ADVERTISEMENT

സാങ്കേതികവിദ്യയും പ്രൊഡക്ടുകളും ആവശ്യത്തിനനുസരിച്ച് ഉരുത്തിരിഞ്ഞുവരികയാണ് ചെയ്യുന്നതെന്ന് ഇതേക്കുറിച്ചു പഠിക്കുന്നവര്‍ പറയുന്നു. വിഖ്യാത ക്യാമറ നിര്‍മാതാവായ സോണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച സെഡ്‌വി-1 (Sony ZV-1) ക്യാമറ വ്‌ളോഗര്‍മാരെ മനസില്‍ കണ്ടു നിര്‍മിച്ചതാണെന്നാണ് കമ്പനി പറയുന്നത്. ഒരു കണ്ടെന്റ് ക്രിയേറ്റര്‍ ക്യാമറ എന്നാണ് സോണി തങ്ങളുടെ പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. സെഡ്‌വി-1 രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 1-ഇഞ്ച് ടൈപ് 20 എംപി സ്റ്റാക്ഡ് സിമോസ് സെന്‍സറിനെയും, 24-70 (F1.8-2.8) ലെന്‍സിനെയും കേന്ദ്രീകരിച്ചാണ്. പൂര്‍ണ്ണമായും തിരിക്കാവുന്ന ടച്‌ സ്‌ക്രീനാണ് മറ്റൊരു ആകര്‍ഷണീയത. സെല്‍ഫി രീതിയിലുള്ള പ്രവര്‍ത്തന രീതി സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് താത്പര്യജനകമായിരിക്കുമെന്നാണ് കമ്പനി കരുതുന്നത്.

ഓട്ടോഫോക്കസ്, മൈക്രോഫോണ്‍

വ്‌ളോഗിങ് എളുപ്പമാക്കാനുതകുന്ന പല ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് ഈ ക്യാമറ സോണി നിര്‍മിച്ചിരിക്കുന്നത്. സെഡ്‌വി-1 ന്റെ ശക്തികളിലൊന്ന് സോണിയുടെ വിശ്രുതമായ ഓട്ടോഫോക്കസ് സിസ്റ്റമാണ്. സോണിയുടെ മുന്തിയ ക്യാമറകളെ ആകര്‍ഷകമാക്കുന്ന, കമ്പനിയുടെ സ്വന്തം ഐ എഎഫ് ( Eye AF), അഥവാ കണ്ണിലുള്ള ഫോക്കസ് നിലനിര്‍ത്തുന്ന രീതി മുഴുവന്‍ പ്രഭാവത്തോടെയും സെഡ്‌വി-1ലേക്കു പറിച്ചുനട്ടിട്ടുണ്ടെന്നത് വ്‌ളോഗര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നാണ്. നിങ്ങള്‍ ഒരു കൂട്ടം ആളുകളോട് സംസാരിക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ് എവിടെയാണ് എന്നോര്‍ത്തുകൊണ്ടിരിക്കേണ്ടിവരില്ല. ക്യാമറയുടെ മുകളില്‍ പിടിപ്പിച്ചിരിക്കുന്ന മൂന്നു ക്യാപ്‌സ്യൂള്‍ ഉള്ള, ഡയറക്ഷണല്‍ മൈക്രോഫോണും പല അവസരങ്ങളിലും മികവു കാട്ടിയേക്കും. നിങ്ങള്‍ വണ്ടികള്‍ പോകുന്ന ഒരു റോഡിന് നേരെ നിന്നാണ് വിഡിയോ ഷൂട്ടു ചെയ്യുന്നതെങ്കില്‍, വാഹനങ്ങളുടെ ശബ്ദം മൈക്രോഫോണ്‍ പിടിച്ചെടുക്കും. എന്നാല്‍, ക്യാമറയുടെയും മൈക്കിന്റെയും ദിശ റോഡിന് എതിരെ ആക്കിയാല്‍ വാഹനങ്ങളുടെ ശബ്ദം പിടിച്ചെടുക്കുന്നതു കുറയും എന്നതാണ് ഈ ഡയറക്ഷണല്‍ മൈക്രോഫോണിന്റെ ഗുണം.

ബാക്ഗ്രൗണ്ട് ഡീഫോക്കസ്

വിഡിയോ ഷൂട്ടിങില്‍ പശ്ചാത്തലത്തിലുള്ളവയെ ഫോക്കസാക്കാതിരിക്കാനുള്ള കഴിവ് ഇപ്പോള്‍ മിക്കവാറും സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്കില്ല. (സ്റ്റില്ലില്‍ സാധ്യമാണ്.) ഇതിലൂടെ സബ്ജക്ടിന്റെ പ്രാധാന്യം എടുത്തു കാണിക്കാനാകും. സോണിയുടെ സെഡ്‌വി-1ന്റെ ബാക്ഗ്രൗണ്ട് ഡീഫോക്കസ് ഓട്ടോമാറ്റിക്കായി പശ്ചാത്തലത്തിലുള്ള വസ്തുക്കളെയും ആളുകളെയും ഫോക്കസിലാക്കാതെ, വ്‌ളോഗര്‍ക്ക് അല്ലെങ്കില്‍ സബ്ജക്ടിന് ഊന്നല്‍ നല്‍കും. അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഫീച്ചറാണ് ക്യാമറയുടെ അടുത്തുള്ള വസ്തുവില്‍ ഫോക്കസ് ചെയ്യാനുള്ള മോഡ്. ഇതിന്റെ ഉപയോഗം എന്താണെന്ന് നോക്കാം: വിവിധ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുന്ന വ്‌ളോഗറാണ് നിങ്ങളെന്നു കരുതുക. ഒരു പുതിയ സ്മാര്‍ട് ഫോണ്‍ നിങ്ങള്‍ പരിചയപ്പെടുത്താന്‍ തീരുമാനിക്കുന്നു. ക്യാമറ നിങ്ങളുടെ മുഖത്ത് ഫോക്കസ് ചെയ്തു നില്‍ക്കുകയാണ്. ഫോണ്‍ നിങ്ങളുടെ മുഖത്തിനു മുന്നില്‍പിടിച്ചാല്‍ ഫോക്കസ് അതില്‍ വീഴണമെന്നില്ല. പല വ്‌ളോഗര്‍മാരും ഇക്കാലത്ത് തങ്ങളുടെ കണ്ണിനു മുന്നില്‍ പിടിച്ചാണ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. എന്നാല്‍, സെഡ്‌വി-1ല്‍ ഉള്ള ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഏറ്റവും അടുത്തുള്ളത് എന്താണോ അതിലേക്ക് സുഗമമായി ഫോക്കസ് മാറ്റും. ഇതിനായി ഒരു ബട്ടണും ക്യാമറയുടെ മുകള്‍ ഭാഗത്ത് വച്ചിട്ടുണ്ട്. ക്യാമറ റെക്കോഡ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള ഒരു ലൈറ്റും ക്യാമറയുടെ മുന്നില്‍ പിടിപ്പിച്ചിട്ടുണ്ട്.

വിഡിയോ റെക്കോഡിങ്

ഈ ക്യാമറ വാങ്ങാന്‍ സാധ്യതയുള്ളവർ കൂടുതലും വിഡിയോ റെക്കോഡിങില്‍ ശ്രദ്ധിക്കുന്നവരായിരിക്കുമല്ലോ. സെഡ്‌വി-1ന് 4കെ, യുഎച്ഡി വിഡിയോ സെക്കന്‍ഡില്‍ 30 പി വരെ റെക്കോഡ് ചെയ്യാന്‍ സാധിക്കും. 1080 പി ആണെങ്കില്‍ സെക്കന്‍ഡില്‍ 120 പി റെക്കോഡ് ചെയ്യാം. അപ്‌സ്‌കെയില്‍ ചെയ്ത വിഡിയോ ആണെങ്കില്‍ 960പിയും ക്യാമറയില്‍ നിന്നു കിട്ടും. സെഡ്‌വി-1ന് വ്യൂ-ഫൈന്‍ഡര്‍ ഇല്ല. ഹെഡ്‌ഫോണ്‍ സോക്കറ്റും ഇല്ല. എന്നാല്‍, അതിന്റെ മള്‍ട്ടിഅക്‌സസറി ഹോട്ട്ഷൂവില്‍ എക്‌സ്‌റ്റേണല്‍ മൈക്രോഫോണ്‍ പിടിപ്പിക്കാം. ക്യാമറയുടെ പ്രമോ വിഡിയോ കാണാം: https://youtu.be/tkweChULkrI

സെഡ്‌വി-1 ആര്‍ക്കുള്ള ക്യാമറ?

