ADVERTISEMENT

 

സംസ്ഥാനത്തെ പ്രായം കുറഞ്ഞ ജനപ്രതിനിധികളിൽ 2 പേർ ജില്ലയിൽ നിന്നുള്ളവർ. ഉപതിരഞ്ഞെടുപ്പിൽ പല്ലശ്ശന 11ാം വാർഡിൽ വിജയിച്ച സിപിഎമ്മിലെ കെ.മണികണ്ഠനാണു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം. 21ാം വയസ്സിലാണ് കൂടല്ലൂരിൽ അട്ടിമറി വിജയം സ്വന്തമാക്കി മണികണ്ഠൻ ‘ബേബി മെംബറായി’ പഞ്ചായത്തിലെത്തിയത്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്തംഗമായി പി.സ്നേഹ ചുമതലയേറ്റത് 22ാം വയസ്സിൽ. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിൽ രണ്ടാം വർഷ എംഎ പൊളിറ്റിക്സ് വിദ്യാർഥിയായ സ്നേഹ തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വിജയിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന ഇരുവരും രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു.

 

? രാഷ്ട്രീയത്തിലേക്കുള്ള വഴി

∙ സ്നേഹ: എസ്എഫ്ഐയിലൂടെയാണു രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്. തൃശൂർ കേരള വർമ കോളജ് യൂണിയൻ ഭാരവാഹിയായിരുന്നു. ഡിവൈഎഫ്ഐ ആനക്കര മേഖല കമ്മിറ്റിയിലുണ്ടായിരുന്നു.

∙ മണികണ്ഠൻ: ചിറ്റൂർ കോളജിൽ പഠിക്കുമ്പോഴാണ് എസ്എഫ്ഐയിൽ എത്തിയത്. പൊതുപ്രവർത്തന രംഗത്തേക്കു കടക്കുന്നതിന് എസ്എഫ്ഐ പ്രവർത്തനം സഹായകമായി.

 

? വിദ്യാർഥികൾക്കിടയിൽ രാഷ്ട്രീയ പരിജ്ഞാനവും രാഷ്ട്രീയ ബോധവും കുറയുന്നുണ്ടോ

∙ സ്നേഹ: ക്യാംപസുകൾ വലിയ രീതിയിൽ അരാഷ്ട്രീയവൽക്കരിക്കുന്ന കാലമാണിത്. പല ക്യാംപസുകളും ഓട്ടോണമസ് ആക്കുകയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വിദ്യാർഥികളെ വിലക്കുകയും ചെയ്യുന്നു. വിദ്യാർഥികൾ സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന രീതിയിലേക്കു സ്വാർഥരാകുന്നത് അപകടമാണ്.

∙ മണികണ്ഠൻ: വിദ്യാർഥികൾ രാഷ്ട്രീയ ബോധവും കാഴ്ചപ്പാടുകളും ഉള്ളവരാണ്. സമൂഹത്തിലെ പല അനീതികൾക്കെതിരെയും അവർ പ്രതികരിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം കലാലയങ്ങളിൽ ഉണ്ടാവണം.

 

? യുവാക്കളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗപ്രവേശം എന്തു മാറ്റമാണ് സമൂഹത്തിലുണ്ടാക്കുക

∙ സ്നേഹ: യുവാക്കളിലൂടെ പുതിയ തലമുറയുടെ ആശയങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ആഴത്തിൽ രാഷ്ട്രീയപ്രവർത്തിന് ഉപകാരപ്രദമാക്കാൻ കഴിയും. ടെക്‌നോളജിയും സോഷ്യൽ മീഡിയയും നിലവിലെ രാഷ്ട്രീയാവസ്ഥയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ നമുക്കറിയാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ നിലവിലെ മാറ്റങ്ങൾ എല്ലാം അതിനു ഉദാഹരണമാണ്  

∙ മണികണ്ഠൻ: നൂതനമായ ആശയങ്ങളും വ്യത്യസ്തമായ സമീപനങ്ങളും സമൂഹത്തിൽ ചെലുത്താൻ യുവാക്കൾക്കു സാധിക്കും. ട്രോളുകൾ ഉണ്ടാക്കി പോലും ജനങ്ങളിലേക്കു ശക്തമായി ആശയം കൈമാറാൻ കഴിയും. ആവേശത്തോടെ പ്രവർത്തിക്കാൻ യുവാക്കൾക്ക് കഴിയും.

