sections
MORE

സെക്കന്‍ഡില്‍ 90 ഫ്രെയിം ഷൂട്ടു ചെയ്യും കോംപാക്ട് ക്യാമറയുമായി സോണി

Sony-RX100-VII
SHARE

സോണിയുടെ RX100 സീരിസ് എക്കാലത്തും എങ്ങനെയാണ് ഒരു കോംപാക്ട് ക്യാമറ ഉണ്ടാക്കേണ്ടത് എന്നതിനെക്കുറിച്ച് മറ്റു കമ്പനികള്‍ക്കു ക്ലാസെടുക്കുന്നതു പോലെ തോന്നിച്ചിരുന്നു. ഇത്രയും കാര്യങ്ങള്‍ ഒരു കോംപാക്ട് ക്യാമറയെക്കൊണ്ടു ചെയ്യിക്കാമെന്ന് ഫൊട്ടാഗ്രഫി ലോകത്തിനു കാണിച്ചുകൊടുത്ത സീരിസാണിത്. അതിലെ ഏറ്റവും പുതിയ അംഗമാണ് RX100-VII. (മുഴുവന്‍ പേര് Cyber-shot DSC-RX100 VII.) സോണി  സ്വന്തമായി നിര്‍മിച്ച, 20എംപി, 1'' സറ്റാക്ഡ് സീമോസ് സെന്‍സറിന്മേല്‍ പടുത്തുയര്‍ത്തിതാണ് മറ്റു ഫീച്ചറുകളെല്ലാം. ഇതിനു തൊട്ടുമുൻപുളള ക്യാമറയുടെ സൂം ലെന്‍സ് ( 24-200mm F2.8-4.5) തന്നെയാണ് പുതിയ ക്യാമറയ്ക്കും ലഭിച്ചിരിക്കുന്നത്.

ഓട്ടോഫോക്കസ്

ഓട്ടോഫോക്കസിന്റെ കാര്യത്തില്‍ മിറര്‍ലെസ് ക്യാമറകളും ഡിഎസ്എല്‍ആറുകളും പക്ഷികളെ പോലെയാണെങ്കില്‍ കുറച്ചു കാലം മുൻപുള്ള കോംപാക്ട് ക്യാമറകള്‍ കോഴികളെ പോലെയാണ്. അവയുടെ ചടുലതയില്ലാത്തതും തീര്‍ച്ചയും തീരുമാനവുമില്ലത്തതുമായ ഓട്ടോഫോക്കസ് സിസ്റ്റങ്ങള്‍ പലപ്പോഴും വേണ്ട ചിത്രങ്ങള്‍ ലഭിക്കാതെ പോകാനിടവന്നിട്ടുണ്ടെന്ന് ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് അറിയാം. അതിനൊരു പരിഹാരമാണ് സോണി ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്. തത്സമയ ട്രാക്കിങ്, തത്സമയ ഐഓട്ടോഫോക്കസ് എന്നീ അത്യുജ്വല ഫീച്ചറുകള്‍ ഓട്ടോഫോക്കസിന്റെ കാര്യത്തില്‍ ഈ ക്യമറയെക്കാള്‍ മികച്ച ഒരു കോംപാക്ട് ക്യാമറയും ലോകത്ത് ഇന്നു വാങ്ങാന്‍ കിട്ടില്ല എന്നുറപ്പാക്കുന്നു. ഓട്ടോഫോക്കസിന് പുകള്‍പെറ്റ സോണി എ9, എ6400 എന്നീ മോഡലുകളില്‍ നിന്നു പറിച്ചു നട്ടതാണ് ഈ സിസ്റ്റമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രായോഗിക തലത്തില്‍ പരിമിതികളുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. തത്വത്തില്‍ നിലവില്‍ ഒരു കോംപാക്ട് ക്യാമറയ്ക്കും ഇല്ലാത്ത തരിത്തിലുള്ള അതിഗംഭീര ഓട്ടോഫോക്കസ് സിസ്റ്റമായിരിക്കും സോണി RX100 VII ന് ഉണ്ടായിരിക്കുക. ആക്ഷന്‍ ഷോട്ടുകള്‍ പോലും മികവോടെ എടുക്കാനാകുമെന്നതാണ് സോണിയുടെ ഏറ്റവും വലിയ അവകാശവാദം. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഈ ക്യാമറ, പറയുന്നതു പോലെ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചേക്കും. എന്നാല്‍ വെളിച്ചക്കുറവിലും മറ്റും എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും കണ്ണുകള്‍ തിരിച്ചരിഞ്ഞ് അവയില്‍ ഫോക്കസ് ഉറപ്പിക്കാനുള്ള കഴിവാണ് ഇതിനെ വേറിട്ട കോംപാക്ട് ക്യാമറയാക്കുന്നത്. ഫീച്ചറുകള്‍ സോണി പരിചയപ്പെടുത്തുന്നത് ഈ വിഡിയോയില്‍ കാണാം: https://bit.ly/2Yh4IRb

