ADVERTISEMENT

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ സാംസങ്ങിന്റെ സുപ്രധാന സംഭാവനകളാണ് വലുപ്പം കൂടിയ സ്‌ക്രീനും സ്റ്റൈലസും. ഫോണിന് 3.5-ഇഞ്ച് സ്‌ക്രീനില്‍ കൂടുതല്‍ വലുപ്പം പാടില്ലെന്നു പറഞ്ഞ് നിര്‍ബന്ധബുദ്ധിയോടെ നിന്ന സ്റ്റീവ് ജോബ്‌സിനെ പാടേ അവഗണിച്ച് വലുപ്പക്കൂടുതലുള്ള സ്‌ക്രീന്‍ നിര്‍മിച്ച് ഉപയോക്താക്കളെ ആകര്‍ഷിച്ച കമ്പനിയാണ് സാംസങ്. ആപ്പിളിന് പിന്നെ സാംസങ്ങിനെ പിന്തുടരേണ്ടതായി വന്ന കാര്യം സ്മാര്‍ട് ഫോണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

മറ്റൊരു നേട്ടമാണ് സ്റ്റൈലസ്. ഇതും വേണ്ടാത്ത ഒന്നാണ് എന്നായിരുന്നു ഐപാഡുകളില്‍ സ്റ്റൈലസ് സപ്പോര്‍ട്ട് കൊണ്ടുവരുന്നതു വരെ ആപ്പിളിന്റെ നിലപാട്. എന്നാല്‍, ഗ്യാലക്‌സി നോട്ട് സീരിസിന്റെ ആരാധകര്‍ ഇതു പാടേ തള്ളും. നോട്ട് സീരിസിലും, ഒരു പക്ഷേ, ഇനി ഇറങ്ങാന്‍ പോകുന്ന ഫോള്‍ള്‍ഡബിൾ ഫോണിലും സാംസങ്ങിന്റെ എസ്-പെന്‍ സ്റ്റൈലസ് (S-Pen stylus) ഉപയോഗിക്കാന്‍ സാധിച്ചേക്കും. പുതിയ നീക്കം വിജയിക്കുകയാണെങ്കില്‍ മറ്റ് ഉപകരണങ്ങള്‍ക്കും സ്‌റ്റൈലസ് സപ്പോര്‍ട്ട് നല്‍കിയേക്കും.

 

ഒപ്ടിക്കല്‍ സൂം ക്യാമറ

 

ഒപ്ടിക്കല്‍ സൂം ക്യാമറ എന്ന സാധ്യത പരീക്ഷിച്ചപ്പോഴൊക്കെ സ്മാര്‍ട് ഫോണിന്റെ പിന്നില്‍ അനാകര്‍ഷകമായ ഉയർന്നു നില്‍ക്കല്‍ വന്നുവെന്നു കാണാം. ഫോണില്‍ തന്നെ ഒപ്ടിക്കല്‍ സൂം നല്‍കുക എന്ന സാധ്യത കൂടുതല്‍ ആരായാതെയാണ് പകരം ഇരട്ട ക്യാമറയും മറ്റും പരീക്ഷിക്കാന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ തയാറായത്. എന്നാലിപ്പോള്‍ ഒപ്ടിക്കല്‍ സൂം ക്യാമറ പിടിപ്പിക്കാന്‍ പുതിയൊരിടം കണ്ടെത്തിയിരിക്കുകയാണ് സാംസങ്. തങ്ങളുടെ സ്റ്റൈലസിന്റെ അറ്റത്ത്. ഇതിനിപ്പോള്‍ കമ്പനിക്ക് പേറ്റന്റും ലഭിച്ചിരിക്കുന്നു. ഇത് 2017 ഫെബ്രുവരിയില്‍ ഫയല്‍ ചെയ്ത അപേക്ഷയായിരുന്നു.

 

ഒപ്ടിക്കല്‍ സൂമുള്ള ഇലക്ട്രോണിക് പെന്‍ ഉപകരണം ('Electronic pen device having optical zoom') എന്നാണ് പേറ്റന്റ് അപേക്ഷാ പത്രത്തിന്റെ പേര്. സ്റ്റൈലസിന്റെ മുകള്‍ ഭാഗത്ത് ഒപ്ടിക്കല്‍ സൂമുള്ള ക്യമാറ പിടിപ്പിക്കാനാണ് സാംസങ്ങിന്റെ ശ്രമം. ഇതിലൂടെ എടുക്കുന്ന ചിത്രങ്ങളും വിഡിയോയും മറ്റും സുഗമമായി തിരിച്ച് ഫോണിലെത്തിക്കാം. സൂം അഡ്ജസ്റ്റു ചെയ്യാനും മറ്റു ഫങ്ഷനുകള്‍ക്കുമായി കണ്ട്രോള്‍ കീയും സ്റ്റൈലസില്‍ ഉണ്ടായിരിക്കും. പേറ്റന്റ് അപേക്ഷാ പ്രകാരം ഈ സ്റ്റൈലസ് ലാപ്‌ടോപ്പുകള്‍ക്കും കംപ്യൂട്ടര്‍ ഡിസ്‌പ്ലേകള്‍ക്കും ഒപ്പം ഉപയോഗിക്കാനുമാകും.

 

ഇത് പുറത്തു വരുമോ എന്ന് ഉറപ്പില്ല. പക്ഷേ, പരീക്ഷിച്ചു നോക്കി കൂടായ്കയില്ല. സ്‌റ്റൈലസ്, പോക്കറ്റിലോ മറ്റെവിടെയെങ്കിലുമോ വച്ച ശേഷം ഫോട്ടോ എടുക്കുക എന്ന ആശയം തങ്ങള്‍ക്ക് താത്പര്യജനകമായ ഒരു കാര്യമാണെന്ന് സ്മാര്‍ട് ഫോണ്‍ ക്യാമറ പ്രേമികള്‍ പറയുന്നു. ഈ ആശയം സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ ഏറ്റെടുത്താല്‍ ഫോണുകള്‍ക്കൊപ്പം ഇത്തരം വയര്‍ലെസ് ക്യാമറകള്‍ ഇറങ്ങാനുള്ള സാധ്യതയും വര്‍ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com