മിനിറ്റുകൾകൊണ്ട് അക്ഷരചിത്രങ്ങളൊരുക്കി ബെൻ സണ്ണി വർഗീസ്; നേടിയത് ദേശീയ, രാജ്യാന്തര റെക്കോർഡുകൾ

HIGHLIGHTS
  • യൂട്യൂബിൽ സ്റ്റെൻസിൽ ആർട്ട് വിഡിയോകൾ കണ്ടതായിരുന്നു എല്ലാത്തിനും തുടക്കം
  • 265 മോഹൻലാൽ ചിത്രങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ചിത്രംവരച്ചത്
ben-sunny-joseph-set-4-national-and-international-records-for-typography-portrait
ബെൻ സണ്ണി വർഗീസ്
SHARE

ജീവിതത്തിലാദ്യമായി ചിത്രകല അഭ്യസിച്ച് മാസങ്ങൾക്കുള്ളിൽ ലോക റെക്കോർഡ് അടക്കം നാലു റെക്കോർഡുകൾ കരസ്ഥമാക്കുക. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് കോട്ടയം പുതുപള്ളി സ്വദേശിയായ  ബെൻ സണ്ണി വർഗീസ് എന്ന പ്ലസ് ടു വിദ്യാർഥി. ടൈപ്പോഗ്രാഫി പോർട്രേറ്റുകൾ ചുരുങ്ങിയ സമയംകൊണ്ട് വരച്ചാണ് ബെൻ ഈ റെക്കോർഡുകളത്രയും നേടിയെടുത്തത്.  വരച്ചതാവട്ടെ  മോഹൻലാലും മമ്മൂട്ടിയുമടക്കം ആറ് പ്രമുഖ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും. ബെൻ സണ്ണിയുടെ വിശേഷങ്ങളിലേക്ക്.. 

∙ കോവിഡ് കാലത്തെ കൗതുകമായി തുടക്കം

2020 ൽ മാതാപിതാക്കൾക്കൊപ്പം മസ്കറ്റിലായിരുന്ന സമയത്താണ് കോവിഡിനെ തുടർന്ന്  ലോക്ഡൗൺ പ്രഖ്യാപിച്ചത്. വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ സമയത്ത്  വ്യത്യസ്തമായി എന്തെങ്കിലും  ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോൾ യാദൃച്ഛികമായി യൂട്യൂബിൽ സ്റ്റെൻസിൽ ആർട്ട് വിഡിയോകൾ കണ്ടതായിരുന്നു എല്ലാത്തിനും തുടക്കം. യൂട്യൂബ് വിഡിയോകളിൽ നിന്നുതന്നെ സ്റ്റെൻസിൽ ആർട്ട് പഠിച്ചെടുത്ത് പരിശീലിച്ചു തുടങ്ങി. സ്റ്റെൻസിൽ ആർട്ടിലെ  ഒരു വിഭാഗമായ ടൈപ്പോഗ്രഫി പോർട്രേറ്റുകളിലാണ് (അക്ഷരങ്ങൾ ഉപയോഗിച്ച് മുഖചിത്രം വരക്കുന്ന രീതി)  താത്പര്യം തോന്നിയത്. പിന്നീട് ഒരു വർഷക്കാലത്തോളം ഒഴിവുസമയങ്ങൾ പോർട്രേറ്റുകൾ വരച്ചു പഠിക്കാനായി നീക്കിവച്ചു. 

∙ തുടക്കക്കാരനിൽ നിന്നും റെക്കോർഡ് ജേതാവിലേയ്ക്ക്... 

പോർട്രേറ്റുകൾ സ്വന്തമായി വരയ്ക്കാമെന്ന ആത്മവിശ്വാസം തോന്നിത്തുടങ്ങിയപ്പോൾ ചില സൃഷ്ടികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് അയച്ചുകൊടുത്തു. അപ്പോഴാണ് നിലവിലെ റെക്കോർഡ് ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ ടൈപ്പോഗ്രാഫി പോർട്രേറ്റുകൾ വരച്ച വ്യക്തിയുടെ പേരിലാണെന്ന് അറിഞ്ഞത്. ആ റെക്കോർഡ് തകർക്കുന്നതിനായി ചുരുങ്ങിയ സമയംകൊണ്ട് ആറ് ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ ചിത്രമായിരുന്നു അക്ഷരങ്ങളിലൂടെ വരച്ചെടുക്കേണ്ടത്. അങ്ങനെ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, രജനീകാന്ത്, വിജയ് സേതുപതി എന്നിവരുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തു പരിശീലിച്ചു. മോഹൻലാൽ ആരാധകൻ കൂടിയായ ബെൻ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ബാറോസ് വരെയുള്ള 265 മോഹൻലാൽ ചിത്രങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ചിത്രം വരച്ചത്. 

