sections
MORE

സെക്കന്‍ഡില്‍ 11 ഫോട്ടോ എടുക്കാം, Z50 ക്യാമറയ്‌ക്കൊപ്പം, 'ബ്രഹമാണ്ഡ' ലെന്‍സും

nikon-lens
SHARE

നിക്കോണ്‍ കമ്പനിയുടെ ആദ്യ എപിഎസ്-സി മിറര്‍ലെസ് ക്യാമറ ബോഡിയാണ് സെഡ് 50 (Z50). ഈ ക്യാമറയ്ക്കായി അതിന്റെ കിറ്റിനൊപ്പമുള്ള ലെന്‍സായി 16-50mm F3.5-6.3 ഉം, ടെലി സൂമായി 50-250mm F4.5-6.3 ലെന്‍സും പുറത്തിറക്കി. ഇവയ്‌ക്കൊപ്പം നിരവധി സവിശേഷതകളുള്ള നോക്ട് ( 'Noct') എന്നു വിളിക്കുന്ന 58mm F0.95 ഫുള്‍ഫ്രെയിം ലെന്‍സും പുറത്തിറക്കി. ഇതിന്റെ വില 8,000 ഡോളറായിരിക്കും.

ആദ്യം ക്യാമറയെ പരിചയപ്പെടാം

നിക്കോണ്‍ ഡി500 ക്യാമറയിലേതിനു സമാനമായ സെന്‍സറുള്ള, 21എംപി ( 21MP BSI CMOS APS-C) സെന്‍സറാണ് നിക്കോണിന്റെ കന്നി ക്രോപ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറയായ സെഡ് 50 ക്യാമറയ്ക്കുള്ളത്. (Z Z എന്ന അക്ഷരം ഉച്ചരിക്കുന്നതിനെക്കുറിച്ച് ഒരു വാക്ക്. പേര് പറയുന്നത് സീ (Z) എന്നൊക്കെ നിക്കോണ്‍ പറഞ്ഞിരുന്നെങ്കിലും അമേരിക്കയിലും കാനഡിയിലുമൊഴികെ എല്ലായിടത്തും ഇപ്പോള്‍ 'സെഡ്' എന്നാണ് അറിയപ്പെടുന്നത്. തങ്ങളെ ഉച്ചാരണം പഠിപ്പിച്ചും മറ്റും നിക്കോണ്‍ ബുദ്ധിമുട്ടേണ്ട എന്നാണ് വന്ന പ്രതികരണം. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ അവര്‍ നിക്കോണ്‍ എന്നല്ല പറയുന്നത്, നൈക്കോണ്‍ എന്നാണ്. എന്നാല്‍ നിക്കോണിന്റെ സ്വന്തം രാജ്യമായ ജപ്പാനില്‍ ഇതിനെ നിക്കോണ്‍ എന്നു തന്നെയാണ് വിളിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍, ബ്രിട്ടിഷ് ഉച്ചരാണം പിന്തുടരുന്നുവെന്നു കരുതുന്ന ഇന്ത്യയില്‍ ഇതിനെ സെഡ് എന്നു തന്നെയാണ് വിളിക്കേണ്ടത്.) ഓണ്‍-സെന്‍സര്‍ ഫെയ്‌സ് ഡിറ്റെക്ഷനുള്ള ബോഡിയാണിത്. എന്നാല്‍ നിക്കോണിന്റെ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളെ പോലെ ഈ ബോഡിക്ക് ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ ഇല്ല. ബോഡി വലുപ്പം കുറച്ചു നിര്‍മിക്കാനാണ് ഇതുപേക്ഷിച്ചതെന്നാണ് കമ്പനി പറഞ്ഞത്.

നിര്‍മാണ മികവ് തോന്നുന്ന ബോഡിയാണ് സെഡ് 50ന്റേത്. ഒരു പരിധിവരെ വെതര്‍ സീലീങും ഉണ്ട്. താഴേക്കു ചെരിക്കാവുന്ന, 3.2-ഇഞ്ച് വലുപ്പമുള്ള ടച് -സ്‌ക്രീന്‍ എല്‍സിഡിയാണ് ഇതിനുള്ളത്. മികച്ച ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡറും (2.36M-dot OLED EVF) ഉണ്ട്. പുതിയ EN-EL25 ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ബാറ്ററിയായതിനാല്‍, ഒറ്റ ഫുള്‍ ചാര്‍ജില്‍ ഏകദേശം 300 ഷോട്ടുകളായിരിക്കും എടുക്കാനാകുക. ബാറ്ററി ക്യാമറയില്‍ വച്ചു തന്നെ ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി പോര്‍ട്ട് ഉണ്ട്. 

കണ്ടിന്യുവസ് ഓട്ടോഫോക്കസോടു കൂടി സെക്കന്‍ഡില്‍ 11 ഫ്രെയിം ഷൂട്ടു ചെയ്യാമെന്നത് ഈ ക്യാമറയുടെ പ്രധാന മികവുകളിലൊന്നാണ്. സെക്കന്‍ഡില്‍ 24 അല്ലെങ്കില്‍ 30 ഫ്രെയിം 4കെ വിഡിയോയും ഷൂട്ടു ചെയ്യാം. സെക്കന്‍ഡില്‍ 120 ഫ്രെയിം ഷൂട്ടു ചെയ്യണമെങ്കില്‍ റെസലൂഷന്‍ ഫുള്‍എച്ഡി ആയി കുറയും.

