ADVERTISEMENT

‘‘ഫൊട്ടോഗ്രഫിയോട് ഇഷ്ടം തോന്നിയാൽ പിന്നെ രക്ഷയില്ല. ക്യാമറ സ്വന്തമാക്കാനും നല്ല ചിത്രങ്ങൾ പകർത്താനുമായി എത്ര അലയാനും കഷ്ടപ്പെടാനും നമ്മൾ മടിക്കില്ല. കാരണം അതൊരു ലഹരിയാണ്’’– മത്സ്യബന്ധനത്തിനു പേരുകേട്ട കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും ഫൊട്ടോഗ്രഫിയുടെ ലോകത്തേക്ക് ചുവടുവച്ച ഷാരുൺ.എസ് എന്ന യുവാവ് തന്റെ അനുഭവത്തിൽനിന്നു പറയുന്നതാണീ വാക്കുകൾ. മീൻപിടിച്ചു വിറ്റും കാറ്ററിങ് ജോലി ചെയ്തും കൂട്ടിവച്ച പണം കൊണ്ടാണ് ഷാരുൺ ക്യാമറ വാങ്ങിയത്. ഫൊട്ടോഗ്രഫർ ആകണമെന്നു പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ട്. എന്നാൽ ഷാരുൺ പിന്മാറിയില്ല. തന്റെ സ്വപ്നത്തിലേക്ക് ചുവടുവച്ച കഥ ഓഗസ്റ്റ് 19 ലോക ഫൊട്ടോഗ്രഫി ദിനത്തിൽ ഷാരുൺ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

sharun-2
ഷാരുൺ പകർത്തിയ ചിത്രങ്ങൾ

‘‘പരമ്പരാഗതമായി മീൻപിടിത്തക്കാരാണ് കുടുംബം. ബന്ധുക്കളും നാട്ടുകാരുമൊക്കെ ഇതേ തൊഴിൽ ചെയ്യുന്നവർ. എന്നാൽ ചെറുപ്പത്തിലേ ഫൊട്ടോഗ്രഫർ ആകണമെന്ന മോഹം എന്റെയുള്ളിൽ നിറഞ്ഞു. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയോടായിരുന്നു താൽപര്യം. ആനിമൽ പ്ലാനറ്റും ഡിസ്കവറിയുമൊക്കെ കണ്ടാണ് ആ മോഹം മനസ്സിൽ നിറഞ്ഞത്. എന്നാൽ അമ്മ ഒഴികെ ആരും ആദ്യകാലത്ത് പിന്തുണച്ചില്ല.  

sharun-5
ഷാരുൺ പകർത്തിയ ചിത്രം

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഒരു അപകടമുണ്ടായി. വളരെ ഗുരുതരമായ ഒന്ന്. അമിതവേഗത്തിലുള്ള ഒരു ബസ് എന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ഞാൻ കിടപ്പിലായി. പഠനം പൂർത്തിയാക്കാനായില്ല. ജീവിതം സാധാരണ നിലയിലാകാൻ ഒരു വർഷത്തോളമെടുത്തു. ഇനി എന്താണു പദ്ധതി എന്ന ചോദ്യത്തിന് ഫൊട്ടോഗ്രഫി എന്നായിരുന്നു വീട്ടുകാർക്ക് ഞാൻ നല്‍കിയ മറുപടി. 

sharun-7
ഷാരുൺ പകർത്തിയ ചിത്രം

ഇനിയൊരു ക്യാമറ വേണം. കഠിനമായി പ്രയത്നിച്ചു. മീൻപിടിത്തവും കാറ്ററിങ്ങും ചെയ്ത്  പണം സമ്പാദിച്ചു. അങ്ങനെ കയ്യിലുള്ളതെല്ലാം ചേർത്ത് രണ്ടര വർഷം മുമ്പാണ് ക്യാമറ വാങ്ങിയത്. 46,000 രൂപയായിരുന്നു വില. അവിടെ നിന്നങ്ങോട്ട് ആ ക്യാമറയാണ് എന്റെ സന്തതസഹചാരി. ചിത്രങ്ങൾ പകർത്താന്‍ വേണ്ടി യാത്രകൾ ജീവിതത്തിന്റെ ഭാഗമായി. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ഫൊട്ടോഗ്രഫി കോഴ്സ് ചെയ്തു. അങ്ങനെ ഒരു ഫിലിം കമ്പനിയിൽ ട്രെയിനിങ് ലഭിച്ചു. ഫൊട്ടോഗ്രഫിയിലെ അത്യാവശ്യ കാര്യങ്ങളെല്ലാം പഠിക്കാൻ ഇതു സഹായിച്ചു.

sharun-3
ട്രാൻസ്ജെൻഡർ വ്യക്തികളെ മോഡലാക്കി നടത്തിയ ഫോട്ടോഷൂട്ട്

മോഡൽ ഷൂട്ടുകൾ ചെയ്യാൻ തുടങ്ങി. ട്രാൻസ്ജെൻഡര്‍ വ്യക്തികളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങൾ പുനരാവിഷ്കരിച്ചു നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമായി. നിരവധി അഭിനന്ദനങ്ങൾ ലഭിക്കുകയും വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. ഇവൻ എന്തിനാണീ ക്യാമറ തൂക്കി നടക്കുന്നതെന്നും വേറെ പണിയൊന്നുമില്ലേ എന്നു നേരിട്ടും അല്ലാതെയും ചോദിച്ച നിരവധിപ്പേരുണ്ട്. അവർക്കെല്ലാം ഏറ്റവും മാന്യവും ശക്തവുമായ മറുപടിയായിരുന്നു അത്. എന്തായാലും ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടി. മനസ്സിൽ ഇപ്പോഴും വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫിയാണ്. അതിന് വളരെ മികച്ച ക്യാമറ വേണം. അങ്ങനെ ഒന്നു സ്വന്തമാക്കണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ അധ്വാനിക്കുന്നത് അതിനു വേണ്ടിയാണ്. ഫൊട്ടോഗ്രഫി അങ്ങനെയാണ്. അതൊരു ലഹരിയാണ്. എത്ര ചിത്രങ്ങള്‍ പകർത്തിയാലും കൂടുതൽ പകർത്താൻ നമ്മുടെ മനസ്സ് വെമ്പി കൊണ്ടേയിരിക്കും’’ – ഷാരുൺ പറഞ്ഞു നിർത്തി. 

sharun-6
ഷാരുൺ പകർത്തിയ ചിത്രം
sharun-4
ഷാരുൺ പകർത്തിയ ചിത്രം
sharun-8
ഷാരുൺ പകർത്തിയ ചിത്രം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com