ben-sunny-2

പൃഥ്വിരാജ്, ദുൽഖർ സൽമാൻ, രജനീകാന്ത്, വിജയ് സേതുപതി എന്നിവരുടെ ചിത്രങ്ങൾ ഓരോന്നും 5 മിനിറ്റുകൊണ്ട് വരച്ചു തീർത്തു. മമ്മൂട്ടിയുടെ ചിത്രം പൂർത്തിയാക്കാൻ 7 മിനിറ്റ് സമയമാണ് എടുത്തത്. ഇവ അത്രയും താരങ്ങളുടെ പേരുകൾ  ഉപയോഗിച്ചാണ് വരച്ചെടുത്തത്. 265 ചലച്ചിത്രങ്ങളുടെ പേരുകൾ അടങ്ങിയ മോഹൻലാൽ ചിത്രം  വെറും 15 മിനിറ്റ് കൊണ്ട്  വരച്ചുതീർത്തതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ബെൻ ഇടംനേടി. 2021 ഏപ്രിലിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രരചനയുടെ ഓരോ ഘട്ടവും വിഡിയോയിൽ പകർത്തിയാണ് റെക്കോർഡിനായി സമർപ്പിച്ചത്. 

രാജ്യാന്തര റെക്കോർഡുകൾ.. 

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അതേ മാസം തന്നെയാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം ഉറപ്പിച്ചത്. പിന്നീട് അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിനുവേണ്ടിയുള്ള പരിശ്രമമായിരുന്നു. ജൂലൈ ആദ്യവാരം ആ റെക്കോർഡും നേടിയെടുക്കാനായി. കലാംസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയതാണ് ഏറ്റവുമൊടുവിൽ ബെൻ കൈവരിച്ച നേട്ടം. ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട്  പരമാവധി ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ ടൈപ്പോഗ്രഫി പോർട്രേറ്റുകൾ വരച്ചു എന്ന റെക്കോർഡാണ് എല്ലാ തലത്തിലും നേടിയിരിക്കുന്നത്. 

അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും നിലവിൽ ഈ റെക്കോർഡ് സൃഷ്ടിച്ച ഏക വ്യക്തി എന്ന ബഹുമതിയും ബെന്നിന് സ്വന്തമാണ്. 

∙ കലയ്ക്കൊപ്പെം  പഠനവും

ടൈപ്പോഗ്രഫി പോർട്രേറ്റുകളിൽ പ്രാവീണ്യം നേടിയതോടെ ഇനി ഡിജിറ്റൽ പോർട്രേറ്റുകൾ പരിശീലിക്കാനാണ് ബെന്നിന്റെ ശ്രമം. എന്നാൽ ചിത്രകലയോടുള്ള താൽപര്യം പഠനത്തെ ബാധിക്കുന്നില്ല എന്ന്  ഉറപ്പു വരുത്തുന്നുമുണ്ട്. തലപ്പാടി സെന്റ് ജൂഡ്സ് ഗ്ലോബൽ സ്കൂളിലെ വിദ്യാർഥിയാണ് ബെൻ . ഐഎഎസ് നേടിയെടുക്കണം എന്ന് വലിയ സ്വപ്നത്തിനൊപ്പം ചിത്രകലയും വിനോദമായി കൂടെകൂട്ടാനാണ് ആഗ്രഹമെന്ന് ബെൻ പറയുന്നു.  

റെക്കോർഡുകൾ നേടിയെടുത്തെങ്കിലും ഇതുവരെയും വരച്ച ചിത്രങ്ങൾ താരങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. എന്നെങ്കിലും അതിന് സാധിക്കുമെന്ന പ്രതീക്ഷയും ബെൻ പങ്കുവയ്ക്കുന്നുണ്ട്. 

ben-sunny-3

∙ കുടുംബം തന്നെ പിന്തുണ

പഠനത്തിലും ചിത്രരചനയിലുമെല്ലാം പൂർണ്ണ പിന്തുണ നൽകുന്ന കുടുംബം തന്നെയാണ് ബെന്നിന്റെ ഓരോ ചുവടുവയ്പ്പിലും ശക്തി. വിദേശത്ത് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അച്ഛൻ വർഗീസ് കുര്യനും ആരോഗ്യ പ്രവർത്തകയായ അമ്മ ബ്ലെസിയും സഹോദരി ബെല്ലയും അടങ്ങുന്നതാണ് കുടുംബം. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രോത്സാഹനമാണ് വലിയ നേട്ടങ്ങളിലേക്ക് എത്താൻ തനിക്ക് പ്രചോദനമായതെന്ന് ബെൻ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA