ADVERTISEMENT

മൂകാനുരാഗികളുടെ അഭയകേന്ദ്രമാണ് എന്നും യൂസിയെന്ന ഹെർബേറിയം. ജീവിതസൂര്യന്റെ ഉച്ചച്ചൂടേറ്റ് കരിഞ്ഞുവാടിയ അനേകം മക്കളെ നൂറാം വർഷത്തിലും ചില്ലക്കൈകളാൽ ചേർത്തു നിർത്തുന്ന മഹാമുനികളുണ്ടവിടെ. കച്ചേരിക്കുന്നിനു മുകളിലെ പ്രാചീന ക്യാംപസിലെ കൂറ്റൻ മഹാഗണികളുടെ ചുവട്ടിൽവച്ച് സൗഹൃദങ്ങളുടെ വിശുദ്ധപുസ്തകം ഒരിക്കൽ തുറന്നു പോയാൽ പിന്നെ മോചനമില്ല. പടിയിറങ്ങിയാലും ഓരോ വിദ്യാർഥിയുടെയും ഉള്ളിരുന്നു വിങ്ങും: ‘നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം...’

 

momories-about-aluva-uc-college

യൂസിയുടെ മാറത്തണയുന്നവർ ആദ്യം ശ്രദ്ധിക്കുക കാലം നിശ്ചലമായതു പോലെ കരിയില, വാകച്ചാർത്തുകളാൽ അലങ്കരിക്കപ്പെട്ട ക്യാംപസിന്റെ പഴമയാണ്.  ധ്യാനനിമഗ്നരായിരിക്കുന്ന വേരുകളുള്ള മരങ്ങൾ സാന്ത്വന മർമരമുതിർക്കുന്നുണ്ടാവും. പണ്ടൊക്കെ പ്രീഡിഗ്രിയും ഒരു ഡിഗ്രിയായിരുന്നല്ലോ. യൂണിഫോമും ഹോംവർക്കും എസ്എസ്എൽസിയുടെ സമ്മർദവുമെല്ലാം കഴിഞ്ഞ് എത്താവുന്ന ഏറ്റവും മികച്ച ഉയരമായിരുന്നു ആലുവയ്ക്കും കിഴക്കൻ മേഖലയ്ക്കും യൂണിയൻ ക്രിസ്ത്യൻ കോളജ്. പതിനാറായാൽ, പതിവായി കുമാരീകുമാരൻമാർ കാണുന്ന മധുരസ്വപ്നം. ഏതു പരീക്ഷാച്ചൂടിനെയും വലിച്ചെടുത്ത് വാത്സല്യത്തിന്റെ മടിത്തട്ട് കാണിച്ചുതരുന്ന മരമുനികളെ കണ്ടാണ് അഡ്മിഷനു പിറ്റേന്നുമുതൽ അങ്ങോട്ടുചെല്ലുന്നത് തന്നെ. പാദസ്പർശമേറ്റാൽ കരയുന്ന മരഗോവണികളും പാളികളോ ചില്ലുകളോ ഇല്ലാത്ത കമാന ജനലുകളും യുഗയുഗാന്തരങ്ങൾക്കു പിന്നിലേക്കുനടത്തി ഏതോ ഗുരുകുലസമ്പ്രദായത്തിലേക്കാണു ചെന്നിരിക്കുന്നത് എന്നു നമ്മെ പുളകം കൊള്ളിക്കാം. 

 

പിന്നീടങ്ങോട്ട് പരീക്ഷകളും അസൈൻമെന്റുകളും ‘ഔട്ട് ഐ സേ’ ഗർജനങ്ങളുമായി സീൻ ഡാർക്ക് ആയാലും മഹാഗണികൾ ആണിപ്പഴുതുകളുമായി കരങ്ങൾ നീട്ടി 44 ഏക്കർ ക്യാംപസിലെമ്പാടും കുട്ടികളെ കെട്ടിപ്പിടിക്കും. സമരം മുതൽ പ്രണയസത്യവാങ്മൂലം വരെ വിദ്യാർഥികളുടെ അറിയിപ്പുകൾ തറച്ചുവയ്ക്കാൻ നെഞ്ചുവിരിച്ചു നിന്നു കൊടുക്കുന്നതും വാകയും മഹാഗണിയും മഴമരങ്ങളുമൊക്കെത്തന്നെ. മോഹങ്ങൾ, മോഹഭംഗങ്ങൾ, ഉത്ക്കർഷേച്ഛകൾ, പരാജിതരുടെ തേങ്ങലുകൾ ..എല്ലാത്തിനുമുണ്ട് പരിഹാരം.  ക്യാംപസിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന പെൺ ഹോസ്റ്റലായ ‘സ്കിന്നറു’കാർക്ക്  രാത്രി വിശാലമായ സിസി(ക്രിക്കറ്റ് കോർട്ട് )യിൽ ഇരുന്നു നിലാവു കാണാം.