ബോഡിക്കൊപ്പം ഇറക്കിയിരിക്കുന്നത് രണ്ടു ലെന്‍സുകളാണ്. കിറ്റ് ലെന്‍സായ Z DX 16-50mm F3.5-6.3 VRനെ പാന്‍ കെയ്ക് സൂം എന്നു വേണമെങ്കില്‍ വിളിക്കാം. 4.5 സ്റ്റോപ് ഇമേജ് സ്റ്റബിലൈസേഷനുള്ള ലെന്‍സിന് കണ്ട്രോള്‍ റിങും ഉണ്ട്. കൂടെയുള്ള ടെലി ലെന്‍സിന് 5 സ്റ്റോപ് ഇമേജ് സ്റ്റബിലൈസേഷന്‍ ലഭിക്കും. അതിനും കണ്ട്രോള്‍ റിങ് ഉണ്ട്. 

സെഡ് 50 ബോഡി മാത്രം മതിയെങ്കില്‍ (എഫ് റ്റു സെഡ് അഡാപ്റ്റര്‍ ഉപയോഗിച്ചാല്‍ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ലെന്‍സുകള്‍ ഉപയോഗിക്കാം) 859 ഡോളറായിരിക്കും വില. കിറ്റ് ലെന്‍സിനൊപ്പമാണെങ്കില്‍ 999 ഡോളര്‍ നല്‍കേണ്ടിവരും. ടെലി ലെന്‍സും ഒപ്പം വാങ്ങിയാല്‍ 1349 ഡോളര്‍ നല്‍കേണ്ടിവരും.

ഇന്‍സ്റ്റഗ്രാം തലമുറയ്ക്കുള്ള ക്യാമറയാണിതെന്നാണ് പറയുന്നത്. സ്മാര്‍ട് ഫോണുകളെക്കാള്‍ മികച്ച ഫോട്ടോയും വിഡിയോയും ഷൂട്ട് ചെയ്യാമെന്നതും ലെന്‍സുകള്‍ മാറി മാറി പിടിപ്പിക്കാമെന്നതും ഇതിന്റെ മികവാണ്. എന്നാല്‍ ഈ ഡിഎക്‌സ് സിസ്റ്റത്തില്‍ അധികം സ്വാഭാവിക (native) ലെന്‍സുകള്‍ അടുത്തെങ്ങും ഇറങ്ങിയേക്കല്ല എന്നത് ഗൗരവമുള്ള ഷൂട്ടര്‍മാരെ ഇതില്‍ നിന്ന് അകറ്റി നിർത്തിയേക്കും. എന്നാല്‍ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സെക്കന്‍ഡ് ബോഡി ആയും മറ്റും ഉപയോഗിക്കാം. എല്ലാ ഫുള്‍ ഫ്രെയിം ലെന്‍സുകളും ഇവയില്‍ ഉപയോഗിക്കാം. ഫോക്കല്‍ ലെങ്തില്‍ വ്യത്യാസം വരുമെന്നേയുള്ളൂ.

ഡിഎസ്എല്‍ആര്‍ നിര്‍മാണം നിർത്തില്ലെന്നു നിക്കോണ്‍

തങ്ങള്‍ ഡിഎസ്എല്‍ആറുകളും മിറര്‍ലെസ് ക്യാമറകളും നിര്‍മിക്കുമെന്ന് നിക്കോണ്‍ കമ്പനി പറഞ്ഞു. എല്ലാവര്‍ക്കും മിറര്‍ലെസ് ക്യാമറകളും ഇവിഎഫും ഇഷ്ടപ്പെട്ടിട്ടില്ലെന്നും ഇതിനാല്‍ രണ്ടു തരം ക്യാമറകളും ലെന്‍സുകളും നിര്‍മിക്കുമെന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ അധികം ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഇനി നിക്കോണ്‍ ഇറക്കിയേക്കില്ലെന്നു തന്നെയാണ് നിരീക്ഷകര്‍ പറയുന്നത്.

നോക്റ്റ് നിക്കോര്‍ എന്ന 'ഭീമന്‍' ലെന്‍സ്

കുറച്ചു കാലം മുൻപ് നിക്കോണിന് ഒരു 58 എംഎം മാനുവല്‍ ലെന്‍സ് ഉണ്ടായിരുന്നു. ഇതിന്റെ പേരായിരുന്നു നോക്ട് നിക്കോര്‍ ( 58mm f/1.2 Noct-NIKKOR). സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇപ്പോഴും ഇതിന് ഏകദേശം 3000 ഡോളര്‍ വിലയുണ്ട്. നോക്ട് എന്നു പറഞ്ഞാല്‍ രാത്രി. രാത്രി പകലാക്കാന്‍ കഴിവുള്ള ലെന്‍സ് എന്നാണ് ഈ പേരുകൊണ്ട് നിക്കോണ്‍ ഉദ്ദേശിക്കുന്നത്. നിക്കോണിന്റെ ഇതിഹാസ ലെന്‍സുകളിലൊന്നായിരുന്നു നോക്ട് നിക്കോര്‍. എന്നാല്‍ തങ്ങളുടെ മിറര്‍ലെസ് ശ്രേണി ഇറക്കിയപ്പോള്‍ ഇതേ പേരില്‍ ഒരു ബ്രഹ്മാണ്ഡ ലെന്‍സ് തന്നെ ഇറക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പുതിയ നിക്കോര്‍ 58mm F0.95 'Noct' പിറവിയെടുക്കുന്നത്.

