ADVERTISEMENT

നമ്മുടെ വീടുകളിൽ പതിവായ ചില സംഭാഷണങ്ങളാണു സ്റ്റെഫി സണ്ണിയെന്ന ഡൽഹി മലയാളിയുടെ ജീവിതം മാറ്റിമറിച്ചതെന്നു പറയാം. അഭിനയത്തോടുള്ള ഇഷ്ടവും, ജോലി ഉപേക്ഷിച്ച് ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ കാട്ടിയ ആത്മവിശ്വാസവുമെല്ലാം സ്‌റ്റെഫിക്കു തുണയായി. ഇൻസ്റ്റഗ്രാമിലെ സ്റ്റെഫിയുടെ റീലുകൾക്ക് ആരാധകരേറെ. മലയാളി ആക്സന്റ്, മലയാളി അമ്മ വിഡിയോകൾ ഒട്ടേറെപ്പേർ പങ്കുവയ്ക്കുന്നു. യുവാക്കൾ ഇതു കണ്ടു കണ്ണുനിറയെ ചിരിക്കുന്നു, എന്റെ വീട്ടിലും ഇതുപോലെ തന്നെയെന്നു സന്ദേശമയയ്ക്കുന്നു. 

ഒരു ശനിയാഴ്ച ദിവസം പള്ളിയിൽ കുർബാനയ്ക്കു വരാൻ അമ്മ വിളിച്ചപ്പോൾ മടി‌പിടിച്ചിരുന്ന സമയത്തെ സംഭാഷണങ്ങളിലാണു സ്റ്റെഫിയുടെ ‘ന്യൂട്ടൻ’ ഉദിച്ചത്. ഭുവൻ ഭാമൊക്കെ  സെൽഫി വിഡിയോകളിലൂടെ തരംഗമായ സമയം. പള്ളിയിൽ വരത്തില്ല, മുഴുവൻ സമയവും മൊബൈലിൽ കുത്തി ഇരിക്കുവാ, ഭക്‌തിയില്ല ‌തുടങ്ങിയ അമ്മയുടെ വഴക്കു പറച്ചിൽ വിഡിയോയാക്കി സ്റ്റെഫി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; 2019 ഒക്ടോബർ 20ന്. തുടക്കം അങ്ങനെയാണ്. 

steffy-sunny-2

ആദ്യ വിഡിയോ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. വിഡിയോ റീലുകൾ പതിവായിരുന്നുമില്ല. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് വി‌ഭാഗത്തിലായിരുന്നു ആ സമയത്തെ ജോലി, ക്രിയേറ്റീവായി ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ആശങ്ക ഒരു ഭാഗത്ത്. ഇഷ്ടമില്ലാത്ത ജോലിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിന്റെ വിഷമം മറുഭാഗത്ത്. പൊട്ടിക്കരഞ്ഞ സമയങ്ങളുണ്ടെന്നു സ്റ്റെഫി പറയുന്നു. ഒരു ഇടവേള അനിവാര്യമാണെന്നു തോന്നിയതോടെ  അമ്മ മേരിയെയും കൂട്ടി സ്വദേശമായ ക‌ണ്ണൂരിലേക്കു പോയി; 2021 മേയിൽ. ജോലിയും ഉപേക്ഷിച്ചു. അടുത്ത സുഹൃത്തും ഇപ്പോൾ ടീമംഗവുമായ ആദർശാണു വിഡിയോ ഗൗരവമായെടുക്കാൻ പ്രചോദനം നൽകിയത്. അങ്ങനെ വി‍‌ഡിയോകൾ പതിവായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തു തുടങ്ങി. 

ആഴ്ചയിൽ രണ്ടു റീൽസ് എങ്കിലും പതിവാക്കി. രാത്രിയിൽ ബോയ്ഫ്രണ്ടിനോടു സംസാരിക്കുന്നതിനു മല‌യാളി അ‌മ്മ വഴക്കു പറയുന്ന, 2021 ഓഗസ്റ്റിൽ പോസ്റ്റ് ചെയ്‌ത വിഡിയോക്ക് 10 ലക്ഷം കാഴ്ചക്കാരെ കിട്ടിയത്. മലയാളി ആക്സന്റ് വി‍‌ഡ‌ിയോയും സൂപ്പർ ഹിറ്റായി. ഇപ്പോൾ അതിന്റെ 4 പാർട്ട് വന്നിട്ടുണ്ട്. മലയാളി അമ്മയ്ക്കും ആരാധകർ വർധിച്ചു. സാരിയോ നൈറ്റിയോ ധരിച്ചു കണ്ണാടി മുഖത്തുവച്ചു ഉരിശൻ വഴക്കുമായെത്തുന്ന അമ്മയും മകളും ഏറെപ്പേരെ ചിരിപ്പിച്ചു. സ്റ്റെഫിയുടെ ഇൻസ്റ്റഗാം പേജിൽ ഫോ‌ളോവേഴ്സ് 1.8 ലക്ഷത്തിലേറെപ്പേർ. ഓരോ വിഡിയോകളുടെയും കാഴ്ചക്കാർ പക്ഷേ, 20 ലക്ഷത്തിനു മുകളിൽ. ഇപ്പോൾ ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോ‌ലിയും വിഡിയോ തയാറാക്കലുമായി ഏറെ തിരക്കിലാണ്  സ്റ്റെഫി. ‌യുട്യൂബ് ചാനലും സജീവം. 

വന്ന വഴിയെക്കുറിച്ചു ഇനി സ്‌‌‌റ്റെഫി പറയും.  

∙ ചുറ്റുപാടുകളിൽ നിന്ന് ആശയം

ഒരു ഇടത്തരം മലയാളി കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണു വിഡിയോയുടെ പ്രചോദനം. വീട്ടിൽ അമ്മയും ഞാനും തമ്മിലുള്ള സംഭാഷണങ്ങൾ. പള്ളിയിലെ ആളുകളുടെ സംഭാഷണ വിഷയം, വീട്ടിൽ അതിഥികൾ വരുമ്പോഴുള്ള അവരുടെ സംസാരം, അവരുടെ വിഷയങ്ങൾ. ഇതെല്ലാം നന്നായി നിരീക്ഷിക്കും. വിഡിയോകളുടെ പ്രധാന ഐഡിയേഷൻ ഇതിൽ നിന്നൊക്കെയാണ്. എല്ലാവരുടെയും വീടുകളിൽ നടക്കുന്നതാണ് ഇതെല്ലാം. അതു ഞാൻ തമാശ കലർത്തി അവതരിപ്പിക്കുന്നുവെന്നു മാത്രം. 

വിഡിയോകൾ ആർക്കെങ്കിലും പ്രശ്നമാകുമോ എന്നൊന്നും ചിന്തിക്കാറില്ല. അങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയാൽ കോമഡിയൊന്നും ചെയ്യാൻ സാധിക്കില്ല. ഇതൊക്കെ സാധാരണ ഇടത്തരം കുടുംബത്തിൽ നടക്കുന്ന കാര്യമാണ്. അതു ഞാൻ ആളുകളെ എന്റർടെയ്ൻ ചെയ്യാൻ ഉപയോഗിക്കുന്നു. അത്രമാത്രം. ആളുകൾ ജോലിക്കൊക്കെ പോയി മടുത്തു വീട്ടിൽ മടങ്ങിയെത്തി ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ അവർക്കു ചിരിക്കാൻ ഒരു കൂട്ടം. എന്റെ ഇടത്തരം കുടുംബത്തിലെ കാര്യങ്ങളിലൂടെ അവരെ ഞാൻ ചിരിപ്പിക്കുന്നു. ഭുവൻ ഭാം, ലില്ലി സിങ് തുടങ്ങിയവർ ചെയ്യുന്ന വിഡിയോകൾ പ്രചോദനമായിട്ടുണ്ട്. എന്തുകൊണ്ടു മലയാളത്തിലും ഇങ്ങനെ ചെയ്തുകൂടെന്ന ചിന്തയിൽ നിന്നാണ് ഞാൻ കണ്ടന്റ് തയാറാക്കി തുടങ്ങിയത്. 

∙ എഴുത്തും എഡിറ്റിങ്ങും

ഡൽഹിയിലെ മലയാളി സ്കൂളിലാണു പഠിച്ചത്. അവിടെ എട്ടു വരെ മലയാളം പഠിക്കണമെന്നു നിർബന്ധമായിരുന്നു. വീട്ടിൽ മലയാളമായിരുന്നു കൂടുതൽ പറഞ്ഞിരുന്നത്. അതുകൊണ്ടു മലയാളം അ‌ത്യാവശ്യം നന്നായി അറിയാം. സംഭാഷണത്തിൽ ഇടയ്ക്കെല്ലാം ഹിന്ദിയും ഇംഗ്ലീഷും കേറി വരും. വീട്ടിൽ അമ്മ മലയാള‌മാണു പറയുന്നത്. ഞാൻ ഹിന്ദിയിൽ ചോദിക്കും അമ്മ മലയാളത്തിൽ മറുപടി പറയും. അങ്ങനെയാണ് മലയാളം ഇത്രത്തോളം പറയുന്നത്. 

സ്ക്രിപ്റ്റിന്റെ ഏകദേശ രൂപം തയാറാക്കി വയ്ക്കും. നോട്ടുകളും ഡയലോഗുമെല്ലാം പല സമയത്തായിട്ടാകും ഓർമ വരുക. അപ്പോൾ തന്നെ എഴുതിവയ്ക്കും. പി‌ന്നീടാണു ഷൂട്ടിങ്. ജോലിക്കു ശേഷം മടങ്ങിയെത്തിക്കഴിഞ്ഞാണു ഷൂട്ടിങ്ങും എഡിറ്റിങ്ങുമെല്ലാം. ആദർശിന്റെ സഹായവുമുണ്ട്. 

