ജാപ്പനീസ് ക്യാമറാ നിര്‍മാണ ഭീമന്‍ ക്യാനന്‍ തങ്ങളുടെ പുതിയ മിറര്‍ലെസ് സിസ്റ്റമായ ആര്‍എഫ് മൗണ്ടിനായി രണ്ടു പുതിയ ലെന്‍സുകള്‍ കൂടി പുറത്തിറക്കി. ആര്‍എഫ് 70-200എംഎം എഫ്4 ( RF 70-200mm F4L IS USM), ആര്‍എഫ് 50എംഎം എഫ് 1.8 എസ്ടിഎം എന്നിവയാണിത്. ക്യാനന്റെ ആര്‍എഫ് സിസ്റ്റത്തിനായി ഇറക്കുന്ന ലെന്‍സുകളെല്ലാം തന്നെ വിലയും ഭാരവും കൂടിയവയാണെന്ന വിമര്‍ശനത്തിനുള്ള തക്ക മറുപടി നല്‍കിയാണ് 50എംഎം പുറത്തിറക്കിയിരിക്കുന്നത്. ലെന്‍സിന് 199 ഡോളറാണ് വിലയിട്ടിരിക്കുന്നത്.
അതേസമയം, ഒരു സ്‌റ്റോപ് വെളിച്ചം കുറഞ്ഞാലും അല്‍പ്പം ഭാരവും വിലയും കുറഞ്ഞ 70-200എംഎം ലെന്‍സ് വേണമെന്നുള്ളവരെ ലക്ഷ്യമാക്കിയിറക്കിയതാണ് പുതിയ ആര്‍എപ് ടെലി സൂം. ക്യാനന്റെ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കുള്ള ഇഎഫ് 70-200 എഫ്4ന്റെ പിന്തുടര്‍ച്ചയെന്നു പറയാവുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ആ ലെന്‍സിനേക്കാള്‍ 32 ശതമാനം നീളം കുറവുണ്ട് പുതിയ ലെന്‍സിന്. 11 ശതമാനം ഭാരക്കുറവുമുണ്ട്. സൂം 70എംഎംല്‍ ഇരിക്കുമ്പോള്‍, ക്യാനന്റെ ആര്‍എഫ് 24-105 ലെന്‍സിനേക്കാള്‍ അല്‍പ്പം മാത്രം വലുപ്പക്കൂടുതലാണുള്ളത്. എന്നാല്‍, സൂം ചെയ്യുമ്പോള്‍ വലുപ്പം കൂടും. കമ്പനിയുടെ എല്‍ സീരീസ് ലെന്‍സുകള്‍ക്ക് ലഭിക്കുന്ന പൊടിയും വെള്ളവും കടക്കാതിരിക്കാനുള്ള സീലിങ്ങുകളും ഉപയോഗിച്ചിട്ടുണ്ട്. രണ്ട് അടിയാണ് മിനിമം ഫോക്കസിങ് ഡിസ്റ്റന്‍സ്. ഫ്‌ളെയര്‍, ഗോസ്റ്റിങ് തുടങ്ങിയ ദൂഷ്യങ്ങള്‍ കുറയ്ക്കാനായി എയര്‍ സ്ഫിയര്‍ കോട്ടിങ്ങാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
മൂന്നു തരം ഇമേജ് സ്റ്റബിലൈസേഷനാണ് ലെന്‍സിനു നല്‍കിയിരിക്കുന്നത്: 1. പൊതുവായ സ്റ്റെബിലൈസേഷന്‍. ഇത് എല്ലാ വശത്തു നിന്നും സ്റ്റബിലൈസേഷന്‍ നല്‍കും. 2. പാനിങ്ങില്‍ മികച്ച ഷോട്ട് ലഭിക്കാന്‍ സാധിക്കാനായി ഒരുക്കിയിരിക്കുന്നത്. 3. ഷട്ടര്‍ ബട്ടണ്‍ പൂര്‍ണമായി അമര്‍ത്തുന്ന സമയത്തുമാത്രം പ്രവര്‍ത്തിച്ചു തുടങ്ങുന്ന രീതി. ഇഒഎസ് ആര്‍5, ആര്‍6 ബോഡികളുമായി ചേര്‍ന്നാല്‍ 7.5 ഇവി കോമ്പന്‍സേഷന്‍ വരെ ലഭിക്കുന്നു. ട്രൈപ്പോഡ് ഫുട്ടിന് ഇടം നല്‍കാത്ത ഡിസൈനാണ് എന്നത് ഒരു കുറവായി കാണാം. ആര്‍എഫ് ടെലി കണ്‍വേര്‍ട്ടറുകളുമായി ഒത്തു പ്രവര്‍ത്തിക്കില്ലെന്നതും ഇതിന്റെ കുറവായി കാണാം. രണ്ടു നാനോ യുഎസ്എം മോട്ടറുകളാണ് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. അതിവേഗവും, ശബ്ദരഹിതവുമായ പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നു. ഡിസംബറില്‍ ലഭ്യമാകുന്ന ഈ ലെന്‍സിന് 1,599 ഡോളറായിരിക്കും വില.