aluva-uc-5

 

ഒരിക്കൽ മിന്നലിൽ പിളർന്നു സമാധിയായ മഹാഗണിമരത്തെ കുറിച്ച് യൂസിയുടെ പ്രിയപ്പെട്ട മ്യൂസ് ടീച്ചർ ( കവയിത്രിയും നിരൂപകയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ് ) ‘ ഒരുമിന്നൽ വന്നു പിളർത്തുമ്പോഴൊക്കെ പ്രണയം പ്രണയമെന്നു പിടഞ്ഞുമാറുന്നു സന്ധ്യകൾ ’ എന്നെഴുതി. കൊല്ലാം , പക്ഷേ തോൽപിക്കാനാവില്ല പിഞ്ചുപ്രായത്തിലെ ഉള്ളുടക്കങ്ങളെ എന്ന് ഇതിലും നന്നായി എങ്ങനെ പറഞ്ഞുവയ്ക്കാനാണ് !

 

കത്തിയ മരത്തിന്റെ വേരുകളിൽ നിന്ന് പിന്നീട് ആർട്ടിസ്റ്റ് രാമചന്ദ്രൻ കൊത്തിയൊരുക്കിയതാണ് യൂസിയുടെ മുഖമായി മാറിയ മഹാഗണിതമെന്ന ശിൽപം. എങ്കിലും; വാതിലടച്ചിട്ടാൽ ഒരുതരി വെളിച്ചത്തിനുപോലും പഴുതുകൊടുക്കാത്ത, സിനിമാ തിയറ്റർപോലെ പല തട്ടുകളായി നിൽക്കുന്ന എ.ബി. ഹാളും തിരുവിതാംകൂർ മഹാരാജാവിന്റെ ഹജൂർ കച്ചേരിയായിരുന്ന കച്ചേരിമാളികയുമൊക്കെ കഴിഞ്ഞേ പുത്തൻനിർമിതികൾക്ക് സ്ഥാനമുള്ളൂ. ചാപ്പലെന്നാൽ ഒരു വികാരമാണ് . അവിടെ മതമില്ല. ഉച്ചയ്ക്ക് ചാപ്പലിന്റെ പടിക്കെട്ടുകളിൽ പോയിരുന്ന് അനേക തലമുറകൾ പിരിയാൻവയ്യാപ്പക്ഷികളായി തമ്മിൽത്തമ്മിൽ കഥ പറഞ്ഞു. വൈകുന്നേരങ്ങളിൽ മുഴങ്ങുന്ന പള്ളിമണികൾ കേട്ട്  ഇനിയെന്നു കാണും നമ്മളെന്നു ഖിന്നരായി തമ്മിൽപ്പിരിഞ്ഞു. 

 

ഇടയ്ക്ക് ആലുവാപ്പുഴയൊരുക്കുന്ന ചതിച്ചുഴികളിൽപ്പെട്ട് വർഷകാലത്ത് ചില വിദ്യാർഥികൾ തീരാവേദനയായൊടുങ്ങാറുണ്ട്. കോളജ് ഡേയ്ക്കും ആർട്സ് ഡേയ്ക്കും ഉല്ലാസത്തോടെ മിത്രംപുരം ഹാളും കടന്ന് സെമിനാരിക്കടവിലെ തണുപ്പിലേക്കവർ ഇറങ്ങുമ്പോൾ പുഴ കാത്തുവയ്ക്കുന്നത് നിത്യനിദ്രയാകും. ഉണർവിന്റെ പര്യായമായ യൂസി മുത്തശി ഒരുവേള ഒന്നു പതുങ്ങും– മൗനത്തിലും മടുപ്പിലും ദുഃഖത്തിലും. എങ്കിലും കരുണമായ ജനനാന്തര സാന്ത്വനം പോലെ  വിദ്യാർഥികൾ തന്നെ പുതുജീവൻ നൽകും.

 

