ADVERTISEMENT

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന കാരണത്താൽ തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെ‍ഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെ മടിയിലിരുന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചത് ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ സദാചാര പൊലീസിങ് എന്ന പേരിൽ ഇപ്പോഴും ഗുണ്ടായിസം തുടരുന്നു. ലിംഗഭേദമില്ലാതെ സൗഹൃദം ആസ്വദിക്കുന്ന പുതുതലമുറയുൾപ്പടെ ഇക്കാരണത്താൽ പലപ്പോഴും ആക്രമണവും അധിക്ഷേപവും നേരിടേണ്ടി വരുന്നു. 

കേരളത്തിലെ ഒരു വഴിയിലൂടെയും ഇന്നും ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും പരസ്പരം കൈപിടിച്ച് പ്രാണഭീതിയില്ലാതെ നടക്കാൻ കഴിയില്ല. അങ്ങനെ കണ്ടാൽ, ത്രസിക്കുന്ന സദാചാരവികാരംകൊണ്ട് നാം പുളകിതരാകും. മലയാളികളെ സംബന്ധിക്കുന്ന അസുഖകരമായ ചില ‘സദാചാര’ കാര്യങ്ങൾ ഇതാ.

റസ്റ്ററൻറിൽ പെണ്ണും ആണും ഒരുമിച്ച് നിശ്ചിത സമയത്തിനപ്പുറം ഇരുന്നാൽ തൂപ്പുകാരൻ മുതൽ മാനേജർവരെ പെണ്ണിനെ ഒന്നുഴിയും. ഭാര്യയോ പെങ്ങളോ എന്നവൻ മനസ്സുകൊണ്ട് നിശ്ചയിക്കും. ഇതു രണ്ടുമല്ലെങ്കിൽ കാര്യം പോക്കുതന്നെ.

മറ്റൊരുവൻ സ്വകാര്യത ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതിനോട് അടിസ്ഥാനപരമായി മലയാളിക്ക് അസഹ്യതയുണ്ട്. എനിക്കോ പറ്റുന്നില്ല, പിന്നെ നിനക്കെന്തിന് എന്ന കൊതിക്കുറുവ്

ഭാര്യാഭർത്താക്കന്മാരാണെങ്കിൽ രക്ഷപ്പെടാം. ങ്ഹാ, ഏതായാലും കെട്ടിപ്പോയില്ലേ അനുഭവിക്കട്ടെ എന്ന മട്ട്. മറ്റ് സൗഹൃദങ്ങൾ, പൊതുസ്ഥലങ്ങളിലും ഭാഗിക പൊതുസ്ഥലങ്ങളിലും സ്വീകാര്യമല്ല.

പൊതുസ്ഥലങ്ങളിൽ, സുഹൃത്തുക്കളായ സ്ത്രീപുരുഷന്മാർക്ക് തലയിൽ മുണ്ടിട്ടു കൊണ്ടു പോകാവുന്നതാണ്. സുഹൃത്ത് എന്നൊരുപദം, ഇന്നും സദാചാരഭടന്മാരുടെ നിഘണ്ടുവിലില്ല. പാർക്കിലോ പൊതുസ്ഥലത്തോ റസ്റ്ററൻറിലോ കേവലമായ സ്ത്രീപുരുഷബന്ധം, സൗഹൃദം സദാചാര ഭടന്മാരുടെ വിധി തീർപ്പിന് വിധേയമായിരിക്കും.

രാജ്യത്ത് സ്ഫോടനം നടത്താൻ കോപ്പ് കൂട്ടുന്നവനോ കള്ളനോട്ടടിക്കാരനോ ക്രിമിനൽ കേസുകളിലെ പ്രതിക്കോ നിർഭയം നമ്മുടെ നാട്ടിലെ ഏതൊരു പാർക്കിലോ കടൽത്തീരത്തോ ആവും വിധം പോയിരിക്കാം. പക്ഷേ സൗഹൃദം മാത്രമുള്ള ഒരാണിനും പെണ്ണിനും ഈ അവകാശം പരിമിതമാണ്. സദാചാര ഭടന്മാർ അനുവദിക്കുന്ന സമയം വരെ കഷ്ടിച്ച് വേണമെങ്കിൽ ഇരിക്കാം. സദാചാര ഭടന്മാർ പല രൂപത്തിൽ അവതരിക്കും.

ഏതൊക്കെ ഉറപ്പു വായിച്ച് മനസ്സുറപ്പിച്ചാലും സ്ത്രീകളും പുരുഷന്മാരും സുഹൃത്തുക്കളായുള്ള ഒരാൾക്ക്, തൻറെ സ്നേഹിതരോട് സംസാരിച്ചിരിക്കാൻ, എന്താണ് പോംവഴി എന്നത് ആധുനിക കാലത്തിനുശേഷമുള്ള കേരളത്തിലെ സുപ്രധാന അന്വേഷണവിഷയമാണ്.

