ADVERTISEMENT

‘‘നീയൊക്കെ യുട്യൂബ് ചാനൽ തുടങ്ങിയിട്ട് എന്തിനാ?’’ തിരുവനന്തപുരം കണിയാപുരം സ്വദേശി അരുൺ ജയചന്ദ്രൻ രണ്ടു വർഷം മുമ്പാണ് ഈ ചോദ്യം നേരിട്ടത്. പിന്തുണയുമായി ഒപ്പം നില്‍ക്കുമെന്നു കരുതിയ ഒരു സുഹൃത്തിൽ നിന്നുള്ള പരിഹാസം അരുണിനെ വേദനപ്പിച്ചു. മനസ്സു തളർന്ന്, പിന്മാറാം എന്നു ചിന്തിച്ചതുമാണ്. എന്നാൽ മുന്നോട്ടു തന്നെ കാൽവച്ചു. ഇന്നിപ്പോൾ യുട്യൂബിൽ ഏഴു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. അരുണിനെയും സഹോദരി ആര്യയെയും ആളുകൾ തിരിച്ചറിയുന്നു. അഭിനന്ദനവും സ്നേഹവും പങ്കുവയ്ക്കുന്നു. യുട്യൂബിലൂടെ വരുമാനവുമുണ്ട്. യുട്യൂബ് നൽകിയ സിൽവർ ബട്ടൻ അന്നു തന്നെ പരിഹസിച്ച സുഹൃത്തിനു സമർപ്പിച്ചാണ് അരുണ്‍ മധുര പ്രതികാരം ചെയ്തത്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹം യുട്യൂബറാക്കിയ കഥ അരുൺ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

അഭിനയിക്കാനും കലാപരിപാടികളിൽ പങ്കെടുക്കാനുമുള്ള താൽപര്യം അരുണിന് പഠനകാലത്തേ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ടിക്ടോക് തരംഗം ഉണ്ടാകുന്നത്. ആദ്യം ഡബ്സ്മാഷ് വിഡിയോകൾ ചെയ്ത അരുൺ പിന്നീട് സ്വന്തം ശബ്ദത്തിൽ വിഡിയോ ചെയ്യാൻ തുടങ്ങി. പതിയെ ഫോളോവേഴ്സ് കൂടി രണ്ടു ലക്ഷത്തിന് അടുത്തെത്തിയ സമയത്താണ് ടിക് ടോക്കിന് നിരോധനം വന്നത്. അതോടെ വിഡിയോ ചെയ്യുന്നത് നിർത്തി. എന്നാൽ ടിക്ടോക്കിൽ ഫോളോ ചെയ്തിരുന്ന ചിലർ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച് എന്താണു വിഡിയോ ചെയ്യാത്തതെന്നു ചോദിച്ചു. അതു പ്രോത്സാഹനമായി. അങ്ങനെ ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ തുടങ്ങി. ഇൻസ്റ്റയിൽ വളരെ കുറച്ച് സുഹൃത്തുക്കളേ അന്നുള്ളൂ. ഫോളോവേഴ്സിനെ കൂട്ടണമെങ്കിൽ സ്ഥിരമായി വിഡിയോ ചെയ്യണം. ‘ടോം ആൻഡ് ജെറി’ എന്ന പേരിൽ സീരീസ് തുടങ്ങുന്നത് അങ്ങനെയാണ്. സഹോദരങ്ങൾ തമ്മിലുള്ള വഴക്കിടലും പാരവയ്ക്കലുമാണ് അതിലൂടെ അവതരിപ്പിച്ചത്. സഹോദരി ആര്യയും അരുണിനൊപ്പം മത്സരിച്ച് അഭിനയിച്ചു. അതിലെ അഞ്ചാമത്തെയോ ആറാമത്തെയോ വിഡിയോ വൈറലായി. ഫോളോവേഴ്സ് കൂടി.

