ADVERTISEMENT

വാവെയുടെ പി30 പ്രോ ഫോണ്‍ ക്യാമറയുടെ പ്രകടനത്തില്‍ ഇന്ന് ലോകത്തെ ഏറ്റവും മികച്ചതാണെന്ന് ക്യാമറ സെന്‍സറുകളുടെ പ്രകടനം വിശകലനം ചെയ്യുന്ന വെബ്‌സൈറ്റായ ഡിഎക്‌സ്ഒ പറയുന്നു. പി30 പ്രോയുടെ മൊത്തം സ്‌കോര്‍ 112 ആണ്. രണ്ടാം സ്ഥാനത്ത് 109 പോയിന്റുകളുമായി വാവെയുടെ തന്നെ മോഡലുകളായ പി20പ്രോ, മെയ്റ്റ് 20 പ്രോ എന്നിവയും സാംസങ് ഗ്യാലക്‌സി എസ് 10 പ്ലസുമാണ്. 107 പോയിന്റുമായി എംഐ 9നും 105 പോയിന്റുമായി ഐഫോണ്‍ ടെന്‍എസ് മാക്‌സുമാണ് യഥാക്രമം മൂന്നും, നാലും സ്ഥാനത്ത്.

ഫോട്ടോഗ്രാഫിയുടെ മാത്രം സ്‌കോര്‍ എടുത്താലും പി30 പ്രോ കൂടുതല്‍ ഉയരങ്ങളിലേക്കു പോകുന്നതു കാണാം. 119 പോയിന്റാണ് ഈ മോഡലിനു ലഭിച്ചിരിക്കുന്നത്. റേറ്റിങ്ങിലെ ആദ്യ മൂന്നു മോഡലുകളും തങ്ങളുടെതായതിനാല്‍ ഇന്ന് ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് തങ്ങളാണെന്ന് വാവെയ്ക്ക് അഭിമാനിക്കാം.

ടെലി സൂം

പി30 പ്രോയുടെ ടെലി സൂം ആണ് ഡിഎക്‌സ്ഒയുടെ പ്രശംസ പിടിച്ചുപറ്റിയ പ്രധാന മികവുകളിലൊന്ന്. സ്മാര്‍ട് ഫോണില്‍ ടെലി സൂം ലെന്‍സ് പിടിപ്പിക്കണമെങ്കില്‍ ഫിസ്‌ക്‌സിന്റെ നിയമങ്ങളോടു പടവെട്ടണം. പരമ്പരാഗത രീതിയിലുള്ള ലെന്‍സ് നിര്‍മിച്ച് ഈ അസാധരണകൃത്യം നേടാനാവില്ല. സാധാരണയിലും വലുപ്പം കുറഞ്ഞ സെന്‍സര്‍ ഉപയോഗിച്ചാണ് പലപ്പോഴും സമാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ 2X, 3X സൂം എല്ലാം നല്‍കിയിരുന്നത്. പി30 പ്രോയില്‍ ലെന്‍സുകളെ ഒരു പെരിസ്‌കോപിലെന്നവണ്ണം മടക്കി, അടുക്കി വച്ചാണ് സൂം കൊണ്ടുവന്നിരിക്കുന്നത്. ഒരു ചെറിയ കണ്ണാടിയുടെ ഉപയോഗത്തിലൂടെ കൂടുല്‍ പ്രകാശം സെന്‍സറില്‍ എത്തിക്കാനും വാവെയ്ക്കു സാധിച്ചിട്ടുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് ടെലി ലെന്‍സ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ എല്ലാം കടന്നു പോയതിനാല്‍ ഫോണിന്റെ കനം കൂടുകയോ, ലെന്‍സ് പുറത്തേക്കു വിലക്ഷണമായി തള്ളി നില്‍ക്കുയോ ചെയ്തിട്ടില്ലെന്നതും വാവെയുടെ എൻജിനീയറിങ് മികവാണ്.

കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി

വാവെയ് ഒപ്ടിക്‌സില്‍ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയറില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചല്ല തങ്ങളുടെ ക്യാമറയുടെ പ്രടകനം മെച്ചപ്പെടുത്തിയിരിക്കുന്നത്. സോഫറ്റ്‌വെയറിനും ഉചിതമായ പ്രാധാന്യമുണ്ട്. ഫീല്‍ഡ്-ഓഫ്-വ്യൂ ഫൂഷന്‍ എന്ന് വാവെയ് വിളിക്കുന്ന ടെക്‌നോളജിയാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്ടിക്‌സിന്റെ മികവും ഒപ്പം അല്‍ഗോറിതം ശക്തിപകരുന്ന ഡിജിറ്റല്‍ സൂമും സമ്മേളിപ്പിച്ചാണ് തങ്ങളുടെ ക്യാമറയില്‍ മികവു കൊണ്ടുവന്നത്. 3X സൂം വരെ ടെലി ലെന്‍സിന്റെ ശക്തി ഉപയോഗിക്കുന്നേയില്ല എന്ന് ഡിഎക്‌സ്ഒ പറയുന്നു. പകരം സൂപ്പര്‍ റെസലൂഷന്‍ അല്‍ഗോറിതത്തിന്റെ സഹായത്തോടെ സൂം സാധ്യമാക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ 3 ഇതു നേരത്തെ പ്രാവര്‍ത്തികമാക്കിയ ഒരു ഫോണാണ്. നിരവധി റോ ചിത്രങ്ങളെ, ഉയര്‍ന്ന റെസലൂഷനുള്ള ഫോട്ടോയാക്കി സമ്മേളിപ്പിച്ചാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്. സൂമിന് അനുസരിച്ച് പിന്നീട് ക്യമാറയ്ക്കുള്ളില്‍ തന്നെ ക്രോപ് ചെയ്യും. പി30 പ്രോയുടെ പ്രധാന ക്യാമറയ്ക്ക് 2X സൂം ലഭിക്കുമെന്നും, ടെലി ലെന്‍സിന് 5x മുതല്‍ മുകളിലേക്ക് സൂം ലഭിക്കുമെന്നും ഡിഎക്‌സ്ഒ പറയുന്നു.

5X സൂമിന് ലെന്‍സിനെ ആശ്രയിക്കുന്നു. എന്നാല്‍ 3X മുതല്‍ 5X വരെയുള്ള സൂം റെയ്ഞ്ചില്‍ പ്രധാന ക്യാമറയില്‍ നിന്നും ടെലി ലെന്‍സില്‍ നിന്നു ലഭിക്കുന്ന ഡേറ്റ ഏകീകരിച്ചു ചിത്രങ്ങളുണ്ടാക്കുന്നു. 5X ലെന്‍സ് ഫോട്ടോയുടെ നടുഭാഗത്തുള്ള വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ മറ്റു ഭാഗങ്ങളിലേക്കുള്ള, പ്രത്യേകിച്ചും അരികുകളിലുള്ള ഡേറ്റ പ്രധാന ക്യാമറയില്‍ നിന്ന് ഉപയോഗിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവാണ് ഉപയോഗിക്കുന്നത്. ഡീപ് ലേണിങ് അല്‍ഗോറിതം വിശദാംശങ്ങള്‍ വേണ്ടരീതിയില്‍ ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇതെല്ലാം നിസ്തുലമായ മികവാണ് വാവെയ് പി30 പ്രോയ്ക്കു നല്‍കുന്നതെന്നു പറയുന്നു.

ഒപ്ടിക്കല്‍ സൂമും സൂപ്പര്‍ റെസലൂഷന്‍ ഷൂട്ടിങും സമ്മേളിപ്പിച്ച് 10X സൂം നല്‍കുന്നു. ക്യാമറയ്ക്ക് 50x വരെ പോകാനാകുമെങ്കിലും അതു ടെസ്റ്റു ചെയ്തില്ലെന്ന് ഡിഎക്‌സ്ഒ പറയുന്നു. സ്മാര്‍ട് ഫോണ്‍ സൂം അടുത്ത തലത്തിലേക്ക് കൊണ്ടു ചെല്ലുകയാണ് വാവെയ് ചെയ്തിരിക്കുന്നതെന്ന് ഡിഎക്‌സ്ഒ നിരീക്ഷിക്കുന്നു.

ഐഫോണ്‍

ഈ വര്‍ഷം ഇറങ്ങുന്ന പ്രധാന ഐഫോണ്‍ മോഡലുകള്‍ക്ക് മൂന്നു പിന്‍ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. ഇതാകട്ടെ, വാവെയ് മെയ്റ്റ് 20പ്രോയില്‍ കഴിഞ്ഞ വര്‍ഷം കണ്ട സെറ്റ്-അപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുമായിരിക്കുമെന്നു പറയുന്നു. ആപ്പിളിനു ക്യാമറ നിര്‍മാണത്തില്‍ വാവെയെ എന്തെങ്കിലും പുതിയതായി പഠിപ്പിക്കാനുണ്ടോ എന്നു കാത്തിരുന്നു കാണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ വാവെയും ലൈക്കയും ചേര്‍ന്നു നിര്‍മിക്കുന്ന ഫോണ്‍ ക്യാമറ സിസ്റ്റം ഒരു വര്‍ഷമെങ്കിലും എതിരാളികളെക്കാള്‍ മുന്നിലാണെന്ന് പറയേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com