ഒൻപതാം ക്ലാസിലെ നേരംപോക്ക്, ഇന്ന് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ: ലിസ്പോ ആള് പുലിയാ

HIGHLIGHTS
  • ഗിന്നസ് റെക്കോർഡ്സിനു വേണ്ടിയുള്ള പരിശ്രമത്തിലാണിപ്പോൾ
  • ബിഎസ്ഇ ഇന്റീരിയർ ഡിസൈനിങ് വിദ്യാർഥിയാണ്
thrissur-native-micro-artist-lispo-finds-place-in-asia-book-of-records
SHARE

ക്ലാസിലിരുന്ന് മടുപ്പ് തോന്നിയപ്പോഴാണ് ചോക്കിലും പെൻസിലിലുമൊക്കെ ലിസ്പോ രൂപങ്ങൾ കൊത്താൻ തുടങ്ങിയത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ആ വിനോദം ലിസ്പോയുടെ പേര് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിക്കുന്നതിന് കാരണമായി. ഇപ്പോൾ ഗിന്നസ് റെക്കോർഡ്സിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് തൃശൂർ ചേർപ്പ് സ്വദേശിയായ ഈ ഇരുപതുകാരൻ.

lispo-lister-1

സമയം കളയാനാണു ചെയ്ത് തുടങ്ങിയതെങ്കിലും പെൻസിൽ മുനകളിലും ചോക്കിലും മനോഹരമായ സൃഷ്ടികൾക്കുള്ള സാധ്യത ലിസ്പോ തിരിച്ചറിയുകയായിരുന്നു. സ്വയം ചെയ്തു പഠിച്ചും പരീക്ഷണങ്ങൾ നടത്തിയും മുന്നേറി. ആരുടെയും മനസ്സ് കവരുന്ന അതിമനോഹര രൂപങ്ങൾ പെൻസിലിലും ചോക്കിലും കൊത്തിയെടുത്ത് വിസ്മയിപ്പിച്ചു. പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാൻ അതു വാങ്ങാൻ ആളുകളെത്തി.

micro-art-3

ചരിത്രമെഴുതാൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യാ ബുക് ഓഫ് റെക്കോർഡ്സിലും ലിസ്പോ സ്ഥാനം പിടിച്ചിട്ടുണ്ട്. 37 പെൻസിലുകളിൽ രൂപങ്ങൾ കൊത്തിയാണ് ഏഷ്യ റെക്കോർഡ്സിൽ ഇടം നേടിയത്. 35 പെന്‍സിലുകളിൽ മൈക്രോ ആർട് എന്ന റെക്കോർഡാണ് ലിസ്പോ തകർത്തത്. ഏഴു ദിവസം ലഭിച്ചിരുന്നെങ്കിലും മൂന്നു ദിവസം കൊണ്ട് ഇത് പൂർത്തിയാക്കുകയും ചെയ്തു. ഗിന്നസ് റെക്കോർഡ്സിൽ സ്ഥാനം നേടുകയാണ് ലിസ്പോയുടെ അടുത്ത ലക്ഷ്യം. അതിനായുള്ള പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

micro-art-4

സമ്മാനങ്ങൾക്ക് ആവശ്യക്കാരേറെ

ലിസ്പോയുടെ കരവിരുത് കണ്ടതോടെ, പ്രിയപ്പെട്ടവർക്ക് സ്പെഷൽ സമ്മാനങ്ങൾ നൽകാന്‍ കൂട്ടുകാരും ബന്ധുക്കളുമൊക്കെ സമീപിക്കാൻ തുടങ്ങി. ആവശ്യപ്പെടുന്ന പേരും രൂപവുമൊക്കെ ചെയ്തു തരും എന്നതും മൈക്രോ ആർട്ടിനോട് തോന്നുന്ന കൗതുകമൊക്കെ തേടിയെത്തുന്നവരുടെ എണ്ണം വർധിപ്പിച്ചു. ഇതോടെ കസ്റ്റമൈസ്ഡ് സമ്മാനങ്ങള്‍ വിൽക്കുന്ന സ്റ്റോർ ലിസ്പോ ആരംഭിച്ചു. താൻ കൊത്തിയുണ്ടാക്കുന്ന രൂപങ്ങൾ അനുയോജ്യമായ കുപ്പികളിലും ബോക്സുകളിലുമാക്കി, മനോഹരമായി അലങ്കരിച്ചാണ് വിൽപന. അതോടെ സ്വന്തമായി വരുമാനം കണ്ടെത്താനും സാധിച്ചു.

micro-art-2

കൊച്ചി ജെയ്ൻ യൂണിവേഴ്സിറ്റിയില്‍ ബിഎസ്ഇ ഇന്റീരിയർ ഡിസൈനിങ് വിദ്യാർഥിയാണ് ലിസ്പോ. പഠനത്തോടൊപ്പം കലയും മുന്നോട്ടു കൊണ്ടു പോകണമെന്നും ഒരു മൈക്രോ ആർടിസ്റ്റ് എന്ന നിലയിൽ വ്യക്തി മുദ്ര പതിപ്പിക്കണമെന്നുമാണ് ആഗ്രഹം.

micro-art-1

English Summary : Micro Artist Lispo finds place in Asia book of records

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS