ADVERTISEMENT

‘മഹാ ഗണപതിം മനസാ സ്മരാമി..’ കീർത്തനം ചൊല്ലിക്കൊണ്ട് കാലുകൾ കൊണ്ട് നിലവിളക്കിലേക്ക് എണ്ണ പകർന്ന് തിരിയിട്ട് സന്ധ്യാദീപം തെളിക്കുകയാണ് കൺമണി. വിളക്കു കത്തിക്കുക മാത്രമല്ല, ജന്മനാ കൈകളില്ലാത്ത കൺമണി വരയ്ക്കുകയും ദോശ ചുടുകയുമെല്ലാം ചെയ്യും കാലുകൾ കൊണ്ട്. മുൻപു കലോത്സവ വേദികളിലെ സ്ഥിരംസാന്നിധ്യമായിരുന്നു മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്.കൺമണി. ശാരീരികമായ പരിമിതികളെ അതിജീവിച്ച് വിജയിച്ച കൺമണി അനുഭവങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാണ് ലോക്ഡൗണിനെ ജീവിതത്തിന്റെ പോസിറ്റീവ് വശങ്ങളിലേക്കു തുറന്നിടുന്നത്. 

∙ സംഗീതം ജീവിതം

ജനിച്ചപ്പോൾ തന്നെ കൺമണിക്കു രണ്ടു കൈകളുമില്ലായിരുന്നു. കാലുകള്‍ക്കും പരിമിതകളുണ്ടായിരുന്നു. എങ്കിലും കൺമണി കാലുകള്‍ കൈകളാക്കി വരയ്ക്കാൻ തുടങ്ങി. സംഗീതം പഠിച്ചു. വരച്ചുവരച്ച് സമ്മാനങ്ങൾ നേടിക്കൂട്ടി. പാട്ടിലൂടെ കലോത്സവ വേദികളിൽ വിജയം നേടി. സംഗീതക്കച്ചേരികൾ നടത്തി. ഇപ്പോൾ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ ബിരുദ വിദ്യാർഥിനിയാണ്.

തന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണു യുട്യൂബ് ചാനൽ തുടങ്ങിയത്. സംഗീത കച്ചേരികൾ, ആരുടെയും സഹായമില്ലാതെ തിരുവനന്തപുരം ശാസ്താംപാറയിലേക്കു കയറുന്നതുമൊക്കെ പോസ്റ്റ് ചെയ്ത കൺമണി കഴിഞ്ഞ ദിവസമാണു വീട്ടിലെ അടുക്കളയിൽ ദോശ ചുടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ഡൗൺ മൂലം കോളജിൽ ക്ലാസ് ഇല്ലാത്തതിനാൽ തിരുവനന്തപുരത്തെ വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണു തന്റെ "കുറവുകളിലെ മികവുകൾ" മറ്റുള്ളവർക്കു പ്രചോദനമാകുന്ന വിധത്തിൽ വിഡിയോ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. 

‘കൈകളില്ലാതെ താൻ എങ്ങനെയാണടോ ഒരുങ്ങി സുന്ദരിക്കുട്ടി ആകുന്നത്?’ എന്നു ചിലർ ചോദിച്ചതാണ് കാലുകൊണ്ടു കണ്ണെഴുതി ഒരുങ്ങി പൊട്ടു തൊടുന്ന കൺമണിയെ പരിചയപ്പെടുത്താനുള്ള തീരുമാനത്തിനു പിന്നിൽ. കാലുകൾ കൊണ്ടു ചിത്രം വരയ്ക്കാൻ മാത്രമല്ല സാധിക്കുക എന്നു തെളിയിക്കാൻ കൺമണി നെറ്റിപ്പട്ടം നിർമിച്ചു വിഡിയോയും പോസ്റ്റ് ചെയ്തു. നെറ്റിപ്പട്ടം നിർമാണം പഠിച്ച കൺമണി ഇപ്പോൾ ഓർഡർ അനുസരിച്ചു നെറ്റിപ്പട്ടം നിർമിച്ചു നൽകി ചെറിയ വരുമാനവും നേ‌ടുന്നുണ്ട്. 

kanmani-2

കൺമണി അടുക്കളയിലെത്തി സ്റ്റൂളിന്റെ സഹായത്തോടെ അടുക്കളയിലെ തട്ടിൽ കയറി കാലുകൊണ്ടു ലൈറ്റർ എടുത്തു സ്റ്റൗ കത്തിച്ചു ദോശക്കല്ലിൽ മാവൊഴിച്ചു ചട്ടുകം കൊണ്ടു ദോശ തിരിച്ചിട്ടു പ്ലേറ്റിൽ വെയ്ക്കുന്നതു വരെയുള്ള ദൃശ്യങ്ങളാണ് 8 മിനിട്ടുള്ള വീഡിയോയിലുള്ളത്. 

ചെറിയ ചെറിയ പ്രശ്നങ്ങൾ കൊണ്ട് ജീവിതത്തിൽ എല്ലാം നിരാശപ്പെടുന്നവർ ഇടയ്ക്കിടെ kanmani എന്ന യൂട്യൂബിൽ കയറി നോക്കുക, ഇല്ലായ്മകളിൽ നിന്നൊരു സുന്ദരജീവിതം കെട്ടിപ്പടുക്കുന്നതെങ്ങനെയെന്നു കണ്ടറിയാം.

∙ കുടുംബത്തിന്റെ കൺമണി

‘കുട്ടിക്കാലം മുതൽ എല്ലാകാര്യങ്ങൾക്കും കട്ട സപ്പോർട്ട് നൽകിയിരുന്നതു വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ ശശികുമാറും അമ്മ രേഖയുമാണ്. പാട്ട് പഠിക്കാനും ചിത്രം വരയ്ക്കാനും എല്ലാം പ്രചോദനം അമ്മയാണ്. എനിക്കെന്താണോ ഇഷ്ടം അതാണ് അമ്മയുടെയും ഇഷ്ടം. പക്ഷേ, അടുക്കളയിൽ കയറാൻ മാത്രം അമ്മ അനുവദിച്ചിരുന്നില്ല. അനുജൻ മണികണ്ഠൻ ഇടയ്ക്കിടെ അടുക്കളയിൽ കയറി പാചക പരീക്ഷണം നടത്തുമായിരുന്നു. അപ്പോൾ അവനു സഹായവുമായി അമ്മ അറിയാതെയെത്തിയിരുന്ന എനിക്കു അവൻ വലിയ പിന്തുണയാണ് നൽകുന്നത്. മണികണ്ഠനാണു വിഡിയോ എഡിറ്റ് ചെയ്ത് മനോഹരമാക്കിയത്’– കൺമണി പറയുന്നു. 

രാജ്യത്തിനകത്തും പുറത്തുമായി 500ലേറെ വേദികളിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചും താൻ വരച്ച 250ലേറെ ചിത്രങ്ങളുമായി പ്രദർശനം നടത്തിയും സിനിമയിൽ അഭിനയിച്ചും ശ്രദ്ധ നേടിയ കൺമണിക്കു 2019 ൽ സർഗാത്മക മികവിന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com