ADVERTISEMENT

ഫൊട്ടോഗ്രാഫി അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. ഒന്നിലേറെ ലെന്‍സുകളും മറ്റുമായി ഇറങ്ങുന്ന സ്മാര്‍ട് ഫോണുകള്‍ സാധാരണ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളെ ഏറക്കുറെ ഇല്ലായ്മ ചെയ്തിരിക്കുന്നു. ഇതെല്ലാം ക്യാമറാ നിര്‍മാണ കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. എന്തായാലും, അല്‍പ്പം മാറി ചിന്തിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ജാപ്പനീസ് ക്യാമറാ നിര്‍മാണ ഭീമന്‍ ക്യാനന്‍. കമ്പനി പരീക്ഷണാര്‍ഥം ഇറക്കിയ ക്യാമറയാണ് പവര്‍ഷോട്ട് പിക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍ക്കൊള്ളിച്ച് ഇറക്കിയിരിക്കുന്ന ഈ ക്യാമറയ്ക്ക് സീനുകള്‍ വിശകലനം ചെയ്യാനും, ആളുകളെ തിരിച്ചറിയാനും, മുഖം പിന്തുടരാനുമൊക്കെ സാധിക്കുമെന്നതു കൂടാതെ എപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് അറിയാമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ക്യാമറയ്ക്ക് ക്യാനന്‍ നല്‍കിയിരിക്കുന്ന ഏകദേശ വിവരരണം ഇങ്ങനെയാണ്, 'ഓട്ടോമാറ്റിക് ഷൂട്ടിങ് ക്യാമറ'. ക്യാനന്റെ സ്വന്തം ലെന്‍സ് ടെക്‌നോളജി വിഡിയോ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇവയുടെ സമ്മേളനമാണ് ക്യാമറയില്‍ കാണാനാകുക.

 

പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ അന്വേഷിക്കുന്നവരെ ആകര്‍ഷിക്കാനാണ് ശ്രമം. സാധാരണ ക്യാമറയോ സ്മാര്‍ട് ഫോണോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കുടുംബങ്ങളും മറ്റും പിക്‌നിക് പോകുമ്പോഴും പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തുമ്പോഴുമൊക്കെ പലപ്പോഴും അവരില്‍ ആരെങ്കിലുമൊക്ക ഫോട്ടോഗ്രാഫര്‍ ചമഞ്ഞു മാറിനില്‍ക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമല്ലോ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സ്വയം പ്രവര്‍ത്തനശേഷിയുള്ള പിക്കിന്റെ മികവ് കാണാനൊക്കുക എന്നാണ് ക്യാനന്‍ പറയുന്നത്. മികച്ച ഡിസൈനാണ് പിക്കിന്. ആധുനികമെന്നു തോന്നിപ്പിക്കും. പിക്കിനെ ട്രൈപ്പോഡുകളിലും പിടിപ്പിക്കാം. ഇതിനായി വെല്‍ബണ്‍ ട്രൈപ്പോഡ് പ്രത്യേക ഓഫര്‍ വഴി നല്‍കാനും ക്യാനന്‍ ശ്രമിക്കുന്നു.

 

∙ ഇപ്പോള്‍ വാങ്ങാന്‍ കിട്ടില്ല

 

ഈ ക്യാമറ ക്രൗഡ്ഫണ്ടിങ്ങിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ നിലവില്‍ അത് മറ്റെവിടെയും വാങ്ങാനൊക്കില്ല. എന്നാല്‍, ഭാവിയില്‍ ഇതോ, ഇതുപോലെയുള്ള ക്യാമറകളോ ക്യാനന്‍ വില്‍പനയ്ക്ക് എത്തിച്ചേക്കും എന്നതിനാല്‍ ഈ ക്യാമറയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

 

∙ ഹാര്‍ഡ്‌വെയര്‍

 

സ്മാര്‍ട് ഫോണ്‍ ഷൂട്ടര്‍മാരെയോ, പോയിന്റ് ആന്‍ഡ് ഷൂട്ടര്‍മരെയോ ആകര്‍ഷിക്കാന്‍ തന്നെയാണ് ക്യാനന്റെ ശ്രമം. ക്യാമറയ്ക്ക് 1/2.3-ഇഞ്ച് വലുപ്പമുള്ള 12 എംപി സീമോസ് സെന്‍സറാണ് ഉള്ളത്. സെന്‍സറിനൊപ്പം 19-57എംഎം ലെന്‍സാണ് ക്യാമറയ്ക്കു നല്‍കിയിരിക്കുന്നത്. പരമാവധി അപേര്‍ചര്‍ എഫ്/2.8 ആണ്. ക്യാമറയ്ക്കുള്ളില്‍ ഇമേജ് സ്റ്റബിലൈസര്‍ ഉണ്ട്. ക്യാമറയ്ക്ക് തനിയെ 170 ഡിഗ്രി ഇരുവശത്തേക്കും തിരിയാന്‍ സാധിക്കും. മൂന്നര ഇഞ്ച് മാത്രമാണ് വലുപ്പം.

