ADVERTISEMENT

6കെ വിഡിയോ റെക്കോഡു ചെയ്യാവുന്ന ഒരു ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്ന് പാനസോണിക് അറിയിച്ചു. ലൂമിക്‌സ് ഡിസി-എസ്1എച് (Lumix DC-S1H) എന്ന പേരില്‍ ഒരുങ്ങുന്ന ക്യാമറ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. വിഡിയോ റെക്കോഡിങ്ങില്‍ മികവു തെളിയിച്ച ജിഎച്5, ജിഎച്5എസ് തുടങ്ങിയ മൈക്രോ ഫോര്‍ തേഡ്‌സ് ക്യാമറകളുടെ നിര്‍മാതാക്കളില്‍ നിന്നിറങ്ങാന്‍ പോകുന്ന ക്യാമറ എന്ന നിലയില്‍ ഇത് പാനസോണിക്കിന്റെ പ്രഖ്യാപനം ക്യാമറ പ്രേമികളില്‍ ജിജ്ഞാസയുണര്‍ത്തുന്നു.

 

എസ്1എചിന്റെ പ്രധാന ഫീച്ചര്‍ അതിന് 6കെ/24പി വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷി തന്നെയാണ്. എന്നാല്‍, ഇത് ഫുള്‍ഫ്രെയിം സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ചല്ല എന്നത് ചിലരിലെങ്കിലും ആവേശം തണുപ്പിക്കുകയും ചെയ്തു. 6 കെ വിഡിയോ സെന്‍സറിന്റെ 3:2 ഭാഗത്തു നിന്നുമാത്രമാകും റെക്കോർഡു ചെയ്യുക. 5.9 കെ വിഡിയോ, സെന്‍സറിന്റെ 16:9 ക്രോപ്പിലുമായിരിക്കും റെക്കോഡു ചെയ്യുക. എന്നാല്‍, 4കെയുടെ കാര്യം പറഞ്ഞാല്‍ 10-ബിറ്റ് 4കെ/60പി വിഡിയോ റെക്കോഡു ചെയ്യുമെന്നത് ചില വിഡിയോഗ്രാഫര്‍മാര്‍ക്ക് താത്പര്യജനകമായിരിക്കും. ഇതു കൂടാതെ 4:3 അടക്കം പല അനുപാതത്തിലും വിഡിയോ റെക്കോഡു ചെയ്യാനാകുമെന്നും പറയുന്നു. റെക്കോഡിങ് ലിമിറ്റില്ല. ബാറ്ററി തീരുന്നതു വരെ വിഡിയോ പിടിക്കാം. പാനസോണിക്കിന്റെ പ്രൊഫഷണല്‍ സിനിമ ക്യാമറയായ വേരിക്യാമിന്റെയത്ര മികവുള്ള വിഡിയോ വി-ലോഗും വി-ഗ്‌യമട്ടും ഉപയോഗിച്ചാല്‍ സൃഷ്ടിക്കാമെന്നാണ് കമ്പനി പറയുന്നത്. 14 സ്റ്റോപ്പിലേറെ ഡൈനാമിക് റെയ്ഞ്ച് ക്യാമറയ്ക്കുണ്ടെന്നാണ് പാനസോണിക് പറയുന്നത്.

 

അടുത്ത വര്‍ഷം തീരുന്നതിനു മുൻപ് 10 എല്‍ മൗണ്ട് ലെന്‍സുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പാനസോണിക് പറഞ്ഞു. ഇഎഫ്, പിഎല്‍ അഡാപ്റ്ററുകള്‍ ഉപയോഗിച്ചാല്‍ അമ്പതിലേറെ സിനിമാ ലെന്‍സുകള്‍ ക്യാമറയില്‍ പിടിപ്പിക്കാമെന്നും അവര്‍ പറയുന്നു.

 

പാനസോണിക്കിനെ പ്രിയപ്പെട്ട വിഡിയോ റെക്കോഡിങ് ക്യാമറയാക്കിയ ജിഎച് സീരിസിന്റെ ഒരു ഫുള്‍ഫ്രെയിം വേര്‍ഷനാണിതെന്നു പറയാം. കൃത്യമായി അറിയില്ലെങ്കിലും 24 എംപി സെന്‍സറായിരിക്കാനാണ് വഴിയെന്നാണ് അനുമാനം. പാനസോണിക്കിന്റെ എസ്1, എസ്1ആര്‍ ക്യാമറകള അനുസ്മരിപ്പിക്കുന്ന ബോഡി ആയിരിക്കും. പക്ഷേ അതേ ബോഡി ആയിരിക്കില്ലെന്നും പറയുന്നു. അവയെക്കാള്‍ അല്‍പം കൂടെ വലുപ്പക്കൂടുതലാണ് പ്രതീക്ഷിക്കുന്നത്.

 

പ്രോ വിഡിയോഗ്രാഫര്‍മാരെയും സിനിമറ്റോഗ്രാഫര്‍മാരെയും മുന്നില്‍ കണ്ടു നിര്‍മിക്കുന്നതാണ് എസ്1എച് ക്യാമറ. ഫോട്ടോയ്‌ക്കൊപ്പം വിഡിയോയും റെക്കോഡു ചെയ്യാനാഗ്രിഹിക്കുന്ന വെഡിങ് ഫോട്ടോഗ്രാഫര്‍മാരായിരിക്കും പ്രധാന ലക്ഷ്യം. ഇതില്‍ റെക്കോർഡു ചെയ്യുന്ന വിഡിയോ, അധികം ക്വാളിറ്റി നഷ്ടപ്പെടാതെ ക്രോപ്പു ചെയ്യാനും റൊട്ടേറ്റുചെയ്യാനും സ്റ്റബിലൈസു ചെയ്യാനും എല്ലാം സാധിച്ചേക്കുമെന്നാണ് കരുതുന്നത്. എച്ഡിഎംഐ പോര്‍ട്ടു വഴി സെന്‍സറിന്റെ വിഡിയോ ഔട്ട്പുട്ട് നല്‍കാനും ശ്രമമുണ്ടെന്നു പറയുന്നു. എക്‌സ്‌റ്റേണല്‍ റെക്കോര്‍ഡറിലേക്ക് പ്രോറെസ്റോ (ProRes Raw) അല്ലെങ്കില്‍ സിനിമാ ഡിഎന്‍ജി റോ (CinemaDNG Raw) ഷൂട്ടു ചെയ്യാനുള്ള കഴിവും പ്രതീക്ഷിക്കുന്നു.

 

ക്യാമറാ ബോഡിയുടെ വില 4,000 ഡോളറായിരിക്കുമെന്നാണ് പറയുന്നത്. നേരത്തെ പുറത്തു വന്ന അഭ്യൂഹങ്ങള്‍ പ്രകാരം ഏകദേശം 6,000 ഡോളറായിരിക്കും വില എന്നു കേട്ടിരുന്നു. എന്തായാലും പാനസോണിക് എസ്1എച് ഗുണനിലവാരുമുള്ള വിഡിയോ ഷൂട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com