ADVERTISEMENT

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനിയെ വലിയ ബഹളവുമൊന്നുമില്ലാതെ ആപ്പിള്‍ ഏറ്റെടുത്തത് എന്തിനാണെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍മാര്‍ അന്വേഷിച്ചത്. അവരുടെ കണ്ടെത്തല്‍ ഇതാണ്; സ്‌പെക്ട്രല്‍ എഡ്ജ് (Spectral Edge) എന്ന സ്റ്റാര്‍ട്ടപ് കമ്പനി പുതിയ തരം ഇമേജ് ഫ്യൂഷന്‍ ടെക്നോളജിയിലൂടെ സെക്യൂരിറ്റി ക്യാമറയില്‍ നിന്നുള്ള വിഡിയോയുടെ മികവു മെച്ചപ്പെടുത്താനുള്ള ഗവേഷണത്തിലായിരുന്നു. ഈ മികവ് തങ്ങളുടെ അടുത്ത തലമുറ ഐഫോണുകള്‍ക്കും നല്‍കാനാണ് ആപ്പിളിന്റെ ശ്രമം.

 

എന്താണ് വരുന്ന പുതുമ?

 

ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളെ വേര്‍തിരിച്ചു നിർത്തുന്ന ഫീച്ചറാണ് 'ഡീപ് ഫ്യൂഷന്‍'. ഒന്നിലേറെ ചിത്രങ്ങളെടുത്ത് അവയെ സംയോജിപ്പിച്ചു ഒറ്റ ഫോട്ടോ സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയാണിത്. നേരത്തെ ഉണ്ടായിരുന്ന എച്ഡിആര്‍ ഫീച്ചറിനേക്കാള്‍ ചില സന്ദര്‍ഭങ്ങളില്‍ മികച്ച പ്രകടനം നല്‍കുന്നതാണ് ഡീപ് ഫ്യൂഷന്‍. ആപ്പിള്‍ ഇപ്പോള്‍ ഏറ്റെടുത്ത സ്‌പെക്ട്രൽ എഡ്ജ് കമ്പനി ഫ്യൂഷന്‍ സാങ്കേതികവിദ്യയെ ഒരുപടി കൂടെ മുന്നോട്ടു കൊണ്ടുപോകുകയാണ്. അവരും ഇമേജ് ഫ്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. ഫ്യൂഷനായി എടുക്കുന്ന ചിത്രങ്ങളിള്‍ ഇന്‍ഫ്രാറെഡ് ഫോട്ടോകള്‍ കൂടെ എടുത്ത് സംയോജിപ്പിച്ച് ചിത്രങ്ങള്‍ക്ക് മികവു വർധിപ്പിക്കുക എന്നതായിരുന്നു സ്‌പെക്ട്രൽ എഡ്ജിന്റെ ലക്ഷ്യം.

 

മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെയാണ് ഫ്യൂഷനുള്ള ചിത്രങ്ങള്‍ സ്‌പെക്ട്രല്‍ എഡ്ജ് റെക്കോഡ് ചെയ്യുന്നത്. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളില്‍ 'കളറും വിശദാംശങ്ങളും വ്യക്തതയും' കൂടുതല്‍ മെച്ചപ്പെടുമെന്നാണ് സ്‌പെക്ട്രല്‍ എഡ്ജിന്റെ ഗവേഷണ ഫലങ്ങള്‍ കാണിച്ചു തരുന്നത്. ഇത് ഐഫോണ്‍ ക്യാമറയിലേക്ക് ആവാഹിച്ചിരുത്താനാണ് ആപ്പിള്‍ ഈ കമ്പനിയെ ഏറ്റെടുത്തത്.

 

ഏറ്റെടുക്കല്‍ പരസ്യമല്ലായിരുന്നു

 