ഷൂട്ടിങ് സ്പീഡ്

വ്യൂഫൈന്‍ഡറില്‍ കണ്ടുകൊണ്ട് സെക്കന്‍ഡില്‍ 20 ഫ്രെയിം ഷൂട്ടുചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു ഫീച്ചര്‍. വ്യൂഫൈന്‍ഡര്‍ ബ്ലാക്ഔട്ട് ഉണ്ടാവില്ല. എന്നാല്‍ സെക്കന്‍ഡില്‍ 90 ഫ്രെയിം എന്ന തോതിലും ചിത്രങ്ങള്‍ എടുക്കാം. എന്നാല്‍ അധികം സാഹചര്യങ്ങളില്‍ ഇത് ഉപകാരപ്പെടുമെന്നു തോന്നുന്നില്ല. ഒറ്റ ബേസ്റ്റില്‍ 90 ഫ്രെയിം ഒന്നും എടുക്കാനുള്ള ബഫര്‍ ഈ ക്യാമറയ്ക്കില്ല. 7 ഫ്രെയിം മാത്രമാണ് കിട്ടുക. ഷട്ടര്‍ അമര്‍ത്തിയാല്‍ ഫോക്കസും എക്‌സ്‌പോഷറും ലോക് ചെയ്യപ്പെടും. ഷട്ടറില്‍ നിന്ന കൈ എടുത്താല്‍ മാത്രമേ വീണ്ടും ഷൂട്ട് ചെയ്യാനൊക്കൂ. ചില സാഹചര്യങ്ങളില്‍ ഇതും ഉപകാരപ്പെട്ടേക്കാം. സബ്ജക്ട് അനങ്ങിയിട്ടില്ലെങ്കില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ്‌പ്രോസസിങ് സോഫ്റ്റ്‌വെയറില്‍ സ്റ്റാക്കു ചെയ്താല്‍ നോയ്‌സ് കുറഞ്ഞ ചിത്രങ്ങള്‍ ലഭിക്കും.

വിഡിയോ

റോളിങ് ഷട്ടറിന്റെ ഉപദ്രവമില്ലാതെ, യുഎച്ഡി 4കെ വിഡിയോ ഷൂട്ടു ചെയ്യാനാകും. 1080 പി വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വരെയും ഹൈസ്പീഡ് വിഡിയോ സെക്കന്‍ഡില്‍ 1000 ഫ്രെയിം വരെയും ഷൂട്ടു ചെയ്യാം. മികച്ച ഓപ്ടിക്കല്‍, ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷനാണ് ഇതിന്റെ മറ്റൊരു എടുത്തുപറയേണ്ട ഫീച്ചര്‍. മൈക്രോഫോണ്‍ സോക്കറ്റ് ഉണ്ടെന്നത് ചില ഉപയോക്താക്കളുടെ സ്വപ്‌ന ക്യാമറയാകാന്‍ സാധ്യതയുണ്ട്. വിഡിയോ പോര്‍ട്രെയ്റ്റ് ഓറിയന്റേഷനിലും പ്ലേ ചെയ്യാം.

സോണിയുടെ പ്ലേ മെമ്മറി ക്യാമറ ആപ്‌സുമായി (PlayMemories Camera Apps) പുതിയ മോഡലിന് ബന്ധമുണ്ടാവില്ല എന്നത് സോണിയുടെ കോംപാക്ട് ക്യാമറകള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യമായിരിക്കും. ഇന്റര്‍വലോമീറ്റര്‍ ക്യാമറയില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

sony-cybershot-rx100_vii

ബാറ്ററി ലൈഫ് അധികം കിട്ടില്ല. യാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ കൂടുതല്‍ ബാറ്ററികള്‍ കൂടെ കരുതുന്നത് ഉചിതമായിരിക്കും. എന്നാല്‍ യുഎസ്ബി ചാര്‍ജിങ് ഉണ്ടെന്നത് അനുഗ്രഹമാണ്. ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍ പോപ്-അപ് ചെയ്യാം. പ്രവര്‍ത്തനം നിയന്ത്രിക്കാവുന്ന ടച്‌സ്‌ക്രീന്‍ പാനല്‍ മുകളിലേക്കും താഴേക്കും ഫ്‌ളിപ് ചെയ്യാം. ഈ മോഡലിന്റെ വില 1200 ഡോളറായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA