sections
MORE

ഐഫോണ്‍ X, സാംസങ്, പിക്‌സല്‍ ക്യാമറകളില്‍ ഏതാണു നല്ലത്? ആനന്ദ് മഹീന്ദ്രയ്ക്കു പറയാനുള്ളത്...

anand-mahindra-tweet
SHARE

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വര്‍ഷാവര്‍ഷം സ്മാര്‍ട് ആയിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ ആരാധകര്‍ക്ക് തങ്ങളുടെ ഇഷ്ട ബ്രാന്‍ഡിനെക്കുറിച്ച് മോശമായി എന്തെങ്കിലും പറയുന്നതു പോലും ഇഷ്ടമല്ല. വിമര്‍ശനം കാര്യകാരണ സഹിതമാണെങ്കില്‍ പോലും ആരാധകര്‍ക്ക് നെഞ്ചുപൊട്ടും. എല്ലാഫോണുകളും പരീക്ഷിച്ചു നോക്കിയിട്ടോ, അല്ലെങ്കില്‍ അവയുടെ മികവിനെക്കുറിച്ച് മികച്ച ഗുണപരിശോധകര്‍ എന്തു പറയുന്നു എന്നതു പോലുമോ പരിഗണിക്കാതെയാണ് പ്രതികരണമെന്നതും കാണാം.

അപ്പോള്‍ സാംസങ്ങിനാണോ, ഐഫോണ്‍ Xനാണോ, ഗൂഗിള്‍ പിക്‌സലിനാണോ ഏറ്റവും നല്ല ചിത്രമെടുക്കാനാകുക? ഇന്റര്‍നെറ്റ് ഓരോവര്‍ഷവും പല തവണ ചര്‍ച്ച ചെയ്യുന്നതാണ് ഈ പ്രശ്‌നം. ഡിഎസ്എല്‍ആര്‍ ക്വാളിറ്റി എന്നൊക്കെ പറഞ്ഞാണ് ചില സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുന്നത്. നല്ല പ്രകാശമുള്ള സ്ഥലത്തുവച്ച് തൃപ്തികരമായ ഫോട്ടോകള്‍ എടുക്കാന്‍ ഇന്നത്തെ പല സ്മാര്‍ട് ഫോണുകള്‍ക്കും കഴിയും. എന്നുവച്ച് അവയ്ക്ക് അടുത്ത വര്‍ഷങ്ങളിലൊന്നും പ്രൊഫഷണല്‍ ക്യാമറകളുടെ മികവു സിദ്ധിക്കില്ലെന്ന കാര്യവും ഉറപ്പാണെന്നു പറഞ്ഞ് ഇപ്പോള്‍ പല പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരും ഇത്തരം ചര്‍ച്ചകളില്‍ ആകൃഷ്ടരാകാറുമില്ല. പ്രൊഫഷണല്‍ ലെന്‍സുകളുടെ മികവും ഫയലുകളുടെ ഡൈനാമിക് റെയ്ഞ്ചുമടക്കമുള്ള ഒരു കാര്യത്തിലും സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ തത്കാലം വെല്ലുവിളിയാകില്ല എന്നാണ് അവരുടെ പ്രതികരണം.

എന്തായാലും ഈ വിഷയത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹിന്ദ്രാ ഗ്രൂപ്പിന്റെ മേധാവി ആനന്ദ് മഹീന്ദ്ര നടത്തിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. അദ്ദേഹം പ്രൊഫഷണല്‍ ക്യാമറകളുമായി താരതമ്യം ചെയ്യാനൊന്നും ഒരുങ്ങിയില്ല. മറിച്ച് ഐഫോണ്‍ X, ഗൂഗിള്‍ പിക്‌സല്‍ മോഡൽ (പിക്‌സല്‍ 3?) തമ്മിലുള്ള ഒരു താരതമ്യമാണ് ട്വീറ്റു ചെയ്തത്. മാന്‍ഹട്ടനിലായിരുന്നു ആനന്ദ് മഹീന്ദ്ര. ചാന്ദ്ര ശോഭ നിറഞ്ഞ ഒരു മാന്‍ഹട്ടന്‍ ചിത്രം പോസ്റ്റു ചെയ്ത കൂട്ടത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ചന്ദ്ര ദീപ്തിയില്‍ കുളിച്ച മാന്‍ഹട്ടന്‍. എന്റെ പിക്‌സല്‍ ഐഫോണ്‍ Xനെക്കാളും ഷാര്‍പ്പായ ഫോട്ടോ എടുക്കുന്നു എന്ന് എനിക്കു സമ്മതിക്കേണ്ടതായി വരും.

ആരോ പറഞ്ഞു സാംസങ് ഇതിലും ഭേദമാണെന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അവസരം മുതലാക്കാനായി ഇതിനു മറുപടിയുമായി സാംസങ് ഔദ്യോഗികമായി തന്നെ ചാടി വീണു: മി. മഹീന്ദ്രാ, നിങ്ങള്‍ കേട്ടതു ശരിയാണ്. പക്ഷേ താങ്കള്‍ ഇതുവരെ കേള്‍ക്കേണ്ടതു മുഴുവനും കേട്ടില്ല. സാംസങ് ഗ്യാലക്‌സി നോട്ട് 10 പ്ലസിന്റെ പ്രോ ഗ്രെയ്ഡ് ക്യാമറ ദൈനംദിന ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും ഐതിഹാസിക മാനം നല്‍കുന്നു. സാംസങ്ങിനൊപ്പം തങ്കളുടെ ഫോട്ടോകളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തൂ! എന്നാണ് സാംസങ് ഇന്ത്യ പ്രതികരിച്ചത്. 

മഹീന്ദ്രയുടെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധിപേര്‍ അതു റീട്വീറ്റ് ചെയ്യുകയും പലരും അതിനോടു പ്രതികരിക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണ് കമന്റിനെ ലൈക് ചെയ്തിരിക്കുന്നത്. പതിവുപോലെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. 

രണ്ടു തലമുറ പിന്നിലുള്ള ഐഫോണ്‍ ക്യാമറയെക്കുറിച്ചാണ് ആനന്ദ് മഹിന്ദ്ര പ്രതികരിക്കുന്നത് എന്നാണ് ആപ്പിള്‍ ആരാധകരുടെ പരാതി. എന്നാല്‍, ഐഫോണ്‍ XS/മാക്‌സ് മോഡലുകളും പ്രകാശക്കുറവുള്ള സ്ഥലങ്ങളില്‍ പിക്‌സല്‍ 3യ്‌ക്കൊപ്പം എത്തില്ല. എന്നാല്‍, ഈ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോ മോഡലുകളില്‍ ആപ്പിള്‍ നൈറ്റ് മോഡുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയില്‍ എക്കാലത്തും ഒരു പടി മുന്നില്‍ നിന്നിരുന്ന ഗൂഗിള്‍ പിക്‌സലിന്റെ ഈ വര്‍ഷത്തെ മോഡല്‍ അടുത്തിടെ ഇറങ്ങിക്കഴിയുമ്പോള്‍ മാത്രമെ ഇവ തമ്മില്‍ താരതമ്യം ചെയ്യാനാകൂ. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയില്‍ പുതിയ 'വേലത്തരങ്ങളുമായി' തന്നെയായിരിക്കും ഗൂഗില്‍ പിക്‌സല്‍ 4, വാവെയ് മെയ്റ്റ് 30 പ്രോ തുടങ്ങിയ ഫോണുകള്‍ ഇറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA