ADVERTISEMENT

ഈ വര്‍ഷത്തെ ഐഫോണുകളെ വേര്‍തിരിച്ചു നിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിന്റെ 13 മെഗാപിക്സൽ വൈഡ് ആംഗിള്‍ ലെന്‍സാണ്. ഈ ലെന്‍സ് മൂന്നു മോഡലുകളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

പ്രധാന ക്യാമറ

 

മൂന്നു മോഡലുകള്‍ക്കും 12 എംഎം വൈഡ് ആംഗിള്‍ 26 എംഎം ക്യാമറയുമുണ്ട്. ഇതിനു മുന്‍ വര്‍ഷത്തെ മോഡലുകളില്‍ കണ്ട ക്യാമറാ മൊഡ്യൂളല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുള്ള ഈ ക്യാമറയ്ക്ക് നൂറു ശതമാനം ഫോക്കസ് പിക്‌സല്‍സ് ('100 per cent focus pixels') ഉണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. എന്നു പറഞ്ഞാല്‍ കമ്പനി ഉദ്ദേശിച്ചത് സ്പ്ലിറ്റ് ഫോട്ടോസൈഡ്‌സ് ഉള്ള ഒരു ഡ്യൂവല്‍ പിക്‌സല്‍ സെന്‍സാറാണ് നല്‍കിയിരിക്കുന്നതെന്ന് അനുമാനിക്കാം.

 

അള്‍ട്രാ വൈഡ്

 

ക്യാമറാ ഫോണ്‍ ടെക്‌നോളജിയില്‍ ഒരു മൈല്‍ മുന്നില്‍ നിന്നിരുന്ന ഐഫോണ്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വല്ലാതെ പിന്നോട്ടു പോയിരുന്നു. ക്യാമറാ സിസ്റ്റത്തിന്റെ കുറവുകളിലൊന്ന് ഒരു വൈഡ് ആംഗിള്‍ ലെന്‍സിന്റെ അഭാവമായിരുന്നു. ഈ വര്‍ഷം മൂന്നു മോഡലുകൾക്കും വൈഡ് ആംഗിള്‍ ലെന്‍സ് നല്‍കിയാണ് കമ്പനി ഈ പ്രശ്നം പരിഹരിച്ചത്. പുതിയ 13എംഎം, f/2.4 ലെന്‍സിന് 120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ആണുളളത്. ക്യാമറയ്ക്കുള്ളിലുള്ള ഒരു ഫീച്ചര്‍ നിങ്ങള്‍ക്ക് പ്രധാന ക്യാമറയാണോ, അള്‍ട്രാ വൈഡ് ആണോ ഒരു സാഹചര്യത്തില്‍ കൂടുതല്‍ മികച്ചതെന്നു കാണിച്ചു തരുമെന്ന് പറയുന്നു. മറ്റൊരു പ്രധാന മാറ്റം 26എംഎം ക്യാമറയ്ക്കും ഇപ്പോള്‍ പോര്‍ട്രെയ്റ്റ് മോഡ് സാധ്യമാണ് എന്നതാണ്. അള്‍ട്രാ വൈഡ് ക്യാമറ ഡെപ്ത് മാപ്പിങ് വിവരങ്ങള്‍ കൈമാറുന്നതിനാലാണ് ഇതു സാധിക്കുന്നത്. പോര്‍ട്രെയ്റ്റ് റീലൈറ്റിങ് ഉപയോഗിച്ച് ഹൈ-കീ ലൈറ്റ് മോണോ ഫോട്ടോകള്‍ എടുക്കാമെന്നും കമ്പനി പറയുന്നു. 

 

ടെലി ലെന്‍സ്

iphone-11-5

 

11 പ്രോ, 11 പ്രോ മാക്‌സ് മോഡലുകള്‍ക്ക് ടെലി ഫോട്ടോ മോഡും ഉണ്ട്. ഇതിന് 12 എംപി സെന്‍സറാണ്. ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.

 

നൈറ്റ് മോഡ്

 

ഇരുണ്ട സാഹചര്യങ്ങളില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തനിയെ ഉണരുന്നതാണ് നൈറ്റ് മോഡ്. അഡാപ്റ്റീവ് ബ്രാക്കറ്റിങ് എന്ന് ആപ്പിള്‍ വിളിക്കുന്ന എക്‌സ്‌പോഷര്‍ ബ്രാക്കറ്റിങ്ങിലൂടെ പല ഫോട്ടോകളെ ഒരുമിപ്പിച്ചാണ് ചിത്രം സൃഷ്ടിക്കുന്നത്. ഷട്ടര്‍ സ്പീഡുകള്‍ ക്രമീകരിച്ച് ലോങ് എക്‌സ്‌പോഷറും ഷോട്ട് എക്‌സ്‌പോഷറും തീരുമാനിക്കാം. ഇതിലൂടെ ഫ്രെയ്മില്‍ ചലിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അതു സൃഷ്ടിക്കാവുന്ന ചലന പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. 

 

night-mode-iphone-11

ഡീപ് ഫ്യൂഷന്‍ എന്ന രഹസ്യായുധം

 

താമസിയാതെ എത്തുന്ന ഒരു ഫീച്ചറാണ് ഡീപ് ഫ്യൂഷന്‍. ഇതിലൂടെ 9 ഫ്രെയിം ഒരുമിപ്പിച്ച് 24 എംപി ഫോട്ടോ എടുക്കാമെന്നതാണ് മികവ്. കുറഞ്ഞ ഷട്ടര്‍ ലാഗിലൂടെ ഫോട്ടോയ്ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടായേക്കാവുന്ന വൈകല്യങ്ങള്‍ പരിഹരിക്കാമെന്നാണ് കമ്പനി കരുതുന്നത്. ബ്ലേര്‍, ഗോസ്റ്റിങ് തുടങ്ങിയവ ഒഴിവാക്കിയായിരിക്കും ഹൈ-റെസലൂഷന്‍ സൃഷ്ടിക്കുക. ഇത് ഐഫോണ്‍ ഉടമകള്‍ക്ക് മുന്‍പ് പരിചയമില്ലാത്ത ഒന്നായിരിക്കും. 

 

വിഡിയോ

 

മൂന്നു ഫോണുകള്‍ക്കും ഇപ്പോള്‍ 4കെ 60പി ഫുട്ടേജ് പിടിച്ചെടുക്കാന്‍ കഴിയും. കൂടാതെ അതിന്റെ മികവു വര്‍ധിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ പുതിയ മികവിനെ വിളിക്കുന്നത് എക്‌സ്റ്റെന്‍ഡഡ് ഡൈനാമിക് റെയ്ഞ്ച് എന്നാണ്. ഒപ്ടിക്കല്‍, ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷനുകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നതാണ് മികച്ച വിഡിയോ ലഭിക്കുന്നതിന്റെ മറ്റൊരു കാരണം. മുന്‍ ക്യാമറയ്ക്കും 4കെ 60 പി വിഡിയോയും 4കെ ഇഡിആര്‍ വിഡിയോയും റെക്കോഡു ചെയ്യാനാകും. 

 

മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന സ്ലോ മോഷന്‍, ടൈം ലാപ്‌സ് മോഡുകളുമുണ്ട്. പ്രോ മോഡലുകളുടെ മൂന്നു ക്യാമറകളും ക്യാലിബറേറ്റ് ചെയ്തിരിക്കുന്നതിനാല്‍ വിഡിയോ ഷൂട്ടു ചെയ്യുന്നതിനിടയില്‍ ലെന്‍സുകള്‍ മാറി മാറി ഉപയോഗിച്ചാലും പ്രശ്‌നം സൃഷ്ടിക്കില്ലെന്നാണ് അറിയുന്നത്. 

 

സ്‌ക്രീന്‍ റെസലൂഷന്‍

 

ഫോട്ടോ എടുത്താല്‍ മാത്രം പോരല്ലോ അവ കാണുകയും വേണമല്ലോ. അതിനാണ് പുതിയ സ്‌ക്രീനുകളുടെ മികവ്. ഐഫോണ്‍ 11 6.1' 326ppi എല്‍സിഡി 'XDR' ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. 11 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്ക് 458 ppi ഓലെഡ് എച്ഡിആര്‍ ഡിസ്‌പ്ലേകളാണുള്ളത്. ഇവയ്ക്ക് യഥാക്രമം 5.8', 6.5' വലുപ്പമാണുള്ളത്. മൂന്നു ഡസ്‌ക്രീനുകള്‍ക്കും P3 വൈഡ് കളര്‍ ഗമട്ട് ഡിസ്‌പ്ലെയാണുള്ളത്. എച്ഡിആര്‍ വിഡിയോ കണ്ടെന്റിൽ ഇവയുടെ മികവ് കാണാനാകും.

 

പ്രോ മോഡലുകളുടെ കോണ്‍ട്രാസ്റ്റ് റേഷ്യോ 2,000,000:1 ആണ്. ഈ ഓലെഡ് സ്‌ക്രീനുകള്‍ക്ക് സൂര്യപ്രകാശത്തില്‍ 800 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ലഭിക്കും. എച്ഡിആര്‍ ഫോട്ടോയും വിഡിയോയും കാണുമ്പോള്‍ 1200 നിറ്റസ് ആയി ബ്രൈറ്റ്‌നസ് വര്‍ധിക്കും.

 

ഐഫോണ്‍ 11ന്റെ എല്‍സിഡി സ്‌ക്രീനിന് 1400:1 മാത്രമാണ് കോണ്‍ട്രാസ്റ്റ് റേഷ്യോ. അതിന്റെ പരമാവധി ബ്രൈറ്റ്‌നസ് 625 നിറ്റസ് ആയിരിക്കും. എന്നാല്‍ മൂന്നു സ്‌ക്രീനുകള്‍ക്കും പി3 കള്‍ ഗമട്ട് ഉണ്ട്. ഡോള്‍ബി വിഷന്‍, എച്ഡിആര്‍ 10 ഫീച്ചര്‍ എന്നിവയും ഉണ്ട്. ഇവയെല്ലാം ഫോണുകളുടെ സ്‌ക്രീനില്‍ വിഡിയോയും ഫോട്ടോയും മറ്റും കാണുമ്പോള്‍ ഉപകാരപ്പെടും.

 

മുന്‍ ക്യാമറാ സിസ്റ്റം

 

മുന്നിലെ ട്രൂ ഡെപ്ത് ക്യാമറാ സിസ്റ്റം അപ്‌ഗ്രേഡു ചെയ്തിട്ടുണ്ട്. 12 എംപി റെസലൂഷനാണ് ഇപ്പോള്‍ ക്യാമറയ്ക്കുള്ളത്. പോര്‍ട്രെയ്റ്റ് മോഡില്‍ ചിത്രമെടുത്താല്‍ ഇതിന് 7എംപി റെസലൂഷനും ലാന്‍ഡ്‌സെകെയ്പ് മോഡില്‍ ഷൂട്ടു ചെയ്താല്‍ 12 എംപി റെസലൂഷനും ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ സ്ലോമോഷന്‍ എടുക്കാനുള്ള ശേഷിയും പുതിയ മുന്‍ ക്യാമറയ്ക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com