കോര്‍പറേറ്റ് നിയമജ്ഞന്‍ പീറ്റര്‍ ഡെന്‍വുഡിനെ സ്‌പെക്ട്രല്‍ എഡ്ജ് ഡയറക്ടറായി നിയമിച്ചതും കമ്പനിയുടെ മറ്റുള്ള ഉപദേശകരെയും ബോര്‍ഡ് മെംബര്‍മാരെയും പിരിച്ചുവിട്ടതുമാണ് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാന്‍ മാധ്യമപ്രവർത്തകരെ നിര്‍ബന്ധിതരാക്കിയത്. പെട്ടെന്നൊരു ദിവസം കമ്പനിയുടെ വെബ്‌സൈറ്റും ശൂന്യമായിരുന്നു. ആപ്പിള്‍ കമ്പനിയെ ഏറ്റെടുത്തോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ലെന്നു പറയുന്നവരും ഉണ്ട്. എന്നാലും, ഉറപ്പിക്കാവുന്ന ഒരു കാര്യം സ്‌പെക്ട്രല്‍ എഡ്ജിന്റെ ഇമേജ് ഫ്യൂഷന്‍ ടെക്‌നോളജി ഐഫോണിന്റെ ഡീപ് ഫ്യൂഷന്‍ അല്‍ഗോറിതങ്ങളുമായി സമ്മേളിപ്പിക്കും എന്നതാണ്. ഈ സ്റ്റാര്‍ട്ടപ് കമ്പനി, ക്യാമറ-സ്മാര്‍ട് ഫോണ്‍ ക്യാമറ തുടങ്ങിയ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള ഒന്നായിരുന്നില്ല. മറിച്ച് നിരീക്ഷണ ക്യാമറകള്‍ റെക്കോർഡ് ചെയ്യുന്ന വിഡിയോയുടെ മികവു വര്‍ധിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. തങ്ങളുടെ ടെക്‌നോളജിയിലൂടെ തീരെ വെളിച്ചക്കുറവുള്ള അവസരങ്ങളില്‍ പോലും മികച്ച ഫൂട്ടേജ് റെക്കോഡ് ചെയ്യാമെന്നതായിരുന്നു അവരുടെ അവകാശവാദം.

 

പൊതുവെ വെളിച്ചക്കുറവില്‍ എടുക്കുന്ന ചിത്രങ്ങളിലെയും വിഡിയോയിലെയും നിറങ്ങള്‍ക്കു സ്പഷ്ടത കുറയും. പലരും ഇതു പരിഹരിച്ചിരുന്നത് 'വ്യജ' നിറങ്ങള്‍ പകരം നല്‍കിയായിരുന്നു. ഗ്രേസ്‌കെയ്ല്‍ ചിത്രങ്ങളിലേക്ക് എന്തെങ്കിലും നിറങ്ങള്‍ പ്രവേശിപ്പിച്ചാണ് ചില കമ്പനികൾ വെളിച്ചക്കുറവില്‍ ചിത്രങ്ങള്‍ക്ക് കളര്‍ നല്‍കിയിരുന്നത്. എന്നാല്‍, തങ്ങളുടെ ടെക്‌നോളജിയിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ക്ക് വ്യാജ നിറങ്ങള്‍ നല്‍കാന്‍ ശ്രമിക്കില്ല എന്നാണ് കമ്പനി പറയുന്നത്. പകരം ക്യാമറാ കണ്ണിന് കാണാവുന്ന ആര്‍ജിബി (RGB) കളറിനെ ഇന്‍ഫ്രാറെഡ് ലൈറ്റുമായി ബാലന്‍സ് ചെയ്ത് ഹൈ-റെസലൂഷന്‍ ചിത്രങ്ങള്‍, താരതമ്യേന കൃത്യമായ കളറോടെ എടുക്കാനാകും എന്നാണ് അവരുടെ ഗവേഷണം കാണിച്ചുതരുന്നത്. നിലവിലുള്ള ഏതു ടെക്‌നോളജിയേക്കാളും മികച്ചതാണ് തങ്ങളുടേതെന്നാണ് അവരുടെ അവകാശവാദം. തത്സസമയം സെക്കന്‍ഡില്‍ 60 ഫ്രെയിം 4കെ വിഡിയോ റെക്കോഡു ചെയ്യാമെന്നും നിലവിലുള്ള ആശ്രയിക്കാവുന്ന ഏക സാങ്കേതികവിദ്യ തങ്ങളുടേതാണെന്നും അവര്‍ പറയുന്നു.

 

ആപ്പിളിന്റെ പുതിയ നൈറ്റ് മോഡ് മികവുറ്റതാണ്. എന്നാല്‍, സ്‌പെക്ട്രല്‍ എഡ്ജിന്റെ സാങ്കേതികവിദ്യ കൂടി വരികയാണെങ്കില്‍ അത് ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളുടെയും വാവെയ് കമ്പനിയുടെ നൈറ്റ് മോഡിനെയും വെല്ലുന്ന ഒന്നായി പരിണമിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com