അങ്ങ് തിരുവനന്തപുരത്തും ഇങ്ങും കരിമ്പയിലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണു കുഴപ്പം?

Mail This Article
ആണും പെണ്ണും ഒന്നിച്ചിരുന്നാൽ, ബെഞ്ച് മുറിച്ച് അവരെ അകറ്റിയിരുത്താൻ ശ്രമിക്കുന്ന സദാചാര ഗുണ്ടകളുണ്ടോ നമ്മുടെ നാട്ടിൽ? തിരുവനന്തപുരത്തായാലും കരിമ്പയിലായാലും, വരുതിക്കു നിർത്താൻ ഉറഞ്ഞുതുള്ളി എത്തുന്നവരുടെ മുഖത്തു നോക്കി യുവതലമുറ ചോദിക്കുന്നു, പെണ്ണും ആണും ഒന്നിച്ചിരുന്നാൽ എന്താ കുഴപ്പം?

∙ ഞങ്ങളുടെ കാലത്ത് ഇങ്ങനെ അല്ലായിരുന്നു! (സി.ആരതി, പാലക്കാട്, മേഴ്സി കോളജ്)

‘ആൺകുട്ടികളോടു സംസാരിക്കുന്നു, ബൈക്കിൽ കയറുന്നു, ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു, മടിയിലിരിക്കുന്നു. ദൈവമേ എന്തെല്ലാം കാണണം! ഞങ്ങളുടെ കാലത്ത് ഇങ്ങനെ ഒന്നും അല്ലായിരിന്നു.’ ഈ ഡയലോഗ് കേട്ടു മടുത്തു. വീട്ടുകാർക്ക് സൗഹൃദങ്ങളെക്കുറിച്ചു നല്ല ധാരണയുണ്ട്. പക്ഷെ, ഇതു കാണുന്ന നാട്ടുകാർക്കാണു ടെൻഷൻ. നമ്മളെക്കുറിച്ചോർത്ത് ഇത്രയും ആധി പിടിക്കുന്ന നല്ലവരായ അയൽക്കാരെ ലോകത്ത് എവിടെ കാണാൻ കഴിയും? ആ ഇരിപ്പിടങ്ങൾ ഇളക്കിമാറ്റിയ സമയത്ത് ഒരു തൈ നട്ടിരുന്നെങ്കിൽ ഈ ലോകം നന്നാകുമായിരുന്നു.

∙ മുള്ളുകൊണ്ട ഇലയ്ക്ക് എന്തു പറ്റിയോ എന്തോ? (അഭിൻ കൃഷ്ണ, എലവഞ്ചേരി, വിആർകെഇ ലോ കോളജ്)
ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതു പോയിട്ട് നോക്കി ചിരിക്കുന്നതു വരെ സദാചാരത്തിന്റെ കണ്ണിൽ മോശമാണ്. കാലം മാറി എന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും മനസ്സിൽ നിന്നു പിഴുതു കളയാനാകാത്ത വിധം ഈ ബോധമില്ലാത്ത സദാചാരം ആഴ്ന്നിറങ്ങിയിട്ടുണ്ട്. അവർക്കൊക്കെ പറയാൻ ഇലയുടെയും മുള്ളിന്റെയും കഥ എപ്പോഴുമുണ്ടാകും. ജെൻഡർ പൊളിറ്റിക്സ് അറിയില്ലെന്നു നടിക്കുന്നവർക്കു മറുപടി കൊടുക്കേണ്ടത് പ്രതിഷേധത്തിന്റെ ഭാഷയിലാണ്. എല്ലാരും തുല്യരാണെന്നു വീട്ടിൽനിന്നും സ്കൂളിൽനിന്നും കുട്ടികൾ പഠിക്കണം. ഒന്നിച്ചിരുന്നു കളിച്ച് അവർ വളരണം.

