വ്‌ളോഗര്‍മാരെ പിടിക്കാന്‍ ക്യാനന്‍ പുതിയ രൂപത്തിലുള്ള മിറര്‍ലെസ് ക്യാമറ ഇറക്കുമോ?

canon-camera-patent
SHARE

ലോകത്തെ ഏറ്റവും വലിയ ക്യാമറാ വില്‍പന കമ്പനിയാണെങ്കിലും വര്‍ഷങ്ങളായി ക്യാനനെതിരെ ഉയര്‍ന്നുവന്നത് ഉല്‍പന്നങ്ങളില്‍ നൂതനത്വം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആരോപണമായിരുന്നു. സെന്‍സര്‍ ടെക്‌നോളജിയില്‍ സോണി ബഹുദൂരം മുന്നേറിയെങ്കിലും ക്യാനന്‍ വര്‍ഷങ്ങളായി ഒരിടത്തു തന്നെ നില്‍ക്കുകയാണ് എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, 2020ല്‍ ഇറങ്ങിയ ഏറ്റവും നൂതനത്വം നിറഞ്ഞ ക്യാമറയായി കൂടുതല്‍ പേരും അംഗീകരിച്ച ക്യാനന്‍ ഇഒഎസ് ആര്‍5 അവതരിപ്പിച്ചതോടെ ക്യാനനെക്കുറിച്ചുള്ള സങ്കല്‍പം ഫൊട്ടോഗ്രാഫി പ്രേമികള്‍ തിരുത്തി തുടങ്ങുകയായിരുന്നു. എന്നാല്‍, തങ്ങള്‍ അവിടെയൊന്നും നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ക്യാനന്റെ പേറ്റന്റ് അപേക്ഷകള്‍ നോക്കിയാല്‍ മനസ്സിലാകുക. വളരെ സവിശേഷതകളുള്ള പാന്‍ ആന്‍ഡ് ടില്‍റ്റ് മിറര്‍ലെസ് ക്യാമറയാണ് ക്യാനന്‍ നിർമിക്കാന്‍ ശ്രമിക്കുക എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. ഗിംബള്‍ പോലെയുള്ള ഒരു ഗ്രിപ്പിലായിരിക്കും ക്യാമറയുടെ ഭാഗങ്ങള്‍ ഇരിക്കുക. ഗ്രിപ്പില്‍ ഒരു ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.

ഇതുപയോഗിച്ചായിരിക്കും ഷോട്ടുകള്‍ ഫ്രെയിം ചെയ്യുക. എന്നാല്‍ ഇതിന് ഗിംബള്‍ രീതിയിലുള്ള സ്റ്റെബിലൈസേഷന്‍ ഉണ്ടായിരിക്കില്ലെന്നും പറയുന്നു. പകരം ഗിംബള്‍ പോലെയുള്ള പാന്‍-ടില്‍റ്റ് ഹെഡ്, ഇതില്‍ പിടിപ്പിക്കുന്ന ലെന്‍സിനെ തിരിക്കാന്‍ മാത്രമായിരിക്കും ഉപയോഗിക്കുക. പാന്‍-ടില്‍റ്റ് നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ടച് പാഡ് ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍, സാധാരണ ഗിംബളുകളില്‍ ഉള്ളതു പോലെ ബട്ടണുകള്‍ ഉപയോഗിച്ച് ക്യാമറയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയുമാകാം. ഗ്രിപ്പിനു മുന്നിലും ബട്ടണുണ്ട്. പിന്നിലുള്ള ബട്ടൺ ഉപയോഗിച്ച് ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാം. അതുപോലെ തന്നെ, എടുത്ത ചിത്രങ്ങള്‍ ഡിസ്‌പ്ലേയില്‍ റിവ്യൂ ചെയ്യാനും ബട്ടണുണ്ട്.

ഗിംബളിന്റെ മാതൃകയിലുള്ള ക്യാമറയില്‍ ഇലക്ട്രോണിക് സ്റ്റെബിലൈസേഷന്‍ മാത്രമേയുള്ളു എന്നാണ് മനസ്സിലാകുന്നത്. അതേസമയം, ഇതില്‍ പിടിപ്പിക്കാവുന്ന ലെന്‍സില്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉണ്ടായിരിക്കുകയും ചെയ്യും. ഈ ക്യാമറയ്ക്ക് ലെന്‍സിനെ 360 പാന്‍ ചെയ്യാനും, 270 ഡിഗ്രി തിരിക്കാനും സാധിക്കും. എന്നു പറഞ്ഞാല്‍ വ്‌ളോഗര്‍ക്ക് സീനില്‍ നിന്ന് തന്റെ നേർക്ക് ലെന്‍സിനെ തിരിച്ചെത്തിക്കാം. ക്യാമറയ്ക്കുള്ളിലെ ഇമേജ് സെന്‍സര്‍ സിസിഡിയോ സിമോസോ ആകാം. അതിന് ലോ-പാസ് ഫില്‍റ്റര്‍ ഉണ്ടായിരിക്കും. സെന്‍സറിന്റെ വലുപ്പം പറയുന്നില്ല. എപിഎസ്-സി സെന്‍സര്‍ എങ്കിലുമാണെങ്കില്‍ ധാരാളം പേര്‍ ഈ സിസ്റ്റത്തലേക്കു തിരിയാനുള്ള സാധ്യത കാണുന്നു.

ക്യാനന്‍ തങ്ങളുടെ നിലവിലുള്ള ഇഎഫ്, ഇഎഫ്-എസ്, ആര്‍എഫ് ലെന്‍സുകളാണോ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്, അതോ പുതിയ ലെന്‍സ് സിസ്റ്റം തന്നെ കൊണ്ടുവരുമോ എന്നും അറിയില്ല. എന്തായാലും ലെന്‍സിലെ സൂം പ്രവര്‍ത്തിപ്പിക്കാന്‍ ക്യാമറയ്ക്ക് ആകുമെന്നു പേറ്റന്റില്‍ നിന്നു മനസ്സിലാകുന്നു. എന്തായാലും സൂം മോട്ടര്‍ ഉള്ള ലെന്‍സുകള്‍ ആയിരിക്കും പുതിയ സിസ്റ്റത്തില്‍ ഉപയോഗിക്കുക. ഓട്ടോഫോക്കസ്, ഇമേജ് സ്റ്റബിലൈസേഷന്‍, ഇലക്ട്രോണിക് അപേര്‍ചര്‍ നിയന്ത്രണം, എക്‌സിഫ് ഡേറ്റാ ട്രാന്‍സ്ഫര്‍ തുടങ്ങി പലതും സാധ്യമായിരിക്കും.

തങ്ങളുടെ പേറ്റന്റിനു നല്‍കിയിരിക്കുന്ന കൂടുതല്‍ വിശദമായ വിവരണത്തില്‍ കമ്പനി പറയുന്നത് ഒരു ഗ്രിപ്പ് കൂടെ ഉപയോഗിച്ചാല്‍, വലിയ, നീളം കൂടിയ ലെന്‍സുകളും ഈ ക്യാമറയില്‍ ബാലന്‍സു ചെയ്തു നിർത്താനാകുമെന്നാണ്. എന്നാല്‍, ഇത് പാന്‍-ടില്‍റ്റ് നീക്കങ്ങള്‍ക്ക് പരിമിതികള്‍ കൊണ്ടുവരും. എങ്കിലും, ഒപ്ടിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനുള്ള ലെന്‍സുകള്‍ ഉപയോഗിക്കാന്‍ ഈ സിസ്റ്റത്തിനു സാധിക്കും. ക്യാമറ ഏങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അതിന് ഓട്ടോമാറ്റിക് ആയി തിരിച്ചറിയാനാകുമെന്ന് ക്യാനന്‍ പറയുന്നു. അതിനനുസരിച്ച് ഡിസ്‌പ്ലേ സ്വയം ക്രമീകരിച്ച് കൃത്യമായ ഫ്രെയ്മിങ് നടത്താന്‍ അനുവദിക്കും.

ഈ ഉപകരണത്തിനു മുകളില്‍ ഒരു ഹോട്ട് ഷൂവും ഉണ്ടായിരിക്കും. ഇതില്‍ മൈക്രോഫോണുകള്‍, ലൈറ്റുകള്‍ തുടങ്ങിയ ആക്‌സസറികള്‍ പിടിപ്പിക്കാനാകും. സാധാരണഗതിയില്‍ പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചെന്നു കരുതി ഉപകരണം ഉണ്ടാക്കുമെന്ന് ഉറപ്പില്ല. എന്നാല്‍, ഈ പേറ്റന്റിന് ഒപ്പം ക്യാനന്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അത്രമേല്‍ വിപുലമാണ് എന്നതിനാല്‍ ക്യാനന്‍ ഇതു നിര്‍മിക്കാന്‍ ഒരുങ്ങിത്തന്നെയാണ് എന്ന പ്രതീതിയാണ് നല്‍കുന്നത്. ചുമ്മാ ഒരു ഡയഗ്രം വരച്ചിടുന്ന പതിവിനു വിപരീതമായി ഏകദേശം 24 രേഖാചിത്രങ്ങളും, അഞ്ചു വ്യത്യസ്ത പേറ്റന്റ് അപേക്ഷാ വിവരണങ്ങളുമാണ് നല്‍കിയിരിക്കുന്നത് എന്നത് എത്ര ഗൗരവത്തോടെയാണ് കമ്പനി ഇതിനെ കാണുന്നത് എന്നതിന് വ്യക്തമായ സൂചനാണ് എന്നാണ് വിലയിരുത്തല്‍. പക്ഷേ, ക്യാനന്റെ പേറ്റന്റ് അപേക്ഷാ ചരിത്രം പരിശോധിച്ചാല്‍, പലതും അപേക്ഷകളില്‍ മാത്രം ഒതുങ്ങുന്നതാണെന്നു കാണാമെന്നും പറയുന്നു.

English Summary: Canon may introduce new type of vlogging camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA