മോഷ്ടാവിനെ മൽപ്പിടിത്തത്തിലൂടെ ചെറുത്തു; ഇത് ആക്‌ഷൻ ഹീറോ കൃഷ്ണ

HIGHLIGHTS
  • നല്ല ആരോഗ്യമുണ്ടായിരുന്ന നാടോടി സ്ത്രീയുമായി മൽപ്പിടിത്തമായി കൃഷ്ണ
  • മോഷ്ടിക്കാനെത്തിയ സംഘത്തെ പിടികൂടണമെന്ന വാശിയായിരുന്നു
llb-student-krishna-defend-robbery-at-home
നാടോടി സ്ത്രീയുമായുള്ള മൽപ്പിടിത്തത്തിനിടെ കൃഷ്ണയുടെ കഴുത്തിൽ ഉണ്ടായ പരുക്ക്.
SHARE

വീട്ടിൽ കയറിയ മോഷ്ടാവിനെ മൽപ്പിടിത്തത്തിലൂടെ  ചെറുത്ത വിദ്യാർഥി ആ അനുഭവം പറയുന്നു

തിങ്കളാഴ്ച വൈകിട്ട് മൂന്നര സമയം. കടാതി നടുക്കുടി വീട്ടിൽ ബിജുവിന്റെ വീട്. ബിജുവിന്റെ മകൾ എൽഎൽബി നാലാം വർഷ വിദ്യാർഥിനി കൃഷ്ണ മാത്രമാണ് വീട്ടിലുള്ളത്. പതിവുപോലെ ഓൺലൈൻ ക്ലാസിൽ പഠനത്തിലാണ് അവൾ. പെട്ടെന്ന് തൊട്ടടുത്ത മുറിയിൽനിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. ചെന്നു നോക്കുമ്പോൾ കാണുന്നത് മുറിയിൽ ഒരു നാടോടി സ്ത്രീ നിൽക്കുന്നതാണ്. അലമാരകൾ തപ്പിപ്പെറുക്കി ആഭരണങ്ങളും പഴ്സുമൊക്കെ ആ നാടോടി സ്ത്രീ കൈക്കലാക്കിയിരിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല, നല്ല ആരോഗ്യമുണ്ടായിരുന്ന നാടോടി സ്ത്രീയുമായി മൽപ്പിടിത്തമായി കൃഷ്ണ. ഒടുവിൽ നാടോടി സ്ത്രീക്ക് ഇറങ്ങി ഓടേണ്ടിവന്നു. കൃഷ്ണയുടെ മനോധൈര്യം കൊണ്ടുമാത്രമാണ് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെടാനായതെന്ന് പൊലീസും പറയുന്നു. മോഷണ ശ്രമം ചെറുത്തുനിന്ന അനുഭവം കൃഷ്ണയുടെ വാക്കുകളിൽ...

“മോഷണം തടയാൻ ശ്രമിക്കുന്നതിന് ഇടയിൽ ജീവനു വേണ്ടി ഞാൻ ഉച്ചത്തിൽ കരഞ്ഞു. എന്നാൽ നാടോടി സ്ത്രീയുടെ വലതു കയ്യിലെ രണ്ടു വിരലുകളുടെ നഖത്തിൽ മാത്രം കറുപ്പു നിറത്തിലുള്ള നെയിൽ പോളിഷ് പോലെന്തോ പുരട്ടി കഴുത്തിൽ അമർത്തിയതോടെ ശബ്ദം പുറത്തേക്കു വരാത്ത അവസ്ഥയിലായി. ശക്തമായ വേദന അനുഭവപ്പെട്ടു. ഞാനറിയാതെ എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നുവെങ്കിലും ഭയം തോന്നിയില്ല. ആളുകളെ അറിയിച്ച് മോഷ്ടിക്കാനെത്തിയ സംഘത്തെ പിടികൂടണമെന്ന വാശിയായിരുന്നു. എന്നെ കീഴടക്കാൻ നെറ്റിയുടെ നടുക്ക് വിരൽ അമർത്താൻ നാടോടി സ്ത്രീ ആവർത്തിച്ചു ശ്രമിച്ചെങ്കിലും തല വെട്ടിച്ച് മാറ്റി ഇതിൽ നിന്നു രക്ഷപ്പെട്ടു. കയ്യിൽ കിട്ടിയ വടി എടുത്ത് അടിച്ചു. രക്ഷയില്ലെന്നു കണ്ടപ്പോൾ അവർ എന്റെ കയ്യിലും കാലിലും പിടിത്തമിട്ടു. 

കൈവിരലുകൾ കൊണ്ട് പ്രത്യേക രീതിയിൽ അമർത്തിയതോടെ വേദന സഹിക്കാൻ കഴിയാതെ വന്നു. ഇതോടെ അവർക്കു മേലുള്ള എന്റെ പിടിവിട്ടു. എഴുന്നേൽക്കാൻ കഴിയാത്ത വിധത്തിലായി. അതിനിടയിൽ അവർ രക്ഷപ്പെടുകയും ചെയ്തു".

മോഷ്ടാക്കളെ നേരിടുന്നത് ആദ്യമല്ല

 ഒരു വർഷം മുൻപ് വീട്ടിൽ അതിക്രമിച്ചു കടന്ന മറ്റൊരു മോഷ്ടാവിനെയും കൃഷ്ണ തന്ത്രപൂർവം പിടികൂടിയിരുന്നു. വീടിന്റെ ജനലിന് അരികിൽ ആളനക്കം കണ്ട കൃഷ്ണ കട്ടിലിനു താഴെ ഇറങ്ങി ഇഴഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുറിയിൽ എത്തി അവരെ വിവരം അറിയിക്കുകയും എല്ലാവരും ചേർന്ന് മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. വീടിനുള്ളിൽ അപ്രതീക്ഷിതമായി മോഷ്ടാക്കളെ കണ്ടാൽ ധൈര്യം കൈവിടാതിരിക്കുകയാണ് ആദ്യം വേണ്ടതെന്ന് കൃഷ്ണ പറയുന്നു. നേരിട്ട് ഇവരെ പിടികൂടാൻ കഴിയില്ലെന്നു തോന്നിയാൽ ഇവരെ വീടിനുള്ളിൽ പൂട്ടിയിടാനെങ്കിലും ശ്രമിക്കണമെന്നും ഐപിഎസ് മോഹം ഉള്ളിൽ കൊണ്ടുനടക്കുന്ന കൃഷ്ണ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA