ക്യാമറാ നിര്‍മാണ രംഗം വന്‍ മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിക്കുകയാണ്. ക്യാനന്റെ ഇഒഎസ് ആര്‍5, ആര്‍6 ക്യാമറകള്‍ കൊണ്ടുവന്ന മികവുകള്‍ക്കു ശേഷം സോണിയുടെ ഊഴമാണ്. തങ്ങളുടെ അതീവ സംവേദനക്ഷമതയുള്ള ക്യാമറാ സീരിസായ എ7എസ് സീരിസിലെ മൂന്നാം തലമുറയിലെ ക്യാമറ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ക്യാനന്റെ പുതിയ മോഡലുകള്‍ ഓള്‍റൗണ്ടര്‍മാരാകാന്‍ ശ്രമിക്കുമ്പോള്‍, സോണിയുടെ എ7എസ് III, പ്രൊഫഷണല്‍ വിഡിയോ റെക്കോഡിങ്ങില്‍ വിസ്മയം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. സെന്‍സറിന് 12എംപി റെസലൂഷനേയുള്ളു എന്നത് സ്റ്റില്‍ ഷൂട്ടര്‍മാരെ ഈ ബോഡിയില്‍ നിന്ന് അകറ്റി നിർത്തിയേക്കും. എന്നാല്‍, റെസലൂഷന്‍ പ്രശ്‌നമല്ലെങ്കില്‍, പുതിയ ക്യാമറ അതിഗംഭീര ചിത്രങ്ങള്‍ വെളിച്ചക്കുറവിലടക്കം പകര്‍ത്തുമെന്നത് വേറെ കാര്യം.
∙ ചില ഫീച്ചറുകള്‍
ഇന്ന് മറ്റൊരു ക്യമറയ്ക്കുമില്ലാത്തത്ര പ്രകാശമാനമായ, 9.44 മെഗാഡോട്ട് ഓലെഡ് ഫൈന്‍ഡറാണ് നല്‍കിയിരിക്കുന്നത്. അതിന് 0.90X മാഗ്നിഫിക്കേഷനും ഉണ്ട്. സോണി എ9, സോണി എ7ആര്‍ 4 തുടങ്ങിയ ക്യാമറാ ബോഡികള്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് പരിചിതമായിരിക്കും ഇതിന്റെ നിയന്ത്രണ സംവിധാനങ്ങള്‍. സോണിയുടെ ക്യമാറകളെക്കുറിച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഏറ്റവും വലിയ ആരോപണം അവരുടെ മെന്യൂ സിസ്റ്റമാണ്. അതും പുതിയ ക്യാമറയ്ക്കായി ഉടച്ചുവാര്‍ത്തിട്ടുണ്ട്. കുറച്ചു പരിമിതികളുണ്ടെങ്കിലും ടില്‍റ്റു ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീന്‍ വിഡിയോ ഷൂട്ടര്‍മാരെ ആകര്‍ഷിക്കും. പുതിയ ബാറ്ററിക്ക് 500 ഷോട്ട് റെയ്റ്റിങ് ആണ് ഉള്ളത്. സെക്കന്‍ഡില്‍ 10 ഫ്രെയിം ഷൂട്ടുചെയ്യുന്ന ഈ ക്യമാറ, ഹെയ്ഫ് ഫോര്‍മാറ്റിലും ചിത്രങ്ങളെടുക്കും. ബയോണ്‍സ് എക്‌സ്ആര്‍ എന്നാണ് പ്രോസസറിനു നല്‍കിയിരിക്കുന്ന പേര്.
കംപ്രസു ചെയ്യാത്ത 1,000 റോ ഫോട്ടോകള്‍ വരെ ഒറ്റയടിക്ക് ഷൂട്ടുചെയ്യാം. ഓട്ടോ വൈറ്റ് ബാലന്‍സ് കൂടുതല്‍ മികവുറ്റതാക്കിയിക്കുന്നു. പുതിയ എക്‌സ്എല്‍ആര്‍ അഡാപ്റ്റര്‍ ഓഡിയോ റെക്കോഡിങ്ങില്‍ കൂടുതല്‍ പ്രൊഫഷണല്‍ ടച്ച് കൊണ്ടുവരും. സ്റ്റീരിയോ മൈക്രോഫോണും ഉണ്ട്. സ്വാഭാവിക ഐഎസ്ഒ റെയ്ഞ്ച് 80-102400 വരെയായിരിക്കും. ഇത് ബൂസ്റ്റു ചെയ്ത് 40- 409,800 വരെയാക്കാം. വിഡിയോയുടെ കുറഞ്ഞ ഐഎസ്ഒ 80 ആയിരിക്കും. യുഎസ്ബി പവര്‍ ഡെലിവറി സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യ ആല്‍ഫാ ക്യാമറായണിത്. ബില്‍റ്റ് ഇന്‍ ഫ്‌ളാഷ് തുടങ്ങിയ ഫീച്ചറുകൾ ഇല്ലാത്തത് ഇത് പ്രൊഫഷണലുകള്‍ കൈയ്യില്‍ വയ്‌ക്കേണ്ട ക്യാമറായാണ് എന്നതിന് വ്യക്തമായ സൂചന നല്‍കുന്നു.
