ADVERTISEMENT

ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ് ഇറങ്ങിയ കാലം. ലുങ്കി ഡാൻസ് ഇല്ലാത്ത ഒരാഘോഷവും അക്കാലത്ത് ക്യാംപസുകളിൽ ഉണ്ടായിരുന്നില്ല. 

എന്റമ്മേടെ ജിമിക്കികമ്മലിനൊപ്പവും ഒരു ഓണക്കാലത്ത് ക്യാംപസുകൾ ആടി. ഇതാ വീണ്ടും, 37 വർഷത്തിനു ശേഷം ‘ദേവദൂതർ പാടി... സ്നേഹദൂതർ പാടി..!’ ഭരതൻ സംവിധാനം ചെയ്ത കാതോടു കാതോരം എന്ന സിനിമയ്ക്കു വേണ്ടി ഒഎൻവിയും ഔസേപ്പച്ചനും ചേർന്നൊരുക്കിയ പാട്ടിന്റെ ചാക്കോച്ചൻ വേർഷൻ.

∙ കഥ ഇനി 

പുതിയ പിള്ളേരു കോളജിൽ വരികയാണ്. 'കേറി വാടാ മക്കളേ ' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ, ഈ മാസം അവസാനം നടക്കുന്ന ഫ്രഷേഴ്സ് ഡേയുടെ ചർച്ച നടക്കുകയാണ്. പാലക്കാട് മേഴ്സി കോളജിലെ സീനിയർ ചേച്ചിമാർ പൊളിയാണെന്ന് ജൂനിയേഴ്സിന്റെ മനസ്സിൽ ആദ്യം തന്നെ തോന്നേണ്ട ദിവസം. ‘ചാക്കോച്ചന്റെ ദേവദൂതർ പാടി ഡാൻസ് ആയാലോ?’, ഗായത്രി എസ്. കുമാറാണ് ആശയം മുന്നോട്ടു വച്ചത്. കട്ട സപ്പോർട്ട്. പി.ജ്യോതിലക്ഷ്മിയും ആദിത്യ സുരേഷും ഒപ്പം കൂടി. എങ്കിൽ പരീക്ഷയ്ക്കു മുൻപ് ഒന്ന് റിഹേഴ്സൽ ചെയ്യാമെന്നായി തീരുമാനം. പാലക്കാട് മേഴ്സി കോളജിലേക്ക് പോന്നപ്പോൾ വീട്ടിൽ നിന്ന് ഓരോ മുണ്ടും ഷർട്ടും ബാഗിൽ കരുതി.

∙ പൂരപറമ്പുകൾ പെൺകുട്ടികൾക്കും ആടാം 

റിഹേഴ്സലിന്റെ ഇടവേളയിൽ പൂരപ്പറമ്പിൽ സങ്കോചമില്ലാതെ ഡാൻസ് കളിക്കുന്നതിന് പെൺകുട്ടികൾക്കിന്നും മടിയോ എന്നതിനെക്കുറിച്ചായി ചർച്ച. വാദ്യമേളത്തിനൊപ്പം മതി മറന്നാടാൻ സ്ത്രീകൾക്ക് ഉൾവലിവ് ഉണ്ടാകുന്നുണ്ടോ? ഗ്രാമങ്ങളിൽ വേലയ്ക്കും മറ്റും സ്ത്രീകളും ചുവടുവയ്ക്കാറുണ്ടെങ്കിലും വലിയ പൂരപ്പറമ്പുകളിൽ ആൺകോയ്മയില്ലേ? സ്വാതന്ത്ര്യം കിട്ടിയിട്ടും എന്തുകൊണ്ട് സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്നില്ല. 6 മണിക്ക് പൂട്ട് വീഴേണ്ട ഇടമാണോ ഹോസ്റ്റലുകൾ ? ചർച്ച അങ്ങനെ വഴി തിരിഞ്ഞു. 

എങ്കിൽപിന്നെ ആടീട്ടും പാടീട്ടും തന്നെ കാര്യം....!

പണ്ട് പരസ്യത്തിൽ പ്രിയങ്ക ചോപ ചോദിച്ചതു പോലെ: Why Should Boys Have All The Fun...!

∙ അയൽക്കാരുടെ സർട്ടിഫിക്കറ്റ് വേണ്ട : ആദിത്യ സുരേഷ്

പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി കഴിയണം.  കുട്ടിക്കാലം മുതൽ സ്ട്രിക്ട് പരിശീലനമാണ് വീടുകളിൽ. മരം കേറി പെണ്ണ്, ചന്തപ്പെണ്ണ് തുടങ്ങിയ പേരുകൾ ഈ ചിന്തകളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നവർക്കു സമൂഹം ചാർത്തി നൽകുന്നു. ഇനി പെൺകുട്ടികളെ കെട്ടിയിടാൻ നോക്കേണ്ട. രക്ഷിതാക്കളുടെ ചിന്തമാറിയിട്ടുണ്ട്. അവരോട് സമത്വത്തെക്കുറിച്ച് സംസാരിക്കാൻ കഴിയും. എന്നാൽ അയൽപക്കത്തുള്ളവർ തങ്ങളുടെ മക്കളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ഭയം ചിലരുടെയെങ്കിലും ഉള്ളിലുണ്ട്.

∙ ആൺകുട്ടികൾക്കും വേണ്ടേ പരിശീലനം : പി.ജ്യോതിലക്ഷ്മി

ജോ ആൻഡ് ജോ സിനിമയിലെ നായിക അമ്മയോട് ചോദിക്കുന്ന ചോദ്യമാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്. എന്താ ഈ നാട്ടിൽ നല്ല ഭർത്തക്കന്മാർ വേണ്ടേ? വേറേ വീട്ടിൽ പോയി ജീവിക്കേണ്ടവളാണെന്നത് സ്ഥിരം കേൾക്കുന്ന അമ്മ വചനങ്ങളിലൊന്നാണിത്. അപ്പോൾ പിന്നെ ഏതാണ് പെൺകുട്ടിയുടെ വീട്? എന്തായാലും  വീട്ടിൽ ജെൻഡർ ഇക്വാലിറ്റി ഉറപ്പാക്കിയിട്ടുണ്ട്. പാത്രം കഴുകാനും തുണി നനയ്ക്കാനും ഉള്ള പരിശീലനം അനിയന് നൽകുന്നതിൽ വിജയിച്ചു.

∙ മാറ്റും ഉണ്ടാവേണ്ടത് വീടുകളിൽ : ഗായത്രി എസ്. കുമാർ

സിനിമകളിൽ അസമയത്തെ കുറിച്ച് കിടു ഡയലോഗുകൾ ഉണ്ടെങ്കിലും ഇന്നും 6 മണി കഴിഞ്ഞാൽ ഹോസ്റ്റലുകൾക്ക് പൂട്ട് വീഴും. സുരക്ഷാ പ്രശ്നം എന്നതാണ് കാരണം. രാത്രി സുരക്ഷിതമായി നടക്കാൻ അവർക്ക് കഴിയുന്നില്ല. രാത്രി നടത്തം കൊണ്ട് കാര്യമില്ല. സമൂഹത്തിന്റെ മനോഭാവമാണ് മാറേണ്ടത്. ക്യാംപസുകളിൽ പെൺകുട്ടികൾക്ക് മതിമറന്ന് ഡാൻസ് കളിക്കാം. പൂരപ്പറമ്പിൽ പലപ്പോഴും കഴിയില്ല. ആണിനും പെണ്ണിനും തമ്മിൽ വ്യത്യാസമില്ലെന്ന് സമൂഹം തിരിച്ചറിയണം. അന്നേ സ്ത്രീ സ്വാതന്ത്ര്യം ഉണ്ടാവുകയുള്ളു. ക്യാംപസുകളിൽ കിട്ടുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് പൊതു സ്ഥലങ്ങളിലും കിട്ടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com