ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണ് പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്ക് യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണ് സമ്മാനം. വിജയിക്കുന്ന കോളജുകൾക്ക് ്രടോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.

 

പങ്കെടുക്കാൻ

∙ 2019 – 2020, 2020 – 21 അക്കാദമിക വർഷങ്ങളിൽ പുറത്തിറങ്ങിയ മാഗസിനുകളാണു പരിഗണിക്കുക. ഒരു കോളജിൽ ഈ രണ്ടു വർഷവും മാഗസിൻ ഇറങ്ങിയിട്ടുണ്ടെങ്കിൽ രണ്ടും പരിഗണിക്കും.

∙ ഇ – മാഗസിനുകളും പരിഗണിക്കും. ഇവയുടെ ഓൺലൈൻ ലിങ്ക് ആണ് അയയ്ക്കേണ്ടത്.

 

∙ സർവകലാശാലകൾ, കോളജുകൾ, മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, പാരാമെഡിക്കൽ, നഴ്സിങ്, പോളിടെക്നിക്/ഐടിഐ തുടങ്ങിയ പ്രഫഷനൽ സ്ഥാപനങ്ങൾ എന്നിവയടക്കം കോളജ് തലത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.

 

∙ മാഗസിനുകൾ കിട്ടേണ്ട അവസാന തീയതി: ഡിസംബർ 20.

 

അയയ്ക്കേണ്ടത്

∙ മാഗസിന്റെ മൂന്നു കോപ്പി

∙ കോളജിന്റെ മാഗസിനാണെന്നു കാണിക്കുന്ന പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം.

∙ മാഗസിന്റെ സവിശേഷതകളെപ്പറ്റി ഒരു ഫുൾസ്കാപ് പേജിൽ കവിയാതെ സ്റ്റുഡന്റ് എഡിറ്ററുടെ കുറിപ്പ്.

∙ എഡിറ്ററുടെ പൂർണ മേൽവിലാസം (ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ )

malayala-manorama-chief-editor-s-trophy-college-magazines-invited-yuva-logo

∙ ഇ– മാഗസിനുകൾ അയയ്ക്കുന്നവർ ലിങ്കിനൊപ്പം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ കുറിപ്പ്, വിലാസം എന്നിവ സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്യണം.

 

എൻട്രികൾ അയയ്ക്കേണ്ട വിലാസം:

∙ മാഗസിൻ അവാർഡ്, എഡിറ്റോറിയൽ, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം–686 001.

∙ ഇ – മാഗസിൻ ലിങ്കും വിവരങ്ങളും അയയ്ക്കേണ്ട വിലാസം: yuva@mm.co.in

കാലത്തിലേക്കു തുറന്നു വച്ച ക്യാംപസ് മനസ്സ്

കാലത്തിലേക്കു തുറന്നിട്ട ക്യാംപസിന്റെ മനസ്സാണ് കോളജ് മാഗസിനുകൾ. ഒപ്പം അവ, ക്യാംപസിലേക്കു തിരിച്ചുവച്ച കണ്ണാടികൾ കൂടിയാകുന്നു.കാലത്തോടുള്ള യൗവനത്തിന്റെ ഏറ്റവും തീക്ഷ്ണമായ പറച്ചിലുകൾക്കും ലോകത്തെക്കുറിച്ചുള്ള തീവ്രമായ ആധികൾക്കുമെല്ലാം അവ ശബ്ദം കൊടുക്കുന്നു. ഒപ്പം, അവരുടെ വിരഹവിഭ്രമങ്ങളും കലഹപ്രണയങ്ങളും പോരാട്ടങ്ങളും കണ്ണാടിയിലെന്ന പോലെ കാട്ടിത്തരുകയും ചെയ്യുന്നു.

