ADVERTISEMENT

ഡിഎസ്എല്‍ആര്‍ നിര്‍മാണത്തിൽ പ്രമുഖരായ ക്യാനന്‍ തങ്ങളുടെ ശ്രേണിയിലെ അത്യുന്നത മോഡലായ ഇഒഎസ് 1ഡി എക്‌സ് മാര്‍ക്ക് 3 അവതരിപ്പിച്ചു. ക്യാമറാ നിര്‍മാണ പാരമ്പര്യത്തിന്റെ ഭാരം മുഴുവന്‍ പേറുന്ന ഒന്നായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് നിരവധി പ്രത്യേകതകളുണ്ട്. ക്യാനന്റെ ഡിഎസ്എല്‍ആര്‍ നിരയിലെ ഏറ്റവും മികച്ച ബോഡിയാണിത്. എന്നാല്‍, ഭാവിയില്‍ ഈ നിര അപ്‌ഡേറ്റ് ചെയ്യപ്പെടുമോ എന്ന കാര്യം മിറര്‍ലെസ് ക്യാമറകളുടെ വില്‍പ്പന എങ്ങനെയിരിക്കും എന്നതിനെ ആശ്രിയിച്ചായിരിക്കും. ഈ വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സില്‍ ചിത്രങ്ങള്‍ പകര്‍ത്താനെത്തുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ പലരും കൊണ്ടുവരാൻ പോകുന്ന ബോഡിയാണിത്. ക്യാനന്റെ പുതിയ ഡിജിക് എക്‌സ് പ്രോസസര്‍ കരുത്തു പകരുന്ന ഈ ക്യാമറയോളം ശക്തിയുളള മറ്റൊരു ക്യാനന്‍ മോഡലും ഇന്നു വിപണിയിലില്ല.

 

എല്ലാത്തരം ഫൊട്ടോഗ്രാഫിയിലും മികവു  പുലര്‍ത്തുമെങ്കിലും ഇതിന് 20 മെഗാപിക്‌സല്‍ സീമോസ് സെന്‍സര്‍ ആണുള്ളത് എന്നതിനാല്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായിരിക്കും ഇത് കൂടുതല്‍ ഉപകരിക്കുക. 1ഡിഎക്‌സ് മാര്‍ക്ക് 2 ഉപയോക്താക്കള്‍ക്ക് ബോഡിയില്‍ അധികം കാര്യങ്ങള്‍ കൂടുതലായി പരിചയപ്പെടാനില്ലെന്ന കാര്യത്തില്‍ ക്യാനന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ നോബുകളും ബട്ടണുകളും അവരുടെ വിരല്‍ത്തുമ്പിൽതന്നെ ഉണ്ടായിരിക്കും. ബട്ടണുകളുടെ കാര്യത്തില്‍ കൊണ്ടുവന്നിരിക്കുന്ന ഒരു പ്രധാന മാറ്റം ബാക് ബട്ടണ്‍ ഓട്ടോഫോക്കസിലാണ്. അതില്‍ വിരലോടിച്ചാല്‍ ഓട്ടോഫോക്കസ് ഏരിയ സെലക്ടു ചെയ്യാമെന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഷൂട്ടിങ് എളുപ്പമാക്കും. എന്നാല്‍, തുടക്കത്തില്‍ ഇത് പരിശീലിക്കാന്‍ അല്‍പ്പം കാലതാമസമെടുത്തേക്കും. സ്വാഭാവിക ഐഎസ്ഒ 100-102400 ആണ്. ഇത് 50- 819200 വരെ ബൂസ്റ്റു ചെയ്യാം. ക്യാമറയുടെ റെസലൂഷന്‍ വര്‍ധിപ്പിച്ചില്ലെങ്കിലും പരിപൂര്‍ണ്ണമായി പുതുക്കിപ്പണിത സെന്‍സറാണെന്നതിനാല്‍ ചിത്രങ്ങളില്‍ വ്യത്യാസം പ്രകടമായിരിക്കും.

 

ക്യാമറയ്ക്ക് 191 ഓട്ടോഫോക്കസ് പോയിന്റുകളും 155 ക്രോസ് ടൈപ് ഫോക്കസ് പോയിന്റുകളും ഉണ്ട്. ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറും ഫിക്‌സ് ചെയ്ത എല്‍സിഡി പാനലുമാണ് ഉള്ളത്. മഗ്നീഷ്യം അലോയ് ഉപയോഗിച്ച് ഉണ്ടാക്കിയ ഈ ക്യാമറാ ബോഡിയുടെ നിര്‍മാണത്തികവ് ഇക്കാലത്ത് മറികടക്കാനാകാത്തതാണ്. ഇതിനൊരു മറുവശവുമുണ്ട് - ഭാരക്കൂടുതല്‍. ബോഡിയുടെ മാത്രം ഭാരം 1440 ഗ്രാമാണ്. മുന്‍ മോഡലിനേക്കാള്‍ 90 ഗ്രാം കുറവുണ്ടെങ്കിലും ഈ ബോഡിയും ലെന്‍സും ഫ്‌ളാഷുമൊക്കെയായി ദിവസം മുഴുവന്‍ ഫോട്ടോ എടുക്കാന്‍ നടക്കുക എന്നത് ആരോഗ്യത്തിന്റെ ടെസ്റ്റ് കൂടെയായിരിക്കും. വെതര്‍പ്രൂഫിങ്ങുള്ള ലെന്‍സുപയോഗിച്ചാല്‍ പെരുമഴയത്തും ധൈര്യപൂര്‍വ്വം പുറത്തിറക്കാവുന്ന ക്യാമറകളിലൊന്ന് ഇതായിരിക്കും. ദിവസം മുഴുവന്‍ ഉപയോഗിച്ചാലും തീരാത്ത ബാറ്ററിയും ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. പക്കാ പ്രൊഫഷണലുകളുടെ സ്വപ്ന ക്യാമറാ ബോഡിയാണിത്.

 

ഹെയ്ഫ് ഫോര്‍മാറ്റ്

 

ക്യാനന്‍ ക്യാമറകള്‍ പകര്‍ത്തുന്ന ജെയ്‌പെഗ് ചിത്രങ്ങളുടെയും വിഡിയോയുടെയും നിറം അത്യാകര്‍കഷമാണ്. ക്യാനന്റെ കളര്‍ സയന്‍സ് അത്രമേല്‍ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. എന്നാല്‍, ജെയ്‌പെഗ് ചിത്രങ്ങളില്‍ പോസ്റ്റ് പ്രൊസസിങ്ങിലൂടെ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ ഫയലുകളുടെ ഗുണനിലവാരം കുറയുന്നതു കാണം. ഇതിനാല്‍ റോ ചിത്രങ്ങളാണ് പലരും പകര്‍ത്തുക. ഇതാകട്ടെ ഫയല്‍ സൈസ് വര്‍ധിപ്പിക്കുന്നതു കൂടാതെ പോസ്റ്റ് പ്രോസസിങ്ങിന് അധിക സമയം നല്‍കേണ്ടാതയും വരുന്നു. അപ്പോള്‍ ജെപെയ്ഗിനും റോയ്ക്കുമിടയില്‍ ഒരു ഫയല്‍ഫോര്‍മാറ്റ് സൃഷ്ടിച്ചാലോ? അത്തരമൊരു ഫയല്‍ ഫോര്‍മാറ്റാണ് ഹെയ്ഫ് (HEIF). പുതിയ ക്യാമറയില്‍ നിന്നുള്ള ഒരു ഹെയ്ഫ് ഫയലിന്റെ സൈസ് ഏകദേശം 4.2 എംപിയാണ്. 10-ബിറ്റ് ഫയലുകളാണ് ഇവ. ഹെയ്ഫ് ഫയലുകള്‍ ജെയ്‌പെഗ് ഫയലുകളേക്കാള്‍ കൂടുതല്‍ പോസ്റ്റ് പ്രോസസിങ്ങിനു വഴങ്ങുന്നവയാണ് എന്നത് ക്യാനന്‍ ഷൂട്ടര്‍മാര്‍ക്ക് ഉത്സാഹം പകരുന്ന കാര്യമായിരിക്കും. സമ്പൂര്‍ണ്ണമായും പുതിയ ഓട്ടോഫോക്കസ് സിസ്റ്റമായിരിക്കും പുതിയ ക്യാമറയില്‍.

 

വ്യൂഫൈന്‍ഡറിലൂടെ നോക്കി ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ സെക്കന്‍ഡില്‍ 16 ഫ്രെയിം ഷൂട്ടുചെയ്യാം! ലൈവ് വ്യൂവിലാണെങ്കില്‍ സെക്കന്‍ഡില്‍ 20 ആണ് ഷൂട്ടിങ് സ്പീഡ്. ഷട്ടര്‍ ബട്ടണില്‍ നിന്നു വിരലെടുക്കാതെ 1,000 ലേറെ ജെയ്‌പെഗ് ഷോട്ടുകള്‍ എടുക്കാം! സി റോ + ഹെയ്ഫ് ആണെങ്കില്‍ 420 ഷോട്ടുകളും, റോ +  ഹെയ്ഫ് ആണെങ്കില്‍ 350 ഷോട്ടുകളും എടുക്കാം. എന്നാല്‍, ഹെയ്ഫ്, ജെയ്‌പെഗ് തുടങ്ങിയ ഫോര്‍മാറ്റുകളിലാണ് ചിത്രങ്ങള്‍ എടുക്കുന്നതെങ്കില്‍ അതിനു പരിധിയില്ലെന്നു വേണമെങ്കില്‍ പറയാം. വിഡിയോ റെക്കോഡിങ്ങിലും ഈ ക്യാമറ മികവുപുലര്‍ത്തും: 5കെ, 12 ബിറ്റ്ഫുട്ടേജ്, ഡൗണ്‍സാംപിള്‍ ചെയ്ത 4കെ 59.94പി മോഡ്, 10 ബിറ്റ് 4:2:2 എന്നിവയും ഈ ക്യാമറയെ പ്രൊഫഷണലുകളുടെ ഓമനയാക്കും.

 

കുറവുകള്‍

 

ക്യാനന്‍ തങ്ങളുടെ അഭിമാനം പണയംവച്ചിറക്കിയിരിക്കുന്ന ഈ ക്യാമറയില്‍ കാര്യമായ കുറവുകള്‍ ഇല്ല. ഇക്കാലത്ത് ഡിഎസ്എല്‍ആറുകളില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറകളും ഇതില്‍ കൂടുതലും ഈ ബോഡിയില്‍ കുത്തിനിറച്ചിരിക്കുന്നു. എന്നാല്‍, ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറില്‍ക്കൂടെയുള്ള ഓട്ടോഫോക്കസ് വിപ്ലവകരമല്ലെന്നു പറയുന്നു. പക്ഷേ, ലൈവ്യൂ ഫോക്കസില്‍ ന്യൂനതകളില്ല. മറ്റൊരു പ്രശ്‌നം കാര്‍ഡുകളാണ്-ഇതില്‍ ഉപയോഗിക്കുന്നത് സിഎഫ്എക്‌സ്പ്രസ് ടൈബ്-ബി എന്ന വിഭാഗത്തില്‍ പെടുന്ന കാര്‍ഡുകളാണ്. ഇവ താരതമ്യേന ദുര്‍ലഭമാണ് എന്നതു കൂടാതെ ഇതിന് വിലക്കൂടുതലും ഉണ്ട്. എന്നാല്‍, ക്യാമറയുടെ ഷൂട്ടിങ് സ്പീഡ് മുതലെടുക്കണമെങ്കില്‍ ഈ കാര്‍ഡ് കൂടിയേ കഴിയൂ. ക്യാമറയെ അടുത്തറിയാനും, ക്യാമറയില്‍ എടുത്ത സാമ്പിള്‍ ചിത്രങ്ങളും മറ്റും കാണാനും ഈ ലിങ്ക് ഉപയോഗിക്കുക. https://bit.ly/2Qx9UuG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com