെപ്പറ്റിയുള്ള ശ്രീലതയുടെ ഓർമക്കുറിപ്പോടെയാണ് മാഗസിൻ സൃഷ്ടികളുടെ തുടക്കം. ‘ചന്നംപിന്നം പെയ്യുന്ന മഴച്ചാറലുകൾ വകവയ്ക്കാതെ കൂട്ടം കൂടി വരുന്ന കുട്ടികളില്ലാതെ, അവരുടെ പാദസ്പർശമേൽക്കാൻ ഭാഗ്യമില്ലാതെ നിശ്ചലമായി നിൽക്കുന്ന കലാലയം...’ ഒരു ചരിത്ര സ്മാരകം കണക്കെ പൊക്കുന്ന് എന്ന ഹരിതഭൂമിയിൽ തലയെടുപ്പോടെ നിൽക്കുന്ന ഗുരുവായൂരപ്പൻ കോളജിന്റെ കോവിഡ്‌കാല ഏകാന്ത ഓര്‍മകളും അനുഭവങ്ങളും ശ്രീലത തന്റെ കുറിപ്പിൽ കുറിക്കുന്നു. 

കലാലയ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു മാഗസിന്‍ എഡിറ്ററെന്ന നിലയ്ക്കുള്ള പ്രവർത്തനമെന്ന് ആകാശ് പറയുന്നു. ‘സുഹൃത്തുക്കളുടെ പല രചനകളും സാഹിത്യ വൈഭവം കൊണ്ട് ആകാംക്ഷയും ആശ്ചര്യവുമുളവാക്കുന്നവയായിരുന്നു. കൊറോണയ്ക്കു മുന്നിൽ മുട്ടുമടക്കാതെ സർഗാത്മകതയുടെ ചിറകിലേറി അതിജീവനത്തിന്റ ഉന്നതിയിലേക്കുള്ള പ്രയാണത്തിന് നേതൃത്വം നൽകാനായി എന്നതിലും സന്തോഷമേറെ. ZEITGEIST ഒരു കൂട്ടായ്മയുടെ വിജയമാണ്. ഒത്തുചേരലുകളെ നിയന്ത്രിച്ചുകൊണ്ടെത്തിയ ലോക്ഡൗൺ ആയിരുന്നു ZEITGEISTന്റെ പിറവിക്ക് നേരിയ തടസ്സമായി മാറിയത്. എങ്കിലും ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള കൂടിച്ചേരലുകൾ പ്രായോഗികമായ അകലങ്ങളെ ഇല്ലാതാക്കി. പ്രിൻസിപ്പൽ ഡോ.പി.ടി. മാലിനിയും ശ്രീലത ടീച്ചറെയും പോലുള്ള പ്രിയപ്പെട്ട അധ്യാപകർ നൽകിയ പിന്തുണയായിരുന്നു ഈ മാഗസിനിന്റെ ജീവവായു. ജീവിതത്തിലെ മനോഹര നിമിഷങ്ങളിൽ കാലം തീർത്ത വിടവുകൾക്കിടയിൽ കോറിവച്ച ഈ മാഗസിൻ ചരിത്ര വിഭാഗത്തിന്റ ചരിത്രത്തിൽ എന്നും നിലനിൽക്കട്ടെ...’ ആകാശ് പറയുന്നു.

കോളജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപികയും എഴുത്തുകാരിയുമായ ആര്യ ഗോപി മാഗസിനെപ്പറ്റി കുറിക്കുന്നതിങ്ങനെ: ആർക്കും തളച്ചിടാനാകാത്ത എഴുത്തിന്റെ പുഴയെ ഉദ്ഭവസ്ഥാനത്തു കണ്ടെടുക്കുന്നവരാണല്ലോ എഴുത്തുകാർ. രോഗകാലത്തും യുദ്ധകാലത്തും ശാന്തിയിലും സമാധാനത്തിലും സന്തോഷത്തിലും എന്തിനും ഏതിനും കഥയൊരുക്കുന്ന ഇരുകാൽജീവിയാണ് മനുഷ്യൻ. ഭാഷയാണ് മന്ത്രം. ഭാവനയാണ് പ്രാർഥന. വായനയിൽ മാത്രം മോക്ഷപ്രാപ്തി ലഭിക്കുന്ന അക്ഷരജന്മങ്ങളാണ് സർഗാത്മക സൃഷ്ടികൾ. അത്തരത്തിൽ ഒരു അതിജീവന സാക്ഷ്യമാണ് ഗുരുവായൂരപ്പൻ കോളജ് ചരിത്രവിഭാഗത്തിന്റെ ZEITGEIST എന്ന ഡിജിറ്റൽ മാഗസിൻ. 

calicut-zamorin-s-guruvayurappan-college-digital-magazine

അനാരോഗ്യം മനുഷ്യനെ ഇടം വലം തിരിയാനാകാത്ത വിധം സൂക്ഷ്മാണുബാധ പോലെ പിന്തുടർന്ന ഒരു കൊറോണക്കാലത്ത്, വീട്ടിലിരിപ്പിന്റെ വിരസത മറികടക്കാൻ ഇവർ സർഗാത്മകതയെ കൂട്ടുപിടിച്ചു. തെളിവെള്ളത്തിലെ മുഖമെന്നപോൽ തീ പിടിച്ച യാഥാർഥ്യങ്ങൾ പേനത്തുമ്പിൽ വിടർന്നതങ്ങനെയാണ്. എഴുത്ത് പ്രകാശവും പ്രതിരോധവും പ്രതിപക്ഷവും പ്രതീക്ഷയും പ്രതികരണവുമൊക്കെയായി ഈ താളുകളിൽ അവതരിപ്പിച്ചിരിക്കുന്നു. വാക്ക് സത്യമാണ്. അതിന്റെ രണ്ടു കണ്ണുകളിലും തെളിയുന്ന ഉയിർത്തെഴുന്നേൽപിന്റെ ആത്മകാന്തിയാണ് കാലഘട്ടത്തിന്റെയും കലാലയത്തിന്റെയും ഊർജമായി വിദ്യാർഥികൾ ഈ മാഗസിനിൽ സംഭരിച്ചിരിക്കുന്നത്...’. 

10 കവിതകൾ, നാലു കഥകൾ, ഏഴു ലേഖനങ്ങൾ തുടങ്ങിയവയാണ് മാഗസിനിലുള്ളത്. വിദ്യാർഥികളുടെ ചിത്രങ്ങളുമുണ്ട്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പേരുടെ ഹോബിയായി മാറിയ ബോട്ടിൽ ക്രാഫ്റ്റിനെ ഉൾപ്പെടുത്താനും മാഗസിൻ മറന്നിട്ടില്ല. പ്രഫ. ശോഭീന്ദ്രനാണ് മാഗസിൻ പ്രകാശനം ചെയ്തത്. പ്രിൻസിപ്പൽ ഡോ.പി.ടി.മാലിനി അധ്യക്ഷയായിരുന്നു. മലയാള വിഭാഗം അധ്യാപകന്‍ ശ്രീശൈലം ഉണ്ണികൃഷ്ണൻ, ആര്യ ഗോപി എന്നിവർ ആശംസകൾ നേർന്നു.

നിങ്ങൾക്കും വായിക്കാം മാഗസിൻ. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com