∙ കൂട്ടുകാരുമൊത്ത് പുറത്തിറങ്ങാൻ തന്നെ പേടിയാണ് (വിഷ്ണു വേണുഗോപാൽ, പാലക്കാട്, കോഓപ്പറേറ്റീവ് ട്രെയിനിങ് കോളജ്)
കാടത്തം മനുഷ്യന്റെ ജന്മ സ്വഭാവമാണ്. വിദ്യാഭ്യാസമാണ് ഇതു മാറ്റാനുള്ള പോംവഴിയെന്നു ചിലർ പറയുന്നു. അതിൽ വിയോജിപ്പുണ്ട്. റാസ്പുടീൻ ഡാൻസ് കളിച്ച മെഡിക്കൽ വിദ്യാർഥികളെ വർഗീയ വിമർശനം നടത്തി രംഗത്തുവന്നത് ഒരു മുതിർന്ന അഭിഭാഷകനാണ്. കൂട്ടുകാരുമൊത്തു പുറത്തിറങ്ങാൻ തന്നെ പേടിയാണ്. സദാചാര ഗുണ്ടകളും പിങ്ക് പൊലീസും പലപ്പോഴും സഹോദരങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. സദാചാരം, മതം, ജാതി, വർഗം ഇവയെല്ലാം മനുഷ്യനിർമിതിയാണ്. എന്നാൽ, ഇപ്പോൾ ഇവയെല്ലാം മനുഷ്യനെ നിർമിക്കുന്നു. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ തന്നെ കുട്ടികൾ ഉണ്ടാകുമെന്ന ചിന്ത മാറ്റാൻ ഇനി സയൻസിനും സാധ്യമാകും എന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തെക്കാൾ വിവേചന ബുദ്ധിയാണു മനുഷ്യർ ആദ്യം നേടേണ്ടത്.
∙ ഇങ്ങനെ നോക്കിയാൽ കണ്ണു പറിഞ്ഞു പോകുമേ? (കെ.എസ്.ആർദ്ര, കീഴൂർ, ഐഐടി ബോംബെ)
കഴിഞ്ഞ ദിവസം ലേഡീസ് കംപാർട്മെന്റിൽ യാത്ര ചെയ്തപ്പോൾ അവിടെ ഒരു ചർച്ച നടന്നു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന പരിചയക്കാരായ വനിതാ യാത്രക്കാർ ട്രെയിനുകളിൽ തോളത്ത് കൈ ഇട്ട് ഇരിക്കുന്ന ചെറുപ്പക്കാരെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയായിരുന്നു. നമ്മുടെ കാലത്ത് ആൺകുട്ടികളുടെ മുഖത്തു നോക്കി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നു ഇടയ്ക്കിടെ പറയുന്നുണ്ട്. ഞങ്ങൾക്കു കിട്ടാത്തതു നിങ്ങൾക്കും വേണ്ട എന്ന ധാരണയാണ് എല്ലാ സദാചാര നിയമങ്ങൾക്കും പിന്നിലുള്ളത്. പല കോളജുകളിലും ആൺ-പെൺ സൗഹൃദങ്ങളെ വലിയ സാമൂഹിക വിപത്തായിട്ടാണു ചിത്രീകരിക്കുന്നത്. ക്ലാസ് മുറികളിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കുമ്പോൾ കളിയാക്കിയും ചിരിച്ചും മാർക്ക് കുറച്ചു കൊടുത്തുമൊക്കെ പ്രതികരിക്കുന്ന അധ്യാപകരുണ്ട്. സദാചാരമെന്ന പേരിൽ കൊട്ടിഘോഷിക്കുന്നതൊക്കെയും സമൂഹം ഓരോ കാലത്ത് നിർമിച്ചെടുത്തതാണ്. അതുകൊണ്ട് തന്നെ പുരോഗമനപരമായ മാറ്റങ്ങളിലൂടെ ഇവ മാറണം. ആണും പെണ്ണും പൊതു സ്ഥലത്തു സംസാരിക്കുകയോ സിനിമയ്ക്കു പോകുകയോ ചെയ്യുമ്പോൾ ഉന്തി വരുന്ന കണ്ണുകളാണു പലർക്കും.