ക്യാനന്റെ മിറര്‍ലെസ് ക്യാമറ ലെന്‍സുകളില്‍ ചിലതെല്ലാം അദ്ഭുതപ്പെടുത്തുന്നതായി പറയുന്നു. അത്തരത്തിലൊന്ന് അല്ലെങ്കില്‍ അവയെ മറികടക്കുന്ന ഒന്ന് ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നു വേണമെങ്കില്‍ പറയാം. എൻജിനീയറിങ് മികവിന്റെ ഉദാഹരണവും കൂടെയാണിത്. 10 ഗ്രൂപ്പുകളിലായി 17 എലമെന്റുകള്‍ അടുക്കിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം അസ്‌ഫെറിക്കല്‍ ആണ് എന്നതു കൂടാതെ അവയില്‍ ഒരെണ്ണം കൂടുതല്‍ വ്യാസമുള്ളതുമാണ്. നാനോ ക്രിസ്റ്റല്‍ കോട്ടിങ്ങിനൊപ്പം അറെനോ കോട്ടിങ്ങുള്ള എലമെന്റുകള്‍ ഉള്‍പ്പെടുത്തിയാണ് ലെന്‍സ് നിര്‍മിച്ചിരിക്കുന്നത്. രാത്രി പോരാളി എന്ന പേരിനു കളങ്കമേശാതിരിക്കാന്‍ നൈറ്റ് ഫൊട്ടോഗ്രഫിക്ക് ഉചിതമായ ഘടകങ്ങളും പരിഗണിച്ച ശേഷമാണ് ഇതുണ്ടാക്കിയത്.

പൂര്‍ണ്ണമായും മാന്യുവലായ ഈ ഭീമന്‍ ലെന്‍സിന് രണ്ടു കിലോയാണ് ഭാരം. ലെന്‍സ് ബാരലില്‍ ചെറിയ ഡിസ്‌പ്ലെയുണ്ട്. ഇതില്‍ ഫോക്കസ് ഡിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ കാണാം. കണ്ട്രോള്‍ റിങും ലെന്‍സിനുണ്ട്.

z50

എന്താണ് ഗുണം

നിക്കോണ്‍ ഇന്നേവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും പ്രകാശം കടത്തിവിടുന്ന ലെന്‍സ് എന്ന പേരും ഈ ലെന്‍സിനാണ്. എഫ്/0.95 അപേര്‍ചറിലും മറ്റും ചിത്രമെടുത്താല്‍ സബ്ജക്ട് (ഉദാഹരണം ഒരാളുടെ കണ്ണ്) ഒഴികെയുള്ള ഭാഗങ്ങള്‍ ഷാര്‍പ് അല്ലാതെയാക്കാം. ബോ-കെയും മറ്റും അതി ഗംഭീരമായിരിക്കും. സംഗതി വളരെ ശരിയാണെങ്കിലും ഇത് വളരെ ശ്രമകരമായ ഒരു കാര്യമായിരിക്കും. എഫ്/1.2 ലെന്‍സ് ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ പാട്. അതിനേക്കാള്‍ വിഷമമയിരിക്കും ഇതില്‍ ഫോക്കസ് കിട്ടാന്‍. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ നിലവിലുള്ള ലെന്‍സുകള്‍ക്ക് സാധ്യമല്ലാത്ത രീതിയിലുള്ള 'സ്വപ്‌നസമാനമായ' അന്തരീക്ഷം സബ്ജക്ടിനു ചുറ്റും സൃഷ്ടിക്കാന്‍ ഈ ലെന്‍സിനാകും. ഓട്ടോഫോക്കസ് ഇല്ല, ഭാരക്കൂടുതല്‍, വില വളരെ കൂടുതല്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇത് അധികം പേര്‍ വാങ്ങിയേക്കില്ല. നല്ല കഴിവുള്ള ഫോട്ടോഗ്രാഫര്‍മരായിരിക്കണം ഇത് ഉപയോഗിക്കുന്നത്. എങ്കില്‍ മാത്രമെ ഇതിന്റെ ഉദ്ദേശം സഫലമാകൂ. ഇത്തരമൊരു ലെന്‍സ് വേണ്ടിയിരുന്നോ എന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍ ചിലര്‍ പറയുന്നത് ഇതും ചെയ്യാമെന്നു കാണിക്കാനായി ഇത്തരം ചില ലെന്‍സുകള്‍ ഇടയ്ക്ക് ഇറക്കണമെന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA