ക്യാമറാ പ്രേമികളെ ആവേശംകൊള്ളിച്ച്, വിഡിയോ റെക്കോഡിങ്ങില്‍ ഇന്നേവരെയുള്ള ഏറ്റവും മികച്ച ശേഷിയുള്ള മിറര്‍ലെസ് ബോഡി അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ക്യാമറാ നിര്‍മാണ ഭീമനായ ക്യാനന്‍. കമ്പനി 2008ല്‍ തങ്ങളുടെ ഇഒഎസ് 5ഡി മാര്‍ക് 2 അവതരിപ്പിച്ചതിനുശേഷം ഉറക്കത്തിലായിരുന്നുവെന്നും മറ്റും കേട്ട പഴിക്ക് പ്രായശ്ചിത്തമെന്നു വ്യാഖ്യാനിക്കാവുന്ന രീതിയിലാണ് ഒരു പഴുതുറ്റ ക്യാമറാ ബോഡി ക്യാനന്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ഒന്നല്ല, രണ്ടു ബോഡികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇഒഎസ് ആര്‍5, ആര്‍6. എന്നാല്‍, അവയില്‍ ക്യാനന്‍ ഇഒഎസ് ആര്‍5 ആണ് ഒറ്റ ചാട്ടത്തിന് എതിരാളികളെ പിന്നിലാക്കിയെന്ന് പ്രഥമ നിഗമനത്തലെത്തിച്ചേരാന്‍ ക്യാമറാ വിശകലന വിദഗ്ധരെ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഈ ടെക്‌നോളജി മേഖലയില്‍ നടന്ന ഏറ്റവും പ്രാധാന്യമുള്ള കാര്യമെന്നാണെന്ന വിശേഷണം വരെ ആര്‍5 നേടിക്കഴിഞ്ഞു. ക്യാനന്‍ പ്രേമികളെ ആനന്ദപുളകിതരാക്കുന്ന തരത്തിലുള്ള സ്‌പെസിഫിക്കേഷന്‍സാണ് പുതിയ രാജാവിനുള്ളത്. പുതിയ 45എംപി ഫുള്‍ഫ്രെയിം സെന്‍സറടക്കം.
∙ അമ്പരപ്പിക്കുന്ന വിഡിയോ റെക്കോഡിങ് മികവ്
ഫുള്‍ സെന്‍സര്‍ റീഡ് ഔട്ട് സാധ്യമായ 8കെ വിഡിയോ റെക്കോഡിങ് തങ്ങളുടെ പുതിയ ക്യാമറയ്ക്കു നല്‍കുക വഴി ക്യാനന്‍ ഒരു എൻജിനീയറിങ് റെക്കോഡാണ് തകര്‍ത്തിരിക്കുന്നത്. ഈ ഫീച്ചര്‍ ഇത്ര ചെറിയൊരു ക്യാമറയില്‍, കൂളിങ് സിസ്റ്റത്തിന്റെ അകമ്പടിയില്ലാതെ പിടിപ്പിക്കാനാകുക എന്നത് അത്യന്തം ആവേശകരമായ ഒന്നാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മാത്രമോ, 8കെ വിഡിയോ ക്യാമറയ്ക്കുള്ളില്‍ തന്നെ റെക്കോഡു ചെയ്യാനും സാധിക്കുമെന്നത് മറ്റൊരു നാഴികക്കല്ലാണ്. തുടര്‍ച്ചയായി റെക്കോഡു ചെയ്തു പോകാനാവില്ല. പരിമിതിയുണ്ട്. പക്ഷേ, പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും പറയുന്നത് ഇതില്‍ നിന്നു ലഭിക്കുന്ന വിഡിയോ നിലവില്‍, ഇത്തരമൊരു ക്യാമറയില്‍ നിന്നു ചിന്തിക്കാനാകാത്ത വിധം മികവുറ്റതാണ് എന്നതാണ്. ആര്‍5 തങ്ങളുടെ പ്രധാന വിഡിയോ ക്യാമറയായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, തുടര്‍ച്ചയായി ദീര്‍ഘനേരം ഉപയോഗിക്കണമെങ്കില്‍ ഒന്നിലേറെ ക്യാമറകള്‍ വാങ്ങേണ്ടി വന്നേക്കും. ഒന്ന് ചൂടായി പ്രവര്‍ത്തനം നിർത്തുമ്പോള്‍ അടുത്തതില്‍ റെക്കോഡിങ് തുടരേണ്ടി വരും. അതുപോലെ, 8കെ വിഡിയോ തന്നെ റെക്കോഡു ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം പേരും പുതിയ കംപ്യൂട്ടറുകളും വാങ്ങേണ്ടിവരും. അല്ലെങ്കില്‍, ഇത്ര വലിയ വിഡിയോ ഫയലുകള്‍ താങ്ങാനാകാതെ കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റിലെ ഭാഷയില്‍ പറഞ്ഞാല്‍, 'കുഴഞ്ഞു വീണു നിര്യാതരായേക്കും'.