കലഹവും സമരവും സംഘർഷവുമൊക്കെ പരിഷ്ക്കാരിയായ എൻ.ആർ. (ന്യൂ റൂംസ് ) ബ്ലോക്കിനുമുന്നിലായിരുന്നു. കോളജ് തിര‍ഞ്ഞെടുപ്പിന്റെ തലേന്ന് ഇരുപാർട്ടികളും കലാശക്കൊട്ടിനു ജാഥയായി വന്ന് ഉപചാരം കൈമാറുന്നത് അവിടെയാണ്. ന്യൂ റൂംസിന്റെ ഹൃദയമായ കെമിസ്ട്രി ലാബിനുള്ളിൽ നിന്നു വരുന്ന ചീമുട്ട ഗന്ധം പോലെയേ അല്ല അന്തരീക്ഷത്തിലെ മാത്സര്യത്തിന്റെ കാറ്റ്. അതൊരു പാവം കുസൃതിക്കാറ്റ് ! ‘‘പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോൾ .... പൊട്ടി ’’ എന്നും ‘‘മ‍ഞ്ഞ മഞ്ഞ ബൾബുകൾ മിന്നിമിന്നി കത്തുമ്പോൾ എന്തിനെന്റെ ––––– (തോറ്റ ചെയർമാന്റെ പേര്) എന്നെ നോക്കണേ ’’ എന്നുമൊക്കെ കൂവിയാർക്കുമെങ്കിലും ചോരചാറിച്ചുവന്നുള്ള പരിപാടികൾ ഒരിക്കലുമിവിടെ ഉണ്ടായിട്ടില്ല. യൂസിയിൽ മാഗസിൻ എഡിറ്ററായിരുന്നു ഇപ്പോഴത്തെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സമരവും സംഘർഷവും സസ്പെൻഷനുമൊക്കെ നിറയെ ഉണ്ടായെങ്കിലും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു എസ്എഫ്ഐക്കാർ എന്നദ്ദേഹം സ്മരിക്കുന്നു.  ചെറിയ മനുഷ്യരാണ്, ഇരുപതുകാരാണ്, ചോരത്തിളപ്പുകാരാണ് ! എങ്കിലും വിജയപരാജയങ്ങളെ സമഭാവനയോടെ കാണാനാവുന്ന മഹാമനസ്സിനുടമകളായിരിക്കും ഏവരും അപ്പോഴേക്കും. നൂറ്റാണ്ടിനുമേൽ പഴക്കമുള്ള മരമുനികളുടെ ആത്മീയഭാവം കുട്ടികളിലേക്കും പകരുന്നതാവാം.  

 

യൂസി ക്യാംപസെന്നാൽ ഉൾക്കൊള്ളലാണ്. അഡ്മിഷനെടുക്കാത്തവരും ചിലപ്പോഴെല്ലാം വിദ്യാർഥികളേക്കാൾ യൂസിയൻ ആയി. ഉദാഹരണത്തിന് ഭിന്നശേഷിക്കാരനായ വെളിയത്തുനാട് സ്വദേശി ബദറു . പോയവർഷം ബദറു മരിക്കുമ്പോൾ 40 വയസ്സിനു മേൽ പ്രായമുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ യൂസി ക്യാംപസായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റ തട്ടകം. ഒരു ശല്യവുമുണ്ടാക്കാതെ ക്യാംപസിലൂടെ വിദ്യാർഥികളോടൊപ്പം ചിരിച്ചും ചിരിപ്പിച്ചും നടന്ന അദ്ദേഹത്തിന് ക്യാംപസിലെ എല്ലാ ആഘോഷങ്ങളിലും സ്ഥാനമുണ്ടായിരുന്നു. ആരും തടഞ്ഞില്ല. ഓരോ ഇഞ്ച് സ്ഥലവും അളന്നു മുറിച്ച് കെട്ടിടം പണിയുന്ന പട്ടണക്കോളജുകൾക്ക് മനസ്സിലാകാത്ത സാ.. മട്ടാണ് യൂസിയുടെ സൗന്ദര്യം, മൗലികഭാവം.

 

 നീളൻ ചെമ്മൺപാതകളുടെയും പൂക്കുകയോ കായ്ക്കുകയോ ചെയ്തില്ലെങ്കിലും  ചോദിക്കാനാരുമില്ലാത്ത ഉഴപ്പൻ മരങ്ങളുടെയും കളിയാക്കിയെന്ന പോൽ നിരന്തരം ശബ്ദിക്കുന്ന ചൂളമരങ്ങളുടെയും കോഴിവാലൻ ചെടികളുടെയും ചേര് , ഊങ്ങ്, വേങ്ങ, പാല, അപ്പൂപ്പൻ താടി, മഞ്ചാടി മരങ്ങളുടെയും അസംഖ്യം സുന്ദരിപ്പുഴുക്കളുടെയും ഒച്ചുകളുടെയും ആവാസ വ്യവസ്ഥയാണ് യൂസി ഇന്നും. കാട്ടുമുയലിനും മരപ്പട്ടിക്കും പാമ്പിനും കീരിക്കും പോലും വിശാല ക്യാംപസിൽ ഇടമുണ്ട്. ഇവയൊക്കെ കണ്ടറിഞ്ഞ് അനുഭവിച്ചു വളരാൻ 2022ലും വ്യാവസായിക നഗരത്തിൽ അവസരമുണ്ട് – യൂസിയൻ ആയാൽ മാത്രം മതി. പ്രിയ യൂസി , അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗം വിളിച്ചാലും!

 

( മലയാള മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com