sections
MORE

മിറര്‍ലെസ് വന്നിട്ടും ഡിഎസ്എല്‍ആർ ക്യാമറകൾ മരിച്ചില്ല, കാരണമെന്ത്?

DSLR
SHARE

നിക്കോണും ക്യാനനും ആദ്യ മിറര്‍ലെസ് സിസ്റ്റങ്ങള്‍ പുറത്തിറക്കിയതോടെ പല ഫൊട്ടോഗ്രഫി വിദഗ്ധരും ഡിഎസ്എല്‍ആറുകളുടെ ചരമക്കുറിപ്പ് എഴുതിയിരുന്നു. പരമാവധി ഏതാനും വര്‍ഷം കൂടിയേ അവ കാണൂ എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാല്‍, മിറര്‍ലെസിലേക്കു മാറിയ ചില പ്രൊഫെഷണലുകളെങ്കിലും തിരിച്ച് ഡിഎസ്എല്‍ആര്‍ ക്യമാറകളിലേക്ക് തിരിച്ചെത്തിയെന്നും ലോകത്തെ പല മികച്ച പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും തങ്ങളുടെ ഡിഎസ്എല്‍ആറുകള്‍ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്നു എന്നുമാണ് പുതിയ വാര്‍ത്തകള്‍. ഇതിനു പല കാരണങ്ങളുണ്ടത്രെ.

ഏതാനും ആഴ്ചകള്‍ക്കു മുൻപ് ലോക പ്രെസ് ഫൊട്ടോഗ്രഫി ജേതാക്കളെ പ്രഖ്യാപിച്ചപ്പോള്‍ സ്പാനിഷ് വെബ്‌സൈറ്റായ ഫോട്ടൊലാരി (Photolari.com) വിജയികളുടെയും മറ്റും ചിത്രങ്ങളുടെ എക്‌സിഫ് ഡേറ്റ ശേഖരിച്ച് നടത്തിയ വിശകലനം അനുസരിച്ച് ലോകത്തെ ഫോട്ടോജേണലിസ്റ്റുകളില്‍ 71.1 ശതമാനവും തങ്ങളുടെ ഡിഎസ്എല്‍ആറുകള്‍ ഉപയോഗിക്കുന്നു. അടുത്ത കാലത്ത് മിറര്‍ലെസ് ക്യാമറകളിലേക്ക് മാറിയവരുടെ എണ്ണം 4.4 ശതമാനമാണ്. ഇവിടെ ബ്രാന്‍ഡുകളുടെ കാര്യം പറഞ്ഞാല്‍ ക്യാനനാണ് ഒന്നാമത്, രണ്ടാം സ്ഥാനത്ത് നിക്കോണും ആണ്.

എന്താണ് സംഭവിക്കുന്നത്? പല ഫോട്ടോജേണലിസ്റ്റുകള്‍ക്കും അവര്‍ ജോലിചെയ്യുന്ന കമ്പനികളാണ് ക്യാമറകള്‍ നല്‍കുന്നത്. കമ്പനികള്‍ മിറര്‍ലെസ് വാങ്ങാന്‍ തയാറാകാത്തതായിരിക്കാം ഒരു പ്രധാന കാരണം. ക്യാമറ സിസ്റ്റങ്ങള്‍ നിരവധി അക്‌സസറികള്‍ അടക്കമാണ് ഓരോരുത്തരും സൃഷ്ടിച്ചെടുക്കുന്നത്. വര്‍ഷങ്ങളെടുത്തായിരിക്കും തങ്ങള്‍ക്ക് ആവശ്യമുള്ളവ എല്ലാം വാങ്ങി വച്ചിരിക്കുന്നത്. പെട്ടെന്നൊരുനാള്‍ എല്ലാം ഉപേക്ഷിച്ച് പുതിയ സിസ്റ്റം സൃഷ്ടിക്കുക എന്നത് പെട്ടെന്നു ചെയ്യാവുന്ന കാര്യമല്ല. ലെന്‍സുകളും മറ്റും കേടാകുന്നതിനനുസരിച്ച് മാറ്റി ഉപയോഗിക്കാനായി സ്‌റ്റോക്കു ചെയ്തിട്ടുണ്ടാകും. വലിയ ന്യൂസ് ഏജന്‍സികള്‍ക്ക് ഇവയെല്ലാം എടുത്തു കളയുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. ഉദാഹരണത്തിന് ക്യാനന്റെ ഇഎഫ് മൗണ്ടില്‍ നിന്ന് ആര്‍എഫ് മൗണ്ടിലേക്ക് മാറുന്നതിന് ഇത്തരം കമ്പനികള്‍ക്ക് വന്‍ തുക വേണ്ടിവരും.