സെഡ്‌വി-1 വ്യക്തമായും വ്‌ളോഗര്‍മാരെയും കണ്ടെന്റ് ക്രിയേറ്റര്‍മാരെയും ലക്ഷ്യംവച്ചു നിര്‍മിച്ചതാണ്. സോണിയുടെ ആര്‍എക്‌സ്100വി (എ)യുടെ ഹാര്‍ഡ്‌വെയറിന് ചില്ലറ മാറ്റം വരുത്തിയാണ് സെഡ്‌വി-1 ഉണ്ടാക്കിയിരിക്കുന്നത് എന്നു വേണമെങ്കില്‍ ഒഴുക്കനായി പറയാം. ആര്‍എക്‌സ്100വി (എ), ക്യാമറയുടെ പിന്നില്‍ നിന്നു പ്രവര്‍ത്തിപ്പിക്കാനുള്ളതാണെങ്കില്‍ (ഏതു പരമ്പരാഗത ക്യാമറയേയും പോലെ), സെഡ്‌വി-1 ക്യാമറയുടെ മുന്നില്‍ നിന്നു പ്രവര്‍ത്തിപ്പിക്കാനുള്ളതാണ്. എന്നാല്‍ ഇത് ആര്‍എക്‌സ്100 സീരിസിനു പകരമായി അവതരിപ്പിച്ചിരിക്കുന്നതല്ല എന്നും സ്പഷ്ടമാണ്. നിങ്ങള്‍ പ്രധാനമായും ഫൊട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കുന്നയാളാണ്, അതിന് ഒരു കോംപാക്ട് ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആര്‍എക്‌സ്100 സീരിസ് തന്നെ പരിഗണിക്കണം. എന്നാല്‍, വിഡിയോ ഷൂട്ടിങ്ങിനാണ് പ്രാധാന്യം, വല്ലപ്പോഴും ഒരു ഫോട്ടോ എടുക്കണമെന്നേയുള്ളെങ്കില്‍ പരിഗണിക്കേണ്ടത് സെഡ്‌വി-1 ആയിരിക്കും. യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കണ്ടെന്റ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യംവച്ചിറക്കിയിരിക്കുന്ന മോഡലാണ് സെഡ്‌വി-1. മറ്റൊരു കാര്യം ഇത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും പ്രിയങ്കരമാകാന്‍ സാധ്യതയുണ്ട് എന്നതാണ്. ഫൊട്ടോഗ്രാഫിയുടെ സങ്കീര്‍ണ്ണതകളെ അറിയാന്‍ ആഗ്രഹമില്ല എന്നാല്‍ നല്ല ഫുട്ടേജ് വേണമെന്നുള്ളവര്‍ക്ക് പുതിയ മോഡല്‍ ഉപകരിച്ചേക്കും. നിലവില്‍ വാങ്ങാന്‍ സാധിക്കുന്ന മിനിമം ഗ്യാരണ്ടിയുള്ള, പോയിന്റ് ആന്‍ഡ് ഷൂട്ട് വ്‌ളോഗിങ് ക്യാമറയാണ് സെഡ്‌വി-1 എന്നാണ് പൊതുവെയുള്ള വിശ്വാസം.

വില

സെഡ്‌വി-1 ന് 799 ഡോളറാണ് വില. 1000 ഡോളറിന്റെ സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ മടിയില്ലാത്ത തലമുറയ്ക്ക് ഈ വില ഒരു പ്രശ്‌നമായേക്കില്ല എന്നാണ് സോണി കരുതുന്നത്.

English Summary: Sony tried to build the perfect camera for YouTubers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com