 

∙ സങ്കല്‍പ്പം

 

നിങ്ങള്‍ ഒരോ പ്രവര്‍ത്തി ചെയ്യുമ്പോഴും ക്യാമറ പശ്ചാത്തലത്തിലിരുന്നു ഫോട്ടോ എടുക്കുന്നു. ഇതാണ് കൂടുതല്‍ സ്വാഭാവികമായ ഫോട്ടോകള്‍ ലഭിക്കാന്‍ നല്ലതെന്നാണ് ക്യാനന്‍ പറയുന്നത്. ഒരു സാഹചര്യത്തേക്കുറിച്ചുളള ഓര്‍മച്ചിത്രങ്ങള്‍ ക്യാമറ നിങ്ങള്‍ക്കായി എടുത്തു തരും. ഇനി ക്യാമറ നിങ്ങള്‍ക്കു പ്രവര്‍ത്തിപ്പിക്കണമെന്നാണെങ്കില്‍ അതിനും സാധിക്കും. വോയിസ് കമാന്‍ഡുകള്‍ പിക് അനുസരിച്ചോളും. ഹലോ പിക്, എന്നു പറഞ്ഞ ശേഷം, ടെയ്ക് എ ഫോട്ടോ, എന്നോ റെക്കോഡ് വിഡിയോ എന്നോ, ചെയിഞ്ച് സബ്ജക്ട് എന്നോ, സ്‌റ്റോപ് ക്യാപ്ച്വറിങ് എന്നോ എല്ലാം ക്യാമറയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

 

∙ സെറ്റ്അപ്, ഫോട്ടോ ട്രാന്‍സ്ഫര്‍

 

ഇനി ഈ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ എങ്ങനെ ഫോണിലേക്കും മറ്റും എത്തിക്കുമെന്നാണ് ചിന്തയെങ്കില്‍ അതും എളുപ്പമാണ്. അതിനായി പിക്കിനൊപ്പം ഒരു സ്മാര്‍ട് ഫോണ്‍ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ഫോട്ടോകള്‍ ഫോണില്‍ കാണാം. നല്ല ചിത്രങ്ങൾ ഏതെല്ലാമാണെന്ന് ആപ് പറഞ്ഞുതരും. അതല്ല എല്ലാ ചിത്രങ്ങളും വേണമെങ്കില്‍ അങ്ങനെയുമാകാം.

 

ക്യാമറ ഉപയോഗിക്കണമെങ്കില്‍ ഫോണുമായി പെയര്‍ ചെയ്യണം. പെയറിങ് എളുപ്പമാണ്. അതിനുശേഷം പിക് സാഹചര്യത്തിനിണങ്ങുന്ന സ്ഥലത്തു വയ്ക്കുക. കുടുംബവുമൊത്ത് ആഹാരം കഴിക്കുമ്പോള്‍ മേശപ്പുറത്തുവയ്ക്കാം. പാര്‍ട്ടികള്‍ക്കും മറ്റും ട്രൈപ്പോഡിലുറപ്പിച്ചും നിർത്താം. പല പ്രതലങ്ങളിലും പിക് വയ്ക്കാം. അത് സ്വയം പ്രവര്‍ത്തിച്ചോളും. കൂടുതല്‍ നിയന്ത്രണം വേണമെന്നുള്ളവര്‍ക്ക് വോയിസ് കമാന്‍ഡായും, സ്മാര്‍ട് ഫോണ്‍ ആപ്പിലൂടെയും ക്യാമറ പ്രവര്‍ത്തിപ്പിക്കാം. ക്രൗഡ്ഫണ്ടിങ്ങില്‍ ഇതിനായി പണം നല്‍കിയിരിക്കുന്നവര്‍ക്ക് 400 ഡോളറില്‍ താഴെയാണ് നല്‍കേണ്ടിവന്നിരിക്കുന്നത്. ഇത് ധാരാളം പേരെ ആകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ ക്യാനന്‍ ഇത്തരം ക്യാമറകള്‍ നിര്‍മിച്ചേക്കുമെന്നാണ് പ്രതീക്ഷ.

 

English Summary: Canon's first AI camera- PICK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com