∙ അഭിനയത്തിന് പുതിയ ലോകമുണ്ട്

അഭിനയമായിരുന്നു സ്വപ്നം. അതിനു സമൂഹമാധ്യമങ്ങൾ ഒരു വലിയ അവസരം ത‌ന്നുവെന്നതാണ് വാസ്തവം. അഭിനയിക്കാൻ താൽപര്യമുണ്ടോ അതിനു സോഷ്യൽ മിഡിയയിൽ ഉൾപ്പെടെ ഇന്നു പല വഴിയുമുണ്ട്. നടിയാകുക എന്റെ ലക്ഷ്യമാണ്. അതിന്റെയർഥം സിനിമയിൽ അവസരം ചോദിച്ചു നടക്കുമെന്നല്ല. സിനിമയിൽ അവസരം കിട്ടിയാൽ മാത്രമേ നടിയാകൂ എന്നുമില്ല. അതെല്ലാം സമൂഹമാധ്യമങ്ങൾ തകർത്തു. സിനിമ കിട്ടിയാൽ സന്തോഷം. ഇല്ലെങ്കിലും കുഴപ്പമില്ല. ഇപ്പോൾ ചെയ്യുന്നതു ഞാനേറെ ഇഷ്ടപ്പെടുന്നുണ്ട്. യുട്യൂബിനു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. വൈകാതെ യുട്യൂബിൽ കൂടുതൽ ദൈർഘ്യമുള്ള വിഡിയോകളെത്തും. 3–4 സ്ക്രിപ്റ്റ് തയാറാക്കി വരുന്നു.  

∙ കാണികളുടെ കയ്യടി

കാഴ്ചക്കാരിൽ ഒട്ടേറെപ്പേർ ഇപ്പോൾ വിഡിയോയ്ക്ക് ആശയങ്ങൾ അയച്ചു തരാറുണ്ട്. ചിലർ സ്ക്രിപ്റ്റ് മുഴുവൻ ചിലപ്പോൾ അയച്ചു തരും. ചിലർ ഓഡിയോ ആക്കി അയയ്ക്കും. ഡയലോഗും പ്രസന്റേഷനും ഉൾപ്പെടെ. അതിൽ നിന്നു ചില ഐഡിയയൊക്കെ കിട്ടാറുണ്ട്. പക്ഷേ, പൂർണമായി എടുക്കാൻ പാകത്തിനുള്ള ഒന്നും കിട്ടിയിട്ടില്ല. ഭാവിയിൽ അങ്ങനെ സംഭവിക്കുമായിരിക്കും. കാഴ്ചക്കാർ നൽകുന്ന സപ്പോർട്ട് ഏറെ വലുതാണ്. പാർവതി തെരുവോത്തും ജയസൂര്യ തുടങ്ങി ഒട്ടേറെപ്പേർ വിഡിയോ പങ്കുവയ്ക്കുന്നു, അഭിനന്ദിക്കുന്നു. ഒട്ടേറെ സർപ്രൈസുകളുണ്ട് അ‌ങ്ങനെ. 

∙ പപ്പയുടെ സ്വന്തം സ്റ്റെഫി

പഠനകാലത്തൊന്നും അത്ര ആക്ടീവ് ആയിരുന്നില്ല. സ്കൂളിൽ അവസരങ്ങൾ കാര്യമായി കിട്ടിയിട്ടില്ല. കോളജിൽ അണ്ടർ കോൺഫിഡന്റായിരുന്നു. കോമഡി ചെയ്യാനുള്ള കഴിവ് പപ്പയിൽ നിന്നു കിട്ടിയതാണെന്നാണു തോന്നുന്നു. പപ്പ സ‌ണ്ണി പണ്ടു പല സ്ക്രിപ്റ്റുകളും എഴുതിയിരുന്നു. വീട്ടിൽ ആളുകൾ വരുമ്പോൾ അവരെ ഏറെ ചിരിപ്പിച്ചിരുന്നു. 4 വർഷം മുൻപാണു പപ്പ മരിച്ചത്. ഇപ്പോഴും പലരെയും കാണുമ്പോൾ അവർ പറയും അന്നു ഞങ്ങൾ വീട്ടിൽ വന്നപ്പോൾ സണ്ണി ഞങ്ങളെ ഏറെ ചിരിപ്പിച്ച‌ിട്ടുണ്ടെന്ന്. പപ്പയിൽ നിന്നു കിട്ടിയ ഏറ്റവും നല്ല കാര്യമായി എനിക്കു തോന്നുന്നത് ചിരിപ്പിക്കാനുള്ള ഈ കഴിവാണ്. 

English Summary : Instagramer Stephy Sunny about her success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com