ക്യാംപസ് സ്വന്തം മനസ്സ് അച്ചടിച്ചിട്ട കോളജ് മാഗസിനുകൾക്കു മനോരമ ഏർപ്പെടുത്തിയ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി പുരസ്‌കാരങ്ങൾക്ക് 23 വർഷമായി. കോളജ് മാഗസിനുകൾക്കായി ഇത്രയും വിപുലമായ ഒരു മത്സരം ലോകത്ത് വേറെവിടെയും ഇപ്പോഴും ഇല്ല.കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കേരളത്തിലെ എറ്റവും മികച്ച വിദ്യാർഥി മാസികകളും അവയിലെ രചനകളും മലയാളത്തിനു പരിചയപ്പെടുത്തി ഈ മത്സരം. മലയാളത്തിലെ എറ്റവും പ്രമുഖരായ എഴുത്തുകാരും ചിത്രകാരന്മാരും മാധ്യമപ്രവർത്തകരും സംവിധായകരും ഈ മാസികകളെ വിലയിരുത്താനെത്തി.

1998 ൽ ജൂറി അംഗമായ പ്രശസ്‌ത സാഹിത്യവിമർശകൻ എം.കൃഷ്‌ണൻനായർ കാലിക്കറ്റ് മെഡിക്കൽ കോളജ് മാഗസിനിൽ എ.എസ് സുധീർ എഴുതിയ ‘നിനക്ക് ഈ ഓർമയുടെ ഇല’ എന്ന കവിതയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘വായനക്കാരന്റെ മനസ്സിനെ പിടിച്ചു കുലുക്കുകയും അയാൾക്കു മിഴിനീര് ഉത്ഭവിപ്പിക്കുകയും ചെയ്യുന്നു ഈ കവിത’. മത്സരത്തിനെത്തിയ മാഗസിനുകളിൽ പൊതുവായി വർത്തിക്കുന്നത് ‘രാഷ്‌ട്രവ്യവഹാരപരങ്ങളായ അസ്വസ്‌ഥതകളും സർഗാത്മകത പ്രകടന വാഞ്‌ഛകളും’ ആണെന്നും അദ്ദേഹം അന്നു വിലയിരുത്തി.

1998 ലെ മത്സരത്തിൽ രണ്ടാം സ്‌ഥാനം നേടിയതു തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ മാഗസിൻ ‘പ്രതിഭ’. ആ മാഗസിന്റെ എഡിറ്റർ പിന്നീടു സംസ്‌ഥാനം ഭരിക്കുന്ന മന്ത്രിയായി - അനൂപ് ജേക്കബ്. തൊട്ടടുത്ത വർഷം ചീഫ് എഡിറ്റേഴ്‌സ് ട്രോഫി എറണാകുളം മഹാരാജാസ് കോളജിന്റെ ‘ഓർമ’യ്‌ക്കായിരുന്നു. പി.എ ആഷിക് എന്ന ബി.എ വിദ്യാർഥി എഡിറ്റർ. ഇന്നത്തെ പ്രശസ്‌ത സംവിധായകൻ ആഷിഖ് അബു!

2011 ൽ ഇതേ ആഷിഖ് അബു ചീഫ് എഡിറ്റേഴ്‌സ് ട്രോഫിയുടെ വിധികർത്താവുമായി. ഒപ്പം മഹാരാജാസിലെ സതീർഥ്യനായ സംവിധായകൻ അമൽ നീരദുമുണ്ടായിരുന്നു. കളർ ഗ്ലോസി പേപ്പറിൽ അച്ചടിച്ച മാഗസിനുകൾ കണ്ട് അവർ പറഞ്ഞു: ‘കളറിലൊന്ന് അച്ചടിക്കാൻ ഞങ്ങളൊക്കെ എത്ര കൊതിച്ചതാണ്!’

2004 ൽ അവാർഡ് നേടിയ കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ സ്‌റ്റുഡന്റ് എഡിറ്റർ ലെനീഷ് ബെഞ്ചമിൻ അന്ന് എഴുതി: കോളജ് പരിസരത്തു കൂടെ പോകുമ്പോൾ അയാൾ പിടികൂടാൻ കാത്തു നിൽപുണ്ടാവും - പ്രസുകാരൻ! മാഗസിനിറക്കിയപ്പോൾ ബാക്കിയായ കടം തിരികെക്കിട്ടാനായി വരുന്നതാണയാൾ. (എല്ലാ മാഗസിൻ എഡിറ്റർമാരും കടന്നു പോയിട്ടുണ്ടാവും ഇത്തരമൊരു പ്രതിസന്ധിയിലൂടെ!)

2008 ൽ ജൂറി അംഗമായി എത്തിയത് സാക്ഷാൽ എം.ടി വാസുദേവൻ നായർ. മത്സരത്തിനെത്തിയ മാഗസിനുകളെക്കുറിച്ച് എംടി പറഞ്ഞു: ‘ക്യാംപസ് പൂവിട്ടു നിൽക്കുന്നു.’ പ്രായത്തിളപ്പുള്ള പ്രതിഷേധമാണ് മാഗസിനുകളുടെ പൊതുവിലുള്ള സ്വരമെന്ന് എംടിയും ഒപ്പമുണ്ടായിരുന്ന ആർടിസ്‌റ്റ് നമ്പൂതിരിയും അന്നു വിലയിരുത്തി.

2007 ൽ വിധികർത്താക്കളായ നോവലിസ്‌റ്റ് സേതുവും സംവിധായകൻ ലാൽ ജോസും മാഗസിനുകളെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു: ‘കുട്ടിത്തം, തമാശ, പ്രണയം തുടങ്ങിയ തരള വികാരങ്ങളോടു പിണങ്ങി നിൽക്കുന്നതും പക്വതയുടെയും ഗൗരവത്തിന്റെയും വേഷമണിഞ്ഞതുമാണ് മിക്കവാറും മാഗസിനുകൾ’.

2010 ൽ എഴുത്തുകാരൻ സി.രാധാകൃഷ്‌ണനും ചിത്രകാരൻ സി.എൻ കരുണാകരനും സംവിധായകൻ റോഷൻ ആൻഡ്രൂസൂം പറഞ്ഞത്, ‘വിലാപങ്ങളുടെ കാലം കഴിഞ്ഞു. നിസ്സഹായതയെ ശപിക്കുന്നവരല്ല പുതിയ തലമുറ. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കടന്നുകയറി വിശകലനം ചെയ്യുകയും അവയോടു സർഗപരമായി പ്രതികരിക്കുകയുമാണു പുതിയ തലമുറ’ എന്നായിരുന്നു.

കാലത്തെ കർശനമായി നിരീക്ഷിക്കുന്നുണ്ട് കുട്ടികളെന്നു അഭിപ്രായപ്പെട്ടത് 2015 ൽ മാഗസിനുകൾ വിലയിരുത്തിയ നടൻ മമ്മൂട്ടിയാണ്. ജീവിതത്തിന്റെയും സമൂഹത്തിന്റെയും അരികുകളിലേക്കു തള്ളിമാറ്റപ്പെടുന്നവർക്കൊപ്പമാണ്, അവരുടെ പക്ഷത്താണ്, തങ്ങളെന്ന് അവർ വ്യക്തമായി പറയുന്നു. ഭാഷ ഉപയോഗിക്കുന്നതിലെ ശ്രദ്ധയും അതിനെ മാറ്റിമറിക്കാനുള്ള ശ്രമവും ഏറെ കൗതുകകരമാണ്. മാത്രമല്ല, ഇല്ലസ്ട്രേഷൻ, ലേ ഔട്ട് തുടങ്ങിയവയിൽ ഏതു പ്രഫഷനൽ പ്രസിദ്ധീകരണങ്ങൾക്കും ഒപ്പം നിൽക്കുന്ന സർഗാത്മകതയും പുതുമയും വിദ്യാർഥികൾ കൊണ്ടുവന്നിരിക്കുന്നു – മമ്മൂട്ടി പറഞ്ഞു.