 

? പെൺകുട്ടികളുടെ സജീവ രാഷ്ട്രീയ രംഗപ്രവേശം എത്രത്തോളം ഗുണകരമാകും

∙ സ്നേഹ: രാഷ്ട്രീയമെന്നാൽ പുരുഷന്മാർക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടതാണെന്ന പൊതുബോധം നിലവിലുണ്ട്. അതങ്ങനെയല്ല എന്നു കാണിക്കാൻ ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചാലും, ആ ഒന്നിലോ രണ്ടിലോ അപ്പുറം എടുത്ത് കാണിക്കാൻ സ്ത്രീകളുണ്ടായിട്ടില്ല എന്നത് തന്നെയാണ് സത്യം. പെൺകുട്ടികളും മറ്റ് ജെൻഡറുകളിൽ ഉൾപെട്ടവരും ഇന്നാട്ടിലെ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കു വഹിക്കാൻ കെൽപ്പുള്ളവരാണെന്ന് പൊതുബോധത്തെ തിരുത്തിയെഴുതാൻ സാധിക്കണം. ഒരാളുടെ ജെൻഡർ ഒരിക്കലും അയാളുടെ പ്രവർത്തനങ്ങൾ അളക്കാനുള്ള അളവുകോലാകരുത്.

∙മണികണ്ഠൻ: രാഷ്ട്രീയ രംഗത്ത് സ്ത്രീ /പുരുഷ എന്ന വേർതിരിവ് ഉണ്ടാവരുത്. തുല്യമായി രംഗത്തുണ്ടാവണം, അത് സ്ത്രീകളുടെ പദവി ഉയർത്താൻ സഹായകമാവും.

 

?നാട്ടിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്വപ്ന പദ്ധതി

∙ സ്നേഹ: ജനങ്ങൾക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് അടിസ്ഥാന സൗകര്യ വികസനമാണ്. അതിനു തന്നെയാണു കൂടുതൽ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നത്. എം.ടി.വാസുദേവൻ നായർ, വി.ട്ടി.ഭട്ടതിരിപ്പാട്, അക്കിത്തം തുടങ്ങിയ മഹാന്മാരുടെ മണ്ണാണ്. നാട്ടിൽ ‍ഒരു സാംസ്‌കാരിക നിലയം വേണമെന്ന് ആഗ്രഹമുണ്ട്.

∙മണികണ്ഠൻ:  ഗായത്രി പുഴയാൽ വിഭജിച്ച 2 പ്രദേശങ്ങളാണ് വാർഡിന്റെ പരിധിയിൽ വരുന്നത്. ഇവയെ ബന്ധിപ്പിക്കുന്ന ഒരു പാലം നാടിന്റെ സ്വപ്ന പദ്ധതി ആണ്.

 

? രാഷ്ട്രീയ നേതാക്കൾക്ക് റിട്ടയർമെന്റ് ആവശ്യമുണ്ടോ

∙ സ്നേഹ: എല്ലാ ജനവിഭാഗത്തിൽ പെട്ടവർക്കും ഇവിടെ ചെയ്തു തീർക്കാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതൊരിക്കലും പ്രായത്തിന്റെ അളവുകോൽ മാത്രം വച്ചല്ല. അനുഭവ സമ്പത്തുകൊണ്ടു ചിലർക്ക് ചെയ്യാവുന്ന കാര്യവും പുതിയ രീതികളുപയോഗിച്ചു യുവാക്കൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളും രണ്ടും പ്രധാനപ്പെട്ടവയാണ്.

∙ മണികണ്ഠൻ: പുതുതലമുറയ്ക്കുള്ള അവസരം കൂടുതൽ സൃഷ്ടിക്കുന്നതിനായി പ്രായമായവർക്ക് വിരമിക്കൽ കാലം ഉണ്ടാവുന്നത് ഉചിതമാണ്.

 

? പഠനവും രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു

∙ സ്നേഹ: രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയതുമുതൽ കൂടുതൽ കേട്ട ചോദ്യമാണിത്. രാഷ്ട്രീയമെന്നാൽ ഒരു മനുഷ്യന് ഏറ്റവും അടിസ്ഥാനമായി വേണ്ട ബോധമാണ്. വിദ്യാർഥിയാണ് എന്നതിനാൽ മാത്രം അതിൽനിന്നു വിട്ടു നിൽക്കേണ്ട ആവശ്യമില്ല. നമ്മൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നമ്മളിൽ ഇടപെടും. നാട്ടിലെ ഓരോ വ്യക്തിക്കും രാഷ്ട്ര വ്യവസ്ഥയിൽ ചെയ്തു തീർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടു തന്നെ പഠനവും പ്രവർത്തനവും ഒപ്പം കൊണ്ടുപോകും. കാലങ്ങളായി സംഘടന പഠിപ്പിച്ച പാഠവും ‘പഠിച്ചു കൊണ്ടു പോരാടാനാണ്.’

∙ മണികണ്ഠൻ: നിലവിൽ പൂർണ സമയ വിദ്യാർഥി അല്ല. വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചാണ് കലാലയങ്ങളിൽ പകുതിയോളം വിദ്യാർഥികൾ പഠിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം ഒട്ടേറെ കാര്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ട്.

 

? ജനപ്രതിനിധിയായ ശേഷം ഉണ്ടായ മറക്കാനാവാത്ത അനുഭവം

∙ സ്നേഹ: സാധാരണക്കാരായ മനുഷ്യർ നമ്മുടെ അടുത്തു വന്ന് അവരുടെ ആവശ്യങ്ങളും വേദനകളും പറയുമ്പോൾ, അതൊക്കെ നിറവേറ്റാൻ കഴിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ പരിചയപ്പെടാൻ സാധിച്ചതും മറക്കാനാവാത്ത അനുഭവമാണ്.

∙ മണികണ്ഠൻ: സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ അന്നു തന്നെ മന്ത്രി എം.വി.ഗോവിന്ദൻ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിക്കുകയും നേരിൽ കാണാൻ ആവശ്യപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സ്നേഹ ഉപദേശങ്ങൾ മറക്കാനാവാത്ത അനുഭവമാണ്.

 

 ? മന്ത്രിമാരുടെ ശമ്പളം കൂട്ടുമ്പോഴും വാർഡ് അംഗത്തിന് തുച്ഛമായ വേതനം അല്ലേ

∙സ്നേഹ: ജനങ്ങളുമായി ഏറ്റവും അടിത്തട്ടിൽ ഇടപഴകുന്നവരാണ് വാർഡ് അംഗം. ആ വാർഡിലെ ഓരോ വീടുകളെ പറ്റിയും ഓരോ മനുഷ്യരെ പറ്റിയും കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ഏകോപിപ്പിക്കാൻ കഴിയൂ. ഏത് സമയത്തും എവിടെയും എത്തിപ്പെടാൻ സന്നദ്ധരായ അവരുടെ സേവനത്തിനു കുറച്ചുകൂടി വേതനം അർഹിക്കുന്നുണ്ട്.

∙മണികണ്ഠൻ: നിലവിൽ കാലാനുസൃതമായി വർധനവ് ഉണ്ടാകുന്നുണ്ട്.

 

English Summary : Youth Presence in Kerala Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com