sections
MORE

ഇത് ലോകത്തെ ഞെട്ടിച്ച കച്ചവടം...ലൈക്കാ ലെന്‍സ് വിറ്റത് 2.13 കോടി രൂപയ്ക്ക്

Leica-Lens
SHARE

ലോകമെമ്പാടും ജനങ്ങള്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ട് വലയുന്നു എന്നു കേള്‍ക്കുന്ന സമയത്തു തന്നെയാണ് ഈ വാര്‍ത്തയും വരുന്നതെന്നത് എന്തിന്റെ സൂചനയാണെന്ന് അറിയില്ല. വിദേശത്തു പോലും പലരും ഒരു വീടിനു നല്‍കിയേക്കാവുന്ന വിലയിലേറെ നല്‍കിയാണ് ഒരാള്‍ ലൈക്കയുടെ ലെന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 290,000 ഡോളറിന് (ഏകദേശം 2.13 കോടി രൂപയ്ക്ക്)! ഇത് ഒരു തരം കിറുക്കാണ് എന്നാണ് ചിലര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. ചില ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് എത്ര പണം നല്‍കിയും തങ്ങള്‍ മോഹിക്കുന്ന ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഒരു 'അസുഖ'മുണ്ട്. എന്നാല്‍, ഇത് അതുക്കും മേലെയാണ് എന്നാണ് വിമര്‍ശനം. ലൈക്കാ 28-75 (Leica Vario-Elmar-M 28-75mm f/3.5-5.6 ASPH) ലെന്‍സാണ് 240,000 യൂറോ അഥവാ ഏകദേശം 291,388 ഡോളറിന് ഒരാള്‍ ലേലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ വിവിധ തരം വീടുകള്‍ക്ക് നല്‍കേണ്ട വില 284,600 ഡോളറാണെന്നും വാര്‍ത്തകള്‍ പറയുന്നു.

ലേലത്തില്‍ പോയ ലൈക്കാ ലെന്‍സ് വളരെ വിരളമായ ഒന്നാണ് എന്നത് സമ്മതിച്ചേ പറ്റൂ. പോരെങ്കില്‍ അത് ലൈക്ക തന്നെ നിര്‍മിച്ചതുമാണ്. അത്തരം ലെന്‍സുകള്‍ക്ക് സ്വാഭാവികമായും വില കൂടുതലായരിക്കുകയും ചെയ്യും. എന്നാല്‍, ഇതൊരു പഴക്കംചെന്ന ലെന്‍സ് അല്ലെന്നതാണ് പലരെയും അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. വിന്റെജ് ലെന്‍സുകള്‍ക്ക് പൊന്നുംവില നല്‍കി സ്വന്തമാക്കുന്ന ശീലമുള്ള ക്യാമറാ ശേഖരണം വിനോദമാക്കിയ പണക്കാരുണ്ട്. ഇപ്പോള്‍ വിറ്റുപോയ ലെന്‍സ് നിർമിച്ചിരിക്കുന്നത് 2012ല്‍ ആണ്. എന്നാല്‍, വളരെ കുറച്ച് എണ്ണം മാത്രമാണ് ഇവ നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ക്യാമറാ കളക്ടര്‍മാരെ ഈ ലേലത്തിലേക്ക് ആകര്‍ഷിച്ചത്. ലെയ്റ്റ്‌സ് ഫൊട്ടോഗ്രാഫിക്കാ ഓക്ഷനിലാണ് (Leitz Photographica Auction) ഈ ലെന്‍സ് പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള മൂന്ന് ലെന്‍സുകളിലൊന്നാണത്രെ ഇത്.

ഓക്ഷന്‍ നടത്തിപ്പുകാരുടെ വിവരണ പ്രകാരം, ഈ ലെന്‍സ് 2012ല്‍ ജര്‍മനിയില്‍ രൂപകല്‍പന ചെയ്തതാണ്. ലൈക്കയുടെ തന്നെ ട്രൈ-എല്‍മാര്‍ 28-35-50 ലെന്‍സിനൊരു പകരക്കാരന്‍ എന്ന നിലയിലാണ് ഇതുണ്ടാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ട്രൈ-എല്‍മാര്‍ ലെന്‍സുകളെപ്പോലെയല്ലാതെ, വരിയോ-എര്‍മാര്‍-എം ലെന്‍സ് കൂടുതല്‍ ഷാര്‍പ് ആയ ചിത്രങ്ങള്‍ എടുക്കുന്നുവെന്നും വിവരണത്തില്‍ പറയുന്നു. ഈ ലെന്‍സ് ജര്‍മനിയില്‍ നിര്‍മിച്ചെടുത്താല്‍ കൂടുതല്‍ പണച്ചെലവു വരുമെന്നതിനാല്‍ അത് ജപ്പാനില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാക്കിയെടുത്തു വില്‍ക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. അതിനായി, ജപ്പാനിലേക്ക് ആദിമരൂപ (prototype) ലെന്‍സുകള്‍ അയയ്ക്കുകയും ചെയ്തു. എന്നാല്‍, ഇവയിലെ മെക്കാനിക്കല്‍, ഓപ്ടിക്കല്‍ മേഖലകളിലെ സങ്കീര്‍ണതകള്‍ക്കു മുന്നില്‍ ജാപ്പനീസ് കമ്പനികള്‍ മുട്ടുകുത്തി. തങ്ങള്‍ക്ക് ഇതു നിര്‍മിക്കാനാവില്ലെന്നു പറഞ്ഞു. അങ്ങനെ ഈ പദ്ധതി 2015ല്‍ നിർത്തി.

ഇത്തരത്തില്‍ ജപ്പാനിലേക്ക് അയയ്ക്കാനായി, തങ്ങള്‍ ഉദ്ദേശിക്കുന്ന നിലവാരത്തികവോടെ ലൈക്കയുടെ എന്‍ജിനീയര്‍മാര്‍ മൂന്നു പ്രോട്ടോടൈപ് ലെന്‍സുകളാണ് ജര്‍മനിയില്‍ നിര്‍മിച്ചത്. ഇവിയിലൊന്നാണ് ലേലത്തിനെത്തിയത്.

ലെന്‍സിന്റെ ചിത്രങ്ങള്‍ ഇവിടെ കാണാം: https://bit.ly/38dBODA

എന്നാല്‍, ഒരു ലെന്‍സ് വാങ്ങാന്‍ കാണിച്ച ധൂര്‍ത്തിനെതിരെ നിശിത വിമര്‍ശനങ്ങളും വരുന്നുണ്ട്. ഒരു ആഗ്രഹത്തിന് ഇതു വാങ്ങിയ ആള്‍ ഇത്രയും തുക പാവങ്ങള്‍ക്കായും വീതിച്ചു നല്‍കിയരുന്നെങ്കില്‍ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. മുതലാളിമാര്‍ക്ക് ടാക്‌സ് ഇളവുകള്‍ വരെ നല്‍കുന്നതുകൊണ്ടാണ് ഇത്തരം ധൂര്‍ത്ത് കാണിക്കാന്‍ ആളുകള്‍ മുതിരുന്നതെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. എന്നാല്‍, അങ്ങനെയല്ല പണക്കാര്‍ ആവശ്യത്തിന് ടാക്‌സ് നല്‍കുന്നുണ്ടെന്നായിരുന്നു മറു വാദം. ഒരു മണ്ടനും അയാളുടെ പണവും തമ്മില്‍ പെട്ടെന്നു തന്നെ വേര്‍പിരിയുമെന്നതാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍, അങ്ങനെയല്ലെ ലൈക്ക ലെന്‍സുകളും മറ്റും വാങ്ങിക്കൂട്ടുന്നവര്‍ക്ക് 5-10 വര്‍ഷം കഴിയുമ്പോള്‍ പല മടങ്ങു വര്‍ധന ലഭിക്കുന്ന ചരിത്രമാണ് ഉള്ളതെന്നാണ് വേറൊരാളുടെ പ്രതികരണം. ജപ്പാനിലേക്ക് അയയ്ക്കുന്നതിനു പകരം ഇതു ചൈനയിലേക്ക് അയച്ചിരുന്നെങ്കില്‍ ഇത്തരം എത്രയെണ്ണം വേണമെങ്കിലും 299 ഡോളറിന് ഉണ്ടാക്കിത്തരുമായിരുന്നല്ലോ എന്നായിരുന്നു വേറൊരു പ്രതികരണം.

English Summary: Leica lens sells for $290,000!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA