ADVERTISEMENT

ഈ തലമുറയിലെ കുട്ടികളിൽ പലരും യാഥാർഥ്യത്തിന്റെ ലോകത്തിലല്ല വളരുന്നത്. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച്, ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ട് വളരുന്ന അവർക്ക് എപ്പോഴെങ്കിലും ഒരു ‘നോ’ കേൾക്കേണ്ടി വരുമ്പോൾ സമനില തെറ്റുന്നു. പ്രശ്നങ്ങളെ നേരിടാൻ തയാറാകാതെ ഒളിച്ചോടുന്നു. വൈകാരികമായി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അതിന്റെ ഭവിഷ്യത്തുകള്‍ ആലോചിക്കുന്നില്ല. ചിലപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കുന്നു. എവിടെയാണ് പ്രശ്നം ?

സുഖസൗകര്യങ്ങളിൽ വളരുന്നത് തെറ്റല്ല, അതുതന്നെയാണ് വേണ്ടതും. പ്രതിസന്ധികളെ നേരിടാനാവാതെ, ഒന്നിനെയും വകവയ്ക്കാതെ, മണ്ണിനെയും പ്രകൃതിയും അറിയാതെ വളരുമ്പോൾ എന്തായിരിക്കും സംഭവിക്കുക?. നിരവധി ആശങ്കളാണ് മനസ്സിൽ നിറയുന്നത്. തുടർച്ചയായി വരുന്ന വാർത്തകൾ ആ ആശങ്ക തെറ്റല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ബന്ധം തുടരാൻ താൽപര്യമില്ലാത്തതിനാലോ പ്രണയം നിരസിക്കുന്നതിനാലോ പെൺകുട്ടികൾ കൊല്ലപ്പെടുന്നത് നാട്ടിൽ ആവർത്തിക്കുകയാണ്. കോതമംഗലത്തെ സംഭവത്തിൽ കൊലപ്പെടുത്താനായി തോക്ക് ഉപയോഗിച്ചു എന്നതാണ് വ്യത്യാസം. ഇത്ര പൈശാചികമായി ഒരു പെൺകുട്ടിയെ വകവരുത്താൻ പാകത്തിൽ ആ യുവാവിന്റെ മനസ്സ് തയാറായിരുന്നു. ‘എന്നോടൊപ്പം ജീവിക്കാം, അതിനു തയാറല്ലെങ്കിൽ നിനക്ക് ജീവിക്കാൻ അർഹതയില്ല’ എന്ന ചിന്തയിൽ പ്രണയമല്ല. പക, വെറുപ്പ്, നിരാശ എന്നീ വികാരങ്ങളാണുള്ളത്.

യുവതലമുറയുടെ അച്ചടക്കരാഹിത്യം അറിയാൻ പൊതുനിരത്തിലേക്ക് നോക്കിയാൽ മതി. സ്പോർട്സ് ബൈക്കുകളുമായി അതിവേഗം പായുന്ന എത്രയോ ചെറുപ്പക്കാരെ കാണാം. സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ അതൊന്നും അവർക്ക് വിഷമയല്ല. അവരുടെ മായിക ലോകത്തിൽ ജീവനേക്കാൾ പ്രാധാന്യമുള്ളത് വൈറൽ ആകുക എന്നതിനാണ്. ചങ്ങനാശേരി ബൈപാസിലെ മത്സരയോട്ടത്തിൽ രണ്ടു നിരപരാധികളുടെ ജീവനും പൊലിഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു അവരെന്നും അതിലൊരാളുടെ കുഞ്ഞിന് മാസങ്ങൾ മാത്രമായിരുന്നു പ്രായമെന്നും വാർത്തകളിലൂടെ അറിഞ്ഞു. എത്ര പേരുടെ ജീവിതമാണ് അമിതവേഗം ഇല്ലാതാക്കിയത്. എത്ര പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർന്നു പോയത്. ബവ്റിജസിനു മുമ്പിൽ അച്ചടക്കം പാലിക്കും. പക്ഷേ റോഡിൽ അതിനു സാധിക്കുന്നില്ല എന്നത് ഭീകരമായ അവസ്ഥയല്ലേ. 

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന മറ്റൊന്ന് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം കേരളത്തിൽനിന്നു പിടിച്ച ലഹരിവസ്തുക്കളുടെ കണക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവുൾപ്പടെയുള്ള ലഹരി വസ്തുക്കൾ എത്തുന്നതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

അതെ, യുവ തലമുറ കടുത്ത പ്രതിസന്ധിയിലാണ്. എല്ലാവരും മോശക്കാരാണെന്നോ പ്രശ്നക്കാരാണെന്നോ അല്ല. പക്ഷേ അസ്വസ്ഥമായ മനസ്സുള്ള, ലഹരിക്ക് അടിമപ്പെട്ട, എന്തും ചെയ്യാൻ മടിയില്ലാത്ത യുവാക്കളുടെ എണ്ണം കൂടി വരുന്നു. കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇതു വഴിയൊരുക്കുന്നു. അങ്ങനെ സമൂഹത്തിലാകെ അരക്ഷിതാവസ്ഥ പടരുന്നു. 

ആശയവിനിമയം കാര്യക്ഷമമാക്കുക എന്നതാണ് ഇവിടെ ചെയ്യാനുള്ള പ്രധാനപ്പെട്ട കാര്യം. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, പല മാതാപിതാക്കൾക്കും മക്കളെ ശ്രദ്ധിക്കാൻ സമയമില്ല. മക്കൾ എങ്ങനെയാണ്, അവരുടെ പ്രശ്നങ്ങൾ എന്തെല്ലാമാണ്, അവര്‍ക്ക് അഡിക്‌ഷനുകൾ ഉണ്ടോ എന്നൊന്നും അറിയുന്നില്ല.

മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത്, മക്കളുടെ മനസ്സിൽ ചെറുപ്പത്തിലേ അനാവശ്യ മത്സരബുദ്ധിയും സമ്മർദവും നിറയ്ക്കുന്നവരുണ്ട്. ഇഷ്ടമില്ലാത്ത വിദ്യാഭ്യാസ മേഖലയിലേക്ക് തള്ളി വിട്ട്, മക്കളുടെ ജീവിതം ദുസ്സഹമാക്കുന്നവരുണ്ട്. മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങിച്ചു കൊടുത്ത് വഷളാക്കുന്നവരുണ്ട്. മക്കളുടെ നന്മയ്ക്കാണെന്നു കരുതി ചെയ്യുന്ന ഇക്കാര്യങ്ങളെല്ലാം വിപരീത ഫലം ഉണ്ടാക്കാൻ പര്യാപ്തമാണ്. പാരന്റിങ് എന്നത് വളരെ മുന്നൊരുക്കത്തോടെ ചെയ്യേണ്ട ഒന്നാണ്. എങ്ങനെയെങ്കിലും വളർന്നോളും എന്ന ധാരണയോടെയല്ല മക്കൾക്ക് ജന്മം നൽകേണ്ടത്. 

മാതാപിതാക്കളും മക്കളും തമ്മിൽ, അധ്യാപകരും വിദ്യാര്‍ഥികളും തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, മനസ്സു തുറന്നു സംസാരിക്കണം. പ്രശ്നങ്ങളുണ്ടെങ്കിൽ മടിച്ചു നിൽക്കാതെ കൗൺസലർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സേവനം തേടണം. 

മനസ്സും ശരീരവും 100 ശതമാനം ഫിറ്റ് ആയിരിക്കുന്ന ആളാണ് ആരോഗ്യവാന്‍ എന്നു ലോകാരോഗ്യ സംഘടന പറയുന്നു.

ജീവിതത്തിന് ഒരു റുട്ടീൻ വേണം. നേരത്തേ ഉണരാം. മെഡിറ്റേഷനും വ്യായാമവും ചെയ്യാം. പ്രകൃതിഭംഗി ആസ്വദിക്കാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാം. വെറുതെ ഇരിക്കുന്നത് ഒഴിവാക്കി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അങ്ങനെ ഒരു ജീവിതശൈലി ചെറുപ്പത്തിലേ വളർത്തിയെടുക്കേണ്ടതുണ്ട്.

ടെക്നോളജി നല്ലതാണ്. മനുഷ്യന്റെ ജീവിതം സുഗമമാക്കാൻ അത് അനിവാര്യമാണ്. എന്നാൽ നമ്മുടെ സർഗശേഷി ഇല്ലാതാക്കുന്ന വിധത്തിൽ അതിന് അടിമപ്പെടുന്നതാണു പ്രശ്നം. ക്രമം തെറ്റി ഉറങ്ങുന്നു. ഗെയിമുകളും വെബ് സീരിസുകളുമായി ജീവിതം ചുരുങ്ങുന്നു. അങ്ങനെ നമ്മൾ പുതിയ ആശയങ്ങൾ ഇല്ലാത്തവരാകുന്നു. യഥാർഥ ലോകത്തെ അറിയാത്തവരാകുന്നു.

ചീറി വരുന്ന ചീറ്റിപ്പുലിയെയും മനുഷ്യനെക്കാൾ വലുപ്പമുള്ള ആനയേയും മനുഷ്യന്‍ നിയന്ത്രിക്കുന്നത് അവന്റെ ബുദ്ധി ഉപയോഗിച്ചാണ്. എത്രയോ അറിവുകൾ നമുക്ക് കാലങ്ങളിലൂടെ പകർന്നു കിട്ടി. അനുഭവങ്ങളിൽനിന്നാണ് അറിവുകൾ ഉണ്ടാകുന്നത്. എന്നാൽ ഫോണിലെ ആപ്പുകളിൽനിന്ന് ആപ്പുകളിലേക്ക് മാറികൊണ്ടിരുന്നാൽ തലച്ചോറിന് പ്രവർത്തിക്കേണ്ടി വരില്ല. അനുഭവങ്ങളോ പുതുമകളോ ഇല്ലാത്ത പൊള്ളയായ ജീവിതമാകും നമുക്ക് ലഭിക്കുക. ഇമോജികളിലൂടെ മാത്രം നമ്മൾ സംസാരിക്കുന്നു. അതൊരുപക്ഷേ നമ്മുടെ ഭാഷകൾ ഇല്ലാതാക്കുന്ന കാലം വരാം.

പ്രകൃതിയോടും വന്യമൃഗങ്ങളോടും പടവെട്ടി ജയിച്ചാണ് മാനവരാശി ഇവിടെ എത്തി നിൽക്കുന്നത്. അതിനെല്ലാം കാരണം ചിന്തിക്കാനുള്ള നമ്മുടെ കഴിവാണ്. ഇനിയും ഒരുപാട് ദൂരം നമുക്ക് മുന്നേറാനുണ്ട്. അതിശക്തമായ വെല്ലുവിളികള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അവ മറികടന്നു മുന്നേറാൻ നേതൃത്വം നൽകേണ്ടത് യുവതലമുറയാണ്. അതിനവർക്കു സാധ്യമാകട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം. 

nipin-niravath
നിപിൻ നിരവത്ത്

(മെന്റലിസ്റ്റും മോട്ടിവേഷനൽ സ്പീക്കറുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Content Summary : Mentalist & Motivational Speaker Nipin Niravath on mindset of younger generation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com