എന്തായാലും, ക്യാനന്‍ തങ്ങളുടെ ഏറ്റവും നല്ല പ്രൊഫഷണല്‍ ബോഡികളില്‍ ഒന്നായ ഇഒഎസ് 1ഡി എക്‌സ് മാര്‍ക്ക് IIന് പുതിയ പതിപ്പിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതുപോലെ നിക്കോണ്‍ ഡി6 ഉം ഇറങ്ങിയേക്കും. സോണി എ9 ബോഡി പല ഫോട്ടോഗ്രാഫര്‍മാര്‍ക്കും മികച്ചതാണെങ്കിലും ദൃഢതയുടെ കാര്യത്തില്‍ മുകളില്‍ പറഞ്ഞ ബോഡികളുടെ അത്ര കൊള്ളില്ലെന്നും ചിലര്‍ വാദിക്കുന്നു. മിറര്‍ ഇല്ലാത്ത ക്യാമറയ്ക്ക് ചില സവിശേഷ ഗുണങ്ങള്‍ ഉണ്ടെങ്കിലും, പെട്ടെന്ന് ലെന്‍സ് മാറ്റേണ്ടി വരുമ്പോള്‍ സെന്‍സര്‍ തുറന്നിരിക്കുന്നത് ദോഷകരമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊടിയുടെ ഒന്നോ രണ്ടോ പാടുകള്‍ ഫോട്ടോയില്‍ കണ്ടാല്‍ അത് പോസ്റ്റ് പ്രോസസിങ്ങില്‍ നീക്കം ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍, ആയിരക്കണക്കിന് ചിത്രങ്ങളില്‍ നിരവധി ഡസ്റ്റ് സ്‌പോട്ടുകള്‍ വന്നാല്‍ പെട്ടെന്നു നീക്കം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല.

ചില പ്രൊഫഷണലുകള്‍ എന്തുകൊണ്ടാണ് തിരിച്ച് ഡിഎസ്എല്‍ആര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്?

വലിയ ഒച്ചയും ബഹളവുമായി എത്തിയ മിറര്‍ലെസ് ക്യാമറകള്‍ വാങ്ങിയ ചില പ്രൊഫഷണലുകള്‍ തിരിച്ച് ഡിഎസ്എല്‍ആറുകളിലേക്ക് പോകുന്നുവെന്നും വാര്‍ത്തകളുണ്ട്. ഇതിനും കാരണങ്ങളുണ്ട്. കയ്യിണക്കമാണ് ഒന്ന്. വര്‍ഷങ്ങളായി തഴക്കം വന്നതാണ് നിത്യേന തങ്ങള്‍ താലോലിക്കുന്ന ഡിഎസ്എല്‍ആറിന്റെ സ്വിച്ചുകളും നിയന്ത്രണങ്ങളും. കണ്ണടച്ച് പിടിച്ചാലും അതിന്റെ എല്ലാ നിയന്ത്രണങ്ങളും വിരല്‍ത്തുമ്പിലുണ്ട്. മിറര്‍ലെസ് ക്യാമറകള്‍ കുറച്ചു കാലം ഉപയോഗിച്ചാല്‍ മാത്രമായിരിക്കും ഈ രീതിയിലുള്ള കയ്യിണക്കം വരികയുള്ളു. കൂടുതല്‍ കാലം അതിനു ശ്രമിക്കാത്തതാണ് ഒരു കാരണം. ഡിഎസ്എല്‍ആറുകളുടെ ഭാരം, ചില ലെന്‍സുകള്‍, പ്രത്യേകിച്ചും ടെലി ലെന്‍സുകള്‍, ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ബാലന്‍സ് കിട്ടാന്‍ ഉപകരിക്കുമെന്നതാണ് മറ്റൊരു കാരണം.

മറ്റൊന്ന് ക്യാനനും നിക്കോണും ഇറക്കിയ ബോഡികള്‍ പരീക്ഷണടിസ്ഥാനത്തില്‍ ഇറക്കിയവയാണ്. അവ പ്രൊഫഷണലുകളെ ഉദ്ദേശിച്ചല്ല. ആയിരുന്നെങ്കില്‍ അവര്‍ക്ക് അനിവാര്യമായ ഇരട്ട മെമ്മറി കാര്‍ഡ് സ്ലോട്ട് നല്‍കുമായിരുന്നു. ഇനി ഇറക്കുന്ന ബോഡികളില്‍ പ്രൊഫഷണലുകള്‍ക്ക് താത്പര്യജനകമായ ഫീച്ചറുകള്‍ കണ്ടേക്കും.

നിക്കോണ്‍ ഇറക്കുന്ന അടുത്ത പ്രധാന മിറര്‍ലെസ് ബോഡിക്ക് 60 എംപി സെന്‍സറായിരിക്കും ഉണ്ടാകുക എന്നു പറയുന്നു. സോണിയില്‍ നിന്ന് ഈ സെന്‍സര്‍ വാങ്ങിയതായി ചില വാര്‍ത്തകള്‍ പറയുന്നു. ഈ സെന്‍സര്‍ വച്ച് ചിലപ്പോള്‍ ഡിഎസ്എല്‍ ആറും (ഉദാ: ഡി850യുടെ പിന്‍ഗാമി) ഇറക്കാനും സാധ്യതയുണ്ട്. അതേസമയം ക്യാനന്റെ അടുത്ത പ്രധാന മിറര്‍ലെസ് ക്യാമറയുടെ സെന്‍സര്‍ 63 എംപി എങ്കിലും ഉള്ളതായിരിക്കുമെന്നു പറയുന്നു. എന്തായാലും കുറച്ചു വര്‍ഷങ്ങള്‍ കൂടെ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വാഴുക തന്നെ ചെയ്‌തേക്കുമെന്നാണ് സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA