ADVERTISEMENT

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ ലക്ഷ്യമിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാക്ശരങ്ങളും ഗവർണറെ ലക്ഷ്യമിട്ടു സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളും ചൂടൻ ചർച്ചയാണല്ലോ. ഇതിൽ ശരി പറയുന്നതാര്? നീതിയുടെ ഭാഗം ആരുടേത്? ഈ ചർച്ചകൾ കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? ഇക്കാര്യങ്ങളിൽ കോട്ടയം സിഎംഎസ് കോളജിലെ വിദ്യാർഥികൾക്ക് എന്തുപറയാനുണ്ടെന്നു നോക്കാം.

ചെറുപ്പക്കാർ വരട്ടെ

ഗവർണർ – വിസി തർക്കം അവിടെ നിൽക്കട്ടെ, അതിനുമുൻപ് അധികൃതർ ശ്രദ്ധവയ്ക്കേണ്ട മറ്റൊരു കാര്യമാണു ക്യാംപസ് ചൂണ്ടിക്കാട്ടുന്നത്. വൈസ്ചാൻസലർ പദവിക്കു ‘െചറുപ്പം’ വേണമെന്നാണു പക്ഷം. ഭൂരിഭാഗം വിദ്യാർഥികൾ ചെറുപ്പക്കാർ വരട്ടെയെന്നു പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം ഉയർന്ന വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ളവർ വിസി ആകണമെന്ന് മറുവാദമുന്നയിച്ചു. കഴിവും അറിവും പ്രായംകൊണ്ട് അളക്കാൻ കഴിയില്ലെന്നു തന്നെയാണ് മിക്കവരുടെയും അഭിപ്രായം. യോഗ്യതയാണു മാനദണ്ഡമെന്നും അതിൽ പ്രായം നോക്കേണ്ടതില്ലെന്നും വിദ്യാർഥികൾ ഉറപ്പിക്കുന്നു.

ഇതൊക്കെ എന്ത് മച്ചാനേ ?

സർക്കാരും ഗവർണറും തമ്മിലാണോ തർക്കം? അതോ ചാൻസലറും വൈസ് ചാൻസലറും തമ്മിലാണോ തർക്കം? സർക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ വൈസ് ചാൻസലർ ഗവർണർക്കെതിരെ മിണ്ടുമായിരുന്നോ? എല്ലാം ചെളിവാരിയെറിയലാണെന്നു വിദ്യാർഥികൾ പറയുന്നു. വിട്ടുവീഴ്ചകളല്ലേ മച്ചാനേ വേണ്ടത്’ എന്നായി ഒരു കൂട്ടർ. പഴിചാരലും അനാവശ്യ പരാമർശങ്ങളും പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നതിൽ എല്ലാവരും യോജിച്ചു.  

എന്തിന് ? വേണ്ടായിരുന്നു

വിസിയും ഗവർണറും ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന 2 പേരാണ്. അവർക്കിടയിൽ പരസ്യമായ ആരോപണങ്ങൾ എന്തിനാണ്. ഇത്തരം വിവാദങ്ങൾ സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകില്ല. ഈ ഓപ്പൺ ഫൈറ്റ് വേണ്ടിയിരുന്നില്ല. – അഭിപ്രായം പറയുമ്പോൾ വിദ്യാർഥികൾക്ക് ഒരേ സ്വരം. ചില സമയങ്ങളിൽ ഗവർണർ കേന്ദ്ര സർക്കാർ പ്രതിനിധിയെപ്പോലെ സംസാരിക്കുന്നുണ്ടെന്ന സംശയവും വിദ്യാർഥികൾ പ്രകടിപ്പിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാമായിരുന്നു. സർക്കാരിനെതിരെ ഗവർണർ പ്രതിപക്ഷമായി മാറുന്നുവെന്ന അഭിപ്രായമുള്ളവരുമുണ്ട്.

ബന്ധുനിയമനത്തോട് ‘നോ’

ബന്ധുനിയമനത്തെക്കുറിച്ചു ചോദിച്ചപ്പോൾ വിദ്യാർഥികൾ ഒറ്റക്കെട്ടായി ‘ഈ വിഷയത്തിൽ ഗവർണർക്കൊപ്പമാണ്’ എന്നു തറപ്പിച്ചു പറഞ്ഞു. ബന്ധു നിയമനങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. കഴിവും യോഗ്യതയുമുള്ളവർ ഉന്നത സ്ഥാനങ്ങളിലെത്തട്ടെ– എല്ലാവരും  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com