sections
MORE

സ്മാര്‍ട് ഫോണുകളിൽ ഇനി നാലിലേറെ ക്യാമറകളുടെ കാലം, പുതിയ ഫീച്ചറുകൾ

phone-camera
SHARE

ഫോണ്‍ വിളിയും മെസേജിങും ബ്രൗസിങും കഴിഞ്ഞാല്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് ഇഷ്ടമുള്ളത് ക്യാമറ ശേഷിയാണ്. ഇതറിഞ്ഞു തന്നെയാണ് ഫോണ്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ നീങ്ങുന്നതും. പത്തു കൊല്ലം മുൻപ് സാധ്യമല്ലാത്ത പലതും എൻജിനീയര്‍മാര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞു. ഈ വര്‍ഷം ഉപയോക്താവിന്റെ കൈകളിലെത്തുകയോ പണി തുടങ്ങുകയോ ചെയ്‌തേക്കാവുന്ന രണ്ടു സുപ്രധാന മാറ്റങ്ങള്‍ ഇവിടെ പരിചയപ്പെടാം.

ഒന്ന് ഒപ്പോയുടെ 10X ലോസ്‌ലെസ് സൂമാണ്. സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ പ്രധാന പരാതികളിലൊന്ന് അവര്‍ക്ക് സൂം ചെയ്ത് എത്താനുള്ള കഴിവില്ലെന്നതാണ്. നിലവിലുള്ള പല ക്യാമറകളും ലഭ്യമാക്കുന്നത് 2x അല്ലെങ്കില്‍ 3x സൂമാണ്. ഐഫോണുകളുടെ ടെലി ലെന്‍സിന് 2x സൂമാണുള്ളത്. ഒപ്പോയുടെ ഒരു ഫോണില്‍ ഈ വര്‍ഷം തന്നെ ഉപയോക്താക്കളിലെത്തുന്ന ഒന്നാണ് 10X സൂം. ഫോണിന്റെ പേരു വെളിയില്‍ വിട്ടില്ലെങ്കിലും ബാഴ്‌സസോണയില്‍ നടന്ന ചടങ്ങില്‍ സൂം ടെക്‌നോളജി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. അന്തിമമായ ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും മാറ്റം വരാമെന്ന മുന്നറിയിപ്പോടെയാണ് കമ്പനി അവരുടെ പ്രോട്ടോടൈപ് ഫോണ്‍ ജേണലിസ്റ്റുകളെ ഏല്‍പ്പിച്ചത്. നിലവിലെ സ്മാര്‍ട് ഫോണ്‍ സൂമുമായി താരതമ്യം ചെയ്താല്‍ ഇത് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത് എന്നാണ് ആദ്യ പ്രതികരണം. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോടു കൂടിയാണ് ഒപ്പോയുടെ 10X ടെലി ലെന്‍സ് ഒരുങ്ങുന്നത്. DSLR ലെന്‍സിന്റെ ഫോക്കല്‍ ലെങ്ത് ഉപയോഗിച്ചു പറഞ്ഞാല്‍ 160mm ആണ് ഈ ലെന്‍സിന്റെ റീച്.

പെരിസ്‌കോപ്പിലെന്നവണ്ണം ലെന്‍സുകളും പ്രിസവും അടുക്കിയാണ് ടെലിലെന്‍സ് നിര്‍മിച്ചിരിക്കുന്നത്. പ്രിസം 90 ഡിഗ്രിയില്‍ വെളിച്ചത്തെ സെന്‍സറിലേക്ക് പ്രതിഫലിപ്പിക്കുന്നു. ഈ സെറ്റ്-അപ് ചിത്രത്തിന്റെ ക്വളിറ്റി 73 ശതമാനം മെച്ചപ്പെടുത്തുന്നുവെന്ന് ഒപ്പോ അവകാശപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ക്യാമറ മൊഡ്യൂള്‍ അത്ര വലുതല്ല താനും. 6.75mm ആണ് വലുപ്പം. 

