ADVERTISEMENT

വണ്‍പ്ലസ് 8 പ്രോ ക്യാമറയുടെ ഫോട്ടോക്രോം ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ കട്ടികുറഞ്ഞ പ്ലാസ്റ്റിക്കിനുള്ളിലേക്കും വസ്ത്രത്തിനടിയിലുള്ളതും നോക്കാമെന്ന വിവാദം കൊഴുത്തതോടെ കമ്പനി ഈ ഫീച്ചര്‍ ചൈനയില്‍ എടുത്തുകളയാന്‍ തീരുമാനിച്ചു. വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ക്യാമറ, അഥവാ ഇന്‍ഫ്രാറെഡ് ക്യാമറയാണ് വിവാദത്തിലായത്. ഈ ക്യാമറ ഫീച്ചര്‍ നിലനിര്‍ത്തിയാല്‍ തങ്ങള്‍ക്ക് തരിച്ചടിയുണ്ടായേക്കുമോ എന്ന പേടിയാണ് കമ്പനിയെക്കൊണ്ട് ഇതു ചെയ്യിച്ചതെന്ന് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ ഫീച്ചറിനെക്കുറിച്ചുള്ള ചര്‍ച്ച കൊഴുത്തു വരികയായിരുന്നു. വരുന്ന ആഴ്ചകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ചൈനയില്‍ ഈ ഫീച്ചര്‍ എടുത്തുകളയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് താത്കാലികമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിവാദം കെട്ടടങ്ങുകയാണെങ്കില്‍ അത് വീണ്ടും ലഭ്യമാക്കാനുള്ള സാധ്യതയുമുണ്ട്.

എന്നാല്‍, ഇന്‍ഫ്രാറെഡ് ക്യാമറയുടെ ഈ ഫീച്ചര്‍ എടുത്തുകളയരുതായിരുന്നു എന്നു പറഞ്ഞും പലരും രംഗത്തെത്തിയിട്ടുണ്ട്. സര്‍ഗാത്മകമായ പല സാധ്യതകളുമാണ് ഇതിലൂടെ എടുത്തുകളയപ്പെട്ടതെന്നും വാദമുണ്ട്. എന്നാല്‍, കമ്പനി പറയുന്നത് വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറയിലെ ഈ സവിശേഷതയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളം ചര്‍ച്ച നടന്നിരിക്കുന്നുവെന്നും ഇതിന് അനുപമമായ ചിത്രങ്ങളെടുക്കാനുള്ള കഴിവിനെ പുകഴ്ത്തുന്നവരും ചില മെറ്റീരിയലുകള്‍ക്ക് ഉളളിലേക്ക് കാണാനുള്ള സാധ്യതയെ വിമര്‍ശിക്കുന്നവരും ഉണ്ടെന്നും പറയുന്നു. വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ ഉപയോഗിച്ച് കൂടുതല്‍ സര്‍ഗാത്മകമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. എന്നാല്‍ എതിര്‍ വാദങ്ങളെയും തങ്ങള്‍ മാനിക്കുന്നതിനാല്‍, ഒരു ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ് അയച്ച് ഈ ഫീച്ചര്‍ തത്കാലത്തേക്ക് ഇല്ലാതാക്കും. ഫോട്ടോക്രോം ഫില്‍റ്ററിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതിനാല്‍ അതുമാത്രമായിരിക്കും തത്കാലം ഡിസേബിൾ ചെയ്യുക.

ഫീച്ചര്‍ ഇല്ലാതാകുന്നത് ചൈനയില്‍ മാത്രമോ?

വണ്‍പ്ലസ് ചൈനയില്‍ ഉപയോഗിക്കുന്നത് ഹൈഡ്രജന്‍ഓഎസ് ആണ്. ചൈനീസ് സമൂഹ മാധ്യമങ്ങളിലാണ് ഈ ഫീച്ചറിനെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ച നടന്നിരിക്കുന്നത്. അതിനാല്‍ ഹൈഡ്രജന്‍ഓഎസില്‍ താത്കാലികമായി എടുത്തുകളയുന്നു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വണ്‍പ്ലസ് ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഓക്‌സിജന്‍ഓഎസാണ്. തങ്ങള്‍ ഓക്‌സിജന്‍ഓഎസില്‍ ഈ ഫീച്ചര്‍ എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറയുന്നു. അതിനു കാരണായി പറയുന്നത് ഹൈഡ്രജന്‍ ഓഎസിലെ പ്രശ്‌നം അതിവേഗം പരിഹരിക്കാനാണെന്നും പറയുന്നു. അതിനര്‍ഥം ഈ ഫീച്ചര്‍ ഓക്‌സിജന്‍ഓഎസില്‍ നിലനിര്‍ത്തുമെന്നാണോ, അതോ ചൈനയിലെ പ്രശ്‌നം പരിഹരിച്ച ശേഷം മറ്റു രാജ്യങ്ങളിലെ പ്രശ്‌നം പരിഹരിക്കുമെന്നാണോ എന്നു വ്യക്തമല്ല.

അതേസമയം, ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ച മാധ്യമങ്ങളാണ് ഈ ഫീച്ചര്‍ ഇത്രവലിയൊരു വിവാദമായി ഊതിപ്പെരുപ്പിച്ചതെന്നും വാദമുയരുന്നു. ഒരു ക്ലിക് കിട്ടാന്‍വേണ്ടി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് അവരുടെ വാദം. അങ്ങനെ വരുമ്പോള്‍, എന്താണ് വാര്‍ത്ത എന്നും ഇത്തരമൊരു കാര്യം സാധ്യമാണെന്ന കാര്യം പൊതുജനത്തെ അറിയിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിക്കുന്നു.  വിദേശത്തും ഒന്നിലേറെ പേര്‍ വിവാദ ഫീച്ചര്‍ പരീക്ഷിച്ചറിഞ്ഞിരുന്നു. പലരും അതൊരു സര്‍ഗാത്മക സാധ്യതയായാണ് കണ്ടത്.

ഇത്തരം ഒരു സാധ്യതയുമായി ഇറങ്ങിയ സോണിയുടെ വിഡിയോ ക്യാമറയ്ക്ക് 1998ല്‍ ഉണ്ടായ വിധി തന്നെയാണ് പുതിയ വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറയ്ക്കും ഉണ്ടായിരിക്കുന്നതെന്നും വാദമുണ്ട്. വിവാദമായതോടു കൂടി സോണി ഈ ഫീച്ചര്‍ എടുത്തുകളഞ്ഞാണ് തുടര്‍ന്ന് ഈ ക്യാംകോഡര്‍ മോഡല്‍ ഇറക്കിയത്. എന്നാല്‍, വിവാദ ഫീച്ചറുള്ള ക്യാമറയ്ക്ക് ആവശ്യക്കാര്‍ കൂടുകയും അതനുസരിച്ച് വില കുതിച്ചുയരുകയുമായിരുന്നു. അതിനര്‍ഥം, ഇത്തരം ഫീച്ചറുകള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ എല്ലായിടത്തും ഉണ്ടെന്നാണ്. വണ്‍പ്ലസ് ഈ ഫീച്ചര്‍ എടുത്തുകളഞ്ഞാലും മറ്റു ഫോണ്‍ നിര്‍മാതാക്കള്‍ ഇത് തങ്ങളുടെ ക്യാമറകളില്‍ അവതരിപ്പിച്ചു കൂടായ്കയില്ല. ഈ വിവാദം മൂലം അടുത്തകാലത്തിറങ്ങിയ ഫോണുകളില്‍ ഏറ്റവുമധികം ശ്രദ്ധ കിട്ടിയിരിക്കുന്നത് വണ്‍പ്ലസ് 8 പ്രോയ്ക്ക് ആണെന്നു കാണാം. ഇന്ത്യയിലും ചൈനയിലും ധാരാളം ആരാധകരുള്ള ബ്രാന്‍ഡ് ആയ ഈ ചൈനീസ് കമ്പനി വികസിത രാജ്യങ്ങളിലെ വില്‍പ്പനയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ ഈ വര്‍ഷം മുതല്‍ ശ്രമിക്കുകയായിരുന്നു.

English Summary: OnePlus to remove controversial camera feature in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com