arun-1

∙ പരിഹാസത്തിൽ തളരാതെ

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയതോടെ യുട്യൂബ് അക്കൗണ്ടിലും വിഡിയോ പങ്കുവച്ചാലോ എന്നായി ചിന്ത. അതിനു മുമ്പ് സുഹൃത്തുക്കളുടെ അഭിപ്രായവും പിന്തുണയും തേടി. ഒപ്പമുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ ഒരു സുഹൃത്ത് പരിഹസിച്ചു. ‘‘നീയൊക്കെ യുട്യൂബിൽ വന്നിട്ട് എന്തു ചെയ്യാനാണ്? ഈ നാട്ടിൽ എവിടെ നോക്കിയാലും ബിടെക്കുകാരും യുട്യൂബർമാരുമാണ്. നിനക്ക് യുട്യൂബിന്റെ അൽഗോരിതം എന്താണെന്ന് അറിയാമോ? ടോപ് ചാനലുകൾ ഏതാണെന്ന് അറിയാമോ? വെറുതെ സമയം കളയുന്നതെന്തിന്?’’ ഇങ്ങനെ നീണ്ടു പരിഹാസം. ആ സുഹൃത്ത് ഐടി മേഖലയിലാണു ജോലി ചെയ്യുന്നത്. സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പറഞ്ഞ് അരുണിനെ കൊണ്ടു സാധിക്കില്ലെന്ന് അയാൾ വിധിയെഴുതി. 

‘‘നീ ചെയ്യെടാ, എല്ലാത്തിനും ഞാൻ ഒപ്പമുണ്ട് എന്നു കേൾക്കാനാണ് ഒരു കാര്യം ചെയ്യും മുമ്പ് നമ്മൾ സുഹൃത്തുക്കളോടും വേണ്ടപ്പെട്ടവരോടും പറയുന്നത്. ഒപ്പം നിന്നില്ലെങ്കിലും അവരുടെ വാക്കുകൾ കരുത്തേകും. പക്ഷേ അതിനു പകരം പരിഹാസം നേരിടേണ്ടി വരുന്നത് കഠിനമാണ്. അതു മാനസികമായി തളർത്തി. ആത്മവിശ്വാസത്തെ ബാധിച്ചു. പിന്മാറാം എന്നു പോലും ചിന്തിച്ചു’’– അരുൺ പറഞ്ഞു. എങ്കിലും മുന്നോട്ടു പോകാനായിരുന്നു തീരുമാനം. വരുന്നതു വരട്ടെ എന്നു കരുതി യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തു.

∙ ടോം ആൻഡ് ജെറി

ഇൻസ്റ്റഗ്രാമില്‍ ചെയ്ത വിഡിയോകൾ യുട്യൂബിലും പങ്കുവയ്ക്കുകയായിരുന്നു. ‘ടോം ആൻഡ് ജെറി’ വമ്പൻ ഹിറ്റായി. ആ സീരീസിലെ  എട്ടാമത്തെ വിഡിയോയ്ക്കു മാത്രം 5.5 കോടി കാഴ്ചക്കാരെ ലഭിച്ചു. മീൻ വറുത്തതിനു വേണ്ടി തല്ലിടുന്ന സഹോദരങ്ങളുടെ വിഡിയോ ഒരു കോടി കാഴ്ചക്കാരെ നേടി. അതിലെ പലതും താനും ആര്യയും തമ്മിലുള്ള യഥാർഥ വഴക്കുകളിൽനിന്നും സംഭവങ്ങളിൽനിന്നും പ്രചോദനം ഉൾകൊണ്ടുള്ളവയാണെന്ന് അരുണ്‍ പറയുന്നു. പല വീടുകളിലും സമാനമായ സംഭവങ്ങളുണ്ടാകും. അതിനാൽ ആളുകള്‍ക്ക് സ്വയം ബന്ധിപ്പിക്കാൻ എളുപ്പം സാധിച്ചതാവാം ഹിറ്റാകാൻ കാരണമെന്നും അരുൺ കരുതുന്നു. 

ടിക്ടോക്കിൽ വിഡിയോ ചെയ്യുമ്പോൾ ഇടയ്ക്ക് അനിയത്തിയും അഭിനയിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള വിഡിയോകള്‍ക്ക് മികച്ച അഭിപ്രായമാണ് അന്നു ലഭിച്ചത്. ഇതാണ് റീൽസിൽ കൂടുതൽ വിഡിയോകളിൽ അനിയത്തിയെ അഭിനയിപ്പിക്കാനും ടോം ആൻഡ് ജെറി സീരീസിനും പ്രേരണയായത്. കുറച്ച് നാണക്കാരിയാണെങ്കിലും ചേട്ടൻ പറയുന്നതെല്ലാം ആര്യ അതു പോലെ ചെയ്യും. അഭിനന്ദനങ്ങൾ ലഭിച്ചതോടെ ആര്യയ്ക്കും ഉത്സാഹമായി.

∙ വീട്ടിൽ വിലയില്ലെങ്കിലും....

‘‘ഇവൻ ഇതെന്താണു ചെയ്യുന്നതെന്ന ഭാവമായിരുന്നു അച്ഛനും അമ്മയ്ക്കും ആദ്യം. ഫോണും പിടിച്ച് കളിച്ചും ചിരിച്ചും നടക്കുന്നു. ഉത്തരവാദിത്തബോധമില്ല എന്നെല്ലാം അവർക്ക് തോന്നി. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞപ്പോൾ സിൽവർ പ്ലേ ബട്ടൻ വീട്ടിലെത്തി. അതറിഞ്ഞ് നാട്ടുകാർ അച്ഛനോടു ചോദിക്കാൻ തുടങ്ങി. അപ്പോഴാണ് വീട്ടിലൊരു വിലയില്ലെങ്കിലും നാട്ടിൽ അങ്ങനെയല്ലെന്ന് അച്ഛൻ മനസ്സിലാക്കിയത്’’– പ്ലേ ബട്ടൻ ജീവിതത്തിൽ വരുത്തിയ മാറ്റത്തെപ്പറ്റി ചിരിയോടെ അരുൺ പറഞ്ഞു. ഒരിക്കൽ തെന്മലയിൽ പോയപ്പോൾ ആളുകൾ അരുണിനെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്നു. ആ സ്ഥലത്തിന്റെ വിഡിയോ ചെയ്യാൻ അവർ ആവശ്യപ്പെട്ടു. ഒപ്പം നിന്നു ഫോട്ടോ എടുത്തു. അന്ന് അച്ഛൻ കൂടെയുണ്ടായിരുന്നു. അതോടെ അരുണ്‍ ഒരു ‘സംഭവം’ ആണെന്ന് അച്ഛനും തോന്നി. അമ്മ ജയ പലപ്പോഴായി വിഡിയോകളിൽ മുഖം കാണിച്ചിരുന്നു. ഇതോടെ കല്യാണ വീടുകളിലെല്ലാം പോകുമ്പോൾ അമ്മയോട് വിശേഷങ്ങൾ ചോദിക്കാൻ ആളുകളുണ്ടായി. ഇതു കണ്ടപ്പോൾ അച്ഛനും താൽപര്യമായി. അങ്ങനെ കുടുംബം മുഴുവൻ യുട്യൂബിലെത്തി.

arun-3

∙ തളരാതെ മുന്നേറാം

അന്നു പരിഹാസം കേട്ട് പിന്മാറിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. എല്ലാവരും എപ്പോഴും പിന്തുണയ്ക്കുമെന്നോ പ്രോത്സാഹിപ്പിക്കുമെന്നോ കരുതുന്നതിൽ അർഥമില്ല. സ്വയം പ്രചോദിപ്പിച്ച് മുന്നേറണം. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ആകുമ്പോൾ മോശം കമന്റുകളും വരാം. അതെല്ലാം നേരിടാൻ തയാറായാലേ മുന്നേറാനാകൂവെന്ന് അരുണ്‍. 

ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം. യുട്യൂബിൽ വിഡിയോ ചെയ്യുന്ന ചേട്ടനല്ലേ എന്നു ചോദിച്ച് പരിചയപ്പെടാൻ വരുന്നവരുണ്ട്. ചിലർ ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അതെല്ലാം സന്തോഷമാണ്. മഴവിൽ മനോരയിലെ ബംപർ ചിരിയിൽ അവസരം ലഭിച്ചു. ഇതെല്ലാം വലിയ ഭാഗ്യമായാണു കരുതുന്നതെന്ന് അരുൺ പറയുന്നു. 

നല്ലൊരു യുട്യൂബർ ആകണം. സിനിമയിലും ഷോയിലും അവസരം ലഭിക്കണം. അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് തട്ടിയും മുട്ടിയും ജീവിക്കണം എന്നാണ് അരുണിന്റെ ആഗ്രഹം. എൻജിനീയറിങ് പഠനം പൂർത്തിയാക്കി സൈറ്റ് എൻജിനീയറായി ജോലി ചെയ്യുകയാണ് അരുണിപ്പോൾ. ആര്യ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാണ്. അച്ഛൻ ജയചന്ദ്രൻ ഡ്രൈവറും അമ്മ ജയ വീട്ടമ്മയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com