പ്രകടനം

ഫോണ്‍ പ്രദര്‍ശന ഹോളിനു വെളിയില്‍ ഫോണ്‍ കൊണ്ടുപോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അതുകൊണ്ട് സൂര്യപ്രകാശത്തിലും മറ്റും എത്ര നന്നായി പ്രകടനം നടത്തുമെന്ന് പറയാനാവില്ല. കൃത്രിമ പ്രകാശത്തില്‍ മികച്ച പ്രകടനമാണ് ടെലി ലെന്‍സ് കാണിച്ചത്. എന്നാല്‍ എല്ലാ ഷോട്ടുകളിലും മികവു നിലനിര്‍ത്താനായില്ല. ചില ഷോട്ടുകളില്‍ കടന്നു കൂടിയ നോയിയിസിന്റെ അളവ് ചിത്രങ്ങളെ മോശമാക്കി. അകലെയുള്ള ചിത്രങ്ങള്‍ താരതമ്യേന വൃത്തിയുള്ളവയും അടുത്തുള്ള ചിത്രങ്ങളില്‍ നോയിസും കാണാന്‍ സാധിച്ചു. 10X ലെന്‍സിനെ ഡിജിറ്റല്‍ സൂമിങ്ങിലൂടെ 20X ആക്കാനും സാധിക്കുന്നു. ഇതാകട്ടെ ചിത്രം വളരെയധികം മോശമാക്കി. സൂര്യപ്രകാശത്തില്‍ കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. 10X ടെലി ലെന്‍സ് അടങ്ങുന്ന ക്യാമറ സിസ്റ്റത്തില്‍ മൊത്തം മൂന്നു ക്യമാറകളാണ് ഉള്ളത്. ഒരു 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍, ഒപ്റ്റിക്കല്‍ സ്റ്റബിലൈസേഷനുള്ള 48 എംപി പ്രധാന ക്യാമറ, കൂടാതെ 12എംപിയുള്ള ഈ ടെലി ലെന്‍സും. ഈ വര്‍ഷം ജൂണിനു മുൻപ് ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് ഒപ്പോ പറയുന്നു.

സോണിയും ലൈറ്റും ഒരുമിക്കുന്നു

ഏതാനും വര്‍ഷങ്ങള്‍ക്കു മുൻപു വരെ ക്യാമറ എന്നു പറഞ്ഞാല്‍ ആ ഒറ്റക്കണ്ണന്‍ ഉപകരണമായിരുന്നു. ആ ആശയത്തെ വെട്ടിയത് ലൈറ്റ് കമ്പനിയായിരുന്നു. ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രാജീവ് ലാറോയി അടക്കമുള്ളവരാണ് ലൈറ്റ് കമ്പനിക്കു പിന്നില്‍. അവര്‍ ഇറക്കിയ ഏക മോഡലായ ലൈറ്റ് L16 ധാരാളം പഴികേട്ടുവെങ്കിലും ഒരു ആശയമെന്ന നിലയില്‍ ആപ്പിള്‍ അടക്കമുള്ള സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഗവേഷണത്തിനും മികച്ച ഹാര്‍ഡ്‌വെയര്‍ എത്തിക്കാന്‍ വേണ്ട പണമില്ലായ്മയുമാണ് ലൈറ്റിന് വിനയായത്. എന്നാല്‍ അവര്‍ ഈ വര്‍ഷം ലോകത്തെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍ നിര്‍മാതാക്കളായ സോണിയുമൊത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ ശക്തിയും സാധ്യതയും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച കമ്പനിയാണ് ലൈറ്റ്. 16 ലെൻസുകളായിരുന്നു അവരുടെ ആദ്യ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. തങ്ങള്‍ സോണി സെമികണ്‍ഡക്ടര്‍ സൊലൂഷന്‍സുമായി ഒരുമിച്ചു പ്രവര്‍ത്തിച്ച് ഒന്നിലേറെ സെന്‍സറുകളുള്ള ക്യാമറകള്‍ നിര്‍മിക്കുമെന്നാണ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ലൈറ്റിന്റെ പ്രവര്‍ത്തി പരിചയവും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവകാശവും സോണിയുമായി പങ്കുവയ്ക്കാനാണ് ലൈറ്റ് ടീമിന്റെ തീരുമാനം.

ഭാവിയിലിറങ്ങുന്ന സ്മാര്‍ട് ഫോണ്‍ ക്യാമറകളെ ശാക്തീകരിക്കാന്‍ ഇരു കമ്പനികളുടെയും വൈഭവം സഹായിക്കുമെന്നും സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫി മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും കരുതുന്നു. ലൈറ്റിന് പലതരം മള്‍ട്ടിക്യാമറ സങ്കല്‍പ്പങ്ങളുണ്ട്. നാലിലേറെ ക്യാമറകളുടെ യുഗം ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞെങ്കിലും പുതിയ കൂട്ടുകെട്ട് ഇതിനെ പരിഷ്‌കരിക്കുമെന്നു കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA