ADVERTISEMENT

ഫോണിലെന്നതു പോലെ, ഫോട്ടോ എടുത്ത് ക്യാമറയില്‍ വച്ചു തന്നെ എഡിറ്റു ചെയ്ത് ഷെയർ ചെയ്യാവുന്ന ക്യാമറ എന്ന സങ്കല്‍പ്പം സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരമായേക്കും. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, ഉജ്വല പ്രകടനം പ്രതീക്ഷിക്കുന്ന ഈ ക്യാമറയ്ക്ക് നല്ല വില നല്‍കണമെന്നു മാത്രം. അതിനു കാരണം ഇതു നിര്‍മിച്ചിരിക്കുന്നത് സൈസ് എന്ന കമ്പനിയാണ് എന്നതാണ്.

 

സൈസ് (Zeiss) എന്ന പേര് പ്രൊഫഷണല്‍ ക്യാമറകളുമായി ബന്ധപ്പെടുത്തി പുതിയ തലമുറ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍, ചില സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ ലെന്‍സില്‍ ആ പേരു കണ്ടിട്ടുണ്ടാകും താനും. സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ ലെന്‍സിന് സൈസ് നാമകരണം ലഭിക്കാനുള്ള കാരണം ഫിലിം ഫൊട്ടോഗ്രാഫിയിലെ ആഢ്യത്വത്തിനു പര്യായമായിരുന്നു സൈസ് ലെന്‍സുകള്‍ എന്നതാണ്. സൈസ് ഡിജിറ്റല്‍ ക്യാമറകള്‍ക്കു വേണ്ടിയും ലെന്‍സുകള്‍ ഇറക്കുന്നുണ്ട്. എന്നാല്‍, അവയ്ക്ക് വില കൂടുതലായതിനാല്‍ അധികം പേര്‍ ഉപയോഗിക്കാറില്ല. ദര്‍ശകവിദ്യാ വിഷയത്തിലും, ലെന്‍സുകളുടെ നിര്‍മാണത്തിലും തികവിന്റെ പര്യായമായ ജര്‍മന്‍ കമ്പനിയാണ് സൈസ്. സൈസ് കമ്പനി 2018 സെപ്റ്റംബറില്‍ തങ്ങള്‍ ഒരു ക്യാമറയുടെ നിര്‍മാണപ്രവര്‍ത്തനത്തിലാണ് എന്നു പ്രഖ്യാപിച്ചിരുന്നു. അതിപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ് സൈസ് സെഡ്എക്‌സ്1 എന്ന പേരില്‍.

 

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സൈസ് സെഡ്എക്‌സ്1 എന്നു പറഞ്ഞല്ലോ. ഈ ഓപ്പറേറ്റിങ് സിസ്റ്റവുമായി മുൻപും ക്യാമറകള്‍ ഇറങ്ങിയിട്ടുണ്ട്. സാംസങ്ങിന്റെ ഗ്യാലക്‌സി ക്യാമറകള്‍, നിക്കോണ്‍ ഇറക്കിയ കൂള്‍പിക്‌സ് എസ്800സി തുടങ്ങിയ ക്യാമറകള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍, സൈസ് സെഡ്എക്‌സ്1നെ പോലെ പ്രീമിയം ക്യാമറകളല്ലായിരുന്നു സാധാരണ ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ക്യാമറകള്‍. നിര്‍മാണവും പ്രവര്‍ത്തന രീതിയും മറ്റും നോക്കുമ്പോള്‍, സൈസ് സെഡ്എക്‌സ്1 ചില കാര്യങ്ങളില്‍ സോണിയുടെ ആര്‍എക്‌സ്1 ക്യാമറകളെ ഓര്‍മിപ്പിക്കുന്നു. ലൈക്കയുടെ ടച്‌സ്‌ക്രീന്‍ കേന്ദ്രീകൃതമായ ടിഎല്‍ ക്യാമറയേയും അനുസ്മരിപ്പിക്കുന്നതാണ് സൈസിന്റെ പുതിയ ക്യാമറ. സൈസ് സെഡ്എക്‌സ്1 ക്യാമറയ്ക്ക് 37.4 എംപി ഫുള്‍ഫ്രെയിം സെന്‍സറാണ് പിടിപ്പിച്ചിരിക്കുന്നത്. ക്യാമറയുടെ ലെന്‍സ് മാറ്റാന്‍ പറ്റില്ല- എഫ്/2 അപേച്ചറുള്ള 35 എംഎം ഫോക്കല്‍ ലെങ്ത് ആണിതിന്. 3190 എംഎഎച് ബാറ്ററിയാണ് ഒപ്പം കിട്ടുക. ഇതുപയോഗിച്ച് 250 ചിത്രങ്ങള്‍ വരെ പകര്‍ത്താമെന്ന് കമ്പനി പറയുന്നു. ക്യാമറയ്ക്ക് മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല- മറിച്ച് 500ജിബി എസ്എസ്ഡി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതില്‍ എന്തുമാത്രം സ്‌പെയ്‌സാണ് ഓപ്പറേറ്റിങ് സിസ്റ്റത്തിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത് എന്നറിയില്ല. എഡിറ്റിങ്ങിന് അഡോബിയുടെ ലൈറ്റ്‌റൂമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി സൈസും അഡോബിയും ഒരുമിച്ചിരുന്നു.