ആര്‍എഫ് 50എംഎം എസ്ടിഎം ലെന്‍സ്, ആര്‍എഫ് ഷൂട്ടര്‍മാര്‍ കാത്തിരുന്ന വില കുറഞ്ഞ ലെന്‍സാണിത്. കേവലം 160 ഗ്രാം മാത്രം ഭാരമുള്ള ഈ ലെന്‍സ് യാത്രകളിലും മറ്റും ക്യാമറ ഒപ്പം കൊണ്ടുപോകാന്‍ പ്രേരിപ്പിക്കും. ഫില്‍റ്റര്‍ സൈസ് 43എംഎം ആണ്. പുതിയ തരം ഓപ്ടിക്കല്‍ നിര്‍മിതിയാണിതിന്. അഞ്ചു ഗ്രൂപ്പുകളിലായി ആറ് എലമെന്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 0.25 എക്‌സ് ആണ് മാഗ്നിഫിക്കേഷന്‍. ലെന്‍സിന്റെ റിങ് കസ്റ്റമൈസ് ചെയ്യാം. ഏഴു വര്‍ത്തുളാകൃതിയിലുള്ള ബ്ലെയ്ഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌പെക്ട്രാ കോട്ടിങ് ആണ് ലെന്‍സ് എലമെന്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ലെന്‍സുകളും ഡിസംബറില്‍ ലഭ്യമാകും.
∙ ചൂടാകൽ കുറയ്ക്കാന്‍ ഇഒഎസ് ആര്‍6ന് പുതിയ ഫേംവെയര്‍
തങ്ങളുടെ മിറര്‍ലെസ് ക്യാമറായ ഇഒഎസ് ആര്‍6ന് പുതിയ ഫേംവെയര്‍ (v1.1.1) അവതരിപ്പിച്ചിരിക്കുകയാണ് ക്യാനന്‍. ഇതിലൂടെ വിഡിയോ റെക്കോഡിങ് സമയത്ത് ക്യാമറ ചൂടുകുന്നത് കുറയ്ക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ആര്‍6 ചൂടായി കഴിഞ്ഞാല്‍ തണുക്കാന്‍ വയ്‌ക്കേണ്ട സമയവും കുറയ്ക്കുന്നു. ഒരു ക്ലിപ്പിന്റെ ഷൂട്ടിങ് കഴിയുമ്പോള്‍ ക്യാമറ ഓഫ് ചെയ്തു വയ്ക്കാന്‍ ഓര്‍മിച്ചാല്‍ അത് വളരെ ഗുണകരമാകുമെന്നും പറയുന്നു.
∙ ആര്‍എഫ് മൗണ്ട് എപിഎസ്-സി ക്യാമറ അടുത്ത വര്‍ഷം?
ക്യാനന്റെ എപിഎസ്-സി മിറര്‍ലെസ് ലൈന്‍-ആപ്പിന്റെ പേര് ഇഒഎസ് എം എന്നാണ്. ഇതുള്ളതിനാല്‍ ക്യാനന്‍ ആര്‍എഫ് മൗണ്ടിലുള്ള എപിഎസ്-സി ക്യാമറകള്‍ ഇറക്കിയേക്കില്ല എന്ന വാദമായിരുന്നു ഇത്രയും കാലം ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ 2021ല്‍ കമ്പനി ആര്‍എഫ് മൗണ്ടിലുള്ള എപിഎസ്-സി ക്യാമറയും ഇറക്കാന്‍ പോകുന്നുവെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്.
English Summary: Canon Adds 70-200mm f/4L IS and 50mm f/1.8 STM Lenses to RF Lineup