∙ 4കെ 120പി!
അത്യുജ്വലമായി 4കെ 120പി വിഡിയോയും ഇതില്‍ റെക്കോഡു ചെയ്യാന്‍ സാധിക്കും.
∙ ഇന്‍ബോഡി സ്റ്റബിസൈസേഷന്‍
തങ്ങളുടെ ആദ്യ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയായ ഇഒഎസ് ആറില്‍ ഇന്‍ബോഡി സ്റ്റബിലൈസേഷന്‍ എന്തുകൊണ്ടില്ല എന്ന ചോദ്യത്തിന് ക്യാനന്‍ ഒഴിഞ്ഞുമാറുകയായിരുന്നു ചെയ്തത്. ഇത് ചില ക്യാനന്‍ പ്രേമികളെ വളരെ നിരാശരാക്കിയിരുന്നു. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഐബിസ് ആണ് കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നതിനും കമ്പനിയുടെ എൻജിനീയര്‍മാര്‍ കൈയ്യടി അര്‍ഹിക്കുന്നു. ഈ മികവ് ഇപ്പോളിറക്കിയ രണ്ടു ക്യാമറകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
∙ ഓട്ടോഫോക്കസ്, ഡ്യൂവല്‍ പിക്‌സല്‍ 2
ക്യാനന്റെ വിശ്രുതമായ ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസിന്റെ രണ്ടാമത്തെ പതിപ്പാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഇത് ക്യാമറകളുടെ പ്രകടന മികവ് ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
∙ പുതിയ പ്രോസസര്‍
ഡിജിക് എക്‌സ് ആണ് ഇരു മോഡലുകള്‍ക്കും ശക്തി പകരുന്നത്. 8കെ വിഡിയോ സൃഷ്ടിക്കുന്ന കൂറ്റന്‍ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ഈ പ്രോസസറിനു സാധിക്കുന്നു എന്നതാണ് മറ്റു ക്യാമറാ ബ്രാന്‍ഡുകളെ കവച്ചുവയ്ക്കാന്‍ ക്യാനനെ പ്രാപ്തമാക്കിയ ഘടകങ്ങളിലൊന്ന്. നോയിസ് കുറഞ്ഞ ചിത്രങ്ങളായിരിക്കും ഈ ക്യാമറകള്‍ എടുക്കുക എന്നതും മറ്റൊരു മികവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
∙ സ്റ്റില്‍ പ്രേമികളെ മറന്നിട്ടില്ല
സ്റ്റില്‍ ഷൂട്ടിങ്ങിനും ആര്‍5 വളരെ മികവുറ്റതായിരിക്കും. മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 12 ഫ്രെയിം ഷൂട്ടു ചെയ്യാം. ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 20 ഫ്രെയ്മും. ഈ ക്യാമറ കൊണ്ടുവരുന്ന പുതുമകള്‍ എഴുതിതീര്‍ക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.
∙ ആര്‍6
ഇഒഎസ് ആര്‍6, ആര്‍5ന്റെ ഇളയ സഹോദരനാണ്. ഈ മോഡലിന് 20എംപി സെന്‍സറാണുള്ളത്. ആര്‍6ന്, 8കെ വിഡിയോ റെക്കോഡിങ് ഇല്ല എന്നുള്ളതും, 4കെ 60പി ആണ് ഉള്ളത് എന്നതും, ടോപ് എല്‍സിഡി ഇല്ല, സ്‌ക്രീനുകള്‍ക്ക് റെസലൂഷന്‍ കുറവാണ് എന്നതും കഴിഞ്ഞാല്‍ ഇരു മോഡലുകള്‍ക്കും ഇന്‍ബോഡി സ്റ്റബിലൈസേഷനും, ഡ്യൂവല്‍ പിക്‌സന്‍ ഓട്ടോഫോക്കസും അടക്കമുള്ള പല ഫീച്ചറുകളും ഒരു പോലെയാണ്. ഇഒഎസ് 6ഡി സീരീസിലുള്ളവരെ ആയിരിക്കും ഈ ബോഡി ആകര്‍ഷിക്കുക. വ്‌ളോഗര്‍മാര്‍ തുടങ്ങിയവര്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും. ഇരു ബോഡികള്‍ക്കും ഇരട്ട കാര്‍ഡ് സ്ലോട്ട് തുടങ്ങിയ ഫീച്ചറകളും ഉണ്ട്. സെക്കന്‍ഡില്‍ 1400 എംബിപിഎസ് വരെ എഴുതാന്‍ ശേഷിയുള്ള സിഎഫ്എക്‌സ്പ്രസ് കാര്‍ഡ് സ്ലോട്ടാണ് ഇതിലൊന്ന്. വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.