 

ക്യാമറയ്ക്കുള്ളില്‍ വച്ചു തന്നെ എഡിറ്റിങ് സാധിക്കുമെന്നതിനാല്‍ സ്‌ക്രീനും പ്രധാനപ്പെട്ടതാണ്. ഇത്ര വിലയുള്ള ക്യാമറയുടെ സ്‌ക്രീന്‍ റെസലൂഷന്‍ നിരശപ്പെടുത്തുന്നുവെന്നു പറയേണ്ടിവരും. 4.3-ഇഞ്ചു വലുപ്പമുള്ള ഡിസ്‌പ്ലെയ്ക്ക് 1280x720 ആണ് റെസലൂഷന്‍. ക്യാമറയ്ക്ക് ലീഫ് ഷട്ടറാണുള്ളത് - പരമാവധി ഷട്ടര്‍ സ്പീഡ് 1/1000 ആണ്. എന്നാല്‍, ഇലക്ട്രോണിക് ഷട്ടര്‍ മതിയെങ്കില്‍ 1/8000 വരെ സ്പീഡുയര്‍ത്താം. അതു നിര്‍വഹിക്കുക ടച്‌സ്‌ക്രീന്‍ ഉപയോഗപ്പെടുത്തിയാണ്. പല മെന്യുവും ടച്ച്‌സ്‌ക്രീന്‍ പ്രയോജനപ്പെടുത്തിയാണ് ഉപയോഗിക്കുക. ക്യാമറയ്ക്ക് 5 ഫിസിക്കല്‍ ബട്ടണുകള്‍ മാത്രമാണുള്ളത്. സൈസ് സെഡ്എക്‌സ്1 മറ്റൊരു ക്യാമറയുമായും മത്സരിക്കുന്നില്ല. ഇത് അതിന്റെ സ്വന്തം ഇടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ക്യമാറകളോ, മറ്റ് ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ക്യാമറകളോ ഉപയോഗിക്കുന്നവര്‍ ഇതു പരിഗണിക്കണമെന്നില്ല. കാരണം കണക്കറ്റ കാശുകാര്‍ മാത്രമായിരിക്കും പുതിയ ക്യാമറ വാങ്ങുക എന്നതു മുന്നില്‍ കണ്ടു നിര്‍മിച്ചിരിക്കുന്നതാണിത്. മറ്റൊരു ജര്‍മന്‍ ക്യാമറാ നിര്‍മാതാവായ ലൈക്കയുടെ രീതിയാണത്.

 

സൈസ് സെഡ്എക്‌സ്1 ക്യാമറയ്ക്ക് 6000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. പ്രകടനത്തില്‍ ഔന്നത്യം പ്രതീക്ഷിക്കുന്ന, ഒതുക്കമുളള ഈ ക്യാമറ, കാശുകാരായ ഇന്‍സ്റ്റാഗ്രാം ഷൂട്ടര്‍മാരെ ആകര്‍ഷിച്ചേക്കും. സാധാരണ ഫൊട്ടോഗ്രാഫി പ്രേമിയെയോ, പ്രൊഫഷണലിനെയോ സംബന്ധിച്ചിടത്തോളം ഈ ക്യാമറ പരിഗണിക്കേണ്ട കാര്യമില്ല. ക്യാനന്‍, നിക്കോണ്‍, സോണി ത്രിമൂര്‍ത്തികളുടെയടക്കം ഉജ്വല ക്യാമറകളും ലെന്‍സുകളും ഈ വിലയ്ക്കു വാങ്ങാം. എന്നാല്‍, ആയിരത്തിലേറെ ഡോളര്‍ ഐഫോണ്‍ വാങ്ങാനായി വലിച്ചെറിയുന്ന സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് ഈ ക്യാമറ പുതിയൊരു ലോകം തുറക്കും. ഒരു ഐഫോണിനും അടുത്ത വര്‍ഷങ്ങളിലൊന്നും എടുക്കാനാകാത്ത തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കാനാകും. ഫുള്‍ഫ്രെയിം സെന്‍സറിന്റെ മികവ് ആശ്ചര്യപ്പെടുത്തും. ക്യാമറ വാങ്ങാന്‍ പറ്റാത്ത സ്മാര്‍ട് ഫോണ്‍ ഷൂട്ടര്‍മാര്‍ക്ക് മറ്റു കമ്പനികളും ഈ ആശയം ഏറ്റെടുക്കുമോ, ഇത്തരം വില കുറഞ്ഞ ക്യാമറകള്‍ എത്തുമോ എന്ന പ്രതീക്ഷ പുലര്‍ത്താം എന്നതും ചെറിയ കാര്യമല്ല. കാശുള്ള, ഫൊട്ടോഗ്രാഫിയുടെ സങ്കീര്‍ണതകളിലേക്ക് എത്തി നോക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്ന ഒതുക്കമുള്ള ക്യാമറയാണിത്.

 

English Summary: Zeiss' Android-powered ZX1 camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com