23 വർഷം മുൻപ് മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാരങ്ങൾ ആരംഭിച്ചപ്പോഴത്തെ അവസ്ഥയിൽനിന്ന് മാഗസിനുകൾ ഏറെ മാറി. ചീഫ് എഡിറ്റേഴ്സ് ട്രോഫിക്കു വേണ്ടി മൽസരബുദ്ധിയോടെ മാഗസിനുകൾ തയാറാക്കിത്തുടങ്ങി കോളജുകൾ. അതിന്റെ ഗുണഫലം എഴുത്തു മുതൽ ഡിസൈൻ വരെ എല്ലാ തലത്തിലും തെളിഞ്ഞുകാണുകയും ചെയ്തു. അതാണ് മമ്മൂട്ടി സൂചിപ്പിച്ചതും – ഏതു പ്രഫഷനൽ പ്രസിദ്ധീകരണങ്ങൾക്കും ഒപ്പം നിൽക്കുന്നു കോളജ് മാഗസിനുകളെന്ന്.

മനോരമ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി നേടിയ 21 മാഗസിനുകൾ

1997 - ജാമിയ നദ്വിയ ട്രെയിനിങ് കോളജ്, എടവണ്ണ.

1998 - ഏട്, ടൈറ്റസ് ട്രെയിനിങ് കോളജ്, തിരുവല്ല

1999 - ഓർമ, മഹാരാജാസ് എറണാകുളം.

2000 - മഹാരാജാസ്, മഹാരാജാസ് കോളജ് എറണാകുളം.

2001 - തിങ്കിങ് ഓൺ പേപ്പർ, മോഡൽ എൻജി. കോളജ്, എറണാകുളം.

2002 - സ്‌റ്റോളൻ ജനറേഷൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസ്, തേഞ്ഞിപ്പലം

2004 - ആഫ്‌റ്റർ ദ് ഡല്യൂജ്, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി.

2005 - മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിൽ, നെഹ്‌റു കോളജ്, കാഞ്ഞങ്ങാട്

2007 - പൂക്കളെല്ലാം എവിടെപ്പോയി, ബിഎഡ് കോളജ്, തൃപ്പൂണിത്തുറ

2008 -ഡിസ്‌പോസ്‌ബൾ, ശ്രീകൃഷ്‌ണ കോളജ്, ഗുരുവായൂർ.

2009 - എപ്പിറ്റാഫ്, ഫാറൂഖ് കോളജ്, കോഴിക്കോട്

2010 - 24 X 7, ഗവ. വിക്‌ടോറിയ കോളജ്, പാലക്കാട്.

2011 - ദെയർഫോർ, നെഹ്‌റു കോളജ് കാഞ്ഞങ്ങാട്.

2012 - ചെന, ഗവ. കോളജ്, കാസർകോട്

2013 - നൂറ്, ടികെഎം എൻജി. കോളജ് കൊല്ലം.

2014 – ‘മാങ്ങാണ്ടിക്ക് കൂട്ടുപോവുമോ’ – ഗവ. കോളജ്, കൽപറ്റ

2015– ചൂണ്ട – ബ്രണ്ണൻ കോളജ്, തലശ്ശേരി

2016 – ‘ബെര്ത്തം’ ഗവ. കോളജ്, കാസർകോട്

2017 – ചീങ്കണ്ണികളെ പിടിക്കാൻ എന്നു പറഞ്ഞാണ് അവർ തടാകത്തിലെ വെള്ളം വറ്റിക്കാൻ തുടങ്ങിയത്’ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ.

2018 – കുളി പ്രത്യയം, കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, പൂക്കോട്, വയനാട്

2019 - ഒരു ദുരാത്മാവിന്റെ പറ്റു പുസ്തകം, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് 

(2 വർഷം അവാർഡ് നൽകിയില്ല)

Content Summary : Malayala Manorama Chief Editor’s Trophy: College magazines invited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com