∙ കുറവുകള്‍
ഇരു ക്യാമറകള്‍ക്കുമുള്ള ഒരു ന്യൂനത ബാറ്ററി പ്രകടനമാണ്. 8കെ വിഡിയോയും മറ്റും റെക്കോഡു ചെയ്യണമെങ്കില്‍ വില കൂടിയ മെമ്മറി കാര്‍ഡുകളും വേണം. വിലയും പലര്‍ക്കും ഒരു പ്രശ്‌നം തന്നെയായിരിക്കും. ചൂടാകല്‍ ആണ് മറ്റൊരു പ്രശ്‌നം. ഉയര്‍ന്ന റെസലൂഷനില്‍ വിഡിയോ റെക്കോഡു ചെയ്താല്‍ വളരെയധികം ഡേറ്റ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ചൂടാകല്‍ അനിവാര്യമാണെന്നും അതായിരിക്കും ഈ ക്യാമറയുടെ (ആര്‍5) ഏറ്റവും വലിയ കുറവെന്നും പറയുന്നു. വെയിലത്തും ചൂടുള്ള സ്ഥലങ്ങളിലും ഉപയോഗിച്ചാല്‍ അതിവേഗം ചൂടായേക്കും.
∙ വില
ആര്‍5 ബോഡിക്കു മാത്രം 3,39,995 രൂപയാണ് എംആര്‍പി. ആര്‍6ന് 2,15,995 രൂപ നല്‍കണം. എന്നാല്‍, ഈ വില ഇവ കൊണ്ട് എന്തെല്ലാം സാധ്യമാണെന്ന കാര്യം പരിഗണിച്ചാല്‍ ഒരു രീതിയിലും അമിതമല്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ ക്യാമറകളുടെ വരവോടെ ഡിഎസ്എല്‍ ആറുകള്‍ അപ്രസക്തമാകുകയാണ് എന്നാണ് ഒരു നിരീക്ഷണം. മിറര്‍ലെസ് ക്യാമറാ രംഗത്തി ഏറ്റവും മികച്ചതും വൈവിധ്യമുള്ളതുമായ ലെന്‍സുകള്‍ അവതരിപ്പിച്ച കമ്പനി ക്യാനന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ഇനിയും ടെസ്റ്റു ചെയ്തിട്ടില്ലാത്ത പുതിയ സെന്‍സറുകളുടെ ഡൈനാമിക് റെയ്ഞ്ച് മാത്രമായിരിക്കാം ക്യാനന്‍ ബോഡികള്‍ വേണ്ടന്നു വയ്ക്കാനുള്ള കാരണങ്ങളിലൊന്ന്. എന്നാല്‍, സ്റ്റില്ലിനും വിഡിയോയ്ക്കും ഒരേ പോലെ ഉപകാരപ്രദമാകുന്ന ഒരു ബോഡിയാണ് നോക്കുന്നതെങ്കില്‍ ക്യാമറാ വിപണിയില്‍ ആര്‍5ന് ഇപ്പോള്‍ നിസ്തുലമായ സ്ഥാനമാണുള്ളത്. എന്നാല്‍, അടുത്തു വരാന്‍ പോകുന്ന സോണി എ7 IV, എ7എസ് 3, നിക്കോണിന്റെ പുതിയ മോഡലുകള്‍ ഇവയൊക്കെ അദ്ഭുതപ്പെടുത്തിക്കൂടായ്കയില്ല. കൂടാതെ, ക്യാനന്‍ ബോഡികളും ലെന്‍സുകളും ഉജ്വല നിലവാരം പുലര്‍ത്തുന്നുവെങ്കിലും അവയുട വില മീഡിയം ഫോര്‍മാറ്റ് ക്യാമറകളുടെ തലത്തിലേക്ക് ഉയര്‍ന്നല്ലോ എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഇപ്പോള്‍ മറ്റു ബ്രാന്‍ഡുകളുടെ ആരാധകരും ക്യാനന്റെ എൻജിനീയര്‍മാര്‍ക്ക് കൈയ്യടിക്കേണ്ട സമയമാണ്. കാരണം ഇനി ഏതു ബ്രാന്‍ഡിന്റെയായാലും പുതിയ ക്യാമറകളില്‍ ഇത്തരം ഫീച്ചറുകള്‍ കൊണ്ടുവന്നേ പറ്റൂ!
English Summary: History created! Canon announces cameras with extraordinary features