പൊതുസ്ഥലം എന്ന സങ്കൽപ്പം തന്നെ കേരളത്തിൽ നഷ്ടമായിരിക്കുന്നു. മുൻപ് ഇതായിരുന്നില്ല സ്ഥിതി. റസ്റ്ററൻറുകളോ തിയറ്ററുകളോ നൈറ്റ്കഫേകളോ വികാസം പ്രാപിക്കും മുൻപ് മൈതാനങ്ങളും ക്ഷേത്രപരിസരങ്ങളും കുളക്കടവുകളും ഇടവഴികളും വൃക്ഷച്ഛായകളും യഥേഷ്ടമുണ്ടായിരുന്നു. സൗഹൃദങ്ങൾക്കും കൂട്ടായ ചർച്ചകൾക്കുമുള്ള അത്തരം സ്വാഭാവിക ഇടങ്ങൾ, ഇന്ന് തടസ്സപ്പെടുകയോ നഗരവത്കരണത്തിൽ അപായപ്പെടുകയോ ചെയ്തു. അതുകൊണ്ട് വീർപ്പു മുട്ടുന്ന മനുഷ്യർ അൽപ്പം കാറ്റുകൊള്ളാൻ, രഹസ്യം പറയാൻ, സൗഹൃദം ഉറപ്പിക്കാൻ ഇനി എവിടേക്കു പോകും? സ്വാഭാവികമായി നിലനിന്നിരുന്ന എല്ലാ പരസ്യയിടങ്ങളും വൻ കെട്ടിടങ്ങൾ പണിഞ്ഞ നാം അടച്ചുപൂട്ടി. അതേസമയം നഗരജീവിതത്തിന് പറ്റിയവിധം രൂപം പ്രാപിച്ച കൃത്രിമ ഇടങ്ങളിൽ, വീർപ്പുമുട്ടലിൽനിന്നും കുതറിയോടാൻ ശ്രമിക്കുന്ന മനുഷ്യർക്ക് പ്രവേശനത്തിനു നിയന്ത്രണവും ഏർപ്പെടുത്തി. നഗരങ്ങളിലെ ചില തിയറ്ററുകളിൽ പുതിയൊരു രീതി ഇപ്പോൾ കാണാം. ആണും പെണ്ണും ഒരുമിച്ച് സിനിമ കാണാൻ ചെന്നാൽ, ഇന്നു കണ്ടിട്ടുതന്നെ എന്ന മട്ടിൽ നീണ്ടനിരയിൽ ഒത്ത നടുക്കു മാത്രമേ അവരെ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. രണ്ടു പേരും ഇരിക്കുന്നതിനോടു ചേർന്ന് ചെറുപ്പക്കാരുടെ മറ്റു സംഘത്തെ നിർബന്ധിച്ച് ഇരുത്തിച്ച് അവരുടെ സ്വകാര്യതയും ആഹ്ലാദവും തകർക്കും. തിരുവനന്തപുരത്ത്, മികച്ച നിലവാരത്തിന് അവാർഡ് നേടിയ ഒരു തിയറ്ററിലെ സിനിമയ്ക്കപ്പുറത്തെ കഥയാണിത്.

cet-collegae

മറ്റൊരുവൻ സ്വകാര്യത ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതിനോട് അടിസ്ഥാനപരമായി മലയാളിക്ക് അസഹ്യതയുണ്ട്. എനിക്കോ പറ്റുന്നില്ല, പിന്നെ നിനക്കെന്തിന് എന്ന കൊതിക്കുറുവ്. തിയറ്റർ ജീവനക്കാരൻ മുതൽ ബസ് കണ്ടക്ടറിൽ തുടങ്ങി ഹോട്ടൽ ബെയ്റർവഴി സദാചാര പൊലീസിൽ വരെ ഈ വിദ്വേഷവികാരം പൂത്തുലയുന്നു.

കേരളത്തിലെത്തുന്ന സായ്പിനും മദാമ്മയ്ക്കും നേരേ ഇത്തരം സദാചാരഭടന്മാരുടെ യാതൊരു അനിഷ്ടവും പടരുകയില്ല. ഏത് അൽപ്പവസ്ത്രവും പരസ്യ ചുംബനവും, ഹോ, ഈ സായ്പിന്റെ ഒരു കാര്യം എന്ന സ്വകാര്യ ശീർഷകത്തിൽ കൊതി തളച്ചിട്ട്, നാം കണ്ടില്ലെന്നു നടിക്കും. സ്വന്തം നാട്ടുകാരാണേൽ, തടഞ്ഞു നിർത്തി നാറ്റിച്ചതുതന്നെ.

അതേസമയം, ഇതേ സദാചാരവികാരധാരികൾ കൈക്കുഞ്ഞുമുതൽ കൈവിറയ്ക്കുന്ന അപ്പൂപ്പൻവരെയുള്ളവരുമായി  ഒരുമിച്ചിരുന്ന്, മലയാള സിനിമയിലെ ‘എ ഡയലോഗ് കേട്ട് വിമ്മി വിമ്മി ചിരിക്കും. ഹിന്ദി കിടപ്പറ സീൻ കണ്ട്, ഇത്രേ ഉള്ളോ എന്ന നിരാശയിൽ ഉരുകും. മക്കളില്ലാത്ത തക്കം നോക്കി ഫാഷൻ ടിവിക്കായി പരതും.

സ്വന്തം മകൾ മോഡേൺ ഡ്രസ്സിടുമ്പോൾ നെറ്റി ചുളിച്ചിട്ട്, ചാനൽ അവതാരകയുടെ മുറിഞ്ഞ മലയാളത്തിനും പിടയുന്ന വേഷത്തിനുംവേണ്ടി, ഉറക്കമിളച്ചിരിക്കും. ഇതേ മലയാളിയാണ് പൊതു സ്ഥലത്ത് ആണും പെണ്ണും ഒരുമിച്ചു നടക്കുമ്പോൾ സദാചാരഭടന്റെ വേഷം കെട്ടുന്നത്. ഇതേഭടന്റെ വംശപരമ്പരക്കാർ, പൊതുസ്ഥലം കെട്ടിയടയ്ക്കുന്നു. പൊതുനിരത്തിലും മൈതാനത്തിലും റസ്റ്ററന്റിലും തിയറ്ററിലും സദാചാരമുദ്രയുള്ള യൂണിഫോം ധരിച്ച ഭടന്മാർ കാവൽ നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com