4K വിഡിയോ സെക്കന്‍ഡില്‍ 119.88 ഫ്രെയിം വരെ റെക്കോഡു ചെയ്യാം. ഡിഎസ്എസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകളിലെ വിഡിയോ റെക്കോഡിങ്ങിന്റെ ഏറ്റവും വലിയ ശാപമായ റോളിങ് ഷട്ടറിന്റെ പ്രഭാവം വല്ലാതെ കുറയ്ക്കാന്‍ സോണിക്ക് ആയിട്ടുണ്ട്. ഹാന്‍ഡ്‌ഹെല്‍ഡ് ആയി വിഡിയോ ഷൂട്ടു ചെയ്യുന്നത് എളുപ്പമാക്കാനായി ആക്ടീവ് മോഡ് അവതരിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ വലുപ്പവുമുള്ള എച്ഡിഎംഐ പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിലൂടെ 4K/59.94p 16-ബിറ്റ് റോ വിഡിയോ എക്‌സ്‌റ്റേണല്‍ റെക്കോര്‍ഡറിലേക്ക് പകര്‍ത്താം. വിവിധ ഫോര്‍മാറ്റുകള്‍ ഗുണനിലവാരം ചോരാതെ വിഡിയോ റെക്കോഡു ചെയ്യാന്‍ അനുവദിക്കുന്നു. ഇരട്ട കാര്‍ഡ് സ്ലോട്ട് ഉണ്ട്. സിഎഫ്എക്‌സ്പ്രസ് ടൈപ് എ എന്ന പുതിയ ഫോര്‍മാറ്റും എസ്ഡി കാര്‍ഡുകളും സ്വീകരിക്കും. നിരവധി ഓപ്ഷണല്‍ അക്‌സസറികളും സ്വീകരിക്കും.
∙ മനസിലിരിക്കേണ്ട ചില കാര്യങ്ങള്‍
ഇന്ന് തിരഞ്ഞെടുക്കാന്‍ ധാരാളം ക്യമാറകളുണ്ട്. എന്തും ചെയ്യുന്നു എന്നു ഭാവിക്കുന്ന ക്യാനന്‍ ആര്‍5 ക്യാമറ മുതല്‍, വിഡിയോ റെക്കോഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോണി എ7എസ് 3, പാനസോണിക് എസ്1എച് തുടങ്ങിയവ വരെ പല ക്യാമറകളും പ്രൊഫഷണലുകളുടെയും ക്യാമറാ പ്രേമികളുടെയും ശ്രദ്ധയ്ക്കായി കേഴുന്നു. ക്യാനന്റെ ആര്‍5 മോഡല്‍ വളരെ നിസ്തുലമായ സ്ഥാനമര്‍ഹിക്കുന്ന ഒരു ക്യാമറയാണ്. എന്നാല്‍, ഇതില്‍ തുടര്‍ച്ചയായി വിഡിയോ ഷൂട്ടു ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്. നിലവില്‍ ഏറ്റവും മികച്ച വിഡിയോ, 8കെ അടക്കം റെക്കോഡു ചെയ്യാന്‍ ആര്‍5ന് ആകുമെങ്കിലും അതിന് അധികനേരം ഷൂട്ടു ചെയ്യാനാവില്ല. അത് പെട്ടെന്ന് ചൂടായി ഷൂട്ടിങ് നിർത്തുന്നു. തുടര്‍ച്ചയായി ആര്‍5 ഉപയോഗിച്ചു ഷൂട്ടുചെയ്യണമെന്നുള്ളവര്‍ രണ്ടോ അതിലേറെയോ ക്യാമറകള്‍ വാങ്ങണമെന്നാണ് പറയുന്നത്. ഒന്ന് തണുക്കാന്‍ വച്ചിരിക്കുന്ന സമയത്ത് ഉപയോഗിക്കാനാണിത്. സോണി എ7എസ് 3 ക്ക് 8കെ റെക്കോഡിങ് ശേഷിയില്ല. എന്നാല്‍ അതിന് ക്യാനനേക്കാള്‍ കൂടുതല്‍ നേരം റെക്കോഡ് ചെയ്യാനാകും. പക്ഷേ, അതിന് 12എംപി സ്റ്റില്‍ ചിത്രങ്ങള്‍ മാത്രമാണ് റെക്കോഡ് ചെയ്യാനാകുക. 12എംപി സ്റ്റില്‍ റെക്കോഡു ചെയ്യാനായി 3,500 ഡോളര്‍ ചിലവിടേണ്ട കാര്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നു.
എന്നാല്‍, വിഡിയോ റെക്കോഡിങ് ആണ് പ്രാഥമിക ലക്ഷ്യമെങ്കില്‍ ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമായ ക്യമറകളിലൊന്നാണ് സോണി എ7എസ് 3. ക്യാനന്‍ ആര്‍5, ആര്‍6 ക്യാമറകളെ അപേക്ഷിച്ച് കൂടുതല്‍ നേരം റെക്കോഡു ചെയ്യാമെന്നത് സോണി നല്‍കുന്ന ഒരു മികവാണ്. എന്നാല്‍, സോണി എ7എസ് 3 ഒരു തുടക്ക മാത്രമാണെന്നും കമ്പനി ഇനി കൊണ്ടുവരാന്‍ പോകുന്ന മറ്റങ്ങളുടെ മുഖവുര മാത്രമാണിതെന്നും പറയുന്നവരുണ്ട്. എന്തായാലും, വെളിച്ചക്കുറവില്‍ ഈ ക്യാമറ പകര്‍ത്തുന്ന വിഡിയോ ഇപ്പോള്‍ത്തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ഒരു സ്‌പെഷ്യലിസ്റ്റിന്റെ ക്യാമറയാണിത്. പുതിയ ക്യാമറ ഉപയോഗിച്ച് സോണി പുറത്തിറക്കിയ വിഡിയോ ഇവിടെ കാണാം: https://youtu.be/MQMVC8UmJ-k
English Summary: Sony A7S III--A specialist's video recording tool