ADVERTISEMENT

ആൾക്കൂട്ടത്തിനു നടുവിൽ കുഞ്ഞു വിശന്നു കരയുമ്പോൾ ഒരു ഒളിയിടം തേടി കണ്ണുകൾ പരക്കം പാഞ്ഞ ഒരു അമ്മയാണോ നിങ്ങൾ? കുഞ്ഞിന്റെ വിശന്ന ചുണ്ടിനൊപ്പം മാറിലേക്ക് അമരുന്ന കൂർത്തനോട്ടങ്ങളെ ഭയന്ന് പൊതുവിടങ്ങളിൽ മുലയൂട്ടാൻ മടിച്ചിട്ടുണ്ടോ ? എങ്കിൽ തീർച്ചയായും അന്ന എന്ന അമ്മയുടെയും അവളുടെ കുഞ്ഞിന്റെയും കഥ നിങ്ങളുടെ മനസ്സിൽ പതിയും. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളവതരിപ്പിച്ച് ചർച്ചയായ ഡീടോക്സ് എന്ന ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അന്നയെ അവതരിപ്പിച്ച അഞ്ജലി നായർ മനോരമ ഓൺലൈൻ വായനക്കാർക്കായി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

∙ പൊതുവിടങ്ങളിൽ / ജോലിസ്ഥലത്ത് മുലയൂട്ടാനുള്ള ബുദ്ധിമുട്ടുകൾ, വ്യാജവാർത്തകൾ, ലിവിങ് റിലേഷൻഷിപ് അങ്ങനെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഡീടോക്സ് എന്ന ഹ്രസ്വചിത്രം കൈകാര്യം ചെയ്തത്. എങ്ങനെയാണ് ഈ ഹ്രസ്വചിത്രത്തിലേക്കെത്തിയത്?

ഒരു സൗഹൃദക്കൂട്ടായ്മയുടെ സ്വപ്നങ്ങളിൽ നിന്നാണ് ഡീടോക്സിന്റെ പിറവി എന്നു പറയുന്നതാകും ശരി. അഭിനയിക്കാനേറെയിഷ്ടമുള്ള, എഴുതാനേറെയിഷ്ടമുള്ള ക്രിയേറ്റീവായി ചിന്തിക്കാനും അതു പ്രാവർത്തികമാക്കാനും ഉത്സാഹമുള്ള ഒരു ചങ്ങാതിക്കൂട്ടത്തിന്റെ സ്വപ്നങ്ങളുടെ ആവിഷ്ക്കാരമാണത്. എന്റെ ഭർത്താവ് ഉമേഷിന് അഭിനയിക്കാനേറെയിഷ്ടമാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ അനൂപ് നാരായണൻ നന്നായി എഴുതും. അതൊക്കെ എന്റെ ഭർത്താവിന് അയച്ചു കൊടുക്കാറുണ്ട്. ആ കഥകളെക്കുറിച്ച് ഞങ്ങൾ വീട്ടിൽ ചർച്ച ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ, സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു കഥയുണ്ടായിരുന്നു. അതുവായിച്ചപ്പോൾ യഥാർഥ ജീവിതവുമായി എനിക്കു പെട്ടെന്നു റിലേറ്റ് ചെയ്യാൻ പറ്റി. 

എഡിറ്റിങ്, പശ്ചാത്തല സംഗീതം ഇതൊക്കെ ചെയ്യാനറിയാവുന്ന സുഹൃത്തുക്കൾ അവർക്കുണ്ടായിരുന്നതുകൊണ്ട് സ്ക്രിപ്റ്റ് റെഡിയായപ്പോൾ അഭിനേതാക്കളെ മാത്രം കണ്ടെത്തിയാൽ മതിയായിരുന്നു. ഭർത്താവ് അഭിനയിക്കുന്നുണ്ട്, എന്നോട് അഭിനയിക്കാമോയെന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡീടോക്സിന്റെ എഡിറ്റിങ് ഡിഒപി നിർവഹിച്ചിരിക്കുന്നത് ഗോകുൽ നന്ദകുമാറാണ്. സംഗീതം ചെയ്തിരിക്കുന്നത് അഭിറാം ഉണ്ണിക്കൃഷ്ണൻ. ഡീടോക്സിൽ അഭിനയിച്ചിരിക്കുന്നത് ഉമേഷ്, അമൃത, ആനന്ദ് ശങ്കർ, സുഷമ, അരവിന്ദ്,ആതിര, ബേബി റിതിക എന്നിവരാണ്. അനൂപേട്ടനാണ് കഥയും തിരക്കഥയും സംവിധാനവുമെല്ലാം. ഈ ഹ്രസ്വചിത്രത്തിന്റെ പിറവിക്കു പിന്നിലുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. അതിനോടൊപ്പം തന്നെ പരാമർശിക്കപ്പെടേണ്ട മറ്റൊരാളുണ്ട്. അനൂപേട്ടന്റെ സുഹൃത്തായ ജിന്റ ചേച്ചി. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു ത്രെഡിൽ നിന്ന് അതൊരു ഹ്രസ്വചിത്രമായി വളർന്നതിൽ വളരെ നിർണായകമായ പങ്കുവഹിച്ചവരിലൊരാളാണ് ജിന്റ ചേച്ചി

∙ വളരെ ബോൾഡ് ആയ കഥാപാത്രത്തെയാണ് അഞ്ജലി അതിൽ അവതരിപ്പിച്ചത്. അതിനായി നടത്തിയ തയാറെടുപ്പുകൾ എന്തൊക്കെയാണ്?

ആ കഥാപാത്രത്തെപ്പോലെ ഞാനുമൊരു ഐടി പ്രഫഷനലാണ്. ടിസിഎസ് ഐടിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മൂന്നു മാസത്തെ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കുന്ന ഒരമ്മ അനുഭവിക്കുന്ന മാനസിക വിഷമം, ഓഫിസിലെ പ്രസന്റേഷൻ ഒക്കെ യഥാർഥ ജീവിതത്തിൽ എക്സ്പീരിയൻസ് ചെയ്തിട്ടുള്ളതുകൊണ്ട് കഥാപാത്രമാകാൻ പ്രത്യേക തയാറെടുപ്പു നടത്തേണ്ടിവന്നില്ല. ചിത്രത്തിൽ അഭിനയിച്ച ആർക്കും മുൻപ് അഭിനയിച്ചു പരിചയമില്ലാത്തതുകൊണ്ട് ചിത്രീകരണത്തിനു മുൻപ് അനൂപേട്ടന്റെ നിർദേശപ്രകാരം എന്റെ വീട്ടിൽവച്ച് രണ്ട് ദിവസം റിഹേഴ്സൽ നടത്തി നോക്കിയതൊഴിച്ചാൽ കാര്യമായ തയാറെടുപ്പ് നടത്തിയിട്ടില്ല. 

∙  ഈ ഹ്രസ്വചിത്രം പറഞ്ഞുവച്ച കാര്യങ്ങളിലുപരി, ഡീടോക്സ് ചെയ്യപ്പെടണമെന്ന് അഞ്ജലി ആഗ്രഹിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?

ഗാർഹിക പീഡനം, സ്ത്രീധനം ഈ രണ്ടു കാര്യങ്ങളാണ് അടിയന്തരമായി ഡീടോക്സ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. അടുത്തിടെ ഇടതടവില്ലാതെ മാധ്യമങ്ങളിൽ നിറയുന്നത് ഗാർഹിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ വാർത്തകളാണ്. പെൺകുട്ടികളെ സ്വയംപര്യാപ്തരാകാൻ അനുവദിക്കാതെ വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹം കഴിച്ചയയ്ക്കുന്ന പ്രവണതയുണ്ട്. അതു മാറണം. പക്വതയോടെ ഉറച്ച തീരുമാനമെടുക്കാൻ മനസ്സിന് പ്രാപ്തി കൈവരിക്കുന്ന പ്രായത്തിൽ, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു പ്രായത്തിൽ പെൺകുട്ടികൾ വിവാഹിതരാകട്ടെ. ഒരു പ്രശ്നമുണ്ടായാൽ ആത്മഹത്യയാണ് ശാശ്വത പരിഹാരം എന്നു ചിന്തിക്കുന്ന ഒരു തലമുറയിൽനിന്ന്, എന്തു വന്നാലും എന്നെ അറിയുന്ന, സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ആളുകൾ എന്നും എനിക്കൊപ്പമുണ്ടാകും എന്ന ആത്മവിശ്വാസത്തോടെ അവർക്ക് പുതിയ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരു അവസരം ഉണ്ടാകട്ടെ. ഗാർഹിക പീഡന വാർത്തകളെടുത്തു നോക്കിയാൽ അതിന്റെയൊക്കെ അടിസ്ഥാനകാരണം സ്ത്രീധനമാണെന്ന് കാണാം. അതും വളരെ പെട്ടെന്നു തന്നെ നിരോധിക്കേണ്ട കാര്യമാണ്. സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ ആക്രമിക്കുന്ന പ്രവണതയും വളരെ വേഗം തന്നെ അവസാനിക്കേണ്ടതുണ്ട്.

∙വിരോധമുള്ള സ്ത്രീകളുടെ മൊബൈൽ നമ്പറുകൾ പൊതുവിടങ്ങളിൽ പ്രദർശിപ്പിച്ച് പകപോക്കുന്നവരുടെ വാർത്തകൾ അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്നിരുന്നു. ജീവിതത്തിൽ ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകളോട് പറയാനുള്ളതെന്താണ്?

നമ്മുടെ ഫോണ്‍നമ്പർ, ചിത്രങ്ങൾ എന്നിവ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെന്നു മനസ്സിലായാൽ എത്രയും പെട്ടെന്ന് നിയമസഹായം തേടണം. നിയമ സംവിധാനങ്ങളും നിയമപാലകരും സ്ത്രീസംരക്ഷണത്തിന് അത്രയേറെ പ്രാധാന്യം നൽകുന്നതിനാൽ നിയമത്തിന്റെ വഴിയിലൂടെ മാത്രം ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുക. സൈബർ ആക്രമണങ്ങളിൽ പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക. എതിർപക്ഷത്തു നിൽക്കുന്നവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാകാം. അതുകൊണ്ട് നേരിട്ടു പ്രതികരിക്കാതിരിക്കുന്നതാകും ഉചിതം. പുറത്തുവച്ചു മാത്രമല്ല സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിനുള്ളിലും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടു തന്നെ നേരിട്ട് പ്രതികരിക്കാതെ നിയമത്തിന്റെ വഴിയിൽത്തന്നെ ഇത്തരക്കാരെ നേരിടാൻ ശ്രമിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

വ്യാജവാർത്തകളോ സൈബർ ആക്രമണങ്ങളോ നേരിടേണ്ടി വന്നാൽ അത്തരം സാഹചര്യങ്ങളിൽ ബോൾഡ് ആയി നിൽക്കണം. നമ്മളെന്താണെന്ന് നമ്മുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും അതിലുപരി നമുക്കു തന്നെയും നന്നായി അറിയാം. സൈബർ ആക്രമണങ്ങളിലൂടെയും വ്യാജ വാർത്തകളിലൂടെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നിയമപരമായി നേരിടുക, അത്തരം വാർത്തകളെ അവഗണിക്കുക. തരംതാണ അത്തരം പ്രവൃത്തികളെക്കുറിച്ച് ചിന്തിച്ച് സ്വന്തം മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെടുത്താതിരിക്കുക.

∙ സന്തോഷം നൽകിയ പ്രതികരണങ്ങൾ?

ഈ ഹ്രസ്വചിത്രം കണ്ടതിനു ശേഷം ഏറ്റവും കൂടുതൽ ലഭിച്ചത് സ്ത്രീകളുടെ പ്രതികരണങ്ങളാണെന്ന് സന്തോഷത്തോടെ പറയട്ടെ. അഭിനയിച്ചവരെല്ലാം പുതുമുഖങ്ങളായതുകൊണ്ട് അഭിനയത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഈ ഹ്രസ്വചിത്രം കൈകാര്യം ചെയ്ത വിഷയത്തിന്റെ പുതുമയിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. സ്ത്രീകൾ ജീവിതത്തിൽ പലപ്പോഴും കടന്നുപോയിട്ടുള്ള സന്ദർഭങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന രംഗങ്ങൾ ഈ ഹ്രസ്വചിത്രത്തിലുണ്ടായിരുന്നു.

നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഈ ഹ്രസ്വചിത്രം കണ്ടതിനു ശേഷം എന്നെ വിളിച്ചിരുന്നു. മെറ്റേണിറ്റി ലീവിനു ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചപ്പോൾ തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് അശ്വതി ചേച്ചി ഈ ഹ്രസ്വചിത്രത്തെപ്പറ്റി ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഡോ. വീണയും ഡീടോക്സിനെക്കുറിച്ച് ഫേസ്ബുക്കിൽ ചില കുറിപ്പുകൾ പങ്കുവച്ചിരുന്നു. അത്തരം കാര്യങ്ങളെല്ലാം ഡീടോക്സ് ടീമിന് ലഭിച്ച മികച്ച പ്രതികരണങ്ങളായി ഓർമയിലുണ്ട്.

∙ പൊതുവിടങ്ങളിൽ ഭയമില്ലാതെ മുലയൂട്ടാവുന്ന ഒരു കാലം നമ്മുടെ നാട്ടിലുണ്ടാകുമോ?

ഞാൻ ഇപ്പോൾ ഉപരി പഠനത്തിനായി ലണ്ടനിലാണ്. അടുത്തിടെ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കണ്ടൊരു കാഴ്ച എന്നെ ഒരുപാട് ചിന്തിപ്പിച്ചു. തിരക്കുള്ള ട്രെയിനിൽ ഒരു കൊറിയൻ യുവതിയും കുടുംബവും ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ കുഞ്ഞു വിശന്നു കരഞ്ഞപ്പോൾ അവർ ട്രെയിനിലെ തിരക്കോ ആളുകളെയോ ശ്രദ്ധിക്കാതെ ഒരു ഒളിയും മറയുമില്ലാതെ കുഞ്ഞിനെ പാലൂട്ടി. കുഞ്ഞിന്റെ വിശപ്പു മാത്രമായിരുന്നു അവരുടെ മുന്‍ഗണന. പക്ഷേ നമ്മുടെ നാട്ടിൽ എത്രപേർക്ക് ധൈര്യത്തോടെ അങ്ങനെ ചെയ്യാൻ പറ്റും. വിശന്നു കരയുന്ന ഒരു കുഞ്ഞിന് അമ്മ മുലയൂട്ടുമ്പോൾ അതിൽ മാതൃത്വത്തിനു പകരം ചിലയാളുകൾ കാണുന്നത് മറ്റു പലതുമാണ്. ആളുകളുടെ മുന്നിൽ മുലയൂട്ടാനുള്ള മടികൊണ്ട് ട്രെയിൻ യാത്രകളിൽ കുപ്പിവെള്ളം നൽകി കുഞ്ഞിന്റെ വിശപ്പു മാറ്റേണ്ടി വന്ന നിർഭാഗ്യകരമായ സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. വീടിന്റെ സ്വകാര്യതയിൽ മുലയൂട്ടുമ്പോൾപോലും അപ്രതീക്ഷിതമായി ആരെങ്കിലും കയറി വന്നാൽ വേഗം ഒരു തുണിവലിച്ച് മാറിലേക്കിടേണ്ട അവസ്ഥ പല അമ്മമാരും അനുഭവിച്ചിട്ടുണ്ടാകും. അതു കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ടാകും. വിശന്നു നിലവിളിക്കുന്ന നിസ്സഹായരായ കുഞ്ഞുങ്ങളുടെയും അവരുടെ വിശപ്പടക്കാൻ ശ്രമിക്കുന്ന അമ്മമാരുടെയും സ്വകാര്യതകളിലേക്ക് എത്തിനോക്കുന്ന മനുഷ്യരുടെ മനോഭാവമാണ് മാറേണ്ടത്. ഈ ഹ്രസ്വചിത്രം ഓർമിക്കുന്നതും മാറ്റം വരേണ്ട അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ്.

detox-short-film-1
ഡീടോക്സ് ടീം

∙ കുടുംബം, കരിയർ ?

ഭർത്താവ് ഉമേഷ് കുമാർ. അദ്ദേഹം ബാങ്കിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. മകൻ നാലരവയസ്സുകാരൻ ദക്ഷിത്. ഞാൻ എട്ടുവർഷം ടിസിഎസിൽ ജോലി ചെയ്തിരുന്നു ഇപ്പോൾ ലീവ് എടുത്ത് ഉപരി പഠനത്തിനായി ലണ്ടനിലാണ്.

∙ ഭാവിപദ്ധതികൾ?

അഭിനയമോഹമൊന്നുമില്ല. ഡീടോക്സ് എന്ന ഹ്രസ്വചിത്രം  സൗഹൃദ കൂട്ടായ്മയിൽനിന്ന് പിറന്നതുകൊണ്ടും ഭർത്താവ് അതിൽ അഭിനയിച്ചതുകൊണ്ടുമാണ് അതിന്റെ ഭാഗമായത്. എനിക്ക് നൃത്തം ചെയ്യാൻ വളരെയിഷ്ടമാണ്. നൃത്തം മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ട്. ജോലി, ഉപരിപഠനം ഇവയുമായി മുന്നോട്ടു പോകാനാണ് ആഗ്രഹം. മറ്റൊരു ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് ഡീടോക്സിന്റെ അണിയറപ്രവർത്തകരിപ്പോൾ.

∙ അംഗീകാരങ്ങൾ

ഷീ ഫെസ്റ്റി‌വലിൽ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിനുള്ള അവാർഡ് ഡീടോക്സിന് ലഭിച്ചു. സംവിധായകൻ പ്രിയദർശൻ, സുരേഷ്കുമാർ,‍ മേനക സുരേഷ്കുമാർ, മല്ലികാസുകുമാരൻ, ജലജ എന്നിവരുൾപ്പടെ പതിനൊന്നോളം ജൂറി അംഗങ്ങൾ ചേർന്നാണ് ഷീഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രമായി ഡീടോക്സിനെ തിരഞ്ഞെടുത്തത്. മികച്ച അഭിനേതാവിനുള്ള പുരസ്കാരം ഞങ്ങളുടെ ബോസ് ആയി അഭിനയിച്ച ആനന്ദേട്ടന് ലഭിച്ചു. അതു വലിയ ഒരു സന്തോഷമാണ്. ആ പുരസ്കാരം നേരിട്ടു പോയി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആനന്ദേട്ടനുൾപ്പെടയുള്ള ഡീടോക്സ് ടീം. കൊച്ചി ഇന്റർനാഷനൽ ഫിലിംഫെസ്റ്റിവലിലും ഡീടോക്സിന് സമ്മാനം ലഭിച്ചിട്ടുണ്ട്.

English Summary : Anjali Nair about the short film Detox 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com